മനുഷ്യരെപ്പിടിക്കുന്നവൻ
"ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ അവനുചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തു തടാകത്തിന്റെ തീരത്തു നിൽക്കുകയായിരുന്നു. രണ്ടു വള്ളങ്ങൾ കരയോടടുത്തു കിടക്കുന്നത് അവൻ കണ്ടു. മീൻപിടുത്തക്കാർ അവയിൽനിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽനിന്നു അല്പം അകലേക്ക് വള്ളം നീക്കാൻ യേശു അവനോട് ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചുതീർന്നപ്പോൾ അവൻ ശിമയോനോട് പറഞ്ഞു: ആഴത്തിലേക്ക് നീക്കി, മീൻപിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളയേറെ മത്സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോൻപത്രോസ് ഇതുകണ്ടപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ പാപിയാണ് എന്നു പറഞ്ഞു. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അത്ഭുതപ്പെട്ടു. അതുപോലെതന്നെ അവന്റെ പങ്കുകാരായ സെബദീപുത്രന്മാർ - യാക്കോബും യോഹന്നാനും - വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോൾ മുതൽ മനുഷ്യരെപ്പിടിക്കുന്നവനാകും. വള്ളങ്ങൾ കരയ്ക്കടുപ്പിച്ചതിനുശേഷം, എല്ലാം ഉപേക്ഷിച്ച് അവർ അവനെ അനുഗമിച്ചു." (ലൂക്കാ 5:1-11)
വിചിന്തനം
തന്റെ പൊതുജീവിതം ആരംഭിച്ചതിനുശേഷം, ഒരു ഗുരുവും അത്ഭുതപ്രവർത്തകനും എന്ന നിലയിലുള്ള യേശുവിന്റെ കീർത്തി വളരെപ്പെട്ടെന്നാണ് പലസ്തീനായിലും പ്രാന്തപ്രദേശങ്ങളിലും വ്യാപിച്ചത്. യേശുവിന്റെ പ്രബോധങ്ങൾ ശ്രവിക്കുവാനും അത്ഭുതപ്രവർത്തികൾ കാണുന്നതിനുമായി വലിയ ഒരു ജനക്കൂട്ടം യേശുവിനെ സദാ അനുഗമിച്ചിരുന്നു. അതിനാൽ, അവിടെക്കൂടിയിരുന്ന ജനത്തിനു വ്യക്തമായി കാണുന്നതിനും കേൾക്കുന്നതുമായി ശിമയോന്റെ വള്ളത്തിലാണ് ഈശോ കയറിയത്. വലയിൽ തടഞ്ഞിരിക്കുന്ന എല്ലാ അനാവശ്യ വസ്തുക്കളും വലയിൽനിന്നു നീക്കി അതു കഴുകുക വളരെ മെനക്കെടുള്ള ഒരു ജോലിയായിരുന്നു. മാത്രവുമല്ല, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും യാതൊന്നും ലഭിക്കാത്തതിനാൽ ശിമയോൻ തീർച്ചയായും അസ്വസ്ഥനും നിരാശനും ആയിരുന്നിരിക്കണം. രാത്രിമുഴുവൻ ജോലിചെയ്തതിന്റെ ക്ഷീണവും തീർച്ചയായും പത്രോസിൽ ഉണ്ടായിരുന്നിരിക്കണം. എന്നിരുന്നാലും, ഈശോ വള്ളത്തിൽ കയറി അത് നീക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒട്ടും നീരസം ഉടനടി അനുസരിക്കുകയാണ് പത്രോസ് ചെയ്തത്. വള്ളത്തിലിരുന്ന് യേശുവിന്റെ വാക്കുകൾ ശ്രവിച്ച പത്രോസിന് ആ വചനങ്ങളിലൂടെ യേശുവിലെ ദൈവീകത്വം ഗ്രഹിക്കുവാൻ സാധിച്ചു. അതുകൊണ്ട്, സംസാരത്തിനുശേഷം ഈശോ ആഴത്തിലേക്ക് നീക്കി വലയിറക്കാൻ ആവശ്യപ്പെട്ടപ്പോൾ, മീൻപിടുത്തത്തിൽ ഒട്ടേറെ പരിചയം ഉണ്ടായിരുന്ന പത്രോസിന് ആ അധ്വാനം വ്യർത്ഥമാകുകയേയുള്ളൂ എന്നറിയാമായിരുന്നു എങ്കിലും, അനുസരിക്കുവാൻ സാധിച്ചു. ജീവിതത്തെ വഴിമുട്ടിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാകുന്പോൾ, ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല എന്ന വിശ്വാസത്തോടെ അവിടുത്തെ സമീപിക്കുവാനും പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന പ്രചോദനങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാനും നമുക്ക് കഴിയുന്നുണ്ടോ?
വ്യർത്ഥപ്രയത്നമെന്നു കരുതിയെങ്കിലും യേശുവിന്റെ വാക്കുകൾ അനുസരിച്ചതുവഴി രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം മീൻ ശേഖരിക്കാൻ ശിമയോൻപത്രോസിനും കൂട്ടുകാർക്കും സാധിച്ചു. ഈ സംഭവത്തിൽനിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്, നമ്മുടെ കഠിനാധ്വാനം പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കാറില്ല. എന്നാൽ, ദൈവത്തോട് ചേർന്നുനിന്ന് നമ്മൾ അധ്വാനിക്കുന്പോൾ നമ്മുടെ പ്രതീക്ഷകൾക്കും സങ്കൽപ്പങ്ങൾക്കും ഒക്കെ ഉപരിയായ ഫലം പുറപ്പെടുവിക്കാൻ നമുക്കാകും. അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണങ്ങളാക്കിക്കൊണ്ട് ദൈവം നമ്മെ ഓരോരുത്തരേയും അവിടുത്തെ അനുഗമിക്കാനായി വിളിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ദൈവീകപ്രവർത്തനംമൂലം നമുക്ക് കൈവരുന്ന സമൃദ്ധി സ്വാർത്ഥതാല്പര്യങ്ങൾക്കായി വിനിയോഗിക്കാനാണ് നമ്മൾ ശ്രമികാറുള്ളത്. എങ്ങിനെ ദൈവത്തെ കൂടെനിറുത്തി എല്ലാ ദിവസവും വള്ളംനിറയെ മീൻപിടിക്കാം എന്ന് ചിന്തിക്കുന്ന ഒട്ടേറെപ്പേർ ഇന്നത്തെ ലോകത്തിലുണ്ട്. ഇങ്ങനെയുള്ളവർ "ദൈവവചനത്തിൽ മായംചേർത്ത് കച്ചവടം ചെയ്യുന്നു" (2 കോറിന്തോസ് 2:17). അപകടകരമായ അത്തരമൊരു ചിന്ത തന്റെ മനസ്സിലും ഉണ്ടെന്നു തിരിച്ചറിവ് ലഭിച്ച പത്രോസാകട്ടെ, തന്റെ പാപം ഏറ്റുപറഞ്ഞ് യേശുവിന്റെ പാദത്തിൽ വീഴുകയാണ് ചെയ്തത്. പിന്നീട് തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുകയും ചെയ്തു. നമ്മുടെ സന്പത്ത് നമ്മെ ദൈവത്തിൽനിന്നും അകറ്റുമെന്ന ഒരവസ്ഥ ഉണ്ടായാൽ, എല്ലാം ഉപേക്ഷിച്ചു യേശുവിനെ പിൻചെല്ലാനുള്ള വിശ്വാസം ഇന്ന് നമുക്കുണ്ടോ?
പത്രോസിന്റെ ജീവിതത്തിൽ ആ ദിവസം യേശു ചെയ്ത അത്ഭുതം കണ്ട് അവിടെക്കൂടിയിരുന്ന ഒട്ടേറെപ്പേർ തീർച്ചയായും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ചു ദൈവത്തിങ്കലേക്ക് തിരിഞ്ഞിരിക്കണം. ഇന്ന് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച് അനേകരെ അതുവഴിയായി വിശ്വാസത്തിലേക്ക് ആനയിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ദൈവവചനത്തിൽ ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ നമുക്ക് സാധിക്കണം. നമ്മുടെ എല്ലാ പ്രവൃത്തികളിലും നമ്മോടൊത്ത് പ്രവർത്തിച്ച്, തന്റെ മഹത്വം നമ്മിലൂടെ അനേകർക്ക് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു ദൈവമുണ്ട് എന്ന് വിശ്വസിക്കണം. ദൈവവചനം വിശ്വാസത്തോടെ ഏറ്റുപറയുന്പോൾ അവിടുത്തെ ശക്തി പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഇടയിൽ പ്രവർത്തിക്കും. ആ ശക്തിക്ക് സാക്ഷികളായി, ദൈവരാജ്യം ഒട്ടനേകംപേർക്ക് വെളിപ്പെടുത്തി കൊടുക്കുന്ന ഉപകരണങ്ങളായി മാറാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അങ്ങയെ അറിഞ്ഞിട്ടില്ലാത്തവരോടും അറിഞ്ഞിട്ടും അനുഗമിക്കാത്തവരോടുമുള്ള സ്നേഹത്താലും അനുകന്പയാലും എന്റെ ഹൃദയത്തെ നിറയ്ക്കണമേ. അതുവഴി അവരുടെ മുൻപിൽ അങ്ങയുടെ മഹത്വത്തിന് എന്നെ ഒരു സാക്ഷിയാക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ