നല്ലതാണ്, പക്ഷേ ഞങ്ങൾക്കു വേണ്ടാ!

"യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോൾ ശവക്കല്ലറകളിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പിശാചുബാധിതർ അവനെ കണ്ടുമുട്ടി. ആർക്കും ആ വഴി സഞ്ചരിക്കാൻ സാധിക്കാത്തവിധം അവർ അപകടകാരികളായിരുന്നു. അവർ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിനുമുന്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ? അവരിൽനിന്ന് അല്പമകലെ ഒരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കൾ അവനോട് അപേക്ഷിച്ച്: നീ ഞങ്ങളെ പുറത്താക്കുന്നെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്കയക്കണമേ! അവൻ പറഞ്ഞു: പോയ്ക്കൊള്ളുവിൻ. അവ പുറത്തു വന്നു പന്നികളിൽ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവൻ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലിൽ മുങ്ങിച്ചത്തു. പന്നിമേയ്ക്കുന്നവർ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാക്കാര്യങ്ങളും, പിശാചുബാധിതർക്കു സംഭവിച്ചതും അറിയിച്ചു. അപ്പോൾ, പട്ടണംമുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടുവന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു." (മത്തായി 8:28-34)

വിചിന്തനം 
ഗദറായാരുടെ ദേശത്ത് ആൾക്കാരെ വഴിനടക്കാൻപോലും അനുവദിക്കാതെ ഒട്ടേറെ ബുദ്ധിമുട്ടിച്ചിരുന്ന അപകടകാരികളായ രണ്ടു പിശാചുബാധിതരെ സുഖപ്പെടുത്തുന്ന ഈശോയെ ആണ് ഇന്നത്തെ വചനഭാഗത്തിൽ നാം കണ്ടുമുട്ടുന്നത്. അവരെ സുഖപ്പെടുത്തിയതു വഴി അവർക്ക് മാത്രമല്ല, തീർച്ചയായും ആ സമൂഹത്തിനും വലിയൊരു നന്മയാണ് കർത്താവ്‌ ചെയ്തത്. യേശുവിന്റെ അത്ഭുതപ്രവർത്തിയെക്കുറിച്ച് കേട്ടറിഞ്ഞ ആ പട്ടണം മുഴുവൻ അവിടുത്തെ കാണാൻ പുറപ്പെട്ടുവന്നു. എന്നാൽ, തങ്ങളെ വലിയൊരു അപകടത്തിൽനിന്നും രക്ഷിച്ച യേശുവിനെ പട്ടണത്തിലേക്ക് സ്വീകരിക്കുന്നതിനു പകരം അവിടം വിട്ടുപോകാനാണ് അവർ അപേക്ഷിച്ചത്! പ്രത്യക്ഷാ വിരോധാഭാസമായി തോന്നുന്ന ഈ പ്രവർത്തിക്കു അവരെ പ്രേരിപ്പിച്ചതെന്താണ്? 

ദെക്കാപ്പോളിസിലെ (പത്തു നഗരങ്ങൾ, എന്നർത്ഥം) ഒരു നഗരമായിരുന്നു ഗദറ. ഗ്രീക്കുകാരും മറ്റ് വിജാതീയരും തിങ്ങിപ്പാർത്തിരുന്ന ഒരു പട്ടണമായിരുന്നു അത്. മറ്റെവിടേക്കെങ്കിലും യാത്ര ചെയ്തവഴിയിൽ യേശു ആ ദേശത്തെത്തിയതാകാനാണ് സാധ്യത. എന്നിരുന്നാലും, ആശുധാത്മാക്കളാൽ വലഞ്ഞിരുന്ന ആ രണ്ടുപേരുടെ അവസ്ഥ കണ്ടു അവരെ സഹായിക്കാതെ കടന്നുപോകാൻ യേശുവിനാകുമായിരുന്നില്ല. തങ്ങൾ പുറത്താക്കപ്പെടുമെന്ന് ഗ്രഹിച്ച ആശുധാത്മാക്കൾ സമീപത്തുണ്ടായിരുന്ന പന്നിക്കൂട്ടത്തിലേക്കു തങ്ങളെ അയക്കേണമേ എന്ന് യേശുവിനോട് അപേക്ഷിക്കുകയാണ്. ആ അപേക്ഷ യേശു അനുവദിച്ചപ്പോൾ അവ ഒന്നാകെ പുറത്തുവന്ന് പന്നികളിൽ പ്രവേശിക്കുകയും അതുമൂലം ആ പന്നികളെല്ലാം കടലിൽചാടി ചാവുകയും ചെയ്തു. യഹൂദരുടെ ഇടയിൽ പന്നി നിഷിദ്ധമായിരുന്നു. എന്നാൽ, വിജാതീയരുടെ അവസ്ഥ അതായിരുന്നില്ല, പന്നിമാംസം വളരെ വിലയേറിയ ഒരു വിശിഷ്ടഭോജ്യമായിരുന്നു അവർക്ക്. ആ പന്നിക്കൂട്ടം കടലിൽചാടി ചത്തതുവഴി ആ പട്ടണത്തിലുള്ളവർക്ക് വലിയൊരു സാന്പത്തിക നഷ്ടമാണുണ്ടായത്. തങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ അസ്വസ്തതക്കു കാരണഭൂതരായിരുന്ന ആ രണ്ടു പിശാചുബാധിതരുടെ സൌഖ്യത്തെക്കാൾ അവർ വിലമതിച്ചത് പന്നികളിലൂടെ ഉണ്ടായേക്കാമായിരുന്ന സാന്പത്തിക ലാഭത്തെയാണ്. യേശു തങ്ങളുടെ പട്ടണത്തിലേക്ക് വന്നാൽ ഇനിയും ഇതുപോലുള്ള സാന്പത്തികവും മറ്റു ഭൌതീകവും ആയിട്ടുള്ള നഷ്ടങ്ങൾ തങ്ങൾക്കുണ്ടായേക്കാമെന്നു അവർ ഭയന്നു. അതിനാൽ തങ്ങളുടെ ദേശം വിട്ടുപോകണമെന്നു അവർ യേശുവിനോട് അപേക്ഷിച്ചു. 

ഇന്ന് പലപ്പോഴും നമ്മുടെയും അവസ്ഥയും ആ ഗദറായരുടേതിൽനിന്നും വിഭിന്നമല്ല. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നതിനായി കർത്താവായ യേശുക്രിസ്തു നിരന്തരം നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്നുണ്ട്. എന്നാൽ, യേശുവിനെ നമ്മുടെ ജീവിതങ്ങളിലേക്ക് സ്വീകരിച്ചാൽ ഉപേക്ഷിക്കേണ്ടിവരുന്ന നിരവധിയായ ലൌകീക സുഖങ്ങളെപ്പറ്റി ചിന്തിക്കുന്പോൾ ഒട്ടേറെപ്പേരും അവിടുത്തെ നിരാകരിക്കുന്നു. ഇഹലോക ജീവിതത്തെ എല്ലാറ്റിലുമുപരിയായി സ്നേഹിക്കുന്പോൾ യേശുക്രിസ്തുവിലൂടെ മാത്രം ലഭ്യമാകുന്ന നിത്യജീവൻ അവഗണിക്കപ്പെടുന്നു. ദൈവസ്നേഹത്തിൽ അധിഷ്ടിതമായ ഒരു ജീവിതം നയിക്കുന്പോഴുണ്ടാകുന്ന നന്മയെപ്പറ്റി അറിഞ്ഞിട്ടും, അത് നല്ലതാണെങ്കിൽകൂടിയും ഇപ്പോഴതിന്റെ ആവശ്യമില്ല എന്ന് ഒഴികഴിവ് പറയുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? ഓർക്കുക, ലോകം തരുന്ന സുഖങ്ങളെല്ലാം ക്ഷണികമാണ്. എന്നാൽ, ദൈവത്തിലൂടെ ലഭിക്കുന്ന സൌഭാഗ്യങ്ങൾ, അവ ലൗകീകമായാലും ആത്മീയമായാലും, നിത്യം നിലനിൽക്കുന്നു. ദൈവം തരുന്നവയെ നമ്മിൽനിന്നും എടുത്തുമാറ്റാൻ ഈ ലോകത്തുള്ള ഒന്നിനും കഴിയുകയുമില്ല. ആയതിനാൽ, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുവാനും മറ്റെന്തിനേക്കാളും ഉപരിയായി ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുവാനുമുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, സർവപ്രപഞ്ചത്തിന്റെയും ഉടയവനും എല്ലായിടവും നിറഞ്ഞുനിൽക്കുന്നവനുമായ അങ്ങ് ഏറ്റവും അധികം ആഗ്രഹിക്കുന്നത് എന്റെ ഹൃദയത്തിൽ വസിക്കുവാനാണല്ലോ. എല്ലാമുപേക്ഷിച്ച് അങ്ങയെ പിന്തുടർന്ന അങ്ങയുടെ ശിഷ്യരെ അനുകരിച്ച്, ജീവിതത്തിലെ മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് അങ്ങയെ അങ്ങയെ സ്വീകരിക്കുവാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ എനിക്കും നൽകേണമേ. ആമേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്