നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു

"യേശു തോണിയിൽക്കയറി കടൽ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവർ ഒരു തളർവാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവൻ തളർവാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നിയമജ്ഞരിൽ ചിലർ പരസ്പരം പറഞ്ഞു: ഇവൻ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങൾ ഗ്രഹിച്ച് യേശു ചോദിച്ചു: നിങ്ങൾ ഹൃദയത്തിൽ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണിത്. അനന്തരം, അവൻ തളർവാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ്, നിന്റെ ശയ്യയുമെടുത്തു വീട്ടിലേക്കു പോവുക. അവൻ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യർക്ക്‌ ഇത്തരം അധികാരം നൽകിയ ദൈവത്തെ മഹത്വപ്പെടുത്തി." (മത്തായി 9:1-8)

വിചിന്തനം 
രോഗികൾക്ക് സൌഖ്യം നൽകുന്ന അത്ഭുതപ്രവർത്തകനായ യേശുവിനെക്കുറിച്ചുള്ള കേട്ടറിവായിരിക്കണം ഒരു തളർവാതരോഗിയെ അവിടുത്തെ പക്കൽ കൊണ്ടുവരാൻ ചിലരെ പ്രേരിപ്പിച്ചത്. എന്നാൽ യേശുവാകട്ടെ അവരാരും പ്രതീക്ഷിക്കാത്ത ഒന്നാണ് ചെയ്തത്, അവിടുന്ന് അവന്റെ പാപങ്ങൾ ക്ഷമിച്ചു. മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിവുള്ള ആരും ഭൂമിയിലില്ലെന്നും, ആ അധികാരം ദൈവത്തിനു മാത്രമുള്ളതാണെന്നും നന്നായി അറിഞ്ഞിരുന്ന യഹൂദരിൽ ഈ പ്രവൃത്തി തീർച്ചയായും ഞടുക്കമുളവാക്കിയിരിക്കണം. എന്നാൽ, അവരെയൊന്നു ഞെട്ടിക്കുക എന്നതുതന്നെയായിരുന്നു യേശുവിന്റെ ഉദ്ദേശ്യം എന്ന് അവിടുത്തെ വാക്കുകളിൽനിന്നും വ്യക്തമാണ്. അത്ഭുതപ്രവൃത്തകനായ ഒരു പ്രവാചകൻ മാത്രമല്ല താനെന്നും, അവിടുന്ന് നൽകുന്ന സൌഖ്യങ്ങൾ കേവലം ശാരീരികം മാത്രമല്ലെന്നും അവർ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടുകൂടിത്തന്നെയാണ് അവിടുന്ന് "നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന വാക്കുകൾ ഉച്ചരിച്ചത്. യേശുവിന് നമ്മുടെ പാപങ്ങൾ ക്ഷമിക്കാനാവുമെന്നും അങ്ങിനെ പിശാചിന്റെ ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കാനാവുമെന്നും ആ തളർവാതരോഗിയെ സുഖമാക്കിയതിലൂടെ അവിടുന്ന് അവർക്ക് വ്യക്തമാക്കി കൊടുത്തു. എന്നാൽ, നമ്മുടെ ആത്മാവിനെ പാപബന്ധനങ്ങളിൽനിന്നും സ്വതന്ത്രമാക്കുക വഴിയായി ശാരീരികസൌഖ്യം നൽകാൻ ഇന്നും ജീവിക്കുന്ന യേശുവിന് ആവുമെന്ന് വിശ്വസിക്കാൻ നമുക്ക് സാധിക്കാറുണ്ടോ? 

മനുഷ്യനായി പിറന്ന ദൈവം നൽകുന്ന പാപമോചനം ഇന്ന് നമുക്ക് ലഭ്യമാകുന്നത് തിരുസഭയുടെ കൂദാശകളിലൊന്നായ കുന്പസാരത്തിലൂടെയാണ്. പലപ്പോഴും കുന്പസാരമെന്നാൽ നമുക്ക് അത് നമ്മുടെ പാപങ്ങൾ വൈദീകന്റെ അടുത്ത് ഏറ്റുപറയുന്നത് മാത്രമാണ്. എന്നാൽ കുന്പസാരത്തിന് പിന്നിൽ സത്താപരമായ പല ഘടകങ്ങളുണ്ട്. പ്രധാനമായും ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു - ഒന്നാമതായി, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴിയായി മാനസാന്തരത്തിന് വിധേയനാകുന്ന വ്യക്തിയുടെ പ്രവൃത്തികൾ; രണ്ടാമതായി, സഭയുടെ ഇടപെടലിലൂടെയുള്ള ദൈവത്തിന്റെ പ്രവൃത്തി. ചെയ്തുപോയ പ്രവൃത്തി തെറ്റാണെന്ന് മനസ്സിലാക്കി മനസ്തപിക്കുയെന്നതാണ്  പാപമോചനം ആഗ്രഹിക്കുന്ന വ്യക്തി ആദ്യം ചെയ്യേണ്ടത്. ആത്മാവിന്റെ ദുഖവും ചെയ്ത പാപത്തോടുള്ള വെറുപ്പും വീണ്ടും പാപം ചെയ്യുകയില്ലെന്നുള്ള പ്രതിജ്ഞയുമാണ് മനസ്താപം എന്ന് സഭ പഠിപ്പിക്കുന്നു. തന്നെ സ്നേഹിക്കുന്ന ദൈവത്തിനു ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്തു എന്ന വേദനയാണ് പാപങ്ങൾ വൈദീകനോട് ഏറ്റുപറയാൻ ഒരാളെ പ്രാപ്തനാക്കുന്നത്. സ്വയം അംഗീകരിക്കലിലൂടെ മനുഷ്യൻ തന്റെ അപരാധങ്ങൾ ആത്മാർത്ഥമായി നോക്കിക്കാണുന്നു. അതുവഴി, പുതിയൊരു ഭാവിജീവിതം സാധ്യമാക്കാൻവേണ്ടി തന്നെത്തന്നെ ദൈവത്തിലേക്കും സഭയുടെ സംസർഗത്തിലേക്കും വീണ്ടും തുറവിയുള്ളവനാകുന്നു. 

കുന്പസാരിക്കുന്നത് വൈദീകനോടാനെങ്കിലും കുന്പസാരിപ്പിക്കുന്ന വൈദീകൻ ദൈവീകമായ ക്ഷമിക്കലിന്റെ യജമാനനല്ല, പിന്നെയോ ശുശ്രൂഷകനാണ്. ദൈവത്തിനു പാപിയോടുള്ള കരുണാമയമായ സ്നേഹത്തിന്റെ അടയാളവും ഉപകരണവുമാണ് പുരോഹിതൻ. കുന്പസാരത്തിലൂടെ ദൈവവുമായി അനുരഞ്‌ജനപ്പെടുകവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ മഹത്വത്തിന്റെയും അനുഗ്രഹങ്ങളുടെയും പുനസ്ഥാപനം സാധ്യമാകുന്നു. ഇതുവഴിയായി ദൈവമുമായി നാം വീണ്ടും സൌഹൃദത്തിലാകുന്നു. ഈ സൌഹൃദത്തിലൂടെ നമ്മുടെ മനസ്സിനു മാത്രമല്ല സമാധാനവും സൌഖ്യവും ലഭിക്കുന്നത്, ഇതുമൂലം  ആ തളർവാതരോഗിയെപ്പോലെ നമ്മെയും രോഗക്കിടക്കയിൽനിന്നും പിടിച്ചെണീപ്പിക്കുവാൻ ദൈവത്തിനാകും. ആയതിനാൽ, നല്ലൊരു കുന്പസാരത്തിലൂടെ ദൈവമുമായി രമ്യതപ്പെട്ട് ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെടുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

പാപബോധവും അനുതാപവരവും തന്നനുഗ്രഹിക്കുന്ന പരിശുദ്ധാത്മാവേ, പാപങ്ങളേറ്റു പറഞ്ഞ് ദൈവസന്നിധിയിൽ കരുണക്കായി യാചിക്കാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ. പിതാവേ, പാപമോചനത്തിലൂടെ അങ്ങയുടെ മകനും മകളുമായി ഞങ്ങളെ ഉയർത്തി അനുഗ്രഹങ്ങളും സൌഭാഗ്യങ്ങളും സൌഖ്യങ്ങളും അവിടുത്തെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ ഞങ്ങൾക്ക് തന്നരുളണമേ. ആമേൻ. 

(Reference: കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്