കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കരുത്

"അവർ പോകുംവഴി ഒരുവൻ അവനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികൾക്ക് മാളങ്ങളും ആകാശത്തിലെ പക്ഷികൾക്ക് കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ല. അവൻ വേറൊരുവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ പറഞ്ഞു: കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിനെ സംസ്കരിക്കാൻ അനുവദിച്ചാലും. അവൻ പറഞ്ഞു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവൻ പറഞ്ഞു: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാൻ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിനു യോഗ്യനല്ല." (ലൂക്കാ 9:57-62)

വിചിന്തനം 
തന്റെ പരസ്യജീവിതകാലത്ത് യേശുവിന്റെ പ്രധാന ദൌത്യങ്ങളിലൊന്ന് പിതാവായ ദൈവത്തിന്റെ വിളഭൂമിയിലേക്ക് വേലക്കാരെ കണ്ടെത്തുക എന്നതായിരുന്നു. ദൈവരാജ്യമാകുന്ന സുവിശേഷം ലോകമെന്പാടുമെത്തിക്കാൻ, അതുവഴി വിളഭൂമിയിലെ പാകമെത്തിയ ഫലങ്ങളെല്ലാം ദൈവത്തിന്റെ കലവറയിലേക്ക് ശേഖരിക്കുവാനായി ഈശോ ഒട്ടേറെപ്പേരെ തന്നെ അനുഗമിക്കുന്നതിനായി വിളിക്കുന്നുണ്ട്. യേശുവിനെ അനുഗമിക്കുവാൻ സ്വയം മനസ്സായി എത്തുന്ന ഒരു വ്യക്തിയേയും തന്റെകൂടെ വരുവാൻ യേശു ക്ഷണിക്കുന്ന രണ്ടു വ്യക്തികളെയും ആണ് ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കണ്ടുമുട്ടുന്നത്. തന്നെ അനുഗമിക്കാനായി സ്വയം പുറപ്പെട്ടുവന്ന വ്യക്തിയോട് തന്റെ ശിഷ്യർ അനുഭവിക്കേണ്ടിവന്നേക്കാവുന്ന കഷ്ടതകളെപ്പറ്റി യാതൊരു മറച്ചുവയ്പ്പുകളുമില്ലാതെ തുറന്നു പറയുന്നുണ്ട് ഈശോ ഇവിടെ. അതുപോലെതന്നെ കുടുംബത്തിലെ ബാധ്യതകളും കടപ്പാടുകളും തീർത്തതിനുശേഷം ദൈവത്തിനുവേണ്ടി ജോലി ചെയ്യാം എന്ന രണ്ടാമത്തെ വ്യക്തിയുടെ അപേക്ഷയും ഈശോയ്ക്ക് സ്വീകാര്യമാകുന്നില്ല. എന്നാൽ, മൂന്നാമത്തെ വ്യക്തിയുടെ അപേക്ഷയിൽ എന്തെങ്കിലും അന്യായമായത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വീടുവരെ ഒന്നുപോയി എല്ലാവരോടും യാത്ര പറഞ്ഞിട്ടു വരാം എന്നു മാത്രമാണ് അയാൾ പറയുന്നത്. അതുപോലും ദൈവരാജ്യത്തിനു സ്വീകാര്യമല്ല എന്നാണ് യേശു മറുപടി നല്കുന്നത്. എന്താണ് മൂന്നാമത്തെ വ്യക്തിയുടെ തികച്ചും ലളിതവും ന്യായയുമായ ആവശ്യം നിരാകരിക്കപ്പെടാൻ കാരണം?

ഗലീലിക്കടലിനോട് ചേർന്നുകിടന്നിരുന്ന പാലസ്തീനായിലെ കൃഷിഭൂമികളിലെ മണ്ണ് വളരെ കടുപ്പമുള്ളതായിരുന്നു. കൃഷിക്ക് മുന്പായി നിലമുഴുതു ആ മണ്ണ് പൊട്ടിക്കുക എന്നത് വളരെ ക്ലേശം നിറഞ്ഞ ഒരു ജോലിയായിരുന്നു. കഠിനവും ഒട്ടേറെ സമയമെടുക്കുന്നതുമായ ആ ജോലി ചെയ്യാൻ അധികമൊന്നും ആളുകൾക്ക് സാധിക്കുമായിരുന്നില്ല. ലക്ഷ്യത്തിൽ മാത്രം കണ്ണുനട്ട് അശ്രാന്തപരിശ്രമത്തിലൂടെ മനസ്സിലുള്ള എതിർപ്പുകളെയും ശരീരത്തിന്റെ ക്ഷീണത്തെയും ചുറ്റുമുള്ള പ്രകൃതിയിലെ വിഖ്നങ്ങളെയും എതിർത്തു തോൽപ്പിക്കുന്നവർക്ക് മാത്രമേ ആ പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. കലപ്പയിൽ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവർക്കുള്ളതായിരുന്നില്ല ആ ജോലി; കാരണം, അങ്ങനെ പിന്തിരിഞ്ഞു നോക്കുന്നവർ അവരേറ്റെടുത്ത ജോലിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നവരാണ്, ഏറ്റെടുത്ത ജോലി ചെയ്യാനുള്ള കഴിവ് തനിക്കുണ്ടോയെന്നു സംശയിക്കുന്നവരാണ്, തുടക്കത്തിലെ ആവേശം കെട്ടടങ്ങുന്പോൾ ആ ജോലി ഏറ്റതിൽ  പാശ്ചാത്തപിക്കുന്നവരാണ്. ദൈവത്തിന്റെ വിളി സ്വീകരിച്ചു ദൈവരാജ്യത്തിന്റെ ജോലിക്കാരാകുന്നവർ പിന്തിരിഞ്ഞു നോക്കാനുള്ള ഒരു പ്രധാനകാരണം അവർ യാത്ര പറഞ്ഞുപോന്ന വ്യക്തികളും സാഹചര്യങ്ങളുമാണ്. ദൈവത്തിനുവേണ്ടി ജോലി ചെയ്ത് ഇത്രയധികം ത്യാഗങ്ങൾ സഹിക്കേണ്ട ഒരാവശ്യവുമില്ല എന്ന ഒരു തെറ്റായ ഉപദേശം മാത്രമേ പലപ്പോഴും കലപ്പ ഉപേക്ഷിച്ച് കൃഷിഭൂമിയിൽനിന്നും കയറിപ്പോരാൻ ഒരു വ്യക്തിക്ക് ആവശ്യമായി വരാറുള്ളൂ.യാത്രപറയാൻ വീട്ടിലേക്ക് പോകുന്ന ഏതൊരാളെയും ആ യാത്രയിൽനിന്നും വശീകരിച്ചു പിന്തിരിപ്പിക്കാൻ അയാൾ ദൈവസ്നേഹത്തെപ്രതി മാറ്റിനിർത്തേണ്ടിവരുന്ന വ്യക്തികൾക്കും സാഹചര്യങ്ങൾക്കും ആകും.

എന്നാൽ "ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ, പുതിയത് വന്നു കഴിഞ്ഞു" (2 കോറിന്തോസ് 5:17). യേശുവിൽ മാത്രം ദൃഷ്ടിയുറപ്പിച്ച്, ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ജോലി എന്തുതന്നെ ആയാലും അത് പരാതിയും പരിഭവവുമില്ലാതെ, ആത്മാർത്ഥതയോടെ ചെയ്യാൻ നമുക്കാവണം. ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്പോൾ, എന്റെ പ്രവർത്തികൾ ലോകത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കുന്നില്ല എന്ന നിരാശാബോധതോടെ കലപ്പയിൽനിന്നു കൈ എടുക്കാൻ പ്രേരണകളുണ്ടാകുന്പോൾ "കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്‌" (സങ്കീർത്തനം 16:5) എന്ന് വിശ്വാസത്തോടെ പറയാൻ നമുക്കാവണം. നമ്മുടെ ബലഹീനതകളിലൂടെ ലോകത്തിൽ തന്റെ മഹത്വം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ വയലിലെ വിശ്വസ്തരായ ഉഴവുകാരാകാനുള്ള കൃപക്കായി നമുക്ക്  പ്രാർത്ഥിക്കാം.

കർത്താവേ, എന്റെ സ്വാതന്ത്ര്യവും ഓർമ്മകളും അറിവുകളുംഇഷ്ടങ്ങളുമെല്ലാം ഞാനങ്ങേക്ക് മുൻപിൽ സമർപ്പിക്കുന്നു. എനിക്കുള്ളവയെല്ലാം അവിടുത്തെ ദാനമാണ്. അങ്ങയുടെ തിരുഹിതമനുസരിച്ച് അങ്ങെന്നെ ഉപയോഗിക്കണമേ. പകരമായി, എന്റെ എല്ലാ ആഗ്രഹങ്ങളെയും അഭിലാഷങ്ങളെയും തൃപ്തിപ്പെടുത്തുന്ന അങ്ങയുടെ സ്നേഹവും കൃപകളും ദാനമായി എനിക്ക് നൽകേണമേ. ആമ്മേൻ. (വി. ഇഗ്നേഷിയസ് ലയോളയുടെ പ്രാർത്ഥന)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്