നാവു തീയാണ്

"യോഹന്നാന്റെ ദൂതന്മാർ പോയപ്പോൾ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോട്‌ പറയാൻ തുടങ്ങി. നിങ്ങൾ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ പിന്നെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുലവസ്ത്രങ്ങൾ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തിൽ ജീവിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ. അതുമല്ലെങ്കിൽ, എന്തു കാണാനാണ് നിങ്ങൾ പോയത്? പ്രവാചകനെയൊ? അതേ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനേക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ നിനക്കുമുന്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവൻ മുന്പേ പോയി നിനക്കു വഴിയൊരുക്കും. ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്‌. ഇതുകേട്ട്, യോഹന്നാന്റെ സ്നാനം സ്വീകരിച്ച സാമാന്യജനവും ചുങ്കക്കാരും ദൈവനീതിയെ പ്രഘോഷിച്ചു. ഫരിസേയരും നിയമജ്ഞരുമാകട്ടെ യോഹന്നാന്റെ ജ്ഞാനസ്നാനം സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചുകളഞ്ഞു. ഈ തലമുറയെ എന്തിനോടാണ്‌ ഞാൻ ഉപമിക്കേണ്ടത്‌? അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കുവേണ്ടി വിലാപഗാനം ആലപിച്ചുവെങ്കിലും നിങ്ങൾ കരഞ്ഞില്ല എന്ന് ചന്തസ്ഥലത്തിരുന്നു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് അവർ. എന്തെന്നാൽ, യോഹന്നാൻ അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനും ആയി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനം ശരിയെന്നു തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്." (ലൂക്കാ 7:24-35)

വിചിന്തനം 
ചന്തസ്ഥലത്തു കൂട്ടംകൂടിയിരുന്നു  കുട്ടികൾ നേരംപോക്കിനായി പലതും ചെയ്യുമായിരുന്നു; വലിയ ആഘോഷം നടക്കുന്നുവെന്ന നാട്യേന കുഴലൂതുകയും, ഒരു മരണവീട്ടിലെന്നപോലെ വിലാപഗാനം ആലപിക്കുകയും ചെയ്യുന്നത് ഒക്കെ ആ നേരംപോക്കുകളുടെ ഭാഗമായിരുന്നു. ചന്തസ്ഥലത്തു വന്നുപോകുന്നവരാരും കുട്ടികളുടെ ആ പ്രവൃത്തികൾക്ക്‌ യാതൊരു വിലയും കൽപിച്ചിരുന്നില്ല; വലിയവർ അവരുടെ പ്രവൃത്തികൾക്ക്‌ അനുസൃതമായി പ്രതികരിക്കണമെന്ന് കുട്ടികളും ആഗ്രഹിച്ചിരുന്നില്ല. ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഈശോ ഫരിസേയരെയും നിയമജ്ഞരെയും ഉപമിക്കുന്നത്, വ്യർത്ഥമായ തങ്ങളുടെ പ്രവർത്തികൾ കണ്ട് ആരും പ്രതികരിക്കാത്തതിനെ ചൊല്ലി പരാതിയും പരിഭവവും പറയുന്ന കുട്ടികളോടാണ്. തങ്ങളുടെ സംസാരവും പ്രവർത്തികളും വെറും അഭിനയമാണെന്നു അറിയുന്നവർ, അതറിഞ്ഞുകൊണ്ടും അവയെ എല്ലാം യാഥാർത്യമായിക്കരുതി പെരുമാറണം എന്നവർ ആഗ്രഹിക്കുന്നു. തങ്ങളുടെ കാപട്യങ്ങൾക്കു കൂട്ടുനിൽക്കാത്തവരെയെല്ലാം അധിക്ഷേപിക്കുകയും അവർക്കെതിരേ ഏഷണി പറഞ്ഞുണ്ടാക്കുകയും ഫരിസേയരുടെയും നിയമജ്ഞരുടെയും സ്വഭാവമായിരുന്നു. ഒരു താപസനെപ്പോലെ ജീവിച്ച സ്നാപകയോഹന്നാനെയും പാപികളുടെ ഇടയിൽ പാപമില്ലാത്തവനായി ജീവിച്ച യേശുവിനെയും വാക്കുകളുപയോഗിച്ചു മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തിക്കെട്ടുന്നതിനു അവർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനുകാരണം, സ്നാപകനും യേശുവും ചെയ്തിരുന്നത് ഫരിസേയരും നിയമജ്ഞരും ദൈവത്തെക്കുറിച്ച് ജനങ്ങൾക്കു നല്കിയിരുന്ന തെറ്റായ ബോധ്യങ്ങളെ തിരുത്താൻ ശ്രമിക്കുകയായിരുന്നു. നമ്മുടെ കൂടെയല്ലാത്തവർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെ ശരിതെറ്റുകൾ വിലയിരുത്താതെ, അവർ നമ്മോടൊപ്പമല്ല എന്ന ഒറ്റക്കാരണംകൊണ്ടു മാത്രം, അവരുടെമേൽ ദോഷം ആരോപിക്കുവാനും അവരെക്കുറിച്ച് അപവാദം പരത്തുവാനും നമ്മൾ മുതിരാറുണ്ടോ? 

ദൈവം മനുഷ്യന് നല്കിയിരിക്കുന്ന കഴിവുകളിൽവച്ച് വളരെ വിലയേറിയതും ഒട്ടേറെ ശക്തിയുള്ളതുമായ ഒന്നാണ് സംസാരശേഷി. ദൈവത്തോടുള്ള വിശ്വാസവും നന്ദിയും ഏറ്റുപറയുവാനും അവിടുത്തെ എല്ലാവരുടെയും മുൻപിൽ വാക്കുകൾകൊണ്ട് മഹത്വപ്പെടുത്തുവാനും നമ്മുടെ സംസാരത്തിനാകും. അതുപോലെതന്നെ, നമ്മുടെ സഹജീവികളോടു നമുക്കുള്ള ആഴമേറിയ സ്നേഹവും ആത്മാർത്ഥതയും ഒക്കെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പ്രകടിപ്പിക്കുവാനും സംസാരത്തിലൂടെ സാധിക്കും. എന്നാൽ പലപ്പോഴും വാക്കുകളുടെ വിലയെപ്പറ്റിയും ശക്തിയെപ്പറ്റിയും പൂർണ്ണഗ്രാഹ്യമില്ലാതെ ഉപയോഗിക്കുന്നതുവഴി ഒട്ടേറെ പാളിച്ചകളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ അഹംഭാവത്തെ പരിരക്ഷിക്കുനതിനായി പലപ്പോഴും നമ്മുടെ നാവിനെ നമ്മൾ ചിന്താശൂന്യമായി ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ, "നാവു തീയാണ്; അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിൽ ഒന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു" (യാക്കോബ് 3:6). അനാവശ്യമായ വാഗ്വാദങ്ങളിലൂടെയും പരിഹാസത്തിലൂടെയും അപവാദം പറയുന്നതിലൂടെയും ഒക്കെ, നമ്മുടെ നന്മയ്ക്കായി ദൈവം തന്ന ഒരു മഹാദാനത്തെ നശീകരണത്തിനുള്ള ഒരായുധമാക്കി നമ്മൾ മാറ്റുന്നു.

വ്യക്തമായ ശരികളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയിലെ തെറ്റിനെ ചൂണ്ടിക്കാട്ടി അതിനെ വിമർശിക്കുന്നതും, കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ മറ്റുള്ളവരുടെ മുൻപിൽ വിലയിടിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു വ്യക്തിക്കെതിരായി സംസാരിക്കേണ്ടി വന്നാൽ അതൊരിക്കലും നമ്മുടെ സ്വന്തം താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി ആവരുത്; നമ്മൾ സ്വരമുയർത്തേണ്ടത് എപ്പോഴും സത്യത്തിനും നീതിക്കും വേണ്ടി ആയിരിക്കണം. നമ്മൾ സംസാരിക്കുന്ന ഓരോ വാക്കിന്റെയും കണക്കു സൂക്ഷിക്കുന്ന ഒരു ദൈവമുണ്ട് എന്ന ബോധ്യത്തോടെ വേണം നമ്മൾ വായ തുറക്കാൻ. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും, മറ്റുള്ളവർക്ക് ദുഷ് പ്രേരണ നല്കുന്നവയെക്കുറിച്ചും, മറ്റുള്ളവരിൽ തെറ്റായ ധാരണ ഉളവാക്കുന്നവയെക്കുറിച്ചും സംസാരിച്ച്   പാപം ചെയ്യുന്നതിലും നല്ലത് വായടച്ചുവച്ച് മിണ്ടാതിരിക്കുന്നതാണ്. ഒരുപക്ഷേ നമ്മുടെ മൌനം നമ്മുടെ ചുറ്റുമുള്ളവരുടെ ദുഷിച്ച സംസാരങ്ങളിലും കുറവുണ്ടാക്കാൻ കാരണമായേക്കാം. നല്ലത് സംസാരിക്കുക എന്നത് നന്മ പ്രവൃത്തിക്കുന്നതിന്റെ ഒരു ഭാഗം തന്നെയാണ് എന്ന തിരിച്ചറിവോടെ നാവിനെ നിയന്ത്രിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, വാക്കുകൾകൊണ്ട് അങ്ങേക്കെതിരായും എന്റെ സഹോദരർക്കെതിരായും ചെയ്തുപോയ എല്ലാ തെറ്റുകളെയും ഓർത്തു ഞാൻ മാപ്പപേക്ഷിക്കുന്നു. അങ്ങയുടെ ദാനമായ എന്റെ സംസാരശേഷി ഉപയോഗിച്ച് നിരാശയിലും അറിവില്ലായ്മയിലും വിദ്വേഷത്തിലും കഴിയുന്നവരെ അങ്ങയിലേക്ക് കൊണ്ടുവരുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നല്കേണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്