ജോലിയുടെ കൂലിയും വ്യക്തിയുടെ മൂല്യവും

"ഒരു സാബത്തുദിവസം യേശു ഗോതന്പുവയലിലൂടെ കടന്നുപോകുന്പോൾ അവന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു. ഫരിസേയരിൽ ചിലർ ചോദിച്ചു: സാബത്തിൽ നിഷിദ്ധമായത് നിങ്ങൾ ചെയ്യുന്നതെന്ത്? അവൻ മറുപടി പറഞ്ഞു: വിശന്നപ്പോൾ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ദേവാലത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ. അവൻ അവരോടു പറഞ്ഞു: മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്." (ലൂക്കാ 6:1-5)

വിചിന്തനം 
ശിഷ്യന്മാരുടെ തെറ്റ് ചൂണ്ടിക്കാട്ടിയ ഫരിസേയരുടെ അടുക്കൽ ന്യായീകരണമായി ഈശോ ചൂണ്ടിക്കാട്ടുന്നത് ദാവീദും അനുചരന്മാരും വിശന്നപ്പോൾ എന്തുചെയ്തു എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ്. ഇവിടെ പലപ്പോഴും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, സാബത്തിൽ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ യഹൂദർക്ക് സാബത്തിൽ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. മാത്രവുമല്ല, കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും സാബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു. അങ്ങിനെയെങ്കിൽ നിഷിദ്ധമായ എന്താണ് ശിഷ്യന്മാർ ചെയ്തത്? കതിരുകൾ പറിച്ച് കൈകൊണ്ടു തിരുമ്മിയതാണ് ശിഷ്യന്മാർ ചെയ്ത തെറ്റ്! ആ പ്രവൃത്തിയെപ്പോലും ഒരു ജോലിയായി ഫരിസേയർ ഗണിച്ചിരുന്നു. ശിഷ്യന്മാർ സാബത്തിൽ ജോലി ചെയ്തതും ദാവീദ് കാഴ്ചയപ്പം ഭക്ഷിച്ചതും തമ്മിൽ എന്താണ് ബന്ധം? 

ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധീകരിച്ച് പന്ത്രണ്ടു അപ്പം എല്ലാ ആഴ്ചയിലും പുരോഹിതർ ദേവാലയത്തിലെ ബാലിപീത്തിൽ കാഴ്ച വച്ചിരുന്നു. ചടങ്ങുകൾക്കുശേഷം ആ അപ്പം ഭക്ഷിച്ചിരുന്നത് പുരോഹിതർ മാത്രമാണ്. സാവൂൾ തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്നറിഞ്ഞ ദാവീദ് തന്റെ ഒളിച്ചോട്ടത്തിനിടയിൽ നോബിൽ പുരോഹിതനായ അഹിമലെക്കിന്റെ അടുക്കൽ എത്തുകയും, തനിക്കും അനുചരന്മാർക്കുമായി അഞ്ചപ്പം ചോദിക്കുകയും ചെയ്തു. കാഴ്ചയപ്പമല്ലാതെ മറ്റൊന്നും അവിടെ ഇല്ലാതിരുന്നതിനാൽ പുരോഹിതൻ വിശുദ്ധിയോടെ കഴിക്കണം എന്ന് ദാവീദിനെക്കൊണ്ട് സമ്മതിപ്പിച്ചിട്ട് അഞ്ചപ്പം എടുത്തു കൊടുത്തു. വിശന്നു വലഞ്ഞിരുന്ന ദാവീദിനും കൂട്ടർക്കും ജീവൻ പിടിച്ചുനിർത്താൻ ഉതകും എന്ന് ഗ്രഹിച്ചപ്പോൾ ആ പുരോഹിതൻ എഴുതപ്പെട്ട നിയമം മാറ്റിവച്ചു. ആ പുരോഹിതന്റെ പ്രവൃത്തി ഉപയോഗിച്ച് തന്റെ ശിഷ്യരെ ന്യായീകരിച്ചതുവഴി പുരോഹിതൻ ചെയ്തത് ശരിയായിരുന്നു എന്നാണു ഈശോ വിവക്ഷിക്കുന്നത്. മനുഷ്യജീവന് വിലകൊടുക്കാത്ത യാതൊരു നിയമവും ദൈവം നല്കിയിട്ടില്ല. ജീവസന്ധാരണത്തിനും മനുഷ്യന്റെ  വില സംരക്ഷിക്കുന്നതിനുമായി ചെയ്യുന്നവ, അത് എഴുതപ്പെട്ട നിയമങ്ങൾക്കു എതിരാണെങ്കിൽകൂടി, ദൈവസന്നിധിയിൽ ന്യായീകരിക്കപ്പെടുന്നതാണ്. കർത്താവിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസങ്ങളിൽപോലും ജീവൻ നിലനിർത്തുന്നതിനും ഒരു മനുഷ്യജീവി എന്ന നിലയിലുള്ള വില കാത്തുസംരക്ഷിക്കുന്നതിനും ഉതകുന്ന പ്രവൃത്തികൾ ചെയ്യാമെന്ന് ഈ വചനഭാഗത്തെ അടിസ്ഥാനമാക്കി രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പഠിപ്പിക്കുന്നുണ്ട്. 

ദൌർഭാഗ്യവശാൽ ഇന്നത്തെ സമൂഹം ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നത് അയാളുടെ ജോലിയും സ്ഥാനമാനങ്ങളും സാന്പത്തികസ്ഥിതിയും ഒക്കെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഒരു വ്യക്തിയുടെ ജോലിയല്ല അയാളുടെ വില നിശ്ചയിക്കുന്നത്; വിലയുള്ള ഒരു വ്യക്തി ചെയ്യുന്ന ജോലിയാണ് വിലപ്പെട്ടതായി മാറുന്നത്. ഓരോ വ്യക്തിയുടെയും വില കണക്കാക്കേണ്ടത് ആ വ്യക്തിയെ ദൈവം തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ചു എന്ന ബോധ്യത്തെ അടിസ്ഥാനമാക്കി ആയിരിക്കണം. അതുകൊണ്ടുതന്നെ ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാൾക്ക് കീഴ്പ്പെട്ടിരിക്കുന്ന പ്രവൃത്തികളെയോ വസ്തുവകകളെയോ മാത്രം കണക്കാക്കി ആകരുത്. പകലന്തിയോളം പണിയെടുത്താലും കുടുംബം പുലർത്താൻ ബുധിമുട്ടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. ജോലിക്കാരനെക്കാളുപരിയായി ജോലിക്കും വ്യക്തിയെക്കാളുപരിയായി വസ്തുവിനും വില കൊടുക്കുന്പോൾ മനുഷ്യജീവൻ വിലകെട്ടതാകുന്നു. ജോലിപോലെതന്നെ ജോലിക്കുള്ള പ്രതിഫലവും ഓരോ വ്യക്തിയുടെയും, അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും, ശാരീരികവും മാനസികവും ആത്മീയവുമായ അഭിവൃദ്ധിക്ക് ഉതകുന്നതായിരിക്കണം. അങ്ങിനെ ആകുന്പോൾ മാത്രമേ സമൂഹത്തിന്റെ നേട്ടങ്ങൾക്ക്‌ വിലയുണ്ടാകുന്നുള്ളൂ.

നമ്മുടെ എല്ലാ പ്രവൃത്തികളുടെയും പരമോന്നത ലക്‌ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കണം. അതിനുശേഷം നമ്മുടെ പ്രവൃത്തികളിലൂടെ മനുഷ്യന്റെ മൂല്യം ഉയർത്തിക്കാട്ടാൻ നമുക്കാവണം. ഇവ രണ്ടുമായിരിക്കണം നമ്മുടെ എല്ലാ വരുമാന മാർഗ്ഗങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം. സാബത്തിന്റെയും കർത്താവായ മനുഷ്യപുത്രനെ മഹത്വപ്പെടുത്തുക വഴി നമ്മുടെ വരുമാന മാർഗ്ഗങ്ങളെല്ലാം വിശുധീകരിക്കപ്പെടും. ജോലിയും സാന്പത്തികസ്ഥിതിയും നോക്കി മനുഷ്യരെ തരംതിരിക്കാതെ, ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരുടെയും ജീവനും ജീവിതമാർഗ്ഗത്തിനും വില കല്പിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, അങ്ങയുടെ സൃഷ്ടികർമ്മത്തിന്റെ മകുടമാണ് മനുഷ്യൻ എന്ന് തിരിച്ചറിഞ്ഞ്, അങ്ങയുടെ കൈകളാൽ ദൈവീക സാദൃശ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യനെ, അവരുടെ ആകാരത്തിനും അവസ്ഥകൾക്കും  പ്രവൃത്തിക്കും അതീതമായി സ്നേഹിക്കുവാനും അംഗീകരിക്കുവാനും ആദരിക്കുവാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് തന്നരുളണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!