എളിമയെന്ന വാതിൽ

"യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫർണാമിലേക്ക് പോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യൻ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവൻ യജമാനന് പ്രിയങ്കരനായിരുന്നു. ശതാധിപൻ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്  അപേക്ഷിക്കാൻ ചില യഹൂദപ്രമാണികളെ അവന്റെ അടുത്തേക്ക് അയച്ചു. അവർ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇത് ചെയ്തുകൊടുക്കാൻ അവൻ അർഹനാണ്. എന്തെന്നാൽ, അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു. നമുക്ക് ഒരു സിസഗോഗു പണിയിച്ചുതരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവൻ വീടിനോട് അടുക്കാറായപ്പോൾ ആ ശതാധിപൻ തന്റെ സ്നേഹിതരിൽ ചിലരെ അയച്ച് അവനോടു പറഞ്ഞു: കർത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാൻപോലും എനിക്കു യോഗ്യതയില്ല എന്നു ഞാൻ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രംമതി, എന്റെ ഭൃത്യൻ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികൾ ഉണ്ട്. ഞാൻ ഒരുവനോട് പോകുക എന്നു പറയുന്പോൾ അവൻ പോകുന്നു. വേറൊരുവനോട് വരുക എന്ന് പറയുന്പോൾ അവൻ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്ന് പറയുന്പോൾ അവൻ ചെയ്യുന്നു. യേശു ഇതുകേട്ട് അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് അവൻ പറഞ്ഞു: ഞാൻ നിങ്ങളോടു പറയുന്നു, ഇസ്രായേലിൽപോലും ഇതുപോലുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല. അയക്കപ്പെട്ടവർ തിരിച്ചുചെന്നപ്പോൾ ആ ഭൃത്യൻ സുഖപ്പെട്ടിരിക്കുന്നതായിക്കണ്ടു." (ലൂക്കാ 7:1-10)

വിചിന്തനം 
ഭരണക്ഷമതയ്ക്കും സമാധാനപാലനത്തിനുമായി റോമാക്കാർ പ്രദേശങ്ങളെ ചെറിയ പ്രവിശ്യകളായി തിരിച്ചിരുന്നു. ഇത്തരം പ്രവിശ്യകളിൽ പടയാളികൾക്ക് മേൽനോട്ടം വഹിക്കുകയും ആവശ്യാവസരങ്ങളിൽ അവരെ യുദ്ധത്തിൽ നയിക്കുകയും ഒക്കെ ചെയ്തിരുന്നത് ശതാധിപന്മാരാണ്. സാധാരണ റോമൻ ശതാധിപന്മാരിലുംനിന്ന് തികച്ചും വ്യത്യസ്തനാണ് കഫർണാമിലെ ശതാധിപൻ എന്ന് യേശുവിന്റെ അടുക്കൽ അയാൾക്ക്‌ മധ്യസ്ഥം അപേക്ഷിക്കാനെത്തിയ യഹൂദപ്രമാണികളുടെ വാക്കുകളിൽനിന്നും വ്യക്തമാണ്. റോമാക്കാർക്കു യഹൂദരെ സ്വതവേ പുച്ഛമായിരുന്നു; യഹൂദർക്ക് റോമാക്കാരോട് വെറുപ്പുമായിരുന്നു. എന്നാൽ ഈ ശതാധിപന് യഹൂദരോട് സ്നേഹമായിരുന്നു, തികച്ചും ഉദാരമതിയായ അയാൾ അവർക്ക് ഒരു സിനഗോഗ് പണിതുകൊടുക്കുകകൂടി ചെയ്തു. അനുകന്പയുള്ള ഒരു ഹൃദയവും അയാൾക്കുണ്ടായിരുന്നു, തന്റെ ഒരു ഭൃത്യനുവേണ്ടിപോലും മറ്റുള്ളവരോട് സഹായം അഭ്യർത്ഥിക്കാൻ അയാൾക്ക്‌ മടിയുണ്ടായില്ല. യഹൂദരെ സ്നേഹിക്കുകയും ഭൃത്യരോട് കരുണകാണിക്കുകയും ചെയ്യുന്നതുവഴി അയാൾ തീർച്ചയായും മറ്റ് റോമാക്കാരുടെ മുൻപിൽ പലപ്പോഴും ഒരു പരിഹാസപാത്രം ആയിട്ടുണ്ടാകും. എങ്കിലും ആ അവഹേളനം വകവയ്ക്കാതെ തന്റെ അധികാരത്തിൻകീഴിലുള്ളവരെ സ്നേഹിക്കുകയും ആദരിക്കുകയും ആണ് ആ ശതാധിപൻ ചെയ്തത്? സാമൂഹികവും സാന്പത്തികവും ജോലിപരവുമായ കാര്യങ്ങളിലുമെല്ലാം നമ്മുടെ കീഴ്തട്ടിലുള്ള ഒട്ടേറെപ്പേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അവരോടുള്ള നമ്മുടെ പെരുമാറ്റം എതുവിധത്തിലുള്ളതാണ്? സ്നേഹത്തോടെയും ആദരവോടെയും അവരോട് ഇടപഴകാൻ നമുക്കാവുന്നുണ്ടോ? അതോ, തന്നേക്കാൾ വിലകുറഞ്ഞവരായി അവരെ കാണുന്ന അഹങ്കാരിയാണോ നിങ്ങളിന്ന്? ഇനി അതുമല്ല, അവരോടു സ്നേഹവും ആദരവും ഉണ്ടായിട്ടും മറ്റുള്ളവരെ ഭയന്ന് അത് പുറത്തുകാട്ടാൻ ഭയപ്പെടുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? 

ഈ സുവിശേഷഭാഗത്തെക്കുറിച്ച് വിശുദ്ധ അഗസ്റ്റിൻ പറയുന്നത്, എളിമയെന്ന വാതിലിലൂടെ അകത്തുപ്രവേശിച്ചാണ് യേശു ശതാധിപന്റെ ഭൃത്യനു സൌഖ്യം നൽകിയത് എന്നാണ്. വിശ്വാസത്തിന്റെ ആദ്യപടിയാണ് എളിമ. "ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു" (യാക്കോബ് 4:6). സ്വർഗ്ഗരാജ്യത്തിലേക്കുള്ള ഇടുങ്ങിയ പാതയിലൂടെ നടന്ന് യേശുവിന്റെ അടുക്കൽ എത്തണമെങ്കിൽ എളിമകൂടിയേ കഴിയൂ. "ഓപസ് ദെയി" (Opus Dei) എന്ന സംടനയുടെ സ്ഥാപകനായ വിശുദ്ധ ഹൊസെമരിയാ എസ്ക്രീവാ (St. Josemaria Escriva) തന്റെ നിരവധിയായ ധ്യാനചിന്തകളൊന്നിൽ എളിമയെപ്പറ്റി  ഇപ്രകാരം എഴുതിയിരിക്കുന്നു,  "എന്റെ ദൈവമേ, അങ്ങ് എന്നിലേക്ക്‌ നിരവധിയായ കൃപകൾ ചൊരിയുന്പോഴും ഞാൻ വളരെ നികൃഷ്ടമായാണല്ലോ പെരുമാറുന്നത്. അങ്ങെന്നോടു കാണിക്കുന്ന സ്നേഹത്തോട് പ്രതികരിക്കാൻ എനിക്കാവുന്നില്ലല്ലോ. അങ്ങെന്നോട് ആവശ്യപ്പെടുന്ന ദൌത്യങ്ങൾ ഏറ്റെടുക്കാൻ യാതൊരു ഒരുക്കവും ഞാൻ നടത്തുന്നില്ലല്ലോ. അങ്ങയുടെ രാജ്യത്തിനുവേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന യോഗ്യതയുള്ളവരും ആദരണീയരും കഴിവുള്ളവരും സാന്പത്തികശേഷിയുള്ളവരുമായ ഒട്ടനവധി ആളുകളെക്കുറിച്ച് ഞാൻ ദിനപത്രങ്ങളിൽ വായിക്കാറുണ്ട്. എന്നാൽ ഞാനോ, ഞാനാരുമല്ല: അറിവില്ലാത്തവനും പാവപ്പെട്ടവനുമായ തീരെ ചെറിയ ഒരു മനുഷ്യജീവി. എന്നാൽ ഇതേക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല; കാരണം, ഞാനിങ്ങനെ ആയിരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. അങ്ങയെ വിശ്വസിക്കുവാനും സ്നേഹിക്കുവാനും ആവശ്യമായ സന്പന്നതയും അറിവും എനിക്ക് മതി. എന്റെ പ്രശസ്തിയും ബഹുമതികളുമെല്ലാം അങ്ങയുടെ തിരുഹിതം നിറവേറുന്നതിനായി മാത്രം ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

എളിമനിറഞ്ഞ ഹൃദയത്തോടെ സ്വയം അവലോകനം ചെയ്യുന്പോൾ മാത്രമേ നമ്മുടെ അപൂർണതകളും അയോഗ്യതകളും നമുക്ക് വെളിപ്പെട്ടുകിട്ടുകയുള്ളൂ. ആ വെളിപാടുപയോഗിച്ചു ദൈവസ്നേഹത്തെ വീക്ഷിക്കുന്പോൾ മാത്രമാണ് അതിന്റെ വില അല്പമെങ്കിലും ഗ്രഹിക്കാൻ നമുക്ക് സാധിക്കുന്നത്. അഹങ്കാരംമുറ്റി പാപത്തിൽപൂണ്ടു കിടക്കുന്നവർ ദൈവസ്നേഹത്തെയും പരിപാലനയെയുമൊക്കെ ദാനങ്ങളായല്ല, അവകാശമായാണ് കണക്കാക്കുന്നത്. യേശുവിനെ സ്വാഗതം ചെയ്യുവാനുള്ള യോഗ്യത നമ്മുടെ ആരുടേയും ഹൃദയങ്ങൾക്കില്ല എന്ന തിരിച്ചറിവാണ് നമ്മെ യേശുവിന്റെ സ്നേഹത്തിലേക്ക്‌ അടുപ്പിക്കുന്ന പ്രധാന ഘടകം. നമ്മുടെ പ്രവൃത്തികളല്ല, ദൈവത്തിന്റെ വചനമാണ് നമ്മെ സുഖപ്പെടുത്തുന്നത്‌ എന്ന തിരിച്ചറിവോടെ, യേശുവിന്റെ അധികാരത്തിനു കീഴ്പ്പെട്ടവരായി എളിമയെന്ന പുണ്യം അഭ്യസിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

എളിമയുടെ നിറകുടമായ ഈശോയേ, എന്റെ ബലഹീനതകളെ തിരിച്ചറിഞ്ഞ് അങ്ങയുടെ മുൻപിൽ എളിമപ്പെടാൻ അവിടുത്തെ സ്നേഹവെളിച്ചം എന്നിൽ പ്രകാശിപ്പിക്കണമേ. എളിമയോടെ ദൈവഹിതതിനായി തന്നെത്തന്നെ പൂർണ്ണമായും നൽകിയ പരിശുദ്ധ അമ്മേ, ഞങ്ങളും എളിമയെന്ന പുണ്യത്തിൽ നിറഞ്ഞ് ദൈവത്തെ മഹാത്വപ്പെടുത്തുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്