എല്ലാവരും രക്ഷപെടുമോ?
"ഏതു സ്ത്രീയാണ് തനിക്കു പത്തു നാണയം ഉണ്ടായിരിക്കെ, അതിൽ ഒന്നു നഷ്ടപ്പെട്ടാൽ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടു കിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുന്പോൾ അവൾ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടി പറയും: എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുന്പിൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോട് പറയുന്നു." (ലൂക്കാ 15:8-10)
വിചിന്തനം
പാപം ചെയ്യുന്ന മനുഷ്യൻ ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം അല്ലായിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവൻ എന്നും തന്നോടൊപ്പം ആയിരിക്കണം എന്ന ആഗ്രഹവുമായാണ്. എന്നാൽ സൃഷ്ടിച്ച് ഏറെ വൈകുന്നതിനുമുന്പു ദൈവം മനസ്സിലാക്കി മനുഷ്യന്റെ ഹൃദയം പാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന്. എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ പറുദീസയിൽ ജീവിച്ചപ്പോഴും അതിനുപരിയായ എന്തോ ഉണ്ടെന്നും അത് കൈക്കലാക്കണമെന്നുമുള്ള ചിന്തയായിരുന്നു മനുഷ്യഹൃദയത്തെ നയിച്ചിരുന്നത്. പാപം ഭൂമിയിൽ പെരുകിയപ്പോൾ "ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു" (ഉൽപത്തി 6:6). എന്നിരുന്നാലും മനുഷ്യനെ വെറുക്കാനോ അവനെ ഇല്ലായ്മ ചെയ്യാനോ ദൈവം ഒരിക്കലും തയ്യാറല്ലായിരുന്നു. നിനിവേ നഗരം പാപത്തിൽ നിന്ന് പിന്തിരിഞ്ഞപ്പോൾ അവരുടെ മേലുള്ള ശിക്ഷ പിൻവലിച്ച ദൈവത്തോട് കുപിതനായ യോനാ പ്രവാചകൻ നടത്തുന്ന സംഭാഷണത്തിൽനിന്നും ഇത് വ്യക്തമാണ്: "അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയും ശിക്ഷിക്കുന്നതിൽ വിമുഖനും ആണെന്ന് ഞാനറിഞ്ഞിരുന്നു" (യോനാ 4:2). തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യരെല്ലാവരും പാപം ഉപേക്ഷിച്ചു തന്നിലേക്ക് മടങ്ങിവരണം എന്നാഗ്രഹിച്ച ദൈവം സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായി തന്റെ ഏകാജതനെപ്പോലും നമുക്കായി തന്നു.
പലപ്പോഴും പലരുടെയും മനസ്സിലുള്ള ഒരു ചിന്തയാണ്, 'ഞാൻ പാപം ചെയ്യുന്നത് ദൈവം എന്നെ ബലഹീനനായി സൃഷ്ടിച്ചതു കൊണ്ടാണ്, അതിനാൽ ഞാൻ പാപം ചെയ്യുന്നതിന്റെ കാരണം ദൈവത്തിനറിയാം, അത് മനസ്സിലാക്കി ദൈവം എന്നോട് ക്ഷമിച്ചുകൊള്ളും', എന്നത്. എന്നാൽ, താൻ പാപം ചെയ്യുന്നത് തന്റെ കുറ്റം കൊണ്ടല്ലാത്തതിനാൽ ദൈവം സ്വയം ക്ഷമിച്ച് നിത്യജീവൻ നൽകും എന്നത് തികച്ചും തെറ്റായ ഒരു അബദ്ധചിന്തയാണ്. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിലും (cf. 1 തിമോത്തേയോസ് 2:4), ദൈവം അതിനായി ആരെയും നിർബ്ബന്ധിക്കുന്നില്ല. പാപത്തോട് പ്രതിപത്തിയുള്ള ഹൃദയത്തിനു ഉടമകളാവുകവഴി മനുഷ്യർക്ക് ഒരിക്കലും സ്വന്തമായി ദൈവത്തിങ്കലേക്കു തിരിയാനാവില്ല എന്ന ചിന്ത പതിനാറാം നൂറ്റാണ്ടിൽ ഉത്ഭവിച്ച കാൽവിനിസം (calvinism) എന്ന വേദവിരുദ്ധ വാദത്തിന്റെ (heresy) ബാക്കിപത്രം മാത്രമാണ്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിയിലും ദൈവം തന്റെ ആത്മാവിനെ നിക്ഷേപിച്ചിട്ടുണ്ട്. എത്രയധികം പാപം ചെയ്താലും നമ്മെ സദാ ദൈവത്തിങ്കലേക്കു വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്ന ആ ആത്മാവ് നമ്മിൽ നശിച്ചു പോകുന്നില്ല. പാപം മൂലം നിർവീര്യമായി കിടക്കുന്ന ആത്മാവിനെ പുനർജീവിപ്പിക്കുവാനുള്ള കൃപ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലൂടെ നമുക്കെല്ലാവർക്കും ലഭ്യമാണ്. യേശുവിനെപ്പറ്റി അറിഞ്ഞിട്ടും, അവിടുത്തെ കൃപ സ്വീകരിച്ച് ദൈവത്തിങ്കലേക്കു തിരിയാത്ത ഒരാളും രക്ഷ പ്രാപിക്കുകയില്ല. ആരും നശിച്ചു പോകാതെ ഇരിക്കുന്നതിനു എല്ലാവരും അനുതപിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് (cf. 2 പത്രോസ് 3:9) അപസ്തോലപ്രമുഖനും നമ്മെ ഓർമ്മിപ്പിക്കുന്നു.
കാണാതായ നാണയം കണ്ടെത്തുന്നതുവരെ അതിനായി തിരഞ്ഞ ആ സ്ത്രീയുടേതിനു സമാനമായ മനോഭാവം എല്ലാ വിശ്വാസികൾക്കും ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ഇടയിൽ പാപത്തിൽപൂണ്ട് കാഴ്ചയിൽനിന്നും മറഞ്ഞുകിടക്കുന്ന നാണയങ്ങളെ ക്രിസ്തുവാകുന്ന പ്രകാശമുപയോഗിച്ച് വീണ്ടെടുക്കാൻ നമുക്കോരോരുത്തർക്കും ചുമതല ഉണ്ട്. എന്നാൽ ഇതിനായി നാമാദ്യം ചെയ്യേണ്ടത് നമ്മുടെ ജീവിതങ്ങളെ ദൈവഹിതത്തിനു അനുയോജ്യമാക്കുകയാണ്. എല്ലാവർക്കും വചനപ്രസംഗകരാകാനുള്ള കൃപ ദൈവം നല്കിയിട്ടില്ല, എന്നാൽ നമുക്കെല്ലാവർക്കും തീർച്ചയായും നമ്മുടെ ജീവിതം കൊണ്ട് ദൈവവചനത്തിനു സാക്ഷികളാകാൻ സാധിക്കും. "എല്ലായ്പ്പോഴും വചനം പ്രഘോഷിക്കുക, ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക" എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയും നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മൾ വഴിയായി വീണ്ടെടുക്കപ്പെടുന്ന ഓരോ ആത്മാവിനെ ചൊല്ലിയും സ്വർഗ്ഗത്തിൽ വലിയ സന്തോഷമുണ്ടാകും എന്ന് ഈശോ വെളിപ്പെടുത്തുന്നുണ്ട്. ആ സന്തോഷത്തിൽ പങ്കാളികളാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അങ്ങയുടെ പ്രകാശത്താൽ അന്ധകാരം അകറ്റി ഇരുട്ടത്തുള്ളതെല്ലാം വെളിച്ചത്തു കൊണ്ടുവരേണമേ. അങ്ങയുടെ ആത്മാവിനാൽ എന്നെ ജ്വലിപ്പിച്ച് എന്നിലൂടെ അങ്ങയുടെ സ്നേഹവും കരുണയും മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുക്കണമേ. ആമേൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ