പ്രയോജനമില്ലാത്ത ദാസൻ

"നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലിൽനിന്നു തിരിച്ചു വരുന്പോൾ അവനോട്, നീ ഉടനെവന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക. കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോട് നിങ്ങൾ നന്ദി പറയുമോ? ഇതുപോലെതന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ" (ലൂക്കാ 17: 7-10)

വിചിന്തനം 
ഈ ഉപമയിലെ ഭൃത്യനാകാൻ താല്പര്യമുള്ളവരായി നമ്മിലാരുംതന്നെ ഉണ്ടാവില്ല. സാധാരണഗതിയിൽ നമ്മൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നത് അതുമൂലം നമുക്കെന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാകാനാണ്. ചെയ്യുന്ന ജോലിക്ക് കൂലി പ്രതീക്ഷിക്കാത്തവരായി നമ്മളിൽ ആരുംതന്നെ ഉണ്ടാവില്ല. ദൈവരാജ്യത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ പലപ്പോഴും വളരെ ക്ലേശം നിറഞ്ഞതാണ്‌. ശാരീരികവും മാനസികവും സാന്പത്തികവുമായി ഒട്ടേറെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവർ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും,  ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമ്മോട് പറയുന്നത്, ദൈവരാജ്യത്തിനുവേണ്ടി എന്തു ചെയ്താലും അത് പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യണം എന്നാണ്! എന്തുകൊണ്ടാണ് ഈശോ തന്റെ ശിഷ്യർക്ക് ഇത്തരത്തിലുള്ള ഒരു ഉപദേശം നൽകിയത്?

ദൈവവുമായി ദൃഡമായ ഒരു ബന്ധം രൂപപ്പെടുത്തി എടുക്കുന്നതിലൂടെ നാമെന്താണ് ആഗ്രഹിക്കുന്നത്? ദൈവവുമായി ബന്ധപ്പെടുന്നതിന്റെ ആദ്യപടി സ്നേഹമാണ്. എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്പോൾ, ജീവിതത്തിൽ പ്രധാനപ്പെട്ടതെന്ന് കരുതിയിരുന്ന ഒട്ടേറെ കാര്യങ്ങൾ പിൻനിരയിൽ ആകും, കുറേയൊക്കെ കാര്യങ്ങൾ വേണ്ടെന്നു വയ്ക്കേണ്ടി വരും, ചില സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വരും. അതിനോടൊപ്പം പുതുതായ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതായും വരും. മറ്റുള്ളവരെ സഹായിക്കുകയും പ്രാർത്ഥനയിലും മറ്റു ദൈവീകകാര്യങ്ങളിലുമൊക്കെ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരികയും ഒക്കെ വേണ്ടി വന്നേക്കാം. എന്നാൽ സ്വന്തമായി പ്രയോജനമൊന്നുമില്ലാത്ത ഇത്തരം കാര്യങ്ങൾ സ്വാഭാവികമായും ചെയ്യാൻ മടികാട്ടുന്നത് മനുഷ്യപ്രകൃതമാണ്. ഇങ്ങനെയുള്ള സൽപ്രവൃത്തികളെല്ലാം ദൈവവുമായുള്ള ബന്ധം നിലനിർത്താൻ ആവശ്യമായതിനാൽ, മനസ്സില്ലാമനസ്സോടെ അവ ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ഇവിടെയെല്ലാം നാം മറക്കുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹമാണ് എന്ന വസ്തുതയാണ്. ദൈവം നമ്മോടു ചെയ്‌തിരിക്കുന്ന ഉടന്പടി സ്നേഹത്തിന്റെ മുദ്ര പതിപ്പിച്ചതാണ്. നിയമത്തിന്റെയും കടപ്പാടുകളുടെയും ദൃഷ്ടിയിലൂടെ ആ ഉടന്പടിയെ നോക്കുന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ്.

ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതിന്റെ അർത്ഥം ദൈവം നമ്മോടു കടപ്പെട്ടിരിക്കുന്നു എന്നതല്ല. സൽപ്രവൃത്തികൾ ചെയ്യുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് ദൈവത്തിന്റെ സ്നേഹമാണ്. ആ സ്നേഹത്തോട് പ്രതികരിച്ച് നമ്മൾ എന്തെങ്കിലുമൊക്കെ ചെയ്യുന്പോൾ അതുവഴി ദൈവത്തിൽനിന്നും പ്രത്യേകമായി എന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. ദൈവത്തെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് ദൈവസന്നിധിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന പ്രവൃത്തിയല്ല; അത് നമ്മുടെ കടമ മാത്രമാണ്. അങ്ങിനെയുള്ളവരെ ദൈവം തീർച്ചയായും ഉയർത്തുക തന്നെ ചെയ്യും. അത് അവരുടെ പ്രവൃത്തികൾക്ക്‌ പ്രതിഫലമായല്ല; മറിച്ച്, അവരിലൂടെ ദൈവം അധികമായി മഹത്വപ്പെടുന്നതിനു വേണ്ടിയാണ്.
നമ്മെ സ്നേഹിക്കുന്ന ദൈവത്തിന്റെ പ്രചോദനങ്ങൾക്ക് പ്രതികരണമായി നാം ചെയ്യുന്ന എല്ലാറ്റിലും ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, സ്നേഹത്താലും കൃതജ്ഞതയാലും മഹാമനസ്കതയാലും എന്റെ ഹൃദയത്തെ നിറയ്ക്കണമേ. തീഷ്ണതയോടുകൂടി അങ്ങേക്ക് വേണ്ടി ജോലി ചെയ്യാൻ എന്നിലെ വിശ്വാസത്തെ അവിടുത്തെ പരിശുദ്ധാത്മാവിന്റെ അഗ്നിയാൽ ജ്വലിപ്പിക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!