ഇത് നീതിയാണോ?

"സ്വർഗ്ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശ്യം. ദിവസം ഒരു ദനാറവീതം വേതനം നൽകാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്തസ്ഥലത്തു അലസരായി നില്ക്കുന്നതുകണ്ട് അവരോട് പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒൻപതാംമണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവൻ ഇതുപോലെത്തന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലർ നിൽക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നിൽക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്നവർ മറുപടി നൽകി. അവൻ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ. വൈകുന്നേരമായപ്പോൾ മുന്തിരിതോട്ടത്തിന്റെ ഉടമസ്ഥൻ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവർക്കു തുടങ്ങി ആദ്യം വന്നവർക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങൾക്കു കൂടുതൽ ലഭിക്കുമെന്ന് ആദ്യം വന്നവർ വിചാരിച്ചു. എന്നാൽ, അവർക്കും ഓരോ ദാനാറതന്നെ കിട്ടി. അതു വാങ്ങുന്പോൾ അവർ വീട്ടുടമസ്ഥനെതിരെ പിറുപിറുത്തു - അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്ല്യരാക്കിയല്ലോ. അവൻ അവരിലോരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്നേഹിതാ, ഞാൻ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദാനാറയ്ക്കല്ലേ നീ എന്നോട് സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകൾകൊണ്ട് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? ഇപ്രകാരം, പിന്പന്മാർ മുന്പന്മാരും മുന്പന്മാർ പിന്പന്മാരുമാകും." (മത്തായി 20: 1-16)

വിചിന്തനം 
ദൈവത്തെക്കുറിച്ച് ചിന്തിക്കുന്പോൾ ആദ്യംതന്നെ മനസ്സിലെത്തുന്ന ദൈവീകസ്വഭാവങ്ങളിൽ ഒന്നാണ് നീതിമാനായ ദൈവം. നീതിമാന്മാരെ സ്നേഹിക്കുകയും എല്ലാവരോടും നീതിയിൽ വർത്തിക്കാൻ പ്രബോധനം നൽകുകയും ചെയ്യുന്ന ദൈവം തീർച്ചയായും നീതിമാനായിരിക്കണം. ഇന്നത്തെ ഉപമയിലൂടെ ഈശോ നമ്മുടെ മുന്പിലവതരിപ്പിക്കുന്ന പിതാവായ ദൈവം  തന്റെ മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ തേടിയിറങ്ങിയ വീട്ടുടമസ്ഥനാണ്. രാവിലെ മുതൽ പകലിന്റെ അധ്വാനവും ചൂടും സഹിച്ചു ജോലി ചെയ്തവർക്കും വൈകുന്നേരം ഒരു മണിക്കൂർ മാത്രം ജോലി ചെയ്തവർക്കും ഒരേ കൂലി നൽകിയ ദൈവത്തിന്റെ പ്രവൃത്തി നീതികരമാണെന്ന് പറയുവാൻ സാധിക്കുമോ? ഒട്ടേറെ കഷ്ടപ്പെട്ട പണിക്കാരുടെ പിറുപിറുപ്പിൽ കാര്യമില്ലെന്നുണ്ടോ? 

യേശുവിന്റെ കാലത്ത് ദിവസക്കൂലികൊണ്ട് ഉപജീവനം കഴിച്ചിരുന്ന ജോലിക്കാരുടെ ജീവിതം വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ഓരോ ദിവസവും കിട്ടുന്ന വേതനംകൊണ്ടു വേണമായിരുന്നു ആ വ്യക്ത്തിക്കും കുടുംബത്തിനും നിത്യവൃത്തി കഴിക്കാൻ. ജോലിയില്ലാത്ത ദിവസങ്ങളിൽ അവരുടെ കുടുംബങ്ങളിൽ ഭക്ഷണമുണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായിരുന്നു. ഈയൊരു കാഴ്ചപ്പാടിലൂടെ വീട്ടുടമസ്ഥന്റെ പ്രവൃത്തിയെ കാണുന്പോൾ നമുക്ക് മനസ്സിലാകുന്നത്‌ നീതിമാനെന്നതിലുമധികം അദ്ദേഹം പ്രാധാന്യം നൽകിയത് കരുണയ്ക്കാണെന്നാണ്. വൈകുന്നേരമായപ്പോഴും അന്നേദിവസം ജോലിയൊന്നും ലഭിക്കാതെ നിരാശരായി നിന്നിരുന്ന ജോലിക്കാരെ കണ്ടപ്പോൾ വീട്ടുടമസ്ഥന്റെ മനസ്സലിഞ്ഞു. കേവലം ഒരു മണിക്കൂർ മാത്രം ജോലിചെയ്തിട്ട് ഒരു മുഴുവൻ ദിവസത്തിന്റെയും വേതനം നൽകുന്നത് തനിക്കു നഷ്ടമുണ്ടാക്കും എന്നറിഞ്ഞിട്ടും, ഒരു ദനാറയിൽ കുറവ് കൂലിയായി കൊടുത്താൽ അവരുടെ ആവശ്യങ്ങൾക്ക് തികയാതെവരും എന്നറിഞ്ഞുകൊണ്ട്‌ അവരെ സഹായിക്കാനാണ് അദ്ദേഹം മുതിരുന്നത്. എന്തൊക്കെ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നാലും തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനെ രക്ഷിക്കണം എന്നാഗ്രഹിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രവൃത്തി ആ വീട്ടുടമസ്ഥന്റെതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. പാപികളായ നമ്മെ ദൈവരാജ്യത്തിന് അർഹരാക്കുന്നതു ദൈവത്തിന്റെ കരുണയാണ്, നീതിയല്ല. നീതിപൂർവം വിധിക്കുന്ന ഒരു ന്യായാധിപനാണ് ദൈവമെങ്കിൽ പാപങ്ങൾക്ക്‌ പരിഹാരം ചെയ്യാൻ നമ്മൾ നിർബന്ധിതരായി തീരുമായിരുന്നു. എന്നാൽ, നമ്മുടെ ഒരു ചെറിയ തെറ്റിനുപോലും അതിനർഹമായ രീതിയിൽ പരിഹാരം ചെയ്യാൻ നമുക്കാവില്ല; കാരണം, നമ്മുടെ പാപങ്ങളുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയെന്നു പൂർണ്ണമായ അർത്ഥത്തിൽ നാമൊരിക്കലും തിരിച്ചറിയുന്നില്ല. അതറിയാവുന്ന ദൈവം കരുണാപൂർവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു, കടങ്ങൾ പൊറുക്കുന്നു. ജീവിതത്തിലുടനീളം തന്റെ നിയമങ്ങൾ അനുസരിച്ച് ജീവിച്ചവരോടും മരണത്തിനു തൊട്ടുമുൻപായി തന്നെ അന്വേഷിക്കുന്നവരോടും അവിടുന്ന് കരുണ കാണിക്കുന്നു; എല്ലാവർക്കും പ്രതിഫലമായി സ്വർഗ്ഗരാജ്യം നല്കുന്നു. 

രാവിലെമുതൽ തോട്ടത്തിൽ പണിയെടുത്തവരോട് ദൈവം യാതോരനീതിയും കാണിക്കുന്നില്ല. അവർക്ക് തുടക്കത്തിൽത്തന്നെ വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം അവിടുന്ന് അവർക്ക് നല്കുന്നുണ്ട്. തങ്ങൾക്ക് അധികമായെന്തെങ്കിലും ലഭിക്കാത്തതിലുമുപരിയായി ഒരുപക്ഷേ അവരെ വേദനിപ്പിച്ചത് തങ്ങൾക്കു ശേഷം വന്നവർക്ക് യജമാനൻ കുറഞ്ഞ വേതനം നൽകിയില്ല എന്ന വസ്തുതയായിരിക്കണം. അഥവാ, മറ്റു ജോലിക്കാർക്കും തങ്ങൾക്കു ലഭിച്ചതുതന്നെ കിട്ടിയതിലുള്ള അസൂയ. ജീവിതത്തിന്റെ നല്ലൊരു ഭാഗം ദൈവഹിതമനുസരിച്ചു ജീവിക്കുകയും അതുവഴിയായി ഒട്ടേറെ ത്യാഗങ്ങൾ അനുഭവിക്കുകയും ചെയ്യേണ്ടി വന്നിട്ടുള്ള ഒട്ടേറെപ്പേരെ പലപ്പോഴും അലട്ടുന്ന ഒരു മേഖലയാണിത്. തങ്ങൾ ഒരായുഷ്കാലംകൊണ്ട് അവകാശമാക്കിയ സ്വർഗ്ഗരാജ്യം, വെറിക്കൂത്തുകളിൽ മുഴുകിനടന്നിരുന്ന ഒരു വ്യക്തി ക്ഷണനേരത്തെ മനസ്താപംകൊണ്ട് സ്വന്തമാക്കുന്നത് പലപ്പോഴും പരിഭവങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ, ഇവിടെ നാം മറക്കുന്ന ഒരു വസ്തുത, ഒരാൾ എത്രയൊക്കെ സ്വയം നീതീകരിക്കാൻ ശ്രമിച്ചാലും അയാൾ ഇടയ്ക്കൊക്കെ പാപം ചെയ്യുന്നുണ്ട് എന്നതാണ്. ദൈവത്തിലൂടെ അല്ലാതെ ആർക്കും നീതീകരണമില്ല - ഒരു പാപം ചെയ്ത വ്യക്തിയും ഒരായിരം പാപം ചെയ്ത വ്യക്തിയും രക്ഷിക്കപ്പെടുന്നത് ദൈവത്തിന്റെ കരുണയിലൂടെയാണ്. മരണശേഷം നീതിമാനായ ദൈവത്തെ അഭിമുഖീകരിക്കുന്നതിലും നല്ലത് ജീവിതകാലത്ത് കരുണാമയനായ ദൈവസന്നിധിയെ സമീപിക്കുന്നതാണ്. ദൈവം കരുണാമയനാണെന്നതിൽ പരിഭവം പറയാതെ, കൃതജ്ഞാതാപൂർവം അവിടുത്തെ തോട്ടത്തിൽ ജോലിചെയ്യുന്നതിനായുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കരുണാമയനായ ദൈവമേ, അവിടുത്തെ ദയ ഒന്നുമാത്രമാണല്ലോ ഞങ്ങളെ സ്വർഗ്ഗീയ സൌഭാഗ്യങ്ങൾക്ക്‌ അർഹാരാക്കുന്നത്. പരിഭവങ്ങളും പരാതികളുമില്ലാതെ, സന്തോഷത്തോടെ അങ്ങേക്കുവേണ്ടി ഇനിയുള്ള എന്റെ ജീവിതകാലം മുഴുവൻ ജോലിചെയ്യാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്കും തരേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്