നാവിനെ നിയന്തിക്കണം

"അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവർ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവൻ സംസാരിക്കുകയും കാണുകയും ചെയ്തു. ജനക്കൂട്ടം മുഴുവൻ അത്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രൻ? എന്നാൽ, ഇതു കേട്ടപ്പോൾ ഫരിസേയർ പറഞ്ഞു: ഇവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തച്ച്ചിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തച്ച്ചിദ്രമുള്ള നഗരമോ ഭവനമോ നിലനിൽക്കുകയില്ല. സാത്താൻ സാത്താനെ ബഹിഷ്കരിക്കുന്നെങ്കിൽ അവൻ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ സ്ഥിതിക്ക് അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ, നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളിൽ വന്നു കഴിഞ്ഞിരിക്കുന്നു. അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യാൻ ആദ്യംതന്നെ അവനെ ബന്ധിക്കാതെ സാധിക്കുമോ? ബന്ധിച്ചാൽ കവർച്ച ചെയ്യാൻ കഴിയും. എന്നോടുകൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു." (മത്തായി 12: 22-30)

വിചിന്തനം 
ജന്മനാ അന്ധനും ഊമനുമായ ഒരാളെ ഈശോ സുഖപ്പെടുത്തിയത് കണ്ടപ്പോൾ ആശ്ചര്യം നിയന്ത്രിക്കാൻ ജനക്കൂട്ടത്തിനായില്ല. ദാവീദിന്റെ ഗോത്രത്തിൽ നിന്നും വരുമെന്ന് പ്രവാചകരിലൂടെ ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹാ ഈശോ തന്നെയാണോ എന്ന് ജനക്കൂട്ടം സംശയിക്കാൻ തുടങ്ങി. എന്നാൽ, അവിടെ ഉണ്ടായിരുന്ന ഫരിസേയർ അത്തരമൊരു സംസാരം അനുവദിച്ചുകൊടുക്കാൻ തയ്യാറായിരുന്നില്ല. ജനക്കൂട്ടത്തെ യേശുവിൽനിന്നും അകറ്റാൻ ഫരിസേയർ അവലംബിച്ച മാർഗ്ഗം അപവാദമാണ്. ഏതു വിധേനയും യേശുവിനെ താഴ്‌ത്തിക്കെട്ടണം എന്ന് അവർ ഉറച്ചപ്പോൾ, യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ, അവിടുത്തെ സൽപ്രവർത്തികളുടെ വിലയിടിക്കാനാണ് അവർ ശ്രമിച്ചത്. യുക്തിക്ക് യാതൊരു വിധത്തിലും നിരക്കാത്ത ഒരു ആരോപണമാണ് യേശുവിനെതിരെ അവർ ഉന്നയിച്ചത്. യഹൂദർക്കിടയിൽ ഒട്ടേറെ ആദരിക്കപ്പെടുന്നവരായിരുന്നു ഫരിസേയർ, അവർ പറയുന്ന കാര്യങ്ങളിൽ ജനങ്ങൾക്ക്‌ വലിയ വിശ്വാസമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവർ പറയുന്ന കാര്യങ്ങൾ എത്രതന്നെ യുക്തിസഹജമല്ലെങ്കിലും, അത് വിശ്വസിച്ചിരുന്ന ഒട്ടേറെ യഹൂദർ ഉണ്ടായിരുന്നു. അപവാദങ്ങളുടെയെല്ലാം പൊതുവായ ഒരു സ്വഭാവവും ഇതുതന്നെയാണ് - പറയപ്പെടുന്ന കാര്യത്തെക്കാളും വെളിപ്പെടുത്തുന്ന വ്യക്തിയോടുള്ള വിശ്വസ്തതയിലാണ് അപവാദം ശക്തിയാർജ്ജിക്കുന്നത്. നമ്മെക്കാൾ നല്ലജീവിതം നയിക്കുകയും ഒട്ടേറെ സൽപ്രവർത്തികൾ ചെയ്യുകയും ഒക്കെ ചെയ്യുന്നവരോടുള്ള നമ്മുടെ സാമീപ്യവും പലപ്പോഴും ആ ഫരിസേയരിടേതിനു സമാനമാകാറില്ലേ എന്നത് സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒരു വിഷയമാണ്. 

"തിന്മയിൽനിന്നു നാവിനെയും വ്യാജ ഭാഷണങ്ങളിൽനിന്ന് അധരങ്ങളെയും സൂക്ഷിച്ചു കൊള്ളുവിൻ" (സങ്കീർത്തനം 34:13). പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാവുന്ന പല അപവാദങ്ങളും പലരുടെ നാവിലൂടെ മറിഞ്ഞുവരുന്പോൾ നല്ലജീവിതം നയിക്കുന്ന വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള അപകീർത്തികളായി മാറുന്ന സംഭവങ്ങൾ വിരളമല്ല. പലപ്പോഴും നൈമിഷികമായി ലഭിക്കുന്ന ഒരു ആത്മസംതൃപ്തിക്കായി മറ്റുള്ളരെപ്പറ്റി എന്തെങ്കിലും ദുഷിച്ചുപറയാനുള്ള പ്രേരണ നമ്മിൽ ശക്തമാവാറുണ്ട്. ശരീരത്തിലെ വളരെ ചെറിയ ഒരു അവയവമായ നാവുകൊണ്ടു ഇപ്രകാരം ചെയ്യുന്ന പാപങ്ങൾ നമ്മുടെ ശരീരത്തെ മുഴുവനായും ആത്മാവിനെതന്നെയും നശിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരാൾക്കെതിരെ അപവാദം പരത്തുന്ന നമ്മൾ ആ വ്യക്തിയെ സ്നേഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെടുന്നു, മാത്രവുമല്ല, മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിച്ച് അവരെയും ആ വ്യക്തിക്ക് എതിരാക്കുന്നു. അതുവഴി പാപം ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവർക്ക് പാപം ചെയ്യാനുള്ള പ്രേരണയും നമ്മൾ നൽകുന്നു. ഇതു ഗ്രഹിച്ച പൗലോസ്‌ അപ്പസ്തോലൻ ദൈവജനത്തെ ഉത്ബോധിപ്പിക്കുന്നു, "നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. കേൾവിക്കാർക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങൾ സന്ദർഭമനുസരിച്ച് സംസാരിക്കുവിൻ. രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്" (എഫേസോസ് 4:29-30). ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിച്ചു നമ്മെത്തന്നെ എന്നെന്നേക്കുമായി ദൈവത്തിൽനിന്നും അകറ്റാൻ നാവിന്റെ ദുരുപയോഗം നിമിത്തം നമുക്കാവും. 

ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. ഇവയിലൊന്നുപോലും ചെയ്യാൻ കഴിയാത്ത അവസരങ്ങളിൽ നമ്മുടെ അധരങ്ങളെ മുദ്രവച്ച് നാവിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയണം. "വാക്കുകൾ ഏറുന്പോൾ തെറ്റു വർദ്ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്" (സുഭാഷിതങ്ങൾ 10:19). ആകയാൽ ഓരോരുത്തരോടും എങ്ങനെ സംസാരിക്കണം എന്ന് വിവേകപൂർവം ഗ്രഹിച്ച്, കരുണാമയവും ഹൃദ്യവുമായ വാക്കുകളുപയോഗിച്ച് നമ്മുടെ നാവിനെ നിയന്ത്രിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെയും അങ്ങയുടെ നാമത്തിൽ പ്രവർത്തിക്കുന്ന അങ്ങയുടെ ദാസരുടെയും പവൃത്തികൾ മനസ്സിലാക്കി സ്വർഗ്ഗസ്ഥനായ പിതാവിനെ മഹാത്വപ്പെടുത്തുവാൻ എന്റെ ബുദ്ധിക്ക് പ്രകാശം നല്കണേ. ഒരു വാക്കുകൊണ്ടുപോലും അവിടുത്തെ ആത്മാവിനെ വേദനിപ്പിക്കാതിരിക്കുന്നതിനു എന്റെ നാവിനു കടിഞ്ഞാണിടണമേ, എന്റെ അധരകവാടത്തിനു കാവലേർപ്പെടുത്തണമേ. എന്റെ ഹൃദയം തിന്മയിലേക്ക് ചായാൻ അനുവദിക്കരുതേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!