അന്ധനായ വഴികാട്ടി

"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൌരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെ തന്നെ. അന്ധരായ മാർഗ്ഗദർശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണ് നിങ്ങൾ! കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറം വെടിപ്പാക്കുന്നു; എന്നാൽ, അവയുടെ ഉള്ള് കവർച്ചയും ആർത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു." (മത്തായി 23:23-26)

വിചിന്തനം 
ഒട്ടേറെ നിയമങ്ങളും നിർദ്ദേശങ്ങളും നമ്മുടെ അനുദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ലോകത്താണ്‌ നാമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യം അഭിലഷിക്കുന്ന നമുക്ക് പലപ്പോഴും സ്വതന്ത്രലോകത്തിലെ ഈ ചട്ടങ്ങൾ അനാവശ്യ തടസ്സങ്ങളായി അനുഭവപ്പെടാറുമുണ്ട്. പലപ്പോഴും ഇതിനു കാരണം ആ നിയമങ്ങളിലൂടെ സമൂഹം നമ്മിൽനിന്നും എന്താഗ്രഹിക്കുന്നു എന്ന് നമുക്ക് ഗ്രഹിക്കാൻ സാധിക്കാതെ വരുന്നതാണ്. ദൈവകല്പനകളുടെ കാര്യവും ഇതിൽനിന്നൊട്ടും വിഭിന്നമല്ല. ഈജിപ്തിലെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ചതിനുശേഷം വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രാമധ്യേയാണ് ദൈവം മോശയിലൂടെ യഹൂദജനത്തിനു പത്തു കൽപനകൾ നല്കിയത്. ദൈവത്തിന് അവരോടുള്ള അനന്തമായ സ്നേഹം അവർ ഗ്രഹിക്കുന്നതിനും, അവർ എന്നെന്നും ആ സ്നേഹത്തിൽ നിലനിൽക്കുന്നതിമുള്ള മാർഗ്ഗനിർദ്ദേശങ്ങളായിരുന്നു ദൈവകൽപനകൾ. എന്നാൽ, യഹൂദജനത്തിന് ദൈവകൽപനകളുടെ അടിസ്ഥാനമായ സ്നേഹം അതിൽ കണ്ടെത്താനായില്ല. മറ്റെന്തുംപോലെ ദൈവകല്പനകളിൽനിന്നും സ്നേഹം എടുത്തുമാറ്റിയപ്പോൾ അവയും കേവലം യാന്ത്രികമായി മാറി. ദൈവസ്നേഹത്തിനായി എങ്ങിനെയൊക്കെ പ്രവർത്തിക്കണം എന്ന സകാരാത്മകമായ (positive) നിർദ്ദേശങ്ങൾക്ക് പകരം, ദൈവത്തെ പിണക്കാതിരിക്കാൻ എന്തൊക്കെ ചെയ്യരുത് എന്ന നിഷേധാത്മകമായ വിലക്കുകളായി ദൈവകല്പനകൾക്ക് പരിണാമം സംഭവിച്ചു. ദൈവത്തെപ്രതി ചെറിയ ചെറിയ കാര്യങ്ങളിൽ ഒട്ടേറെ പിടിവാശി കാണിക്കുകയും, എന്നാൽ ദൈവസന്നിധിയിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ മുഖം തിരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ പ്രവണതകൾക്കെതിരായാണ് ഈശോ ഇന്നത്തെ വചനഭാഗത്തിൽ ശബ്ദമുയർത്തുന്നത്. അസൌകര്യമുണ്ടാക്കാത്ത കാര്യങ്ങളിൽ കല്പനകളുടെ പാലനം നിഷ്കർഷിക്കുകയും, ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ കല്പനകളുടെ പാലനത്തിൽ വ്യക്തതയില്ലാതെ പെരുമാറുകയും ചെയ്യുന്ന കപടനാട്യം നമ്മിലുണ്ടോയെന്നു തീർച്ചയായും ചിന്തിക്കേണ്ടിയിരിക്കുന്നു.

ദൈവം വിവിധസമയങ്ങളിലായി ഇസ്രായേലിനു നല്കിയ കല്പനകളുടെ സമാഹാരമാണ് ടോറ (Torah). പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളായ ഉൽപത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നീ പുസ്തകങ്ങളിൽ നിന്നായി ദൈവത്തിന്റേതായ 613 നിയമങ്ങളാണ് യഹൂദനിയമപണ്ഡിതരായ ഫരിസേയരും നിയമജ്ഞരും കണ്ടെത്തിയത്. ഈ നിയമങ്ങളെല്ലാം അണുവിട തെറ്റാതെ പാലിക്കുന്നതിനായി അവയെ വ്യാഖ്യാനം ചെയ്തതുവഴി ആയിരകണക്കിന് നിയമങ്ങളായി അവ കാലക്രമേണ മാറുകയുണ്ടായി. യേശുവിന്റെ കാലത്ത് നിയമജ്ഞരും ഫരിസേയരും അവരുടെ ശ്രദ്ധ മുഴുവൻ അർപ്പിച്ചിരുന്നത് നിയമങ്ങൾ വിശകലനം ചെയ്ത് അത് സാധാരണക്കാരായ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നതിൽ മാത്രമാണ്. സാധാരണക്കാരോട് അവജ്ഞയും, അവരെക്കാൾ മെച്ചമുള്ളവരാണ് തങ്ങളെന്ന അഹങ്കാരവും ഉണ്ടായിരുന്ന അവർ നിയമങ്ങൾമൂലം ജനങ്ങളനുഭവിച്ചിരുന്ന കഷ്ടതകളെ കണ്ടില്ലെന്നു നടിച്ചു. എന്നാൽ, ഏതെങ്കിലും നിയമങ്ങൾ അവർക്കെന്തെങ്കിലും അസൌകര്യങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിൽ അവർ അതിൽനിന്നും ഒഴിവാക്കാനായി മറ്റു നിയമങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. നമുക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ അന്ധനായ ഒരു വഴികാട്ടിക്ക് ഒരിക്കലും സാധിക്കുകയില്ല. അതുപോലെതന്നെ, ദൈവസ്നേഹം എന്തെന്നറിയാത്ത ഫരിസേയർക്കും നിയമജ്ഞർക്കും അവർ സൃഷ്ടിച്ചുകൂട്ടുന്ന നിയമങ്ങളിലൂടെ യഹൂദജനത്തെ ദൈവത്തിന്റെ അടുക്കൽ എത്തിക്കാനും ആകുമായിരുന്നില്ല. 

ദൈവകല്പനകളുടെയെല്ലാം കാതൽ സ്നേഹം ആണെന്ന് തിരിച്ചറിയാൻ നമുക്കിന്നാവുന്നുണ്ടോ? 
"ദൈവം സ്നേഹമാണ്" (1 യോഹന്നാൻ 4:8), അതുകൊണ്ട് ദൈവം ചെയ്യുന്നതെല്ലാം സ്നേഹത്തിൽ അധിഷ്ടിതമാണ്. ദൈവസ്നേഹത്തിന്റെ വിവിധ ഭാവങ്ങളായാണ് അവിടുത്തെ ശക്തിയും മഹത്വവും കരുണയും കോപവുമെല്ലാം നമ്മൾ അനുഭവിച്ചറിയുന്നത്. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുവാനും തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനെ സ്നേഹിക്കുവാനും കല്പ്പിക്കുകവഴി സ്നേഹം തന്നെയാണ് ദൈവം നമ്മിൽനിന്നും ആവശ്യപ്പെടുന്നത്. കദനക്കടലിന്റെ നടുവിൽ മുങ്ങിത്താഴുന്ന നമ്മുടെ അയൽക്കാരന് ആവശ്യം നിയമങ്ങൾ വ്യാഖ്യാനിച്ച് അവന്റെ കഷ്ടതകളുടെ കാരണം പറഞ്ഞുകൊടുക്കുന്ന നിയമജ്ഞനെ അല്ല; സ്നേഹം നിറഞ്ഞ ഒരു വാക്കിലൂടെ അല്ലെങ്കിൽ കരുണാർദ്രമായ ഒരു ചെറിയ പ്രവർത്തിയിലൂടെ ആശ്വസിപ്പിക്കുന്ന ഒരു സ്നേഹിതനെയാണ്. ദൈവസ്നേഹത്തിൽ അധിഷ്ടിതമായി കല്പനകൾ പാലിക്കുവാനും അതുവഴി മറ്റുള്ളവരിലേക്ക് ദൈവസ്നേഹം എത്തിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സകലത്തിന്റെയും നാഥനായ ദൈവമേ, അങ്ങയുടെ പ്രമാണങ്ങളും മിശിഹായുടെ പ്രബോധനങ്ങളും തിരുസഭയുടെ കൽപനകളും ഗ്രഹിക്കുവാനും അതനുസരിച്ച് വിശ്വസ്തരായി ജീവിക്കുവാനുമുള്ള കൃപ അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ എനിക്കും നല്കേണമേ. ആമ്മേൻ. 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!