ജീവജലത്തിന്റെ അരുവികൾ

 "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല." (യോഹന്നാൻ 7:37-39)

വിചിന്തനം 
യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു മുന്പുള്ള നാൽപതു വർഷങ്ങൾ കൂടാരങ്ങളിൽ വസിച്ചതിന്റെയും, ആ സമയത്ത് കർത്താവിന്റെ ചൈതന്യം അവരോടൊപ്പം സഞ്ചരിച്ച് അവരെ കാത്തുപരിപാലിച്ചതിന്റെയും ഓർമ്മ ആചരിക്കുവാൻ ലോകമെന്പാടുമുള്ള യഹൂദർ ഒരാഴ്ച നീളുന്ന ഈ തിരുനാളിൽ സംബന്ധിച്ചിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങൾ ഈ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടിരുന്നു. ഒന്നാമതായി, ദേവാലയത്തിനുചുറ്റും വലിയ തീപന്തങ്ങൾ സ്ഥാപിച്ച് അവ തിരുനാൾ ദിവസങ്ങളിൽ കത്തിച്ചിരുന്നു. ലോകത്തിന്റെ മുഴുവൻ പ്രകാശമായ മിശിഹായുടെ ആഗമനത്തിലുള്ള പ്രത്യാശയാണ് ഈ കർമ്മത്തിലൂടെ അവർ പ്രകടിപ്പിച്ചിരുന്നത്. ഇത്തരമൊരവസരത്തിലാണ് "ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും" (യോഹന്നാൻ 8:12) എന്ന് യേശു പ്രഖ്യാപിച്ചത്. 

രണ്ടാമതായി അവർ ചെയ്തിരുന്നത്, പുരോഹിതൻ സീലോഹാ കുളത്തിൽനിന്നും ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് പ്രധാന അൾത്താരയുടെ സമീപത്തുള്ള വെള്ളിതളികയിൽ ഒഴിച്ചിരുന്നു. അതിനുശേഷം, സ്വർഗ്ഗീയാനുഗ്രഹങ്ങൾ മഴയായി ചൊരിഞ്ഞ് അവരെ അനുഗ്രഹിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ദൈവം അവരിൽ പ്രസാദിച്ച് മഴ ചൊരിയുമെന്നും, "വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാൻ ഒഴുക്കും. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെമേൽ എന്റെ അനുഗ്രഹവും ഞാൻ വർഷിക്കും" (ഏശയ്യാ :44:3) എന്നവർ വിശ്വസിച്ചിരുന്നു. മഴയും പ്രതീക്ഷിച്ചു സ്വർഗ്ഗത്തിലേക്ക് കണ്ണുംനട്ടിരുന്ന യഹൂദരോട് ഈശോ ശബ്ദമുയർത്തി പറയുകയാണ്, പ്രവാചകനിലൂടെ നൽകപ്പെട്ട വചനം പൂർത്തീകരിക്കുന്നതിനായി ജീവജലത്തിന്റെ ഉറവിടമായ ദൈവം തന്നെ ഭൂമിയിലേക്ക്‌ ഇറങ്ങിവന്നിരിക്കുകയാണെന്ന്. എന്നാൽ കേവലം ആചാരങ്ങളിലൂടെയല്ല, മറിച്ച് യേശുവിനെ രക്ഷകനും കർത്താവുമായി ഹൃദയത്തിൽ സ്വീകരിക്കുന്നവരിലാണ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ജീവജലത്തിന്റെ അരുവികൾ രൂപം കൊള്ളുക എന്നും അവിടുന്ന് ഓർമിപ്പിക്കുന്നു. 

ഈശോ കുരിശിൽ മരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നതുവരെ പരിശുദ്ധാത്മാവിനെ തിരഞ്ഞെടുക്കപ്പെട്ട ചിലരിലേക്ക് മാത്രമേ ദൈവം വർഷിച്ചിരുന്നുള്ളൂ. എന്നാൽ, കുരിശുമരണത്തിലൂടെ മാനവരാശിയുടെ പാപങ്ങൾക്ക്‌ പുത്രനായ ദൈവം പരിഹാരം ചെയ്തതുവഴി, തന്റെ പുത്രനിൽ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന എല്ലാവരിലേക്കും, യേശുവിന്റെ വാഗ്ദാനം സ്ഥിരീകരിച്ചുകൊണ്ട്, ദൈവം തന്റെ ദാനമായ പരിശുദ്ധാത്മാവിനെ അയയ്ക്കുന്നുണ്ട്. നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിച്ച് ദൈവത്തിനു പ്രീതിജനകമായ ഒരു സജീവ ബലിയാക്കി മാറ്റുന്നത് പരിശുദ്ധാത്മാവാണ്. ദൈവവചനത്തിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും ദൈവമാർഗ്ഗത്തിൽ ചരിക്കുന്ന മറ്റുള്ളവരിലൂടെയും ഒക്കെ പരിശുദ്ധാത്മാവ് നമ്മെ വിശുദ്ധിയിലേക്ക് നയിക്കും. "വിശുദ്ധിയിലേക്കുള്ള ഏറ്റവും എളുപ്പമുള്ള വഴി പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾ അനുസരിക്കുകയാണ്" എന്ന് വിശുദ്ധ ഫൗസ്തീനായും സാക്ഷ്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജീവജലം പ്രവഹിക്കുന്ന അരുവികളായി മാറി, ചുറ്റുമുള്ള എല്ലാറ്റിനേയും വിശുദ്ധീകരിക്കുന്നവരാകുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

മഹത്വത്തിൽനിന്നും മഹത്വത്തിലേക്ക് എന്നെ നയിക്കുന്ന ദൈവത്തിന്റെ ദിവ്യാത്മാവേ, ജീവജലത്താൽ നിറച്ചു എന്റെ ആത്മീയ വരൾച്ച അകറ്റണമേ. പരിശുദ്ധാത്മാവേ, എന്നിൽ വന്നു നിറഞ്ഞ് ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ എന്റെ കർത്താവിനെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും അനുസരിക്കുവാനും എന്നെ പഠിപ്പിക്കണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!