വൈകല്യങ്ങളിൽനിന്നും മോചനം വേണോ?

"ഒരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. പതിനെട്ടു വർഷമായി ഒരു ആത്മാവുബാധിച്ച്‌ രോഗിണിയായി നിവർന്നു നിൽക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവൾ അവിടെയുണ്ടായിരുന്നു. യേശു അവളെ കണ്ടപ്പോൾ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തിൽനിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു. അവൻ അവളുടെമേൽ കൈകൾ വച്ചു. തൽക്ഷണം അവൾ നിവർന്നുനിൽക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. യേശു സാബത്തിൽ രോഗം സുഖപ്പെടുത്തിയതിൽ കോപിച്ച് സിനഗോഗധികാരി ജനങ്ങളോട് പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങൾ ഉണ്ട്. ആ ദിവസങ്ങളിൽ വന്നു രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. അപ്പോൾ കർത്താവ് പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ ഓരോരുത്തരും സാബത്തിൽ കാളയെയോ കഴുതയേയോ തൊഴുത്തിൽ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാൻ കൊണ്ടുപോകുന്നില്ലേ? പതിനെട്ടു വർഷം സാത്താൻ ബന്ധിച്ചിട്ടിരുന്ന അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചു വിടേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാൽ, ജനക്കൂട്ടം മുഴുവൻ അവൻ ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു." (ലൂക്കാ 13:10-17)

വിചിന്തനം 
നമ്മുടെ ആത്മാവിന്റെ അവസ്ഥയും ശാരീരികപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും നമുക്ക് അജ്ഞാതമാണ്. അഥവാ അറിവുണ്ടെങ്കിൽതന്നെ അതിന് വേണ്ടത്ര പ്രാധാന്യം നൽകാറുമില്ല. ഇന്നത്തെ വചനഭാഗത്തിൽ കണ്ടുമുട്ടുന്ന സ്ത്രീയെ പതിനെട്ടു വർഷമായി സാത്താൻ ബന്ധിച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് യേശു വെളിപ്പെടുത്തുന്നത്. ആത്മീയമായ ഈ ബന്ധനം ക്രമേണ അവളുടെ ശരീരത്തെയും ബാധിച്ചു, അവൾ നിവർന്നുനിൽക്കാൻ സാധിക്കാത്തവിധം കൂനിപ്പോയി. ദൗർബല്യങ്ങൾക്കും ആസക്തികൾക്കും അടിപ്പെട്ട് നാമും പലപ്പോഴും നമ്മുടെ ആത്മാവിനെ തളച്ചിടാൻ സാത്താനെ അനുവദിക്കാറുണ്ട്. ഇന്ന് നമ്മെ അലട്ടുന്ന ഒട്ടനവധി ശാരീരിക പ്രശ്നങ്ങൾ ഈ ബന്ധനത്തിന്റെ അനന്തരഫലമാണെന്ന് നമ്മൾ തിരിച്ചറിയാറുണ്ടോ? തനായിരിക്കുന്ന അവസ്ഥയിൽനിന്നും ഒരിക്കലും സ്വയം രക്ഷപെടാനാവില്ല എന്ന് തിരിച്ചറിഞ്ഞ ആ സ്ത്രീ ഒടുവിൽ അഭയം പ്രാപിച്ചത് ദൈവസന്നിധിയിലാണ്. സിനഗോഗിൽ ദൈവവചനം ശ്രവിച്ചുകൊണ്ടിരിക്കുന്പോഴാണ് യേശു അവൾക്ക് സൌഖ്യം നൽകിയത്.  വൈകല്യങ്ങളുമായി മല്ലടിച്ച് ജിവിതം നശിപ്പിക്കാതെ, വിശ്വാസത്തോടും എളിമയോടുംകൂടെ കെട്ടുകളഴിക്കുന്ന ദൈവവചനത്തെ സ്വീകരിക്കാൻ നമുക്കാവുന്നുണ്ടോ?  

കർത്താവിന്റെ ദിവസം വിശുദ്ധമായി ആചരിക്കണം എന്ന ദൈവകൽപന മനുഷ്യൻ വളച്ചൊടിച്ചപ്പോൾ, സാബത്തുദിവസം മറ്റുള്ളവരെ സഹായിക്കുന്നത് പോലും നിഷിദ്ധമായി മാറി. മറ്റുള്ളവരെ സഹായിക്കാതിരിക്കാനുള്ള ഒരു ഉപാധിയായി ദൈവത്തെ ഉപയോഗിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടാനും ഈശോ ഈ അവസരത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഒട്ടേറെ രഹസ്യപാപങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുവച്ചു ജീവിക്കുന്നവരാണ് നമ്മിലേറെപ്പേരും. എന്നിരുന്നാലും, അതേ പാപങ്ങൾ മറ്റുള്ളവർ ചെയ്യുന്നത് നമ്മുടെ ശ്രദ്ധയിൽപെട്ടാൽ അതുപയോഗിച്ചു അവരെ വിധിക്കാൻ നാം തുനിയാറുമുണ്ട്. എന്നാൽ, "മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയഭാവത്തിലും" (1 സാമുവൽ 16:7). ദൈവത്തിന്റെ മുൻപിൽ ഒന്നും ഒളിഞ്ഞിരിക്കുന്നില്ല, നമ്മുടെ കാപട്യങ്ങൾ അവിടുത്തെ കണ്ണിൽനിന്നു മറഞ്ഞിരിക്കുന്നുമില്ല. നമ്മുടെ ആത്മാവിനെ ബന്ധിച്ചിട്ടിരിക്കുന്ന എല്ലാത്തരം പാപാസക്തികളും ദൌർബല്യങ്ങളും പലപ്പോഴും പുറത്തേക്കുവരുന്നത് ശാരീരികാസ്വാസ്ഥ്യങ്ങളിലൂടെയും  സ്വഭാവവൈകല്യങ്ങളിലൂടെയും ഒക്കെ ആയിരിക്കും. 

എത്ര ശ്രമിച്ചിട്ടും കീഴടക്കാൻ കഴിയാത്ത ആസക്തികളുമായോ ദൌർബല്യങ്ങളുമായോ, അവ ശാരീരികമോ മാനസികമോ ആകട്ടെ, മല്ലടിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? നിങ്ങളുടെ അവസ്ഥയിൽനിന്നും നിങ്ങളെ മോചിപ്പിക്കാൻ ദൈവത്തിനു കഴിയും. അതെത്ര പഴക്കമുള്ള അവസ്ഥയായിരുന്നാലും, എത്രയോ ചികിത്സകൾ ചെയ്തിട്ടും ഫലമുണ്ടാകാത്ത സ്ഥിതിയാണെങ്കിലും, അസാധ്യമായി ഒന്നുമില്ലാത്ത ദൈവത്തിന് നമ്മെ സുഖപ്പെടുത്താനാകും. "നാം പാപങ്ങൾ ഏറ്റു പറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനും ആകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിൽനിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും" (1 യോഹന്നാൻ 1:9). നമ്മുടെ ആത്മാവിന്റെ അവസ്ഥയെക്കുറിച്ച് സത്യസന്ധമായ ഒരു അപഗ്രഥനം നടത്തി, എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അതു നികത്തിതരണമേയെന്നു എളിമപ്പെട്ടു ദൈവത്തോട് യാചിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവേ, അങ്ങയിൽ വിശ്വസിക്കുകയും ശരണം വയ്ക്കുകയും ചെയ്യുന്നവർക്ക് അങ്ങ് സ്വാതന്ത്ര്യം നൽകുന്നു. അങ്ങയുടെ ആത്മാവിലൂടെ അങ്ങ് തരുന്ന മോചനം അനുഭവിച്ച് അങ്ങയെ സ്തുതിക്കുവാനും ആരാധിക്കുവാനും മഹത്വപ്പെടുത്തുവാനുമായി എന്റെ ഹൃദയം അവിടുത്തെ ദിവ്യപ്രകാശത്താൽ നിറയ്ക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!