ക്ഷണിക്കപ്പെടാത്തവരുടെ വിരുന്ന്

"യേശു വീണ്ടും ഉപമകൾവഴി അവരോടു സംസാരിച്ചു: സ്വര്ഗ്ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിന് സദൃശ്യം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യന്മാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു. വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ വിരുന്ന് സജ്ജമായിരിക്കുന്നു: എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോട് ചെന്ന് പറയുവിൻ. എന്നാൽ, ക്ഷണിക്കപ്പെട്ടവർ അത് വകവയ്ക്കാതെ ഒരുവൻ വയലിലേക്കും വേറൊരുവൻ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവർ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവ് ക്രുദ്ധനായി, സൈന്യത്തെ അയച്ചു ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവൻ ഭ്രുത്യന്മാരോട് പറഞ്ഞു: വിവാഹവിരുന്നു തയ്യാറായിരിക്കുന്നു; എന്നാൽ ക്ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു. അതിനാൽ നിങ്ങൾ വഴിക്കവലകളിൽ ചെന്ന് അവിടെ കണ്ടെത്തിയവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ. ആ ഭൃത്യന്മാർ നിരത്തുകളിൽ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു. അതിഥികളെ കാണാൻ രാജാവ് എഴുന്നള്ളിയപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോട് ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവൻ മൌനം അവലംബിച്ചു. അപ്പോൾ രാജാവ് പരിചാരകന്മാരോട് പറഞ്ഞു: അവനെ കൈകാലുകൾ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാൽ, വിളിക്കപ്പെട്ടവർ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം." (മത്തായി 22:1-14)

വിചിന്തനം 
വിവാഹവിരുന്നിന്റെ ഉപമയിലൂടെ രണ്ടു ഭാഗങ്ങളായി രണ്ടു കാലട്ടത്തോടാണ് ഈശോ സംസാരിക്കുന്നത്. ആദ്യഭാഗത്തിൽ നമ്മൾ കാണുന്നത് വിവാഹത്തിന് മുൻകൂട്ടി ക്ഷണിക്കപ്പെട്ടവരെയാണ്. സ്വർഗ്ഗരാജ്യത്തിൽ നടക്കുന്ന വിവാഹവിരുന്നിലേക്ക് നേരത്തെതന്നെ ക്ഷണിക്കപ്പെട്ടിരുന്നവരാണ് യഹൂദജനം, അബ്രാഹത്തിലൂടെ തന്റെ തിരഞ്ഞെടുക്കപെട്ടവരായി ദൈവം പേരുവിളിച്ചു മാറ്റി നിർത്തിയ ജനമായിരുന്നു യഹൂദർ. എന്നാൽ, രക്ഷയുടെ പൂർത്തീകരണമായി ഈശോ ഭൂമിയിലേക്ക്‌ വന്നപ്പോൾ അവിടുത്തെ അംഗീകരിക്കാൻ അവർ വിസമ്മതിച്ചു. അവിടുത്തെ ആഗമനത്തിനു മുന്നോടിയായി ദൈവം അയച്ച പ്രവാചകന്മാരെ അവർ അവമാനിച്ചു, ചിലരെ കൊന്നുകളഞ്ഞു. അതിനാൽ ആദികാലം മുതൽ ദൈവം തന്റെ ജനത്തിനായി ഒരുക്കിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു. 

രണ്ടാമത്തെ ഭാഗത്തിൽ ദൈവം തന്റെ ഭ്രുത്യരെ അയച്ച് ലോകത്തുള്ള എല്ലാവരെയും സ്വര്ഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. ദുഷ്ടനെന്നോ ശിഷ്ടനെന്നോ ഭേദമില്ലാതെ എല്ലാവരെയും വിരുന്നിനു വിളിക്കുന്നത്‌വഴി ദൈവത്തിന്റെ രക്ഷയ്ക്ക് ലോകം മുഴുവനിലുമുള്ള ജനതതി യോഗ്യരായി. ഇന്നത്തെ ലോകത്തിൽ നാമോരോരുത്തരെയും സ്വർഗ്ഗീയ സൌഭാഗ്യങ്ങൾക്ക്‌ അർഹരാക്കുന്നതു ദൈവം തന്റെ പുത്രനായ ക്രിസ്തു വഴി നമുക്ക് പ്രദാനം ചെയ്യുന്ന ഈ ക്ഷണമാണ്. പാപിയെന്നോ നീതിമാനെന്നോ, യഹൂദനെന്നോ വിജാതീയനെന്നോ ഭേദമില്ലാതെ നമുക്കെല്ലാവർക്കും ഇന്ന് രക്ഷകനായ യേശുവിലൂടെ സ്വർഗ്ഗരാജ്യത്തെ സമീപിക്കാൻ സാധിക്കുന്നു. എന്നാൽ, "വിളിക്കപ്പെട്ടവരോ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം" എന്നൊരു താക്കീതും ഈശോ നമുക്കായി നല്കുന്നുണ്ട്. നാമെല്ലാവരും ഇന്ന് സ്വർഗ്ഗീയവിരുന്നിനുള്ള ക്ഷണം സ്വീകരിക്കുന്നത് മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ ശരീരമായ സഭയിൽ അംഗങ്ങളായാണ്. പക്ഷേ, മാമ്മോദീസായിലൂടെ ഒരു ക്രിസ്ത്യാനി ആകുന്നതുകൊണ്ടുമാത്രം ഒരാൾ സ്വർഗ്ഗത്തിന് അർഹത നേടുന്നില്ല. വിശുദ്ധിയോടുകൂടിയുള്ള ഒരു ജീവിതം നയിക്കാനാവാത്ത ക്രിസ്ത്യാനി വിവാഹവസ്ത്രം ധരിക്കാത്ത അതിഥിക്ക് സമാനനാണ്. വിരുന്നിനു ക്ഷണിക്കപ്പെടുന്പോൾ ഒരു പാപിയായിരുന്നെങ്കിൽകൂടിയും, ആ ക്ഷണം സ്വീകരിക്കുന്നതുവഴിയായി നമ്മെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നമ്മെത്തന്നെ തുറന്നു കൊടുക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ കൃപകൾ ദാനമായി നമ്മിലേക്ക്‌ വർഷിക്കുന്നുണ്ട്. ദാനമാണെങ്കിലും ഈ കൃപകൾ തീർച്ചയായും വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. ഈ കൃപകളിലൂടെ ദൈവം പകർന്നു തരുന്ന പ്രചോദനങ്ങളനുസരിച്ചു ജീവിക്കാനുള്ള ബാധ്യത ഓരോ ക്രിസ്തുശിഷ്യനും ഉണ്ട്. 

ദൈവകൃപയെ വിലകുറച്ചുകാട്ടുന്ന ഒരു കാലട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഒരു ക്രിസ്ത്യാനി ആയി എന്നതുകൊണ്ടുമാത്രം നിത്യരക്ഷ ഉറപ്പായി എന്നു കരുതി ജീവിക്കുന്ന ഒട്ടേറെ ആൾക്കാർ നമ്മുടെ ഇടയിലുണ്ട്. നാമെന്തൊക്കെ തെറ്റ് ചെയ്താലും ദൈവം അത് കാര്യമാക്കുകയില്ലെന്നും, ഇനി അതല്ലെങ്കിൽ, കുറേ തെറ്റുകൾ ചെയ്തിട്ട് പോയി ഒന്ന് കുന്പസാരിച്ചാൽ എല്ലാം ശരിയായിക്കൊള്ളുമെന്നും എന്ന് വിശ്വസിക്കുകയും, ആ വിശ്വാസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇവിടെയെല്ലാം നാമോർക്കേണ്ടത് നമ്മുടെ യാതൊരുവിധ യോഗ്യതകളുമല്ല നമ്മെ ഈ സ്വർഗ്ഗീയവിരുന്നിനു അർഹരാക്കിയത് എന്നതാണ്. ക്ഷണിക്കപ്പെടാത്തവരായിരുന്ന നമ്മെ ഈ വിരുന്നുശാലയിലേക്ക് കൊണ്ടുവന്നത് ദൈവത്തിന്റെ കരുണ ഒന്നുമാത്രമാണ്. കരുണാമയനായ ദൈവം തുറന്നുതന്ന വിരുന്നുശാലയിലെ നിയമങ്ങൾ പാലിക്കാനാകാത്തവരെ, അവിടുത്തെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി പ്രതികരിക്കാനാകാത്തവരെ, കൈകാലുകൾകെട്ടി അന്ധകാരത്തിലേക്ക് വലിച്ചെറിയാൻ തക്കവിധം നീതിയുടെ ഒരു മുഖം കൂടി ദൈവത്തിനുണ്ടെന്നു നാമൊരിക്കലും മറക്കരുത്. 

കർത്താവായ ദൈവമേ, അർഹതയില്ലാത്ത ഞങ്ങൾക്ക് അങ്ങയുടെ പുത്രന്റെ വിരുന്നിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം നൽകിയത് അവിടുന്നാണ്. അവിടുത്തെ ക്ഷണം സ്വീകരിച്ച്, അങ്ങയുടെ കല്പനകൾ പാലിച്ച് അങ്ങയുടെ പുത്രന്റെ പ്രബോധനങ്ങൾ അനുസരിച്ച് ജീവിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നല്കേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!