ധനവാനായ ലാസർ - ഒന്നാം ഭാഗം

"ഒരു ധനവാൻ ഉണ്ടായിരുന്നു.  ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച്‌ ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ട് വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അവനെ അബ്രാഹത്തിന്റെ മടിയിലേക്ക്‌ സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുന്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു." (ലൂക്കാ 16:19 - 23)

വിചിന്തനം 
സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നല്ല ചുറ്റുപാടുകളിൽ ജീവിക്കാനാകുന്പോൾ അത് ദൈവാനുഗ്രഹമാണെന്നും, ജീവിതത്തിൽ കഷ്ടതകളുണ്ടാകുന്പോൾ ദൈവകോപമാണെന്നും എല്ലാക്കാലത്തുമുള്ള  മനുഷ്യർ കരുതിയിരുന്നു. ഈ ലോകത്തിലെ സഹനങ്ങൾ നമ്മിൽ ഒട്ടേറെപ്പേർക്ക് ഉത്തരമില്ലാത്ത ഒരു സമസ്യയായി മാറാറുണ്ട്. വിശ്വാസജീവിതം നയിക്കുന്നവർക്കുപോലും സഹനങ്ങൾ പലപ്പോഴും വീഴ്ചക്ക് കാരണമാകാറുമുണ്ട്‌. ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ സുഖദുഖങ്ങളെക്കുറിച്ചുള നമ്മുടെ തെറ്റിദ്ധാരണകൾ തിരുത്തുകയാണ് ഈശോ. 

ദൈവാനുഗ്രഹവും ഈ ലോകജീവിതത്തിലെ സുഖങ്ങളും ദുഖങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം വേണമെങ്കിൽ നാം മറ്റൊരു ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം; ധനവാന്റെയും ലാസറിന്റെയും ഉപമയിൽ ആർക്കാണ് ദൈവാനുഗ്രഹമുണ്ടായിരുന്നത്? ഈ ലോകത്ത് നാമാഗ്രഹിക്കുന്ന രീതിയിൽ ജീവിച്ചത് ധനവാനായ ആ മനുഷ്യനാണ്. വിലകൂടിയ മനോഹരമായ വസ്ത്രങ്ങൾ ധരിച്ച്, സുഭിക്ഷമായ ഭക്ഷണം കഴിച്ച് സുഖകരമായ ജീവിതം നയിക്കുന്നതാണ് നമ്മിൽ ഏറെപ്പേരും സ്വപ്നം കാണുന്ന ജീവിതം. പട്ടിണിയുടെയും രോഗത്തിന്റെയും വേദനയുടെയും നടുവിൽ ജീവിച്ച ലാസറാവട്ടെ നമ്മുടെയെല്ലാം പേടിസ്വപ്നവുമാണ്. എന്നാൽ മരണശേഷം അവരുടെ ജീവിതത്തിൽ ഒട്ടേറെ വ്യതിയാനങ്ങളുണ്ടായി. ദുരിതങ്ങളുടെ നടുവിൽ കഴിഞ്ഞിരുന്ന ലാസറിനെ ദൈവദൂതന്മാർ അബ്രാഹത്തിന്റെ മടിയിലേക്ക്‌ ആനയിച്ചു. ഭൂമിയിൽ സൌഭാഗ്യങ്ങളുടെ നടുവിൽ കഴിഞ്ഞ ധനികനാകട്ടെ നരകാഗ്നിയിൽ എറിയപ്പെട്ടു; ഭൂമിയിൽ ലാസറനുഭവിക്കേണ്ടിവന്ന ദുരിതങ്ങളേക്കാൾ പതിന്മടങ്ങ്‌ പീനങ്ങൾക്ക് ധനവാൻ ഇരയാകുകയും ചെയ്തു. അങ്ങിനെയെങ്കിൽ, ഇവർ രണ്ടുപേരിലാരാണ് ഭാഗ്യവാൻ? 

ഇഹലോകജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കംവരെ മാത്രമുള്ളതാണ് നമ്മുടെ ജീവിതം എന്ന വിശ്വാസമാണ് സഹനങ്ങളെ വേദനാജനകമാക്കുന്നത്. ആ ഒരു കാഴ്ചപ്പാടിലൂടെ നോക്കുന്പോഴാണ് ജീവിതത്തിൽ സഹനങ്ങളുടെ സ്ഥാനം നമുക്ക് മനസ്സിലാകാതെ വരുന്നത്. നാമീക്കാണുന്ന ജീവിതത്തിന് അപ്പുറത്തൊന്നുമില്ല എന്ന ചിന്തയിൽനിന്നാണ് നിരാശ ഉടലെടുക്കുന്നത്. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളുണ്ടാകുന്പോൾ, വേദനകളും രോഗങ്ങളും കഷ്ടതകളും ഉണ്ടാകുന്പോൾ, അവയ്ക്കെല്ലാം ഉപരിയായ ഒരു നന്മയിലേക്കുള്ള മാർഗ്ഗം നമുക്കായി തുറന്നുതരാൻ ദൈവത്തിനാവും എന്ന് വിശ്വസിക്കാൻ നമുക്കാവണം. കേവലം ക്ഷണികമായ ഇഹലോകജീവിതത്തിലെ ദുരിതങ്ങളിൽ നിന്നും നമ്മെ കരകയറ്റാൻ വേണ്ടി മാത്രമല്ല ദൈവം മനുഷ്യനായി പിറന്നു കുരിശിൽ മരിച്ചത്; ഒരിക്കലും നശിക്കാത്ത ഒരാത്മാവ് നമ്മിലുള്ളതുകൊണ്ട് കൂടിയാണ്. ആ ദൈവത്തിൽ മാത്രം പ്രത്യാശ അർപ്പിച്ച്, സുഖദുഖങ്ങൾക്കുപരിയായി നമ്മുടെ ആത്മാവിന്റെ രക്ഷക്കായി പരിശ്രമിക്കാം. 

വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവേ, വേദന നിറഞ്ഞ ഞങ്ങളുടെ ജീവിതങ്ങളിലേക്ക് അവിടുത്തെ ആത്മാവിനെ വർഷിക്കണമേ. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങൾ പ്രത്യാശയിൽ ശക്തി പ്രാപിച്ച് സന്തോഷവും സമാധാനവും കൊണ്ട് നിറയട്ടെ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!