ബലിമൃഗം

"അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവൻ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുന്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നല്കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലം കൊണ്ട് സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ വസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാൻ അത് കാണുകയും ഇവൻ ദൈവപുത്രനാണ്‌ എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (യോഹന്നാൻ 1:29-34)

വിചിന്തനം 
പുരോഹിതനായ സക്കറിയായുടെയും പരിശുദ്ധ അമ്മയുടെ ബന്ധുവായ എലിസബത്തിന്റെയും മകനായിരുന്നു സ്നാപക യോഹന്നാൻ. അതിനാൽ നന്നേ ചെറുപ്പം മുതൽ യോഹന്നാന് യേശുവിനെ അറിയാമായിരിക്കണം. എന്നാൽ, യേശുവിന്റെ മനുഷ്യസ്വഭാവം മാത്രമേ യോഹന്നാൻ അറിഞ്ഞിരുന്നുവുള്ളൂ എന്നത് അദ്ദേഹം നൽകുന്ന "ഞാനും ഇവനെ അറിഞ്ഞിരുന്നില്ല" എന്ന സാക്ഷ്യത്തിൽനിന്നും വ്യക്തമാണ്. യേശുവിന് ജോർദ്ദാൻ നദിയിൽവച്ച് സ്നാനം നല്കിയ അവസരത്തിൽ, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ സ്വർഗ്ഗതിൽനിന്നും ഇറങ്ങിവന്ന് യേശുവിൽ ആവസിക്കുന്നത് യോഹന്നാൻ കണ്ടു. അപ്പോൾ മാത്രമാണ് യേശു ദൈവപുത്രനാണ്‌ എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ലഭിച്ചത്. ജ്ഞാനസ്നാനത്തിനുശേഷം അടുത്ത ദിവസം തന്റെ അടുത്തേക്ക് വരുന്ന യേശുവിനെ നോക്കി യോഹന്നാൻ പറയുന്നത് ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നാണ്. എന്താണ് ഈ വാക്കുകളിലൂടെ യോഹന്നാൻ അർത്ഥമാക്കുന്നത്? 

പഴയനിയമ യഹൂദരുടെ ഇടയിൽ ആടുകളെ ബലിയായി നല്കുന്നതിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. പെസഹായുടെ സമയത്ത്, ഈജിപ്തിലെ അടിമത്തത്തിൽനിന്നും ദൈവം രക്ഷിച്ചതിന്റെ സ്മരണ പുതുക്കി അവർ ആടിനെക്കൊന്നു അതിന്റെ രക്തം തങ്ങളുടെ ഭവനത്തിന്റെ കട്ടിളപ്പടിയിന്മേൽ തളിക്കുമായിരുന്നു. ഈജിപ്തുകാരുടെ ആദ്യജാതാരെയെല്ലാം കൊന്നൊടുക്കിയ കർത്താവിന്റെ ദൂതൻ, കട്ടിളപ്പടിയിൽ ആടിന്റെ രക്തം തളിച്ചിരുന്ന ഇസ്രായേൽ ഭവനങ്ങളെ ശിക്ഷയിൽനിന്നും ഒഴിവാക്കിയതിന്റെ ഓർമ്മ ആചരിക്കുന്ന സമയമായിരുന്നു പെസഹാതിരുന്നാൾ (cf. പുറപ്പാട് 12:11-13). യോഹന്നാൻ യേശുവിനെ കുഞ്ഞാടെന്നു അഭിസംബോധന ചെയ്യുകവഴി, അവിടുന്ന് കട്ടിളപ്പടിപോലെതന്നെ മരംകൊണ്ടു നിർമ്മിച്ച കുരിശിൽ രക്തം ചിന്തി അർപ്പിക്കാനിരുന്ന ബലിയെക്കുറിച്ചു പ്രവചിക്കുകയാണ്. തൻറെ തിരുരക്തത്താൽ നനഞ്ഞ മരക്കുരിശിലൂടെയാണ്  യേശു നാമെല്ലാവരെയും നിത്യമരണത്തിൽനിന്നും രക്ഷിച്ചത്‌. അതുപോലെതന്നെ, എല്ലാദിവസവും രാവിലെയും വൈകുന്നേരവും യഹൂദജനത്തിന്റെ പാപപരിഹാരാർത്ഥം ഒരാട്ടിൻകുട്ടിയെ ജറുസലേം ദേവാലയത്തിൽ ബലിയർപ്പിക്കുമായിരുന്നു (cf. പുറപ്പാട് 29:38-42). 

ഇന്നത്തെ സമൂഹത്തിന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സന്പ്രദായമാണ് മൃഗബലിയും ബലിമൃഗങ്ങളും. പലപ്പോഴും അത് തികച്ചും പ്രാകൃതവും വിചിത്രവുമായ ഒരു സങ്കൽപമാണ്‌ നമുക്ക്. എന്നാൽ നാമെല്ലാവരും പരിഹാരപ്രവൃത്തികളിൽ വലിയൊരു പരിധി വരെ വിശ്വസിക്കുന്നുണ്ടുതാനും. നമ്മുടെ പാപങ്ങളും തെറ്റുകളും വിവിധ തരത്തിലുള്ള പരിഹാരപ്രവൃത്തികളിലൂടെ പരിഹരിക്കാം എന്ന വിശ്വാസം ദൈവവിശ്വാസം തീരെ ഇല്ലാത്തവരിൽ പോലും ഉണ്ട്. യഹൂദർ അവലംബിച്ചിരുന്ന മാർഗ്ഗം അവരുടെ പാപങ്ങളെല്ലാം ബലിമൃഗത്തിലേക്ക് നൽകി, ആ മൃഗത്തെ ദൈവത്തിനു ബലിയായി നൽകുകയായിരുന്നു. എന്നാൽ, മറ്റെല്ലാ പരിഹാരപ്രവൃത്തികളുംപോലെ ഈ ബലിക്കും പൂർണ്ണത ഉണ്ടായിരുന്നില്ല, കാരണം ബലിവസ്തു യാതൊരു കുറവുകളുമില്ലാത്ത നിർദ്ദോഷമായ ഒന്നായിരുന്നില്ല. എല്ലാവരും പാപത്തിന് അധീനരായിരുന്നതിനാൽ (റോമാ 3:23), പാപത്തിനു പരിഹാരം ചെയ്ത് ദൈവവുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിയുന്ന ഒന്നും ഭൂമിയിൽ ഇല്ലായിരുന്നു. അതുകൊണ്ടാണ്, പാപമൊഴികെ മറ്റെല്ലാക്കാര്യങ്ങളിലും മനുഷ്യന് സമാനനായി ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചത്. "കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം" (1 പത്രോസ് 1:19) വഴിയായി മാനവരാശിയുടെ പാപങ്ങൾക്ക്‌ പരിഹാരം ചെയ്യപ്പെട്ടു.

 "പാപപരിഹാരബലിയായി തന്നെത്തന്നെ അർപ്പിക്കുന്പോൾ അവൻ തന്റെ സന്തതിപരന്പരയെ കാണുകയും ദീർഖായുസ്സ് പ്രാപിക്കുകയും ചെയ്യും; കർത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും" (ഏശയ്യാ 53:10). കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പിതാവായ ദൈവമുമായി നമ്മെ രഞ്ജിപ്പിച്ച യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ച്, നിത്യജീവന് അവകാശികളാകാൻ നമുക്കാവുന്നുണ്ടോ? ലോകാരംഭം മുതൽ വാഗ്ദാനം ചെയ്യപ്പെട്ട പരിത്രാണകർമ്മത്തിൽ ഭാഗഭാക്കായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ യേശുവിന്റെ ബലിയിൽ പങ്കാളികളാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയെ രക്ഷകനും കർത്താവുമായി അറിഞ്ഞു സ്നേഹിക്കുവാൻ അവിടുത്തെ ആത്മാവിലൂടെ വിജ്ഞാനവും വിവേകവും തന്നരുളണമേ. പരിശുദ്ധാത്മാവേ, യേശുവിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കപ്പെടുവാൻ അവിടുത്തെ അഗ്നിയാൽ എന്നെ ജ്വലിപ്പിക്കണമേ, പാപാന്ധകാരത്തിൽനിന്നും മോചിപ്പിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്