അടഞ്ഞ വാതിൽക്കൽ മുട്ടിവിളിക്കുന്നവർ

"പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവൻ ജറുസലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒരുവൻ അവനോടു ചോദിച്ചു: കർത്താവേ, രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണോ? അവൻ അവരോടു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകംപേർ പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല. വീട്ടുടമസ്ഥൻ എഴുന്നേറ്റ്, വാതിൽ അടച്ചുകഴിഞ്ഞാൽ പിന്നെ നിങ്ങൾ പുറത്തുനിന്ന്, കർത്താവേ, ഞങ്ങൾക്കു തുറന്നു തരണമേ എന്നുപറഞ്ഞ് വാതിൽക്കൽ മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോടു പറയും: നിങ്ങൾ എവിടെനിന്നാണെന്ന് ഞാൻ അറിയുന്നില്ല. അപ്പോൾ നിങ്ങൾ പറയും, നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവൻ പറയും: നിങ്ങൾ എവിടെനിന്നാണെന്നു ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതായും നിങ്ങൾ പുറംതള്ളപ്പെടുന്നതായും കാണുന്പോൾ നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. അപ്പോൾ മുൻപന്മാരാകുന്ന പിൻപന്മാരും പിൻപന്മാരാകുന്ന മുൻപന്മാരും ഉണ്ടായിരിക്കും." (ലൂക്കാ 13:22-30)

വിചിന്തനം 
ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു ഇസ്രായേൽ. അബ്രാഹവുമായുള്ള ഉടന്പടിയിലൂടെ ദൈവം അങ്ങിനെയൊരു തിരഞ്ഞെടുപ്പ് നടത്തിയത് അബ്രാഹത്തിന്റെയോ സന്തതികളുടെയോ എന്തെങ്കിലും പ്രത്യേകത കൊണ്ടായിരുന്നില്ല. ദൈവത്തിന്റെ വിളി സ്വീകരിച്ച് സ്വന്തം നാടിനെയും ബന്ധുക്കളെയും വിട്ടുപിരിയാൻ അബ്രാഹം കാട്ടിയ വിശ്വാസമാണ് അദ്ദേഹത്തെ ദൈവസന്നിധിയിൽ സ്വീകാര്യനാക്കിയത്. ദാനമായി ലഭിച്ച ദൈവജനമെന്ന സ്ഥാനം തലമുറകളിലൂടെ കൈമറിഞ്ഞുവന്നപ്പോൾ ഒരവകാശമായി മാറി. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ തങ്ങളെ രക്ഷിക്കുവാനും കാത്തുപരിപാലിക്കാനുമുള്ള ബാധ്യത ദൈവത്തിനുണ്ടെന്നു ഒട്ടേറെ യഹൂദർ ചിന്തിക്കുവാൻ തുടങ്ങി. വളരെവലിയ തെറ്റുകൾ മൂലം യഹൂദമതത്തിൽനിന്നും പുറന്തള്ളപ്പെടുന്നവർ ഒഴിച്ച് മറ്റെല്ലാ യഹൂദരും രക്ഷിക്കപ്പെടുമെന്ന് യഹൂദഗുരുക്കന്മാർ (Rabbi) ജനങ്ങളെ പഠിപ്പിക്കുവാനും തുടങ്ങി. എന്നാൽ കാരുണ്യവാനായ ദൈവമാകട്ടെ ഒട്ടേറെ പ്രവാചകന്മാരിലൂടെയും പിന്നീടു യേശുവിലൂടെ സ്വയവും ആ ചിന്താഗതിയെ തിരുത്താൻ ശ്രമിക്കുന്നുണ്ട്. യഹൂദനായതുകൊണ്ടുമാത്രം രക്ഷ പ്രാപിക്കുമോ എന്ന് സംശയിച്ചിരുന്ന വളരെയേറെപ്പേർ സമൂഹത്തിലുണ്ടായിരുന്നു. എന്നാൽ അവരാരും തങ്ങളുടെ ഗുരുക്കന്മാരെ ഭയന്ന് തങ്ങളുടെ സംശയങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കണ്ടുമുട്ടുന്നത് ഇത്തരത്തിലുള്ള സംശയം മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു വ്യക്തിയെയാണ്. കുരിശുമരണത്തിന് മുന്നോടിയായി ജറുസലേമിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന യേശുവുമായുള്ള കണ്ടുമുട്ടലിൽ തന്റെ മനസ്സിലെ സംശയം തുറന്നു ചോദിക്കാനുള്ള ധൈര്യം പരിശുദ്ധാത്മാവ് അയാൾക്ക്‌ നൽകി. പതിവുപോലെ ഒരു ഉപമയിലൂടെയാണ് യേശു ഉത്തരം നൽകിയത്. 

അടയ്ക്കപ്പെട്ട വാതിൽ യേശുവിന്റെ ശ്രോതാക്കൾക്ക് സുപരിചിതമായ ഒരു പ്രതീകം ആയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ അവരുടെ സുരക്ഷക്കായി വീടിനുമുൻപിൽ പൊക്കമുള്ള മതിൽ പണിത് അതിലൊരു വാതിൽ സ്ഥാപിക്കുക സാധാരണമായിരുന്നു. ആ വാതിലടച്ചാൽപിന്നെ വീട്ടിലേക്കോ വീടിനുമുൻപിൽ ആഘോഷങ്ങളും മറ്റും നടത്തിയിരുന്ന മുറ്റത്തേക്കോ ആർക്കും പ്രവേശനം ലഭിച്ചിരുന്നില്ല. അസമയത്ത് വീട്ടിൽ വരുന്നവരെയും ആഘോഷങ്ങൾക്കായി വൈകി വരുന്നവരെയും വാതിൽതുറന്ന് അകത്തുപ്രവേശിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം വീട്ടുടമസ്ഥനുണ്ടായിരുന്നു. വൈകി എത്തിയതുമൂലം അടഞ്ഞുകിടക്കുന്ന വാതിൽക്കൽ മുട്ടിവിളിച്ച്, വീട്ടുടമസ്ഥനുമായി തങ്ങൾക്കുണ്ടെന്ന് അവർ കരുതിയിരുന്ന ബന്ധങ്ങളെല്ലാം ഓർമ്മിപ്പിച്ച്, അകത്തുപ്രവേശിക്കാൻ ശ്രമിക്കുന്ന ആൾക്കാരോടാണ് യഹൂദരെ ഈശോ ഉപമയിലൂടെ താരതമ്യപ്പെടുത്തുന്നത്.  ഈ ഉപമയിലൂടെ രണ്ടു കാര്യങ്ങളാണ് ഈശോ വെളിപ്പെടുത്തിയത്. ഒന്നാമതായി, ദൈവവുമായുള്ള കേവല പരിചയം ഒരാളെയും സ്വർഗ്ഗരാജ്യത്തിന് അർഹരാക്കുന്നില്ല. രണ്ടാമതായി, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് അഹങ്കരിക്കുന്നവരെ മാറ്റിനിർത്തിയിട്ട് ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ലോകമെന്പാടും ഉള്ള ജനതകൾക്ക് ദൈവരാജ്യത്തിൽ പ്രവേശനം ലഭിക്കും. 

മാമ്മോദീസാവഴി ക്രിസ്ത്യാനി ആയതുകൊണ്ടുമാത്രം യേശുവിലൂടെ പിതാവായ ദൈവം നല്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും അവകാശിയായി എന്നു കരുതുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഒത്തിരി പാപങ്ങളൊന്നും ചെയ്യാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ നിത്യരക്ഷ ഉറപ്പായും ലഭിക്കും എന്ന ഒരു വികലചിന്ത ഇന്ന് ലോകത്തിൽ വ്യാപകമാണ്. എന്നാൽ ഇവിടെയെല്ലാം നമ്മൾ ഓർമ്മിക്കേണ്ടത്, ദൈവരാജ്യത്തിനുള്ള അവകാശവാദമായി നമ്മൾ ഉയർത്തിപിടിക്കുന്ന മേന്മകൾ ദൈവസന്നിധിയിൽ തുലോം നിസ്സാരമാണ് എന്ന വസ്തുതയാണ്. നമ്മിലെ നന്മകളും മേന്മകളും എല്ലാം ദൈവത്തിന്റെ ദാനങ്ങൾ തന്നെയാണ്. എന്നാൽ അത് മനസ്സിലാക്കാതെ നമ്മുടെ പ്രത്യേകതകളെപ്പറ്റിയും കഴിവുകളെപ്പറ്റിയും അഭിമാനം കൊള്ളുകയും അഹങ്കരിക്കുകയും ചെയ്യുന്ന മൂഢരാണ്‌ നമ്മൾ. മുൻപന്മാർ പിൻപന്മാരാകുന്ന ദിവസത്തിൽ പിൻപന്മാരോടൊപ്പം അടഞ്ഞ വാതിലിൽ മുട്ടിവിളിക്കുന്നവർ ആവാതിരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, അങ്ങയിലൂടെമാത്രം ലഭ്യമാകുന്ന കൃപകളെ നിരാകരിച്ച്, ലൌകീകവസ്തുക്കളിലും സന്തോഷങ്ങളിലും ശരണം തേടാനുള്ള പ്രലോഭനം എനിക്കുള്ളിലും എന്റെ ചുറ്റും ശക്തമാണ്. ലോകത്തിന്റെതായി ജീവിച്ച് അങ്ങയുടെ സന്നിധിയിൽ പിന്തള്ളപ്പെട്ടുപോകാതിരിക്കാൻ, പ്രലോഭനങ്ങളിൽ വിജയം വരിക്കുന്നതിനുള്ള ശക്തി അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!