രാജാവിന്റെ മകൻ നികുതി കൊടുക്കണമോ?

"അവർ കഫർണാമിലെത്തിയപ്പോൾ ദേവാലയനികുതി പിരിക്കുന്നവർ പത്രോസിന്റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവൻ പറഞ്ഞു: ഉവ്വ്. പിന്നീട് വീട്ടിലെത്തിയപ്പോൾ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ആരിൽനിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരിൽ നിന്നോ അന്യരിൽനിന്നോ? അന്യരിൽ നിന്ന് - പത്രോസ് മറുപടി പറഞ്ഞു. യേശു തുടർന്നു: അപ്പോൾ പുത്രന്മാർ സ്വതന്ത്രരാണല്ലോ; എങ്കിലും അവർക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ നീ കടലിൽപോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ്‌ തുറക്കുന്പോൾ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവർക്കു കൊടുക്കുക." (മത്തായി 17:24-27)

വിചിന്തനം 
ക്രിസ്തുവിന്റെ ശിഷ്യർ സമൂഹത്തോടും സാമൂഹിക നിയമങ്ങളോടും എങ്ങിനെയാണ് പ്രതികരിക്കേണ്ടത്? മറ്റെല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുകയും ദൈവീക കല്പനകൾ പാലിക്കാൻ ഉത്സുകത കാണിക്കുകയും ചെയ്യേണ്ട ക്രിസ്തുശിഷ്യരിൽ പലപ്പോഴും സാമൂഹിക പ്രതിബദ്ധതകൾ ആശയക്കുഴപ്പം  സൃഷ്ടിക്കാറുണ്ട്. യേശുവിൽ നിന്നും ദേവാലയനികുതി ആവശ്യപ്പെട്ട് അധികൃതർ പ്രധാനശിഷ്യനായ പത്രോസിന്റെ അടുത്താണെത്തുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌" (മത്തായി 16:16) എന്ന വിശ്വാസപ്രഖ്യാപനം നടത്തി ഏറെനാൾ കഴിയുന്നതിനുമുന്പാണ് ഈ സംഭവം നടക്കുന്നത്. യഹൂദജനം ദേവാലയനികുതി നൽകിയിരുന്നത് ദൈവീകാവശ്യങ്ങൾക്ക് വേണ്ടിയാണ്. രാജഭരണം സർവസാധാരണമായിരുന്ന ആ കാലത്ത് രാജാക്കന്മാർ നികുതി പിരിച്ചിരുന്നത് പ്രജകളിൽനിന്നും വിദേശികളിൽ നിന്നുമാണ്. രാജാവിന്റെ സ്വന്തം മക്കൾക്ക്‌ രാജ്യത്തിന്റെ നികുതി സംബന്ധിച്ചുള്ള നിയമങ്ങൾ ബാധകമല്ലായിരുന്നു. ഈയൊരു കാഴ്ചപ്പാടിലൂടെ നോക്കുന്പോൾ ദൈവപുത്രനായ യേശു ദേവാലയനികുതി കൊടുക്കാനും കടപ്പെട്ടവനായിരുന്നില്ല. എന്നിരുന്നാലും ദേവാലയനികുതി കൊടുക്കാൻ തന്നെയായിരുന്നു ഈശോ തീരുമാനിച്ചത്. നികുതി കൊടുക്കാനുള്ള തീരുമാനം പത്രോസിൽ ആശയകുഴപ്പം സൃഷ്ടിക്കുമെന്ന് ഗ്രഹിച്ച ഈശോ, ഓരോ ക്രിസ്തുശിഷ്യനും സാമൂഹിക നിയമങ്ങളോട് പുലർത്തേണ്ട കാഴ്ചപ്പാട് വ്യക്തമാക്കുകയാണ്. നിയമത്തിനു അധീനല്ലെങ്കിലും, നിയമം പാലിക്കുന്നതുമൂലം ദൈവഹിതം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, സമൂഹത്തിൽ അതുമൂലം ദുഷ്പ്രേരണകളോ കലഹങ്ങളോ ഉണ്ടാകാതിരിക്കുന്നതിനായി, നിയമം  അനുസരിക്കുന്നത് തന്നെയാണ് ഉത്തമം എന്നാണ് ഈശോ പത്രോസിനെ, അതുവഴി ഓരോ ശിഷ്യനെയും പഠിപ്പിക്കുന്നത്. 

സമൂഹത്തിന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി സമൂഹത്തെ പലപ്പോഴും നമ്മൾ കുറ്റം വിധിക്കാറുണ്ട്. എന്നാൽ പലപ്പോഴും നാം മറക്കുന്ന സത്യം, നാമാരും ആ സമൂഹത്തിന് അതീതരല്ല എന്നതാണ്. നമ്മെപ്പോലെതന്നെ ശരിയും തെറ്റും ചെയ്യുന്ന ഒട്ടേറെപ്പേരുടെ ശരിതെറ്റുകൾ ചേരുന്നതാണ് ഒരു സമൂഹത്തിന്റെ വ്യക്തിത്വം. കളങ്കമില്ലാത്ത സമൂഹമുണ്ടാകണമെങ്കിൽ പാപം ചെയ്യാത്ത മനുഷ്യരുണ്ടാവണം; പാപം ചെയ്യാത്ത മനുഷ്യനും, ആയതിനാൽ തെറ്റുകളില്ലാത്ത സമൂഹവും മിഥ്യ മാത്രം. ഒരു സമൂഹത്തിന്റെ തിന്മകളിൽ മനംമടുത്ത് നാമത് ഉപേക്ഷിച്ചുപോയാൽ, നമ്മോടൊപ്പം ആ സമൂഹത്തിൽ അവശേഷിക്കുന്ന നന്മയുടെ ഒരംശം കൂടിയായിരിക്കും പോരുന്നത്. ക്രിസ്തുശിഷ്യരായി നന്മ നിറഞ്ഞ ജീവിതം നയിക്കുന്ന നമ്മുടെ വിടവാങ്ങലിലൂടെ ആ സമൂഹത്തിലെ തിന്മ പിന്നെയും പെരുകിയെന്നു വരാം. തിന്മയെ ഭയന്ന് സാമൂഹിക ഒളിച്ചോട്ടം നടത്തുന്നതിനു പകരം, ആ സമൂഹത്തോട് ചേർന്നുനിന്ന്, അതിന്റെ ദുഷ്ടതകൾക്ക് അനുരൂപരാകാതെ ജീവിക്കാൻ നമുക്കാവണം. പാപാന്ധകാരത്തിന്റെ നടുവിൽ നന്മയുടെ ഒരു നുറുങ്ങു വെട്ടമാകാൻ നമുക്ക് സാധിക്കും. ഒരുപക്ഷേ, അന്ധകാരത്തിൽ തപ്പിത്തടയുന്ന ആർക്കെങ്കിലുമൊക്കെ നമ്മിലെ പ്രകാശം പ്രചോദനമായെന്നും വരാം. 

ദൈവകല്പനകൾക്ക് എതിരല്ലാത്ത സമൂഹത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കുവാനും, അതനുസരിച്ച് ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും ഓരോ ക്രിസ്തുശിഷ്യനും കടപ്പെട്ടവരാണ്. നമ്മെ ദൈവത്തിൽനിന്നും അകറ്റുക എന്ന ദുഷ്ടലാക്കോടെ സമൂഹം നിർമ്മിക്കുന്ന നിയമങ്ങളെ മാത്രമേ നാം എതിർക്കാവൂ. ദൈവഹിതമനുസരിച്ചുള്ള നിയമങ്ങൾ നിർമ്മിക്കാനുള്ള കൃപ ഭരണാധികാരികൾക്കും, അവ ഉയർത്തിപ്പിടിക്കാനുള്ള കൃപ ന്യായാധിപർക്കും ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം, നിയമങ്ങൾ പാലിച്ചു പരസ്പരൈക്യത്തിൽ വസിക്കുന്ന ഒരു സമൂഹം രൂപപ്പെടുത്തുന്നതിനായി യത്നിക്കുകയും ചെയ്യാം. 

കർത്താവായ യേശുവേ, നിയമത്തിനു അതീതനെങ്കിലും മറ്റുള്ളവർക്ക് നല്ല മാതൃക കാട്ടുന്നതിനായി നിയമത്തിനു അധീനനായി അങ്ങ് ജീവിച്ചുവല്ലോ. അങ്ങയുടെ മാതൃക പിന്തുടർന്ന് സാമൂഹിക നന്മകൾക്കായി രൂപപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ പാലിക്കുവാനുള്ള എളിമ അവിടുത്തെ ആത്മാവിലൂടെ എനിക്കും നൽകേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്