തിരസ്കരിക്കപ്പെടുന്പോൾ ആഹ്ലാദിക്കുവിൻ

"അവൻ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ തൃപ്തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചു ചാടുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടും ഇപ്രകാരംതന്നെയാണ് പ്രവർത്തിച്ചത്." (ലൂക്കാ 6:20-23)

വിചിന്തനം 
മതഹിംസ എന്ന വാക്ക് ഇന്നത്തെ സമൂഹത്തിൽ അത്രയധികമായി കേൾക്കാനില്ലാത്ത ഒന്നാണ്. എന്നാൽ കാലത്തിന്റെ പരിമിതികളില്ലാത്ത തന്റെ വചനങ്ങളിലൂടെ ഈശോ ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് അവിടുത്തെ നാമം നിമിത്തം ക്രിസ്തുശിഷ്യർ മനുഷ്യരാൽ ദ്വേഷിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും എന്നാണ്. മതഹിംസ എന്ന വാക്കുകൊണ്ട് നമ്മൾ പലപ്പോഴും അർത്ഥമാക്കുന്നത് അക്രമവും ജീവഹാനിയും ഒക്കെയാണ്. ആദിമനൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികൾ അനുഭവിച്ച കിരാതമായ പീഡനങ്ങൾപോലെ ഒന്നുംതന്നെ ഇന്നത്തെ ക്രിസ്ത്യാനികൾ അനുഭവിക്കുന്നില്ല. ലോകത്തിലെ ചുരുക്കംചില പ്രദേശങ്ങളിൽ ഒഴിച്ച് മറ്റെല്ലായിടത്തും വലിയൊരു പരിധിവരെ  ക്രിസ്ത്യാനികൾക്ക് സാമൂഹികമായ അംഗീകാരവും ഉണ്ട്. എന്നാൽ കിരാതമായ മർദ്ദനങ്ങൾക്കും മറ്റും ഉപരിയായി മറ്റേതൊരു കാലട്ടത്തിലെയും എന്നതുപോലെ ഇന്നത്തെ സമൂഹത്തിലും മതഹിംസ നിലവിലുണ്ടെന്ന് തറപ്പിച്ചുപറയാവുന്നതാണ്. 

സമാധാനത്തിനും മനുഷ്യജീവന്റെ പരിപാലനത്തിനും മാനുഷികമൂല്യങ്ങളുടെ സംരക്ഷണത്തിനുംവേണ്ടി നിലകൊള്ളുന്ന ക്രിസ്ത്യാനിയെ പകയോടും വെറുപ്പോടും അവജ്ഞയോടും വീക്ഷിക്കുന്നവർ ധാരാളമുണ്ട് നമ്മുടെ ഇടയിൽ. വ്യക്തിസ്വാതന്ത്യം എന്ന വാക്ക് വളച്ചൊടിച്ച് സ്വന്തം സുഖങ്ങൾക്കും സ്വാർത്ഥതാല്പര്യങ്ങൾക്കുമായി വിനിയോഗിക്കുന്നവർ ഗര്‍ഭച്ഛിദ്രത്തെയും ദയാവധത്തെയും സാമൂഹിക നന്മയുടെ പുറങ്കുപ്പായം അണിയിക്കുന്നു. എന്നാൽ അത്തരത്തിലുള്ള ചിന്താഗതികളിലെ പൊള്ളത്തരം തുറന്നുകാട്ടി, ആട്ടിൻതോലണിഞ്ഞ ചെന്നായെ പുറത്തുകൊണ്ടുവരുന്ന ക്രിസ്തുശിഷ്യരെ കരിതേച്ചു കാണിക്കുന്ന സമൂഹമാണ് നമ്മുടേത്‌. സ്വാഭാവികതയ്ക്കെതിരായ സ്വവർഗ്ഗബന്ധങ്ങൾ എതിർക്കുന്നവർ അസഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നു. നമ്മുടെ സൌകര്യങ്ങൾക്കും സുഖങ്ങൾക്കും ഗ്രഹണശക്തിക്കും ഉപരിയായ ഒരു സത്യം വേറെയുണ്ടെന്നു അംഗീകരിച്ചാൽ നഷ്ടപ്പെട്ടേക്കാവുന്ന ഭോഗസക്തികളിലൂടെ ലഭിക്കുന്ന നൈമിഷികമായ രസങ്ങളിൽ മതിമറക്കുന്നവർ, എന്തു വിലകൊടുത്തും പരമമായ ആ സത്യത്തെ ഇല്ലാതാക്കാൻ നിരന്തരം പാടുപെടുകയാണ്. അതുമൂലം, യേശുവിന്റെ പ്രബോധനങ്ങൾ അനുസരിച്ച് ജീവിക്കുകവഴി ദൈവവുമായും മനുഷ്യനുമായും പ്രകൃതിയുമായും രമ്യതയിൽ വസിക്കാൻ ആഗ്രഹിക്കുന്നവരെ രണ്ടായിരം വർഷം പഴക്കമുള്ള ജീർണ്ണിച്ച ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായി മുദ്രകുത്തി അവജ്ഞയോടെ വീക്ഷിക്കുന്ന സംസ്കാരം അനുദിനം ശക്തിപ്രാപിച്ചു വരികയാണ്. യേശുവിനെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്ത ഒട്ടേറെ ക്രിസ്ത്യാനികളും ഇത്തരം പീഡനങ്ങളിൽ പങ്കാളികളായി, ക്രിസ്തുവിന്റെ വാക്കുകളനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നവരെ അവഹേളിക്കുന്നുണ്ട് എന്നതാണ് ദുഖകരമായ വസ്തുത. മാനസികമായ താഴ്ത്തിക്കെട്ടലുകളിലൂടെയും ഭീഷണികളിലൂടെയും യേശുവിനെയും അവിടുത്തെ പ്രബോധനങ്ങളെയും ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ തീർച്ചയായും മതഹിംസ തന്നെയാണ്. 

ഇപ്രകാരം പീഡിപ്പിക്കപ്പെടുന്പോൾ ആഹ്ലാദിക്കുവാനാണ് ഈശോ തന്റെ ശിഷ്യരോട് ആവശ്യപ്പെടുന്നത്. കാരണം, ഇത്തരത്തിലുള്ള നിന്ദനങ്ങൾ അവമാനഹേതുക്കളല്ല, മറിച്ച്, യേശുവിന്റെ വചനം പാലിച്ച് സത്യത്തിന്റെ പാതയിലൂടെ നടക്കുന്നതിന്റെ അടയാളമാണ്. ദൈവത്തെപ്രതി ബുദ്ധിമുട്ടുകൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതുവഴി ഉണ്ടാകുന്ന സഹനങ്ങൾ നമ്മുടെതന്നെയും മറ്റുള്ളവരുടെയും നന്മയ്ക്കും വിശുധീകരണത്തിനുമായി ഉപയോഗിക്കാൻ ദൈവത്തിനാകും. എതിർപ്പുകളുണ്ടാകുന്പോൾ നമ്മൾ പിന്മാറണം എന്നതല്ല ദൈവഹിതം. ദൈവനാമത്തെപ്രതി അവഹേളനങ്ങളും പീഡനങ്ങളും സഹിക്കാൻ സാധിച്ചതിനെ വലിയൊരു ഭാഗ്യമായി കണ്ട അപ്പസ്തോലന്മാരുടെയും നിരവധിയായി വിശുദ്ധരുടെയും പാത പിൻതുടരുവാൻ നമുക്കും സാധിക്കണം. "നന്മ പ്രവർത്തിച്ചിട്ടു കഷ്ടത അനുഭവിക്കുക എന്നതാണ് ദൈവഹിതമെങ്കിൽ, അതാണ്‌ തിന്മ പ്രവർത്തിച്ചിട്ടു കഷ്ടത അനുഭവിക്കുക എന്നതിനേക്കാൾ നല്ലത്" (1 പത്രോസ് 3:17) എന്ന ബോധ്യത്തോടെ മുന്പോട്ടുപോകാൻ നമുക്കാവണം. വിശ്വാസത്തിന് എതിർപ്പുകളുണ്ടാകുന്പോൾ, പ്രത്യാശ നഷ്ടപ്പെടുത്താതെ, നമ്മുടെ പക്വതയും സഹനശക്തിയും പരസ്നേഹവും വളർത്തിയെടുക്കാനുള്ള ഒരു ഉപാധിയായി അവയെയെല്ലാം മാറ്റുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, അങ്ങയെക്കൂടാതെ ആനന്ദിക്കുന്നതിലും ആഹ്ലാദിക്കുന്നതിലും നല്ലത് അങ്ങയോടൊത്ത് ക്ലേശം അനുഭവിക്കുന്നതാണ്. അങ്ങയെക്കൂടാതെ സ്വർഗ്ഗത്തിൽ ആയിരിക്കുന്നതിലും നല്ലത് അങ്ങയോടൊപ്പം തീച്ചൂളയിൽ ആയിരിക്കുന്നതാണ്. വിലമതിക്കാനാവാത്ത വസ്തുവാണെങ്കിൽകൂടിയും, അത് എന്നെ അങ്ങയിൽനിന്നും അകറ്റുമെങ്കിൽ, ഞാനതിനെ വിലകെട്ടതായി പരിഗണിക്കുന്നു. അങ്ങയുടെ നാമത്തിൽ തിരസ്കരിക്കപ്പെടുന്പോൾ അതൊരു ഭാഗ്യമായി കാണാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ. അങ്ങേക്കുവേണ്ടി പീഡകൾ ഏൾക്കുന്പോൾ അതിൽ ആനന്ദം കൊള്ളാൻ എന്നെ ശക്തനാക്കണമേ. ആമ്മേൻ. 
(വി. ബെർണാർഡിന്റെ പ്രഭാഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രാർത്ഥന)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്