മുന്നറിയിപ്പില്ലാത്ത മഹാസംഭവം

"നിങ്ങൾ അര മുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നുകൊടുക്കാൻ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിൻ. യജമാനൻ വരുന്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാർ ഭാഗ്യവാന്മാർ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്ത് ചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവൻ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാൽ ആ ഭൃത്യന്മാർ ഭാഗ്യവാന്മാർ. ഇത് അറിഞ്ഞുകൊള്ളുവിൻ: കള്ളൻ ഏതു മണിക്കൂറിൽ വരുമെന്ന് ഗൃഹനായകൻ അറിഞ്ഞിരുന്നെങ്കിൽ തന്റെ വീട് കുത്തിതുറക്കാൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്." (ലൂക്കാ 12:35-40) 

വിചിന്തനം 
ലോകാവസാനത്തെക്കുറിച്ചും കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചുമൊക്കെ ഒട്ടേറെ പ്രബോധനങ്ങളും മുന്നറിയിപ്പുകളും യേശു തന്റെ ജീവിതകാലത്ത് ശിഷ്യന്മാർക്ക് നല്കിയിരുന്നു. എന്നാൽ അപ്പോഴൊക്കെ  ഈ സംഭവങ്ങളെല്ലാം നടക്കാൻ പോകുന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെ ആയിരിക്കും എന്നും യേശു അവരെ അറിയിക്കുന്നുണ്ട്.  സംഭവിച്ചുകൊണ്ടിരിക്കുന്നവയും സംഭവിക്കാനിരിക്കുന്നവയും നമ്മുടെ കണക്ക് കൂട്ടലുകളനുസരിച്ച് നമ്മൾ തീരുമാനിക്കുന്ന സമയത്ത് നടക്കണം എന്ന ചിന്താഗതി മനുഷ്യരിലെല്ലാം ഉള്ളതാണ്. അതുകൊണ്ടുതന്നെ, നടക്കുമെന്ന് മുൻകൂട്ടി അറിയിക്കപ്പെട്ട ഒന്നിനു വേണ്ടി കാത്തിരിക്കുക മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായ ഒരു പ്രവൃത്തിയാണ്‌; പ്രത്യേകിച്ച്, തങ്ങൾക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലാത്ത ഒന്നിനുവേണ്ടി കാത്തിരിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയധികം ഉത്കണ്ഠാജനകവുമാണ്. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുമുന്പ് അവസാനമായി അവിടുത്തോട്‌ ശിഷ്യർ ചോദിക്കുന്നതും ആ സമയമെപ്പോഴാണെന്നാണ്. പക്ഷെ അവിടെയും യേശുവിന്റെ മറുപടി നേരത്തേതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല, "പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല"  (അപ്പ. പ്രവർത്തനങ്ങൾ 1:7). ദൈവം തന്റെ രാജ്യം പുനസ്ഥാപിക്കുന്ന മണിക്കൂർ നമുക്കിന്നും അജ്ഞാതമാണ്. ആകുലതകളില്ലാതെ ആ സമയത്തിനായി കാത്തിരിക്കാൻ നാമെന്താണ് ചെയ്യേണ്ടത്? 

വിവാഹവിരുന്നിനുശേഷം രാത്രി വൈകി തിരിച്ചെത്തുന്ന ഒരു യജമാനനെ കാത്തിരിക്കുന്ന ഭൃത്യനിലൂടെയാണ് തന്റെ രണ്ടാം വരവിനായി നാമെങ്ങിനെ കാത്തിരിക്കണം എന്നതിനെക്കുറിച്ച് ഈശോ നമ്മെ പഠിപ്പിക്കുന്നത്. ഏതുനിമിഷവും യജമാനൻ വന്നു വാതിലിൽ മുട്ടിയേക്കാം എന്നുകരുതി ജാഗരൂകനായിരിക്കുന്ന ഭൃത്യൻ, യജമാനന്റെ പ്രീതിക്ക് പാത്രമാകുന്നു. ആ യജമാനൻ വിശ്വസ്തനായ ആ ഭൃത്യനിൽ പ്രസാദിച്ച് അവനെ പരിചരിക്കും എന്നാണ് യേശു പറയുന്നത്! യജമാനനെ കാത്തിരിക്കുകവഴി ആ ഭൃത്യൻ പ്രത്യേകമായി യാതൊന്നും ചെയ്യുന്നില്ല; അയാൾ തന്റെ കടമ നിർവഹിക്കുന്നതേയുള്ളൂ. എന്നിരുന്നാലും ആ ഭൃത്യൻ യജമാനന്റെ പ്രത്യേക പരിഗണനക്ക് അർഹനാകുകയും യജമാനനാൽ ബഹുമാനിക്കപ്പെടുകയും ചെയ്തു. മുൻകൂട്ടി സമയമറിയിക്കാതെ യേശുക്രിസ്തു ആഗതനാകുന്പോൾ, എപ്പോൾ വേണമെങ്കിലും കർത്താവ്‌ എത്തിയേക്കാം എന്ന് വിശ്വസിച്ചു ഒരുങ്ങിയിരിക്കുന്നവർക്കും ആ ഭ്രുത്യന്റെതിനു സമാനമായ പരിഗണന കർത്താവിൽനിന്നും ലഭിക്കും. എല്ലായ്പ്പോഴും ദൈവഹിതത്തിനു വഴങ്ങി, അവിടുത്തെ പ്രമാണങ്ങൾ പാലിച്ചു ജീവിക്കുവാൻ ഒരു തീരുമാനമെടുക്കുകയാണ് നാമാദ്യം ചെയ്യേണ്ടത്. ജീവിതത്തിൽ വീഴ്ച്ചകളുണ്ടാകുന്പോൾ മനസ്താപത്താലുരുകുന്ന ഹൃദയവുമായി ദൈവസന്നിധിയിലേക്ക്‌ തിരികെചെല്ലാൻ നമുക്കാവണം. എന്നാൽ ഇവരണ്ടും പിന്നീടാവട്ടെ എന്ന് ഉപേക്ഷ വിചാരിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഇപ്പോൾ ലോകം തരുന്ന സുഖങ്ങളെല്ലാം ആസ്വദിച്ചിട്ട്, മതിവരുന്പോൾ ദൈവത്തിങ്കലേക്കു തിരിയാം എന്ന വികലമായ ചിന്താഗതിക്ക് അടിമകളായി പാപത്തിൽ പൂണ്ടുകിടക്കുന്നവർ മുന്നറിയിപ്പില്ലാതെ വാതിലിൽ മുട്ടുന്ന യജമാനന്റെ കാര്യം മറക്കുന്നു. ഇപ്പോഴൊന്നു മയങ്ങാം, യജമാനൻ വരുന്നതിനുമുന്പായി എണീക്കാം എന്നു കരുതി അലസരായിരിക്കുന്നവർ ഒരുപക്ഷെ അവരുടെ ഉറക്കത്തിനിടയിൽ യജമാനൻ വന്നത് അറിഞ്ഞെന്നു വരികയില്ല. 

അമൂല്യമായ ഒരു നിധി എവിടെ നിന്നെങ്കിലും ലഭിച്ചാൽ അതുമൂലം ഉറക്കം നഷ്ടപ്പെടുന്നവർ ഏറെപ്പേരുണ്ട്‌. ഉറങ്ങുന്പോൾ കള്ളൻ വന്ന് നിധി മോഷ്ടിക്കുമോ എന്ന ഭയത്താൽ സദാ ജാഗരൂകനായിരിക്കുന്ന ഗൃഹനാഥനു സമാനമായിരിക്കണം നാമെല്ലാവരും. ദൈവം തന്റെ ആത്മാവിലൂടെ ലോകത്തുള്ള മറ്റേതൊരു നിധിയെക്കാളും വിലയേറിയ നിധിയാണ്‌ നമ്മുടെയെല്ലാം ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്നത്. പരമാർത്ഥ ഹൃദയത്തോടെ ദൈവസന്നിധിയിൽ വർത്തിച്ച്, ദൈവത്തിന്റെ ആത്മാവിനെ എക്കാലവും നമ്മിൽ കാത്തുസൂക്ഷിക്കാൻ നമുക്കാവണം. രക്ഷകനായ യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങൾ പാലിച്ച്, ദൈവവുമായി രമ്യതയിലായി സമാധാനത്തിൽ കഴിയാൻ നമുക്കാവണം. അപ്പോൾ അരമുറുക്കി വിളക്കുകത്തിച്ച് യജമാനനുവേണ്ടി കാത്തിരിക്കുന്ന ഭൃത്യനു സമാനരാകും നാമെല്ലാവരും. സ്വയം എളിമപ്പെടുത്തി സർവശക്തന്റെ അടുക്കലേക്ക് തിരിച്ചുവരുന്നതിനായും, ഇനിയുള്ള കാലമെല്ലാം സ്വർഗ്ഗരാജ്യം മാത്രം ലക്ഷമാക്കി ജീവിക്കുന്നതിനുമായുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, മറ്റെല്ലാറ്റിലും വിലപ്പെട്ടത്‌ അങ്ങാണെന്ന ബോധ്യത്തോടെ അങ്ങയിൽ അഭയം തേടുവാനും അവിടുത്തെ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കുവാനും എന്നെ സഹായിക്കണമേ. അങ്ങയുടെ വരവ് പ്രതീക്ഷിച്ച് സദാ ഒരുക്കമുള്ള ഒരു ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകേണമേ. ആമ്മേൻ. 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്