വില ഒരൽപം കൂടുതലാണോ?

"വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തുവന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയേയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. ഗോപുരം പണിയാൻ ഇച്ഛിക്കുന്പോൾ അത് പൂർത്തിയാക്കാൻ വേണ്ടവക തനിക്കുണ്ടോയെന്ന് അതിന്റെ ചിലവ് ആദ്യമേതന്നെ കണക്കു കൂട്ടിനോക്കാത്തവർ നിങ്ങളിൽ ആരുണ്ട്‌? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാൻ കഴിയാതെ വരുന്പോൾ കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരെ വരുന്നവനെ പതിനായിരംകൊണ്ട് നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോട് യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അത് സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുന്പോൾത്തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനാകുക സാധ്യമല്ല. ഉപ്പ് നല്ലതുതന്നെ; എന്നാൽ, ഉറകെട്ടുപോയാൽ അതിന് എങ്ങിനെ ഉറ കൂട്ടും? മണ്ണിനോ വളത്തിനോ അത് ഉപകരിക്കുകയില്ല. ആളുകൾ അത് പുറത്തെറിഞ്ഞുകളയുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ." (ലൂക്കാ 14:25-35)

വിചിന്തനം 
തന്റെയടുത്ത് വരുന്നവരെ എങ്ങിനെയെങ്കിലും പ്രീണിപ്പിച്ച്‌ കൂടെ നിർത്തുവാൻ ഈശോ ഒരിക്കലും ശ്രമിച്ചിരുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നത്തെ വചനഭാഗം. വലിയ ജനക്കൂട്ടങ്ങൾ അവിടുത്തെ അടുത്തുവരികയും അവരിൽനിന്നു ഒട്ടേറെപ്പേർ ഈശോയുടെ ശിഷ്യരാകുവാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യേശുവിന്റെ ശിഷ്യരാകുകവഴി വന്നുചേരുന്ന പേരും പെരുമയുമായിരുന്നു പലരെയും പ്രേരിപ്പിച്ചിരുന്ന പ്രധാന ഘടകം. സ്വന്തം സുഖങ്ങൾക്കും സ്വാർത്ഥതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുംവേണ്ടി മാത്രം ആയിരിക്കരുത് ദൈവസന്നിധിയിൽ ചെല്ലേണ്ടത് എന്നും, ദൈവത്തോടുള്ള സ്നേഹത്തെ പ്രതി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറല്ലാത്ത ആർക്കും അവിടുത്തെ ശിഷ്യനാകാൻ സാധിക്കുകയില്ല എന്നും ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവസന്നിധിയിൽ നമ്മെ എത്തിക്കുന്ന പ്രേരകശക്തി എന്താണ്? 

പണത്തെക്കാളും പ്രശസ്തിയെക്കാളും വാക്കുകൾക്കും പ്രവർത്തികൾക്കും വില കൽപിച്ചിരുന്ന സംസ്കാരമായിരുന്നു യേശുവിന്റെ കേൾവിക്കാരുടേത്. ഒട്ടേറെ കൃഷിയിടമുള്ള സ്ഥലമുടമകൾ അവയ്ക്കുചുറ്റും മതിലുകെട്ടുകയും, കാവലിനായി വലിയ ഗോപുരം പണിയുകയും ചെയ്തിരുന്നു. കൃഷിയിടത്തിൽ കാവൽഗോപുരമുള്ള വ്യക്തി എന്ന് വച്ചാൽ വലിയ ധനാഡ്യനായ വ്യക്തി എന്നായിരുന്നു അർത്ഥം. കൈയിൽ ആവശ്യത്തിനു പണമില്ലാതെ, എന്നാൽ താൻ ധനവാനാണെന്നു മറ്റുള്ളവരെ ധരിപ്പിക്കാൻ ചുറ്റുമതിലും ഗോപുരവും പണിയാൻ ആരംഭിക്കുകയും, പക്ഷേ പണത്തിന്റെ അഭാവംമൂലം ഇടയ്ക്കുവച്ച് പണി നിർത്തുകയും ചെയ്യുന്ന വ്യക്തികൾ സമൂഹത്തിന്റെ ആക്ഷേപത്തിന് പാത്രമായിരുന്നു. അതുപോലെതന്നെ, തനിക്കെതിരെ യുദ്ധത്തിനു വരുന്ന രാജാവിന്റെ ആൾബലം മനസ്സിലാക്കി മാത്രമേ അവനെതിരേ യുദ്ധത്തിനു തയ്യാറെടുക്കാവൂ എന്നതും സാമാന്യബുദ്ധിയിൽ അധിഷ്ടിതമായ ഒരു കാര്യം ആയിരുന്നു. ഗോപുരം പണിയാൻ പദ്ധ്യതിയിടുന്ന സ്ഥലമുടമസ്ഥനും യുദ്ധത്തിനു തയാറെടുക്കുന്ന രാജാവും ഒട്ടേറെ കണക്കുകൂട്ടലുകൾക്കു ശേഷമാണ് എന്തുചെയ്യണമെന്നു തീരുമാനിക്കുന്നത്. അതുപോലെതന്നെ, യേശുവിന്റെ ശിഷ്യനായി സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാളും ശിഷ്യത്വത്തിന്റെ വിലയെന്താണെന്നു ഗ്രഹിച്ചിരിക്കണം എന്ന് ഈശോയും ആഗ്രഹിച്ചിരുന്നു. എന്തു വിലയാണ് ശിഷ്യത്വത്തിനു പകരമായി ഈശോ ആവശ്യപ്പെടുന്നത്? 

ദൈവരാജ്യം സ്വന്തമാകാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അവരുടെ ജീവിതത്തിൽ ദൈവത്തിനു പരമപ്രധാനമായ സ്ഥാനം നൽകണം. നാമെല്ലാവരും പലപ്പോഴും പരാജയപ്പെടുന്ന ഒരു മേഖലയാണിത്. ദൈവത്തെ ആരാധിക്കുവാനും മഹത്വപ്പെടുത്തുവാനും സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേർ. ജോലിയുടെ തിരക്കുകളും കുടുംബത്തിന്റെ ആവശ്യങ്ങളും സാമൂഹിക ബാധ്യതകളുമൊക്കെ ഒക്കെ നിറവേറ്റി ദിവസത്തിനൊടുവിൽ അസ്വസ്ഥമായ മനസ്സോടും തളർന്ന ശരീരത്തോടും ഉറക്കഭാരത്താൽ അടയുന്ന കണ്ണുകളോടുംകൂടെ ദൈവസന്നിധിയിൽ ചെന്നെത്തുന്നവരാണ് നമ്മിൽ പലരും. ശിഷ്യത്വത്തിന്റെ വില കണക്കുകൂട്ടാൻ പരാജയപ്പെടുന്നവർ, ഇടയ്ക്കുവച്ചു ഗോപുരം പണിയുന്നത് നിർത്തേണ്ടിവന്ന പൊങ്ങച്ചക്കാരനെയും സ്വന്തം ബലം ഗ്രഹിക്കാതെ തന്നേക്കാൾ ശക്തനായവനെ  യുദ്ധത്തിൽ നേരിടുന്ന ഭോഷനായ രാജാവിനെയുംപോലെ, പരാജയത്തിനും ആക്ഷേപത്തിനും വിധിക്കപ്പെട്ടവരാണ്. 

നമ്മുടെ കുടുംബവും ജോലിയും മറ്റെല്ലാം ദൈവത്തിന്റെ ദാനമാണെന്നു നമ്മൾ മനസ്സിലാക്കണം. ദൈവം തന്ന ദാനങ്ങൾ ആസ്വദിക്കുന്നതിനായി ദൈവത്തെ മാറ്റിനിർത്തുന്നവരാകരുത്‌ നമ്മൾ. തന്റെ ഏകജാതനെ ബലിയായി നൽകി നമ്മെ വീണ്ടെടുത്ത ദൈവത്തിനായി നമ്മൾ ത്യജിക്കേണ്ടിവരുന്ന ഒന്നിന്റെയും വില ദൈവം നമുക്കായി നൽകിയ വിലയുടെ ഒപ്പം ആകുന്നില്ല.  പാപത്താൽ വിരൂപമാക്കപ്പെട്ട നമ്മുടെ ജീവിതം വിലയായി നൽകി ദൈവരാജ്യമെന്ന അക്ഷയനിധി സ്വന്തമാക്കാൻ ദൈവത്തിന്റെ സ്നേഹം നമ്മെ അനുവദിക്കുന്നുണ്ട്. വിലകെട്ട ലൌകീകമോഹങ്ങളിലും ജഡികാസക്തികളിലും അടിമയായി ദൈവരാജ്യം നിരസിക്കാനുള്ള സ്വാതന്ത്ര്യവും ദൈവസ്നേഹം നമുക്ക് നൽകുന്നുണ്ട്. നിത്യജീവനും നിത്യനാശവും തിരഞ്ഞെടുക്കുവാൻ നമുക്കധികാരമുണ്ട്. ദൈവത്തെപ്രതി എന്തും ത്യജിച്ച് ശരിയായത് തിരഞ്ഞെടുക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, എന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അങ്ങേക്ക് ഒന്നാം സ്ഥാനം തന്നുകൊണ്ട്, അങ്ങയോടൊത്തുള്ള ഒരു ജീവിതം മാത്രം ആഗ്രഹിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്