എന്നേക്കാൾ വലിയവൻ ആരാണുള്ളത്?
"ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിർത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു." (മത്തായി 18:1-5)
വിചിന്തനം
യേശുവിനോടൊപ്പം മൂന്നു വർഷത്തോളം ജീവിച്ചിട്ടും അവിടുത്തെ പ്രബോധനങ്ങൾ ശരിയായ അർത്ഥത്തിൽ ഗ്രഹിക്കുവാൻ ശിഷ്യന്മാർക്ക് കഴിഞ്ഞിരുന്നില്ല. ദാവീദിന്റെ സിംഹാസനത്തിൽ എല്ലാ ലൗകീകമായ പ്രൌഡിയോടും കൂടി ഒരുനാൾ വാഴുന്ന യേശുവായിരുന്നു അവരുടെ പ്രേരകശക്തി. നഷ്ടപ്പെട്ടുപോയ സർവപ്രതാപങ്ങളും വീണ്ടെടുത്ത് ഈശോ ഇസ്രായേൽ രാജ്യം പുനഃസ്ഥാപിക്കുന്പോൾ തങ്ങൾക്കു ലഭിക്കാനിരിക്കുന്ന സ്ഥാനമാനങ്ങളെക്കുറിച്ച് അവർക്ക് ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ മുൻപിൽ അഗ്രഗണ്യനാകുവാൻ അവർ നിരന്തരം മത്സരിച്ചിരുന്നു. യേശുവിൽനിന്നു നേരിട്ട് തങ്ങളിൽ ആരാണ് വലിയവൻ എന്നറിയാനുള്ള ശ്രമമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ശിഷ്യന്മാർ നടത്തുന്നത്. ശിഷ്യന്മാരുടെ ഔദ്ധത്യത്തിനു അവരെ കുറ്റം വിധിക്കുന്നതിനുമുന്പായി നമ്മുടെ മനസ്സിലും ഇല്ലേ അവരുടെതിന് സമാനമായ ഒരു ചിന്താഗതി എന്ന് ധ്യാനിക്കുന്നത് നന്നായിരിക്കും.
പേരും പെരുമയും അഭിലഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും വ്യക്തിത്വത്തിന്റെതന്നെ ഒരു ഭാഗമാണ്. നമ്മുടെ ചുറ്റുമുള്ളവരേക്കാൾ അല്പംകൂടി മുന്തിയ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്ന ആഗ്രഹം ഇല്ലാത്തവരായി ആരുമുണ്ടാവില്ല. പ്രഥമദൃഷ്ട്യാ നല്ലതെന്ന് തോന്നുന്ന ഈ ആഗ്രഹം പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് പാപത്തിന്റെ വഴികളിലേക്കായിരിക്കും. കാരണം, ലോകം തരുന്നതിനെല്ലാം പരിമിതികളുണ്ട്, ഒപ്പം വെറുതെ ഒന്നും ആർക്കും ഈ ലോകത്തിൽനിന്നു ലഭിക്കുന്നുമില്ല. ലോകം തരുന്നതിനൊപ്പമോ അതിൽ കൂടുതലോ ലോകം നമ്മിൽനിന്നും തിരികെ എടുക്കുന്നു. അതുകൊണ്ടുതന്നെ സത്യസന്ധമായ വഴികളിൽകൂടി ലോകത്തെ സമീപിക്കുന്ന ഒരുവനും അവനാഗ്രഹിക്കുന്നതെല്ലാം അവിടെനിന്നു നേടുന്നില്ല. സ്വാർത്ഥതയിലൂടെയും കള്ളത്തരത്തിലൂടെയും ചതിയിലൂടെയും ഒക്കെ മാത്രമേ ലോകത്തിൽനിന്നും എന്തെങ്കിലുമൊക്കെ നേടിയെടുക്കാനാവൂ. എന്നാൽ തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യർ എല്ലാവിധ സുഖസൌകര്യങ്ങളും അനുഭവിച്ചു ജീവിക്കണമെന്ന് ദൈവവും ആഗ്രഹിക്കുന്നുണ്ട്. "മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകൾക്കുമേൽ അവന് ആധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിൻ കീഴിലാക്കി" (സങ്കീർത്തനം 8:5,6). പരിമിതികളില്ലാത്ത ദൈവം തരുന്നതിനൊന്നും അതിരുകളില്ല. എല്ലാ സന്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും ഉടയവനായ ദൈവത്തിനു, ഓരോരുത്തർക്കും ആവശ്യമുള്ളതിലേറെ തരുവാൻ സാധിക്കും. ഒരുവനിൽ നിന്ന് എടുത്തിട്ടല്ല ദൈവം മറ്റൊരാളെ അനുഗ്രഹിക്കുന്നത്. അതിനാൽ, ദൈവത്തിന്റെ അനുഗ്രഹത്തിനായി മറ്റുള്ളവരെ ഇടിച്ചിട്ട് മുൻനിരയിൽ കയറേണ്ട ആവശ്യവുമില്ല.
ദൈവത്തിന്റെ രാജ്യത്തിൽ ഒന്നാമതാകാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് ഈശോ ഉത്തരം നൽകിയത് ഒരു ശിശുവിനെ ചൂണ്ടിക്കാട്ടിയാണ്. മാനസാന്തരപ്പെട്ട് ഒരു ശിശുവിനേപ്പോലെ ആകാനാണ് ഈശോ തന്റെ ശിഷ്യരോട് അരുളിച്ചെയ്തത്. തന്റെ മാതാപിതാക്കളുടെ കീഴിൽ, അവർ പറയുന്നത് അനുസരിച്ച്, എളിമയോടെയും വിനയത്തോടെയും അവരിലുള്ള വിശ്വാസത്തിലൂടെയും ജീവിക്കുന്നവരാണ് ശിശുക്കൾ. "വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സന്പത്തും ജീവനും ബഹുമതിയുമാണ്" (സുഭാഷിതങ്ങൾ 22:4). ഈ ലോകത്തിന്റെ പരിമിതങ്ങളായ സുഖങ്ങൾക്കു വേണ്ടി പരിശ്രമിച്ചു പാപാന്ധകാരത്തിൽ പതിക്കാതെ, അതിരുകളില്ലാത്ത ദൈവാനുഗ്രഹങ്ങൾക്കായി യത്നിക്കാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, എളിമയിലൂടെയും ലാളിത്യത്തിലൂടെയും അങ്ങയിൽ ധാരാളമായുള്ള സന്തോഷം കണ്ടെത്തുവാൻ എന്നെയും പഠിപ്പിക്കണമേ. അങ്ങയുടെ സന്തോഷം നുകർന്നു, അവിടുത്തെ സൌഭാഗ്യങ്ങൾ അനുഭവിച്ച്, ഈ ലോകജീവിതത്തിൽ അങ്ങയെ മഹത്വപ്പെടുത്തുവാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ എനിക്കും തന്നരുളണമേ. ആമേൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ