വന്നു കാണുക
"പിറ്റേ ദിവസം അവൻ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോൾ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത് സയ്ദായിൽ നിന്നുള്ളവനായിരുന്നു. പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോട് പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകൻ, നസ്രത്തിൽ നിന്നുള്ള യേശുവിനെ - ഞങ്ങൾ കണ്ടു. നഥാനയേൽ ചോദിച്ചു: നസറത്തിൽനിന്നു എന്തെങ്കിലും നന്മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക. നഥാനയേൽ തന്റെ അടുത്തേക്ക് വരുന്നതുകണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരു യധാർത്ഥ ഇസ്രായേൽക്കാരൻ! അപ്പോൾ നഥാനയേൽ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുന്പ്, നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്പോൾ ഞാൻ നിന്നെ കണ്ടു. നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങ് ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടിൽ നിന്നെ കണ്ടു എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ എന്നിൽ വിശ്വസിക്കുന്നു, അല്ലേ? എന്നാൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾ നീ കാണും. അവൻ തുടർന്നു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, സ്വർഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാർ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെമേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും." (യോഹന്നാൻ 1: 43-49)
വിചിന്തനം
ഈശോ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന് വിശ്വസിക്കാൻ നമുക്കാവുന്നുണ്ടോ? യേശുവിന്റെ വിളി സ്വീകരിച്ചു സന്തോഷത്തോടെ പീലിപ്പോസ് പോയത് തന്റെ സുഹൃത്തായ നഥാനയേലിന്റെ അടുത്തേക്കാണ്. മത്തായിയുടെയും ലൂക്കായുടേയും സുവിശേഷങ്ങളിൽ അപ്പസ്തോലന്മാരിൽ ഒരുവനായ ബർത്തലോമ്യോ എന്ന പേരിൽ അറിയപ്പെടുന്ന നഥാനിയേൽ പക്ഷേ യേശുവിനെപ്പറ്റി പീലിപ്പോസ് പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ അത്ര എളുപ്പത്തിൽ തയ്യാറല്ലായിരുന്നു. നഥാനയേലിന്റെ സംശയം മനസ്സിലാക്കിയ പീലിപ്പോസാകട്ടെ അവനുമായി തർക്കിക്കുകയോ, തിരുലിഖിതങ്ങളുടെ അപഗ്രഥനത്തിലൂടെ അവനെ ബോധ്യപ്പെടുത്തുകയോ ഒന്നുമല്ല ചെയ്യുന്നത്, പീലിപ്പോസ് നഥാനയേലിനെ യേശുവിന്റെ അടുക്കലേക്ക് ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും വിശ്വാസികളായ വ്യക്തികൾക്ക് അവിശ്വാസികളുമായി ഇടപഴകുന്പോൾ സംഭവിക്കുന്ന ഒരു വലിയ തെറ്റിലേക്കാണ് പീലിപ്പോസിന്റെ ഈ പ്രവൃത്തി വിരൽ ചൂണ്ടുന്നത്. ഒരു വ്യക്തിയെ ദൈവവുമായി ബന്ധപ്പെടുത്തി ദൈവസ്നേഹമെന്തെന്നു പഠിപ്പിച്ചുകൊടുക്കാൻ ഒരിക്കലും മറ്റൊരു വ്യക്തിക്കാവില്ല. ഒരോ വ്യക്തിയും ദൈവവുമായുള്ള ബന്ധം അനന്യസാധാരണമാണ്; കാരണം, ദൈവത്തിൽനിന്നുള്ളവയെല്ലാം വ്യത്യസ്തങ്ങളാണ്. ദൈവം ഒരിക്കലും ഒരു വ്യക്തിയെ സ്നേഹിക്കുന്നതുപോലെയോ ഇടപഴകുന്നതുപോലെയോ അല്ല മറ്റൊരാളുമായി ഇടപഴകുന്നത്. യുക്തിസഹജമായ വാഗ്വാദങ്ങളിലൂടെയും നിർബ്ബന്ധങ്ങളിലൂടെയും ഒരാളെ ദൈവമെന്തെന്നു മനസ്സിലാക്കി കൊടുക്കുന്നതിനു പകരം ചെയ്യേണ്ടത് അയാൾക്ക് ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കി കൊടുക്കുകയാണ്. മുൻവിധികളില്ലാത്ത നിഷ്കപടമായ പെരുമാറ്റത്തിലൂടെയും, സ്വാന്തനം പകരുന്ന കരുണാമയമായ വാക്കുകളിലൂടെയും ഒക്കെ മറ്റുള്ളവരെ ദൈവത്തിങ്കലേക്കു ആനയിക്കാൻ നമുക്കാവണം. "വന്നു കാണുക" എന്ന നമ്മുടെ ക്ഷണം സ്വീകരിച്ച് ദൈവത്തിങ്കലേക്കു തിരിയുന്ന ഏതൊരാൾക്കും സ്വയം വെളിപ്പെടുത്തികൊടുക്കാൻ ദൈവത്തിന്റെ ദൃഷ്ടികൾ ഭൂമിയിൽ അങ്ങോളമിങ്ങോളം സദാ പായുന്നുണ്ട് (cf. 2 ദിനവൃത്താന്തം 16:9).
പീലിപ്പോസിന്റെ ക്ഷണം സ്വീകരിച്ചു സംശയത്തോടെ യേശുവിന്റെ അടുക്കലെത്തുന്ന നഥാനയേലിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു യേശുവിന്റെ പ്രതികരണം. ഒരായുഷ്കാലം മുഴുവൻ അടുത്തറിഞ്ഞ ഒരു വ്യക്തിയെക്കുറിച്ചെന്നപോലെ നഥാനയേലിന്റെ ശരിയായ വ്യക്തിത്വം വെളിപ്പെടുത്തികൊണ്ടാണ് യേശു അയാളെ സ്വീകരിക്കുന്നത്. പിന്നെയും നാഥാനിയേലിൽ സംശയം നിലനിൽക്കുന്നു എന്നു മനസ്സിലാക്കിയ യേശു, ദൈവത്തിനും നാഥാനിയേലിനും അല്ലാതെ മറ്റാർക്കും അറിയില്ലാത്ത ഒരു രഹസ്യംകൂടി വെളിപ്പെടുത്തി താൻ ദൈവപുത്രനാണെന്ന് സ്ഥിരീകരിക്കുകയാണ്. അത്തിമരത്തിന്റെ തണലിലിരുന്ന് പ്രാർത്ഥിക്കുന്ന പതിവ് ഒട്ടേറെ യാഹൂദർക്കുണ്ടായിരുന്നു. പഴയനിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന നഥാനയേലിനോട് ദൈവം ഇസ്രായേൽ എന്നു വിളിച്ചനുഗ്രഹിച്ച യാക്കൊബിന്റെതിനു സമാനമായ ഒരു ദർശനത്തെപ്പറ്റി (cf. ഉൽപത്തി 28:11-13) ഈശോ സംസാരിക്കുന്നുണ്ട്. ഇതിൽനിന്നും മനസ്സിലാക്കാനാവുന്നത്, നഥാനയേൽ അത്തിമരത്തിന്റെ ചുവട്ടിൽ ധ്യാനിച്ചുകൊണ്ടിരുന്നപ്പോൾ അതിനു സമാനമായ ഒരു ദർശനം അദ്ദേഹത്തിനും ദൈവം നൽകിയിരുന്നു എന്നതാണ്. മാറ്റാർക്കും അറിയില്ലാതിരുന്ന ഈ കാര്യം യേശു വെളിപ്പെടുത്തിയപ്പോൾ നഥാനയേൽ ഹൃദയംകൊണ്ട് ദൈവപുത്രനിൽ വിശ്വസിച്ചു.
ദൈവത്തോടൊപ്പം സഹവസിക്കുന്നതിനായാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചത്. ഇതറിഞ്ഞ വിശുദ്ധ അഗസ്റിൻ തന്റെ ആത്മകഥയായ കണ്‍ഫെഷൻസ് (Confessions) എന്ന ഗ്രന്ഥത്തിൽ എഴുതി, "കർത്താവേ, അങ്ങേയ്ക്ക് വേണ്ടിയാണ് അങ്ങ് ഞങ്ങളെ സൃഷ്ടിച്ചത്; ആയതിനാൽ, അങ്ങയിൽ അണയുവോളം ഞങ്ങളുടെ ഹൃദയം ശാന്തമാകുന്നില്ല". നാമറിയാതെതന്നെ നമ്മുടെ ഹൃദയം സദാ ദൈവത്തെ തേടുന്നുണ്ട്. പലപ്പോഴും ദൈവത്തെ അറിഞ്ഞ ഒരു വ്യക്തിയുടെ ഒരു വാക്കുമതി നമുക്ക് ദൈവത്തിനായി ഹൃദയത്തെ തുറന്നുകൊടുക്കുവാൻ. ദൈവത്തിനായി ഹൃദയം തുറക്കുന്ന എല്ലാവർക്കും വിശ്വസിക്കാനാവശ്യമായ കൃപകൾ ദൈവം തന്നെ തന്റെ പരിശുദ്ധാത്മാവിലൂടെ നൽകുന്നുണ്ട്. ദൈവത്തിൽ നിന്നകന്നു പാപാന്ധകാരത്തിൽ ഉഴലുന്നവർക്കു ദൈവത്തിങ്കലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നവരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
സ്നേഹപിതാവേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിലൂടെ പാപികളായ ഞങ്ങൾക്കായി അങ്ങ് സ്വർഗ്ഗം തുറന്നുതന്നുവല്ലോ. ആ സ്വർഗ്ഗം ലക്ഷ്യംവച്ചു ജീവിക്കുവാനും മറ്റുള്ളവർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനുമുള്ള കൃപ അവിടുത്തെ ദാനമായ പരിശുദ്ധാത്മാവിലൂടെ എനിക്കും നൽകണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ