സഹോദരനെ ശാസിക്കുക; പക്ഷേ, അവനോട് ക്ഷമിക്കുക

"നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കുവിൻ. നിന്റെ സഹോദരൻ തെറ്റുചെയ്താൽ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാൽ അവനോടു ക്ഷമിക്കുക. ദിവസത്തിൽ ഏഴു പ്രാവശ്യം അവൻ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാൻ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്‌താൽ നീ അവനോടു ക്ഷമിക്കണം" (ലൂക്കാ 17:3-4)

വിചിന്തനം 
ഇന്നത്തെ വചനഭാഗത്തിലൂടെ രണ്ടു കാര്യങ്ങളാണ് ഈശോ തന്റെ ശിഷ്യരിൽനിന്നും ആവശ്യപ്പെടുന്നത്. ഒന്നാമതായി, നമ്മൾ മറ്റുള്ളവരുടെ പവൃത്തികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സഹോദരൻ ചെയ്യുന്നത് തെറ്റായ പ്രവൃത്തി ആണെങ്കിൽ അതിലെ തിന്മ അവന് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നാം ബാധ്യസ്ഥരാണ്. രണ്ടാമതായി, അവൻ തെറ്റുമനസ്സിലാക്കി പശ്ചാത്തപിച്ചാൽ അവനോടു പരിമിതികളില്ലാതെ ക്ഷമിക്കണം. എന്നാൽ, മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നമുക്കെപ്പോഴും തെറ്റുപറ്റുന്ന രണ്ടു മേഖലകളാണ് ഇവ രണ്ടും. 

മറ്റുള്ളവരിലെ തിന്മകൾ കാണുന്പോൾ, അത് തെറ്റാണെന്ന ഉത്തമബോധ്യം ഉണ്ടെങ്കിൽപോലും,  തുറന്നുപറയാൻ മടികാണിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ അവർ കേൾക്കാതെ അവലോകനം ചെയ്യുവാനും അവരെ കുറ്റം വിധിക്കാനും നമുക്കെല്ലാവർക്കും ഇഷ്ടമാണുതാനും. പക്ഷേ, അത് നേരിട്ട് അവരോട് പറയുന്പോഴുള്ള പ്രതികരണവും മറ്റു പ്രത്യാഘാതങ്ങളും ഭയന്ന് അവരുടെ മുഖത്തുനോക്കി തെറ്റുകൾ ചൂണ്ടിക്കാട്ടാൻ നമുക്കാർക്കും ധൈര്യമില്ല. മറ്റുള്ളവരിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി അതു തിരുത്താൻ ഓരോ ക്രിസ്തുശിഷ്യനും കടപ്പെട്ടവനാണ്. എന്നാൽ, ഏതു മാർഗമുപയോഗിച്ചാണ് മറ്റുള്ളവരിലെ ശരിയും തെറ്റും നമ്മൾ വിധിക്കുന്നത് എന്നത് വളരെയേറെ ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ്. ഒരിക്കലും നമ്മുടെ ശരികളെയും തെറ്റുകളെയും അടിസ്ഥാനമാക്കി ആകരുത് മറ്റുള്ളവരിലെ നന്മതിന്മകൾ നാം വിലയിരുത്തേണ്ടത്. ദൈവകൽപനകളും ദൈവവചനവും തിരുസഭയുടെ പ്രബോധനങ്ങളും ആധാരമാക്കിവേണം നാം മറ്റുള്ളവരുടെ പവൃത്തികൾ വിലയിരുത്താൻ. 'ഞാനിങ്ങനെ ചെയ്യുന്നു, ഇതാണ് ശരിയായ രീതി. ആയതിനാൽ നീയും അങ്ങിനെ തന്നെ ചെയ്യണം' എന്ന വിധേന ഒരിക്കലും ആരെയും തിരുത്താൻ ശ്രമിക്കരുത്. അപൂർണ്ണരായ മനുഷ്യരുടെ പ്രവൃത്തികൾ തമ്മിൽ  തുലനം ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. 'പലപ്പോഴും എനിക്കും തെറ്റുപറ്റുന്ന ഒരു കാര്യമായതിനാൽ ഞാൻ നിസ്സംശയം പറയുന്നു, ഇപ്രകാരമുള്ള പ്രവൃത്തി ദൈവത്തിനെതിരാണ്' എന്നു പറഞ്ഞ് ഒരു വ്യക്തിയെ തിരുത്താൻ ശ്രമിക്കുന്പോൾ നാം ചെയ്യുന്നത് ആ വ്യക്തിയുടെ പ്രവൃത്തിയെ ദൈവഹിതവുമായി മുഖാഭിമുഖം കൊണ്ടുവരികയാണ്. ഇവിടെ ഞാനെന്ന വ്യക്തിക്കോ എന്റെ പ്രവൃത്തികൾക്കോ ചിന്താഗതികൾക്കോ യാതൊരു സ്ഥാനവുമില്ല. നമ്മുടെസഹോദരരെ ദൈവമെന്ന സനാതനസത്യത്തിനു മുന്പിലേക്കെത്തിക്കുന്ന കേവലം ഉപകരണങ്ങൾ മാത്രമാകുന്നു നാവിടെ. അതിനാൽ, ഈ ചൂണ്ടിക്കാട്ടലിലൂടെ നാമാരെയും വിധിക്കുന്നുമില്ല. 

മൂന്നുകാര്യങ്ങളാണ് കർത്താവ്‌ മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന നാമോരോരുത്തരിൽ നിന്നും ആവശ്യപ്പെടുന്നത്. ഒന്നാമതായി, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ മാത്രം പോരാ അവരോട് ആ തെറ്റുകളെപ്രതി വെറുപ്പോ വിദ്വേഷമോ വച്ചുപുലർത്താതിരിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. രണ്ടാമതായി, അവരോട് നമ്മൾ ക്ഷമിക്കുന്നതുകൊണ്ട് അവർ പിന്നീട് ആ തെറ്റ് ആവർത്തിക്കില്ല എന്ന് ഒരിക്കലും ഊഹിക്കരുത്. ഒരു തെറ്റ് തന്നെ ഒരാൾ എത്ര ആവർത്തി ചെയ്താലും ക്ഷമിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ക്ഷമിക്കുന്നതിന്റെ കണക്കുസൂക്ഷിക്കുവാനോ ഒട്ടേറെ തവണ ക്ഷമിച്ച ഒരു തെറ്റ് ഇനിയും ആവർത്തിച്ചാൽ ക്ഷമിക്കുകയില്ല എന്നുള്ള ഉപാധി വയ്ക്കാനോ ഉള്ള അവകാശം ദൈവം നമുക്ക് നൽകുന്നില്ല. കാരണം, ഒരേ തെറ്റ് ഒട്ടേറെ തവണ ആവർത്തിച്ചു ചെയ്തിട്ട് ഓരോ തവണയും ദൈവത്തിന്റെ പക്കൽ മാപ്പപേക്ഷിച്ചു പോകുന്നവരാണ് നാമെല്ലാവരും. നമ്മോടു ദൈവം ക്ഷമിക്കുന്നതുപോലെ നാം മറ്റുള്ളവരോടും ക്ഷമിച്ചേ മതിയാവൂ. മൂന്നാമതായി, നമ്മോടു ക്ഷമാപണം നടത്തുന്ന ഒരു വ്യക്തിയുടെ വാക്കുകളോ പ്രവൃത്തിയോ എത്രത്തോളം അവ്യാജ്യമാണെന്നു നമ്മൾ അവലോകനം ചെയ്യുവാൻ പാടില്ല. പ്രത്യക്ഷത്തിൽ വെറും പൊള്ള എന്നു തോന്നുന്ന ക്ഷമാപണങ്ങൾപോലും അതിന്റെ വാജ്യാർത്ഥത്തിൽ സ്വീകരിക്കാൻ നാം കടപ്പെട്ടവരാണ്. മറ്റുള്ളവരുടെ യഥാർത്ഥമായ മാനസികാവസ്ഥ മനസ്സിലാക്കുവാൻ നമുക്കൊരിക്കലും സാധിക്കുകയില്ല, ദൈവത്തിനു മാത്രമേ ഒരു വ്യക്തിയുടെ പാശ്ചാത്താപത്തിനു പിന്നിലുള്ള ,യാഥാർത്ഥ്യം ഗ്രഹിക്കുവാൻ സാധിക്കുകയുള്ളൂ. 

മറ്റുള്ളവർ തെറ്റ് ചെയ്യുന്നത് കാണുന്പോൾ നമുക്കേറ്റവും എളുപ്പം ചെയ്യാൻ പറ്റുന്ന കാര്യം അവരുടെ തെറ്റുകളെ അവഗണിക്കുകയാണ്. എന്നാൽ, എന്റെ സഹോദരൻ തെറ്റ് ചെയ്യുന്നത് എന്റെ പ്രശ്നമല്ല എന്ന നിസ്സംഗമായ മനസ്ഥിതി ക്രിസ്തീയ വിശ്വാസത്തിനെതിരാണ്. തെറ്റുകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിച്ച്, ദൈവഹിതത്തിനനുയോജ്യമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കുന്നതിനോടൊപ്പം, മറ്റുള്ളവരിലെ തെറ്റുകൾ തിരിച്ചറിഞ്ഞ് അവരെയും ദൈവത്തിങ്കലേക്കു കൊണ്ടുവരാനുള്ള കൃപ ലഭിക്കുന്നതിനായി നമുക്കും പ്രാർത്ഥിക്കാം. 

കാരുണ്യവാനായ കർത്താവേ, അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് അങ്ങ് ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക് വെളിപ്പെടുത്തിതരുന്നു, പശ്ചാത്തപിച്ച്‌ ഏറ്റുപറയുവാൻ ഞങ്ങളെ സഹായിക്കുന്നു. അതേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ക്ഷമാപൂർവ്വം മറ്റുള്ളവരിലെ തെറ്റുകൾ അവർക്ക് വെളിപ്പെടുത്തി കൊടുക്കുവാനും, അവരെ അങ്ങയുടെ സ്നേഹത്തിലേക്ക്‌ ആനയിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!