കൈ നീട്ടുക; അവൻ കൈനീട്ടി.

"മറ്റൊരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലതു കൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവിൽ കുറ്റമാരോപിക്കാൻ പഴുതുനോക്കി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൻ അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയിട്ട്, കൈ ശോഷിച്ചവനോട് പറഞ്ഞു: എഴുന്നേറ്റ് നടുവിൽ വന്നു നിൽക്കുക. അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോട് ചോദിക്കുന്നു, സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദീയം? അവിടെ കൂടിയിരുന്ന എല്ലാവരുടെയും നേരെ നോക്കികൊണ്ട്‌ അവൻ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവൻ കൈ നീട്ടി. അതു സുഖപ്പെട്ടു. അവർ രോഷാകുലരായി, യേശുവിനോട് എന്താണ് ചെയ്യേണ്ടത് എന്ന് പരസ്പരം ആലോചിച്ചു." (ലൂക്കാ 6:6-11)

വിചിന്തനം 
സാബത്തിനെ ചൊല്ലി യേശുവും ഫരിസേയരും തമ്മിൽ നടത്തുന്ന മറ്റൊരു ഏറ്റുമുട്ടലാണ് ലൂക്കാ സുവിശേഷകൻ ഇന്നത്തെ വചനഭാഗത്തിലൂടെ വിവരിക്കുന്നത്. പക്ഷേ തർക്കങ്ങൾക്കും ഗൂഡാലോചനകൾക്കും ഒക്കെ ഉപരിയായ ഒന്ന് ആ സിനഗോഗിൽ സംഭവിച്ചിരുന്നു. അവസരം കിട്ടുന്പോഴെല്ലാം ഫരിസേയരെ ചൊടിപ്പിച്ചിരുന്ന യേശുവിന്റെ പ്രവൃത്തികളിൽ ആവേശം കൊള്ളുന്പോൾ പലപ്പോഴും നമ്മൾ കാണാതെ പോകുന്ന ഒന്നാകട്ടെ ഇന്നത്തെ നമ്മുടെ ധ്യാനഭാഗം.

ഇന്നത്തെ സുവിശേഷത്തിൽ കണ്ടുമുട്ടുന്ന രോഗി വലതു കൈ ശോഷിച്ചവനാണ് എന്ന് സുവിശേഷകൻ എടുത്തു പറയുന്നുണ്ട്. വലതുവശം എന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം കേവലം ഒരു അവയവം എന്നതിലുപരിയായി ഒട്ടേറെ അർത്ഥങ്ങളുള്ള ഒരു വാക്കായിരുന്നു. വലതുവശം വിശിഷ്ടവും പ്രീതികരവുമായവയെ പ്രതിനിധീകരിക്കുന്നു (ഉൽപത്തി 48:13-19). വലതുവശം അറിവിനെയും വിവേകത്തെയും സൂചിപ്പിക്കുന്നു (സഭാപ്രസംഗകൻ 10:2). വലതുവശം ആദരവിന്റെ അടയാളമായിരുന്നു (1 രാജാക്കന്മാർ 2:19). യുദ്ധങ്ങളിൽ സാധാരണ എല്ലാവരും വലതുകൈയിലാണ് ആയുധം പിടിച്ചിരുന്നത്, അതുകൊണ്ട് എതിരാളികൾ ഇപ്പോഴും പോരാളിയുടെ വലതുകരം ലക്ഷ്യമാക്കിയാണ് യുദ്ധം ചെയ്തിരുന്നത്. യുദ്ധത്തിൽ ഏറ്റവും അധികം ആക്രമിക്കപ്പെട്ടിരുന്നത് ഒരാളുടെ വലതുവശമാണ്. (ജോബ്‌ 30:12, സങ്കീർത്തനം 109:6). ശത്രുവിന്റെ മുൻപിൽ വലതുകൈ നീട്ടിപ്പിടിച്ചാണ് എതിരാളി കീഴടങ്ങിയിരുന്നത് (എസെക്കിയേൽ 17:18). വലതുകൈ ശക്തിയെയും അധികാരത്തെയും സൂചിപ്പിച്ചിരുന്നു (സങ്കീർത്തനം 60:5, ഏശയ്യാ 28:2). ശോഷിച്ച വലതുകൈ കേവലം ഒരു ശാരീരിക വൈകല്യം മാത്രമല്ല സൂചിപ്പിക്കുന്നത്; സാമൂഹികവും സാന്പത്തികവും മാനസികവും ആയി തളർന്നവരും, നിത്യശത്രുവായ പിശാചുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് പാപത്തിനടിമയായവരും എല്ലാം വലതുകൈ ശോഷിച്ചവരാണ്. രോഗാവസ്ഥയിലായിരുന്ന ആ വ്യക്തിക്ക് സൌഖ്യം നൽകുന്നതിനുമുന്പായി ഈശോ ഫരിസേയരോട് ചോദിക്കുന്നത് അയാളുടെ ജീവനെ രക്ഷിക്കുന്നത് അനുവദനീയമാണോ എന്നാണ്. ശോഷിച്ച കൈമൂലം അയാളുടെ ജീവൻ അപകടത്തിലാണ് എന്ന് കരുതുവാൻ തരമില്ല; അയാൾക്ക്‌ സൌഖ്യം നൽകുക വഴിയായി ആത്മാവിനെ രക്ഷിച്ച് നിത്യജീവനിലേക്ക്‌ നയിക്കുവാനാണ് ഈശോ തുനിഞ്ഞത്. യഹൂദരുടെ ആത്മീയ ക്ഷേമത്തിനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഫരിസേയരും നിയമജ്ഞരും. എന്നാൽ കേവലം ഉപരിപ്ലവമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തിയ അവർക്ക് യേശുവിന്റെ പ്രവൃത്തിയുടെ യഥാർത്ഥ അർത്ഥം ഗ്രഹിക്കുവാൻ ആയില്ല. യേശുവിന്റെ പ്രവൃത്തികളിലൂടെ ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുവാനും ദൈവസ്നേഹത്തിൽ നിറയുവാനും ഇന്ന് നമുക്കാവുന്നുണ്ടോ? അതോ, അവിടുത്തെ പ്രവൃത്തികൾ മനസ്സിലാവാതെ, യേശുവിനോട് എന്താണ് ചെയ്യേണ്ടത് എന്ന് രോഷാകുലരായി ചിന്തിക്കുന്നവരാണോ നമ്മൾ? 

തന്നിൽ കുറ്റമാരോപിക്കാൻ ഫരിസേയരും നിയമജ്ഞരും ശ്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാണ് യേശു കൈശോഷിച്ച വ്യക്തിയെ എണീറ്റ്‌ നടുവിൽ വന്നു നിൽക്കാനായി ക്ഷണിക്കുന്നത്. അവിടുത്തെ പിരിമുറുക്കത്തെക്കുറിച്ച് അയാളും തികച്ചും ബോധവാനായിരുന്നിരിക്കണം. യേശുവിന്റെ വാക്കുകൾ അനുസരിക്കുകവഴി താൻ യഹൂദപ്രമാണികളുടെ നോട്ടപ്പുള്ളി ആകും എന്നയാൾക്ക് തീർച്ചയായും അറിയാമായിരുന്നു. എങ്കിലും യേശു വിളിച്ചപ്പോൾ എണീറ്റുചെല്ലാനുള്ള ധൈര്യം അയാൾ കാണിച്ചു. മാത്രവുമല്ല, യേശു പറഞ്ഞപ്പോൾ തന്റെ ശോഷിച്ച കരം നീട്ടാനുള്ള വിശ്വാസവും അയാൾക്കുണ്ടായിരുന്നു. അതിനുമുന്പ് പല അവസരങ്ങളിൽ ആ കരം നീട്ടാൻ ശ്രമിച്ച് പരാജയമടഞ്ഞ ഒരു വ്യക്തിയായിരുന്നിരിക്കാം അയാൾ. സുഖമാക്കപ്പെട്ടതിനു ശേഷമല്ല കരം നീട്ടാൻ ഈശോ ആവശ്യപ്പെട്ടത്. ഒട്ടേറെ തവണ ശ്രമിച്ചു പരാജയപ്പെട്ടതാണെങ്കിലും, തന്റെ അവസ്ഥയിൽ തന്നെ സഹായിക്കാൻ യേശുവിനാകും എന്ന വിശ്വാസംമൂലം അവൻ കൈനീട്ടി, അത് സുഖപ്പെടുകയും ചെയ്തു. തന്നിൽ കുറ്റമാരോപിക്കാൻ പഴുതു നോക്കിയിരുന്നവരുടെ മുൻപിൽ യേശുവിനെ ഒരു വിജയി ആക്കിയത് വൈകല്യങ്ങളുമായി മല്ലടിച്ചിരുന്ന ഒരു വ്യക്തിയുടെ വിശ്വാസമാണ്. വലതുകൈ ശോഷിച്ച നാമോരോരുത്തരെയും ഈശോ ഇന്ന് സൌഖ്യം നൽകുന്നതിനായി  തന്റെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മൾ ആ വിളി സ്വീകരിക്കുന്നതിൽനിന്നും നമ്മെ തടയാൻ, നിയമജ്ഞരെയും ഫരിസേയരെയും പോലെ, ഒട്ടേറെ വ്യക്തികളും വസ്തുക്കളും നമുക്ക് ചുറ്റുമുണ്ട്. അവയെ ഗൗനിക്കാതെയും ഭയപ്പെടാതെയും അവരുടെ നടുവിലൂടെ നടന്ന് യേശുവിനെ സമീപിക്കാനുള്ള വിശ്വാസം നമുക്കുണ്ടോ? തന്നെ വെറുക്കുന്നവരുടെ മുൻപിൽ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്താൻ യേശുവിന്റെ കൈയിലെ ഒരു ഉപകരണമായി മാറാൻ നമുക്ക് സാധിക്കുന്നുണ്ടോ? നിയന്ത്രിക്കാൻ സ്വയം ശ്രമിച്ചു പരാജയപ്പെട്ട വൈകല്യങ്ങളും ബലഹീനതകളും എടുത്തുമാറ്റി നമുക്ക് സൌഖ്യം നൽകാൻ യേശുവിനാകുമെന്നു ഹൃദയംകൊണ്ട് വിശ്വസിക്കുന്നവരാണോ നാമിന്ന്? നമ്മുടെ ശുഷ്കമായ എല്ലാ അവസ്ഥകളും വിശ്വാസത്തോടെ യേശുവിനുനേരെ വിശ്വാസപൂർവം നീട്ടിപ്പിടിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, തന്റെ മുൻപിൽ വന്ന എല്ലാ രോഗികൾക്കും സൌഖ്യം നൽകിയ അങ്ങ് ഇന്നും ഞങ്ങളുടെ ഇടയിൽ ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പാപത്താലും ജീവിതക്ലേശങ്ങളാലും ശോഷിച്ചുപോയ എന്റെ ആത്മാവിനും ശരീരത്തിനും അങ്ങ് പുതുജീവൻ നൽകേണമേ. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നെ ഒരു പുതിയ സൃഷ്ടി ആക്കേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!