സങ്കടപ്പെടുത്തുന്ന സന്പത്ത്

"ഒരാൾ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മയാണ് പ്രവർത്തിക്കേണ്ടത്? അവൻ പറഞ്ഞു: നന്മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവൻ ഒരുവൻ മാത്രം. ജീവനിൽ പ്രവേശിക്കുവാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക. അവൻ ചോദിച്ചു: ഏതെല്ലാം? യേശു യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാൻ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ, സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സന്പത്തുണ്ടായിരുന്നു." (മത്തായി 19: 16-22)

വിചിന്തനം 
ഓരോ ആവശ്യങ്ങളുമായി യേശുവിനെ സമീപിച്ച എല്ലാവരും സന്തോഷത്തോടെ തിരിച്ചു പോയതായിട്ടാണ് ബൈബിളിൽ ഉടനീളം നമ്മൾ കാണുന്നത്. എന്നാൽ ഒരിക്കലും അവസാനിക്കില്ലാത്ത സന്തോഷവും സമാധാനവും തേടി യേശുവിനെ സമീപിച്ച ഒരു യുവാവ് സങ്കടത്തോടെയാണ് തിരിച്ചുപോയത്. ഇവിടെ ശ്രദ്ധേയമായ കാര്യം ആ യുവാവ് വളരെ നല്ല ഒരു ജീവിതം നയിച്ചുവന്നിരുന്ന ഒരു വ്യക്തിയാണെന്നുള്ളതാണ്. മോശയിലൂടെ ദൈവം നല്കിയ കല്പനകളെല്ലാം പാലിക്കുന്നതിൽ അയാൾ ശ്രദ്ധാലുവായിരുന്നു. എങ്കിലും, എന്തോ ഒരു കുറവ് അയാൾക്കനുഭവപ്പെട്ടിരുന്നു. ഒട്ടേറെ സന്പത്തിനു ഉടമയായ അയാൾക്ക് ഭൌതീകമായ ഒന്നിനും കുറവുണ്ടായിരുന്നിരിക്കില്ല. എങ്കിലും തന്നിലെന്തോ അപൂർണ്ണത ഉണ്ടെന്ന ബോധ്യം അയാളെ അലട്ടിയിരുന്നു. അയാളിലെ അസമാധാനത്തിനും അസംതൃപ്തിക്കും ഒക്കെ കാരണം അയാളുടെ സന്പത്തിനോടുള്ള ആശ്രിതമനോഭാവമാണെന്ന് തിരിച്ചറിഞ്ഞ ഈശോ, പൂർണ്ണത പ്രാപിക്കാൻ എല്ലാ സന്പത്തും ഉപേക്ഷിച്ചു തന്നെ അനുഗമിക്കാൻ ആ യുവാവിനോട് ആവശ്യപ്പെടുകയാണ്. എന്നാൽ, തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരാൻ അയാൾക്ക്‌ കഴിയുന്നില്ല. കാരണം, നിത്യജീവനെക്കാളുപരിയായി തന്റെ സന്പത്തിനെ അയാൾ സ്നേഹിച്ചിരുന്നു. ജീവിതത്തിലെ നല്ലകാലങ്ങളിൽ സൽപ്രവർത്തികൾ ചെയ്യുകയും ദൈവത്തിന്റെ കല്പനകളനുസരിച്ചു ജീവിക്കാൻ ആവുംവിധം ശ്രമിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുമുണ്ട്. പക്ഷേ, ദൈവസ്നേഹത്തെപ്രതി വസ്തുവകകൾ ഉപേക്ഷിക്കേണ്ടി വരുന്ന ഒരവസ്ഥ വന്നാൽ അതിനു തയാറാകുന്ന എത്ര പേരുണ്ടാവും നമ്മുടെ ഇടയിൽ? 

നമ്മൾ ജീവിതത്തിൽ ഒട്ടേറെ ഇഷ്ടപ്പെടുന്ന വ്യക്തികൾക്കും വസ്തുക്കൾക്കും നമ്മുടെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. നമ്മുടെ ഹൃദയത്തിൽ നാമേറ്റവും ഉന്നതമായ സ്ഥാനം എന്തിനു നൽകുന്നുവോ, അതായിരിക്കും നമ്മുടെ ജീവിതത്തിൽ നാമേറ്റവും വിലപ്പെട്ടതായി കരുതുന്നത്. സാമാന്യം നല്ല സാന്പത്തികരീതിയിൽ ജീവിക്കുന്ന ഒരു വ്യക്തി, ദൈവപ്രമാണങ്ങൾ അനുസരിക്കുന്പോൾ അല്ലെങ്കിൽ നന്മപ്രവർത്തികൾ ചെയ്യുന്പോൾ, പലപ്പോഴും കരുതുന്നത് അയാൾ ജീവിക്കുന്നത് ദൈവഹിതപ്രകാരമാണ് എന്നാണ്. അതുകൊണ്ടുതന്നെ മോഷ്ടിക്കാതിരിക്കാനും, കൊല്ലാതിരിക്കാനും, കള്ളസാക്ഷ്യം പറയാതിരിക്കാനും, മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനുമൊക്കെ സാധിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കല്പനകൾക്കൊക്കെ ഉപരിയായി ദൈവം നൽകിയിരിക്കുന്ന കല്പനയാണ്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം എന്നത്. ദൈവമാണ് ഏറ്റവും വിലപ്പെട്ടത്‌ എന്ന് വിശ്വസിക്കണമെങ്കിൽ ഹൃദയത്തിൽ ദൈവത്തിനു ഒന്നാം സ്ഥാനം നൽകണം. ഇപ്രകാരം ചെയ്യുന്പോൾ  പലപ്പോഴും നമ്മൾ ഒട്ടേറെ ഇഷ്ടപ്പെടുന്ന പലതും പിൻനിരയിലേക്ക് തള്ളപെട്ടുവെന്നു വരാം, ചിലതിനൊക്കെ ഹൃദയത്തിൽ സ്ഥാനം നഷ്ടപ്പെട്ടുവെന്നും വരാം. തനിക്കുള്ളതെല്ലാം നൽകി നമ്മെ സ്നേഹിക്കുന്ന ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നല്കാൻ നമുക്കാവുന്നുണ്ടോ? 

ദൈവത്തിലൂടെ ലഭ്യമാകുന്ന സൌഭാഗ്യങ്ങളും സന്തോഷവും സമാധാനവും ഭൂമിയിലുള്ള ഒന്നിനും നല്കാൻ സാധിക്കുകയില്ല. എന്നാൽ കാണപ്പെടുന്നവയിൽ മാത്രം വിശ്വാസമർപ്പിക്കാനാണ് നമുക്കിഷ്ടം. അതുകൊണ്ട്, കാണപ്പെടുന്ന നമ്മുടെ സന്പത്തിനും പ്രിയപ്പെട്ടവർക്കും മുകളിലായി ദൈവത്തിനു സ്ഥാനം നല്കാൻ നമുക്ക് മിക്ക അവസരങ്ങളിലും സാധിക്കാറുമില്ല. പക്ഷേ, ദൈവത്തിനു പ്രഥമസ്ഥാനം നല്കാൻ സാധിക്കാത്തിടത്തോളംകാലം, മറ്റെന്തെല്ലാമുണ്ടെങ്കിലും, നമ്മുടെ ഹൃദയത്തിൽ എന്തോ ഒരു കുറവ് നമുക്കനുഭവപ്പെട്ടുകൊണ്ടിരിക്കും. ദൈവത്തിന്റെ സമൃദ്ധിക്ക്മുൻപിൽ തുലോം നിസ്സാരമാണ് ഭൂമിയിൽ നമ്മുടേത്‌ എന്ന് പറഞ്ഞ് നമ്മൾ അഭിമാനം കൊള്ളുന്നവയെല്ലാം എന്ന് തിരിച്ചറിഞ്ഞ് എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അനശ്വരമായ സന്പത്തിന്റെ ഉറവിടമാണങ്ങ്‌. അങ്ങയെ എന്റെ രക്ഷകനും യജമാനനുമായി ഹൃദയംകൊണ്ട് അംഗീകരിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമാണ്. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നിലെ എല്ലാ സ്വാർത്ഥതയെയും ശമിപ്പിക്കണമേ. എല്ലാറ്റിനും ഉപരിയായി അങ്ങേക്ക് എന്റെ ഹൃദയത്തിൽ ഇടം തരാനുള്ള കൃപയാൽ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!