സൂചിക്കുഴയിലെ ഒട്ടകം

"യേശു ശിഷ്യന്മാരോട് അരുളിചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ധനവാനു സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്. വീണ്ടും ഞാൻ  നിങ്ങളോടു പറയുന്നു, ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യന്മാർ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കിൽ രക്ഷപെടാൻ ആർക്കു സാധിക്കും? യേശു അവരെനോക്കിപ്പറഞ്ഞു: മനുഷ്യർക്ക്‌ ഇത് അസാധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്." (മത്തായി 19:23-26)

വിചിന്തനം 
പല സുവിശേഷഭാഗങ്ങളിലും ഈശോ ധനവാന്മാരെ ഒട്ടേറെ വിമർശിച്ചിരുന്നതായി കാണുവാൻ സാധിക്കും. ഇന്നത്തെ വചനത്തിലൂടെ ഈശോ പറയുന്നത് ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം ഒരു ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടന്നുപോകാൻ സാധിക്കും എന്നാണ്. ഇത് കേൾക്കുന്പോൾ മനസ്സിൽ ചോദ്യങ്ങളുയരുന്നത് സ്വാഭാവികം മാത്രം. എന്താണ് യേശു പറഞ്ഞതിനർത്ഥം? ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുകയെന്നാൽ തികച്ചും അസംഭാവ്യമായ കാര്യമാണ്. അപ്പോൾ ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതും ഒരിക്കലും സംഭവിക്കില്ലെന്നാണോ ഈശോ പറയുന്നത്? സന്പത്തുള്ളതുകൊണ്ടുമാത്രം  ഒരാൾക്ക്‌ സ്വർഗ്ഗരാജ്യം അപ്രാപ്യമാകുമോ? 

ഈ ചോദ്യങ്ങളെല്ലാം ശിഷ്യന്മാർക്കും ഉണ്ടായി എന്നത് അവരുടെ ചോദ്യത്തിൽനിന്നും വ്യക്തമാണ്. എന്നാൽ, ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം, മറ്റെന്തും പോലെ യേശു ഉപമയിലൂടെയാണ് ഇവിടെയും സംസാരിക്കുന്നത് എന്നതാണ്. ഒട്ടകവും സൂചിക്കുഴയുമൊക്കെ തന്റെ ശ്രോതാക്കൾക്ക് എളുപ്പത്തിലും വ്യക്തമായും കാര്യങ്ങൾ മനസ്സിലാക്കാനുതകുന്ന പ്രതീകങ്ങളാണ്. ചുറ്റും കനത്തമതിലുകൾകൊണ്ട് സംരക്ഷിക്കപ്പെട്ടിരുന്ന ഒരു രാജ്യമാണ് ഇസ്രായേൽ. അതിന്റെ പ്രധാനകവാടത്തിലൂടെയാണ് പ്രധാനമായും എല്ലാവരും അകത്തേക്കും പുറത്തേക്കും പോയിരുന്നത്. രാത്രിയിൽ പ്രധാനകവാടം അടച്ചിരുന്നസമയത്ത് ചരക്കുമായി വരുന്ന ഒട്ടകങ്ങളും മറ്റും നഗരത്തിനു പുറത്തു പ്രഭാതമാകുവാനായി കാത്തിരിക്കണമായിരുന്നു. എന്നാൽ അവയുടെ ഉടമസ്ഥരായ വ്യാപാരികൾക്കും മറ്റും നഗരത്തിൽ പ്രവേശിക്കുന്നതിനായി പ്രധാനകവാടത്തോട്‌ ചേർന്ന് ഒരു ചെറിയ വാതിൽ ഉണ്ടായിരുന്നു. ഈ ചെറിയ വാതിലിന്റെ പേരായിരുന്നു സൂചിക്കുഴ (Eye of the needle). പട്ടണകവാടത്തിൽ നികുതികൊടുക്കാതിരിക്കാനായി വ്യാപാരികൾ ചിലപ്പോഴൊക്കെ ഈ സൂചിക്കുഴയിലൂടെ തങ്ങളുടെ ഒട്ടകങ്ങളെ അകത്തു കയറ്റാൻ ശ്രമിക്കുമായിരുന്നു. എന്നാൽ, മുതുകത്ത് ഒട്ടേറെ ഭാരം വഹിച്ചിരുന്ന ഒട്ടകങ്ങൾക്കു ഒരിക്കലും അവയുമായി സൂചിക്കുഴയിലൂടെ പട്ടണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഈയൊരു ധാരണയുമായി വേണം യേശുവിന്റെ ഉപമയെ സമീപിക്കാൻ. ലൌകീകവസ്തുക്കൾ ചുമലിലേറ്റി സൂചിക്കുഴയിലൂടെ പ്രവേശിക്കാൻ ഒട്ടകത്തിന് കഴിയുകയില്ല. എന്നാൽ, അവയെല്ലാം എടുത്തുമാറ്റി മുട്ടുകുത്തി ഇഴയാൻ തയ്യാറായാൽ ചിലപ്പോൾ അവ അകത്തു പ്രവേശിച്ചെന്ന് വരാം. 

സന്പത്ത് മനുഷ്യരിൽ പലപ്പോഴും സൃഷ്ടിക്കുന്ന ഒരു മിഥ്യാധാരണയാണ് തനിക്കുള്ളതുകൊണ്ട് എന്തുവെണമെങ്കിലും നേടിയെടുക്കാം എന്നത്. സുരക്ഷിതമായ ജീവിതത്തെക്കുറിച്ച് തെറ്റായ ഒരു ധാരണ നമ്മിൽ ഉളവാക്കാൻ സന്പത്തിനാവും. സന്പത്തിലൂടെ ഉണ്ടാകുന്ന അഹങ്കാരം നിമിത്തം മറ്റാരുടെയും, ദൈവത്തിന്റെപോലും, സഹായമില്ലാതെ നിലനിൽകാനാവുമെന്നുള്ള ഒരു ചിന്താഗതി നമ്മിൽ ഉടലെടുക്കാരുണ്ട്‌. ലവൊദീക്യായിലെ സഭയ്ക്ക് വിശുദ്ധ യോഹന്നാനിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇത്തരമൊരു മനോഭാവത്തെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നുണ്ട്, "എന്തെന്നാൽ, ഞാൻ ഞാൻ ധനവാനാണ്, എനിക്ക് സന്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്ന് നീ പറയുന്നു. എന്നാൽ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്നു നീ അറിയുന്നില്ല" (വെളിപാട് 3:17). സന്പത്തിൽ അഹങ്കരിക്കുന്ന ഒരു വ്യക്തി തന്റെ ആത്മാവിന്റെ അവസ്ഥ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. കാരണം, "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു." (1 തിമോത്തെയോസ് 6:9). ഇത്തരമൊരവസ്ഥയിൽ ഒരാൾക്കും ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കുകയില്ല. ഇവിടെയെല്ലാം ദൈവമാഗ്രഹിക്കുന്നത് നാമെല്ലാവരും സൂചിക്കുഴയിലൂടെ അകത്തു പ്രവേശിക്കാൻ ശ്രമിക്കുന്ന ഒട്ടകമാവണമെന്നാണ്. അഹങ്കാരവും ലൌകീക ആസക്തികളും ഉരിഞ്ഞെറിഞ്ഞു ദൈവസന്നിധിയിൽ എളിമപ്പെടാനാകണം. നമ്മുടെ യാതൊരു പ്രവർത്തികൾക്കും, നമുക്കുള്ളതിനൊന്നും നമ്മെ സ്വർഗ്ഗത്തിന് അർഹരാക്കാനാകില്ല എന്ന് അംഗീകരിക്കാൻ നമുക്കാവണം. ദൈവത്തിനുമുന്പിൽ എളിമപ്പെട്ട് സ്വയം രക്ഷപെടാൻ നമുക്കാവില്ലെന്നും, അത് ദൈവത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്നും നമ്മൾ വിശ്വസിക്കണം. ദൈവത്തിന്റെ കരുണ ഒന്നു മാത്രമാണ് ഈ ലോകത്തിലും മരണാനന്തരവും നമ്മെ കാത്തുപരിപാലിക്കുന്നത് എന്ന ബോധ്യത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

പാപികളായ ഞങ്ങൾക്കായി സ്വയം ശൂന്യനായി എളിമയുടെ മാതൃകയായ യേശുവേ, അഹങ്കാരവും വ്യാമോഹങ്ങളും വെടിഞ്ഞ്, അങ്ങ് മാത്രമാണ് യഥാർത്ഥ രക്ഷകൻ എന്ന് ഏറ്റുപറയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിനാൽ എന്നെ അഭിഷേകം ചെയ്യണമേ. ആമ്മേൻ. 
   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!