വ്യഥകളിൽനിന്നും വിമോചനം

"വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിൻതുടർന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തുപോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്. അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽമാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്നവൾ വിചാരിച്ചിരുന്നു. തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താൻ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവൾക്കു ശരീരത്തിൽ അനുഭവപ്പെട്ടു. യേശുവാകട്ടെ, തന്നിൽനിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞു പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്? ശിഷ്യന്മാർ അവനോടു പറഞ്ഞു: ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നത് കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പർശിച്ചത് എന്ന് നീ ചോദിക്കുന്നുവോ? ആരാണ് അത് ചെയ്തതെന്നറിയാൻ അവൻ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞു ഭയന്നുവിറച്ച് അവന്റെ കാൽക്കൽവീണ് സത്യം തുറന്നു പറഞ്ഞു. അവൻ അവളോട്‌ പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സാമാധാനത്തോടെ പോവുക; വ്യാധിയിൽനിന്നു വിമുക്തയായിരിക്കുക." (മർക്കോസ് 5:25-34)

വിചിന്തനം 
പന്ത്രണ്ടു വർഷമായി രക്തസ്രാവം എന്ന രോഗത്തിന്റെ അടിമയായിരുന്ന ആ സ്തീയുടെ ദുരിതം കേവലം ശാരീരികം മാത്രമല്ലായിരുന്നു. മോശയുടെ നിയമമനുസരിച്ച് രക്തസ്രാവമുള്ള സ്ത്രീകൾ ആചാരപരമായി അശുദ്ധരായിരുന്നു. സ്വതവേ നിയമാനുഷ്ടാനങ്ങളുടെ കുടുക്കുകളിൽ ഞെരുക്കപ്പെട്ടിരുന്നവരായിരുന്നു യഹൂദ വനിതകൾ, അക്കൂട്ടത്തിൽ ഇത്തരമൊരു ആശുദ്ധികൂടിയാകുന്പോൾ ആ സ്ത്രീ തീർച്ചയായും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയിട്ടുണ്ടാവും. മാത്രവുമല്ല ചികിത്സകൾചെയ്ത് അവൾ തന്റെ കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിരുന്നു. തന്റെ ശാരീരികപീഡയിൽനിന്നും രക്ഷനേടുന്നതിനായി അവളാൽ കഴിയുന്നതെല്ലാം ആ സ്ത്രീ ചെയ്തു. എന്നാൽ "അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്". പലപ്പോഴും നമ്മിൽ ചിലരെങ്കിലും, അല്ലെങ്കിൽ നമുക്കറിയാവുന്ന ഒട്ടേറെപ്പേർ, കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ ആ സ്ത്രീയുടേതിൽനിന്നും ഒട്ടും വിഭിന്നമല്ല. വളരെക്കാലമായി എന്തുചെയ്താലും അത് നല്ലതായി ഭവിക്കാത്ത ഒരവസ്ഥ; അല്ലെങ്കിൽ, വിടാതെ പിടികൂടിയിരിക്കുന്ന രോഗങ്ങൾ; അല്ലെങ്കിൽ, കുടുംബത്തിൽ സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങൾ. അങ്ങിനെ ഒരു നൂറുകൂട്ടം കാര്യങ്ങളുണ്ട് നമ്മുടെ മനസ്സമാധാനം കെടുത്തുന്നതായിട്ട്. മാനുഷികമായ രീതിയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന നമുക്കെല്ലാം ആശ്വാസം കണ്ടെത്താൻ കഴിയുന്ന ഒരു സംഭവമാണ് ഇന്നത്തെ വചനഭാഗം. 

ഒട്ടേറെക്കാലം ചികിത്സിച്ചിട്ടും ഫലമുണ്ടായില്ലെങ്കിലും നിരാശയാകാതെ തന്റെ രോഗത്തിൽനിന്നും മോചനം അവൾ അന്വേഷിച്ചുകൊണ്ടിരുന്നു. തനിക്കുള്ളതെല്ലാം നഷ്ടമായിട്ടും സ്വയം വെറുക്കുവാനവൾ തയ്യാറായില്ല. പലപ്പോഴും നമ്മൾ പരാജയപ്പെടുന്ന ഒരു മേഖലയാണിത്. പരിഹാരം തേടിനടന്ന് കുറേക്കാലം കഴിഞ്ഞും അത് ലഭിക്കാതെ വരുന്പോൾ, ഇനി എനിക്കീ ദുരിതത്തിൽനിന്നും മോചനമില്ല എന്ന് കരുതി അന്വേഷണം നിറുത്തുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ ഇടയിൽ. രോഗത്തിൽനിന്നും മോചനം തേടി അലയുന്നതിടയിൽ  എപ്പോഴോ ആ സ്ത്രീ യേശുവിനെക്കുറിച്ച് കേട്ടു. തന്റെ അടുത്തുവരുന്ന എല്ലാവരെയും രോഗങ്ങളിൽനിന്നും മറ്റു വ്യാധികളിൽനിന്നും സുഖപ്പെടുത്തുന്ന യേശുവിനു തന്നെയും സുഖപ്പെടുത്താനാവും എന്നവൾ വിശ്വസിച്ചു. ഏതു വിധേനയും യേശുവിന്റെ അടുത്തൊന്ന് എത്തിപ്പെടാനായി അവൾ ശ്രമിച്ചുകൊണ്ടിരുന്നു. നമ്മൾ പരാജയപ്പെടുന്ന മറ്റൊരു മേഖലയാണിത്. ഒന്നുകിൽ, യേശുവിനു നമ്മെ സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ നമുക്ക് സാധിക്കാറില്ല. അല്ലെങ്കിൽ, എന്തു ത്യാഗം സഹിച്ചാണെങ്കിലും ദൈവസന്നിധിയിൽ എത്തിപ്പെടാനുള്ള വൈമനസ്യം. എന്നാൽ, "ദൈവസന്നിധിയിൽ ശരണംപ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം" (ഹെബ്രായർ 11:6). അതിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകണം. 

ഇളക്കമില്ലാത്ത വിശ്വാസത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് യേശുവിന്റെ വസ്ത്രത്തിൽ ഒന്നു സ്പർശിക്കുക മാത്രമാണ് ആ സ്ത്രീ ചെയ്തത്. "തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു". വിശ്വാസത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്ന ആരെയും ദൈവം നിരാശനാക്കി മടക്കി അയക്കുന്നില്ല. ഏറെക്കാലമായി പരിഹാരം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നത്തിനുടമയാണോ നിങ്ങളിന്ന്? പിടിച്ചുവയ്പ്പുകളില്ലാതെ, ദൈവമേ അങ്ങേക്ക് മാത്രമേ എന്നെ സഹായിക്കാനാവൂ എന്ന് ഹൃദയംകൊണ്ട് ഏറ്റുപറയുക. കൃപയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായ സർവശക്തന്റെ സാമീപ്യത്തിനായി ആത്മാവിൽ ദാഹിക്കുക. എന്തൊക്കെ നഷ്ടപ്പെട്ടാലും, എന്തൊക്കെ സഹിക്കേണ്ടിവന്നാലും, ഈശോയുടെ വസ്ത്രത്തുന്പിൽ ഒന്നു തൊടുന്നതുവരെ വിശ്രമിക്കില്ലെന്നു പ്രതിജ്ഞ ചെയ്യുക. വ്യാധികളിൽനിന്നും മോചിപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിനുടമകളായി ദൈവീകസമാധാനം അനുഭവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

മനുഷ്യദൃഷ്ടിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന സർവ്വശക്തനായ കർത്താവേ, അങ്ങയുടെ സ്പർശനത്താൽ എന്നെയും സൌഖ്യമുള്ളവനാക്കണമേ. എല്ലാ വ്യാധികളിൽനിന്നും മോചിപ്പിച്ച്‌ എന്നെ വീണ്ടെടുക്കേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്