വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ

'പത്രോസ് ചോദിച്ചു: കർത്താവേ, നീ ഉപമ പറയുന്നത് ഞങ്ങൾക്കു വേണ്ടിയോ എല്ലാവർക്കും വേണ്ടിയോ? അപ്പോൾ കർത്താവ് പറഞ്ഞു: വീട്ടുജോലിക്കാർക്ക് യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിനു യജമാനൻ അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ ആരാണ്? യജമാനൻ വരുന്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തന്റെ സകലസ്വത്തുക്കളുടെയുംമേൽ അവനെ നിയമിക്കും. എന്നാൽ ആ ഭൃത്യൻ, തന്റെ യജമാനൻ വരാൻ വൈകും എന്ന് ഉള്ളിൽകരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനും തുടങ്ങിയാൽ, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും. യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ച് പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്ഷാർഹമായ തെറ്റു ചെയ്തതെങ്കിൽ അവൻ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏൽപ്പിക്കപ്പെട്ടവനോട് അധികം ചോദിക്കും." (ലൂക്കാ 12:41-48)


വിചിന്തനം 
കർത്താവിന്റെ ആകസ്മികമായ രണ്ടാം വരവിനെപ്പറ്റിയും അന്ത്യവിധിയെപ്പറ്റിയും ഒക്കെ ഉപമയിലൂടെ കേട്ടപ്പോൾ പത്രോസിനും ഉണ്ടായി ഒരു സംശയം: യേശുവിന്റെ ശിഷ്യന്മാരായതുവഴി പത്രോസും കൂട്ടരും ഇനി ഭയപ്പെടേണ്ട കാര്യമുണ്ടോ? ക്രിസ്തുശിഷ്യർക്കു എന്തെങ്കിലും കാരണംകൊണ്ട്  സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം നിഷേധിക്കപ്പെടുമോ? പതോസിനു സംശയനിവാരണം വരുത്തുന്നതിനായി ഈശോ മറ്റൊരു ഉപമയാണ് പറയുന്നത്. ഒട്ടേറെ ജോലിക്കാരുള്ള ഒരു യജമാനൻ അവരുടെ ക്ഷേമം അന്വേഷിക്കാനും അവരെ പരിപാലിക്കാനുമായി അവരുടെമേൽ നിയമിക്കുന്ന ഒരു കാര്യസ്ഥന്റെ ഉപമയാണ് പത്രോസിനു മറുപടിയായി ലഭിച്ചത്. മറ്റുള്ള ജോലിക്കാരുടെമേൽ ഇപ്രകാരം അധികാരം ലഭിച്ച കാര്യസ്ഥനു രണ്ടു രീതിയിൽ പെരുമാറാനാകുമെന്നാണ് ഈശോ പറയുന്നത്. ഒന്നുകിൽ തന്നെ ഏൽപ്പിച്ച ജോലി വിശ്വസ്തതയോടെയും വിവേകപൂർവമായും ചെയ്യാൻ അയാൾക്ക്‌ സാധിക്കും. ജോലിക്കാരുടെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ് അവരെ സഹായിക്കാനും അതുവഴി ആ ജോലിക്കാരെ യജമാനനോട് കൂടുതൽ കൂറുള്ളവരാക്കി മാറ്റാനും അയാളുടെ പ്രവർത്തികൾക്കാവും. അതല്ലെങ്കിൽ, തന്നെ ഭരമേൽപ്പിച്ചവരെ എന്തുചെയ്യാനും തനിക്ക് അധികാരമുണ്ടെന്ന ധാർഷ്ട്യത്തോടെ തന്റെ അധികാരത്തെ ദുരുപയോഗിക്കുവാനും അയാൾക്ക്‌ സാധിക്കും. ഈ രണ്ടു സാഹചര്യങ്ങളിലൂടെയും പത്രോസിനെയും, അതുപോലെ തന്നെ ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത് ഉയർത്തിയിരിക്കുന്നവരെയും സംബന്ധിച്ച ദൈവഹിതം എന്തെന്ന് കർത്താവ്‌ വെളിപ്പെടുത്തുകയാണ്. 

ദൈവം പ്രത്യേക അനുഗ്രഹങ്ങളും അധികാരങ്ങളും കൊടുത്ത് വ്യക്തികളെ ഉയർത്തുന്നത് അവരുടെ എന്തെങ്കിലും മേന്മയുടെ ഫലമായിട്ടല്ല. ആത്മീയകാര്യങ്ങളിൽ മാത്രമല്ല ഭൌതീകമായ അധികാരങ്ങളും സ്ഥാനമാനങ്ങളും എല്ലാം ദൈവത്തിന്റെ ദാനങ്ങളാണ്. ഒട്ടേറെ അവസരങ്ങളിൽ ഒരു വ്യക്തിയേക്കാൾ യോഗ്യതയുള്ള മറ്റു പലരെയും മാറ്റിനിർത്തിയിട്ടാവാം ദൈവം ഒരാളെ ഉയർത്തുന്നത്. അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങളിൽ അഹങ്കരിക്കുവാനോ അത് സ്വാർത്ഥലാഭത്തിനായി ദുരുപയോഗം ചെയ്യുവാനോ ആർക്കും അവകാശവുമില്ല. പത്രോസിലുള്ള എന്തെങ്കിലും മേന്മയല്ല പത്രോസിനെ അപ്പസ്തോലപ്രമുഖനായി ഈശോ ഉയർത്താൻ കാരണം; നമ്മുടെ അവസ്ഥയും പത്രോസിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. നാമെല്ലാം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ വിസ്വസ്തതയോടെയും വിവേകത്തോടെയും ചെയ്യാൻ കടപ്പെട്ടവരാണ്. 

ദൈവം തിരഞ്ഞെടുത്ത് ഉയർത്തിയവർ അവരുടെ അധികാരം ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ പീഡിപ്പിക്കുകയും മുതലെടുക്കുകയും ചെയ്‌താൽ അവർക്കുള്ള ശിക്ഷയും വലുതായിരിക്കും എന്നാണ് ഈശോ മുന്നറിയിപ്പ് നൽകുന്നത്. ദൈവം തന്റെ കൃപകൾ ദാനമായാണ് നല്കുന്നത്; പക്ഷേ, വെറുതേകിട്ടുന്നതായതിനാൽ ദൈവകൃപകൾക്ക് അർഹമായ പ്രാധാന്യം നല്കാൻ വിസമ്മതിക്കുന്നത്‌ വലിയൊരു പാപമാണ്. ദൈവത്തിൽനിന്നും ലഭിക്കുന്ന ആത്മീയവും ഭൗതീകവുമായ കൃപകൾ വലിയൊരു ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് നമുക്കെല്ലാവർക്കും ആദ്യമായി ഉണ്ടാകേണ്ടത്. അധികം നൽകുകവഴി ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത് ദൈവജനത്തെ പരിചരിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ദൃപ്പെടുത്തുകയും ആണെന്ന് തിരിച്ചറിഞ്ഞു അപ്രകാരം നമ്മുടെ ജീവിതത്തെ ക്രമീകരിക്കാൻ നമുക്കാവണം. വിവേകത്തോടും സൌമ്യതയോടുംകൂടെ ജീവിതത്തിലെ ഉയർച്ചകളെ അഭിമുഖീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം. 

പരിശുദ്ധാത്മാവേ, എന്നിൽ നിശ്വസിച്ച്‌ എന്റെ ചിന്തകളെ വിശുദ്ധീകരിക്കണമേ.
പരിശുദ്ധാത്മാവേ, എന്നിൽ പ്രവർത്തിച്ച് എന്റെ പ്രവർത്തികളെ വിശുദ്ധീകരിക്കണമേ. 
പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തെ കീഴടക്കി എന്റെ സ്നേഹത്തെ വിശുദ്ധീകരിക്കണമേ.
പരിശുദ്ധാത്മാവേ, എനിക്ക് ശക്തി നൽകി വിശുദ്ധമായവ കാത്തുകൊള്ളണമേ.
പരിശുദ്ധാത്മാവേ, എന്നെ സംരക്ഷിച്ച് വിശുദ്ധിയിൽ നടത്തേണമേ. ആമ്മേൻ.
(വി. അഗസ്തീനോസിന്റെ പ്രാർത്ഥന - A prayer of St. Augustine of Hippo)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!