അവിശ്വസ്ഥന് അഭിനന്ദനം?
"യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അവൻ സ്വത്ത് ദുർവ്യയം ചെയ്യുന്നുവെന്ന് യജമാനന് പരാതി ലഭിച്ചു. യജമാനൻ അവനെ വിളിച്ചുചോദിച്ചു: നിന്നെപ്പറ്റി ഞാൻ കേൾക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലിൽ നീ കാര്യസ്ഥനായിരിക്കാൻ പാടില്ല. ആ കാര്യസ്ഥൻ ആത്മഗതം ചെയ്തു: യജമാനൻ കാര്യസ്ഥത എന്നിൽനിന്നു എടുത്തുകളയുന്നതിനാൽ ഞാൻ ഇനി എന്തു ചെയ്യും? കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഭിക്ഷ യാചിക്കാൻ എനിക്കു ലജ്ജ തോന്നുന്നു. എന്നാൽ, യജമാനൻ കാര്യസ്ഥത എന്നിൽനിന്ന് എടുത്തുകളയുന്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിനു എന്തു ചെയ്യണമെന്നു എനിക്കറിയാം. യജമാനനിൽനിന്നു കടം വാങ്ങിയവർ ഓരോരുത്തരെ അവൻ വിളിച്ചു. ഒന്നാമനോട് അവൻ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവൻ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവൻ പറഞ്ഞു: ഇതാ നിന്റെ പ്രമാണം, എടുത്ത് അന്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവൻ മറ്റൊരുവനോട് ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവൻ പറഞ്ഞു: നൂറു കോർ ഗോതന്പ്. അവൻ പറഞ്ഞു: നിന്റെ പ്രമാണം എടുത്തു എണ്‍പത് കോർ എന്നു തിരുത്തിയെഴുതുക. കൌശലപൂർവം പ്രവർത്തിച്ചതിൽ നീതിരഹിതനായ കാര്യസ്ഥനെ യജമാനൻ പ്രശംസിച്ചു. എന്തെന്നാൽ, ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്. ഞാൻ നിങ്ങളോട് പറയുന്നു: അധാർമ്മികസന്പത്തുകൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സന്പാദിച്ചുകൊള്ളുവിൻ. അതു നിങ്ങളെ കൈവെടിയുന്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും." (ലൂക്കാ 16:1-9)
വിചിന്തനം
കേൾവിക്കാരിൽ ചിന്താകുഴപ്പം ഉളവാക്കിയേക്കാവുന്ന ഒരു ഉപമയാണ് അവിശ്വസ്ഥനായ കാര്യസ്ഥന്റേത്. യജമാനന്റെ വസ്തുക്കൾ ശരിയാംവണ്ണം നോക്കിനടത്താത്തതുമൂലം ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായ കാര്യസ്ഥൻ തന്റെ ഭാവി സംരക്ഷിക്കാൻ ചെയ്യുന്ന അധാർമ്മികതകളെക്കുറിച്ചാണ് ഈശോ ശിഷ്യരോട് സംസാരിക്കുന്നത്. ഭാവി സുരക്ഷിതമാക്കാൻ കാര്യസ്ഥൻ കണ്ടുപിടിച്ച എളുപ്പമാർഗ്ഗം യജമാനനു കടപ്പെട്ടിരിക്കുന്നവരുടെ പ്രീതി പിടിച്ചുപറ്റുക എന്നതായിരുന്നു. അവരുടെ കടപ്പത്രങ്ങൾ തിരുത്തി കടം ഇളവുചെയ്തു കൊടുക്കുകവഴി ആ കടക്കാരുടെ വലിയ സാന്പത്തിക ബാധ്യതകളാണ് അവൻ എടുത്തുമാറ്റിയത്. അതിന് പ്രത്യുപകാരമായി ഭാവിയിൽ ജോലിയില്ലാത്തതുമൂലം തനിക്കു ഞെരുക്കങ്ങൾ ഉണ്ടാകുന്പോൾ അവരെ അഭയം പ്രാപിക്കാൻ സാധിക്കുമെന്ന് അവൻ കണക്കുകൂട്ടി. കടപ്പത്രങ്ങൾ തിരുത്തി ബാധ്യതകൾ ഇളവു ചെയ്യുന്ന കാര്യസ്ഥനും അതുവഴി കൊടുക്കാനുള്ള ബാധ്യതകളിൽനിന്നും മോചിതരാകുന്ന കടക്കാരും തെറ്റു പ്രവർത്തിക്കുന്നവരാണ്. അധാർമ്മികതയിലൂടെ തങ്ങളുടെ കടം ഇളച്ചുതരണം എന്ന് ആ കടക്കാരാരും കാര്യസ്ഥനെ നിർബന്ധിക്കുന്നില്ല. പക്ഷേ, അവരാരും അയാളുടെ സഹായം, അത് തെറ്റാണ് എന്നറിഞ്ഞിട്ടും, നിരസിക്കുന്നുമില്ല. തെറ്റായ കാര്യങ്ങൾഅന്വേഷിച്ചു നടക്കാതിരിക്കുന്പോഴും നമ്മുടെ മുന്പിൽ ഇതിനു സമാനമായ വാഗ്ദാനങ്ങളുമായി പലരും വന്നെത്താറുണ്ട്. എളുപ്പത്തിൽ സ്ഥാനമാനങ്ങളും സാന്പത്തികനേട്ടവുമൊക്കെ കൈവരുന്ന ഇത്തരം വാഗ്ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എന്താണ്? ചോദിക്കാതെ കൈവന്ന സൗഭാഗ്യം തട്ടിമാറ്റുന്നത് ശരിയല്ല എന്ന ചിന്തയോടെ തെറ്റുകൾക്ക് കൂട്ടുനിൽക്കുകയാണോ നമ്മൾ ചെയ്യാറ്? അതോ, ലക്ഷ്യങ്ങൾ മാർഗ്ഗങ്ങളെ ന്യായീകരിക്കില്ല എന്ന ബോധ്യത്തോടെ പ്രലോഭനങ്ങളിൽ നിന്നും അകന്നുമാറാൻ നമ്മൾ ശ്രദ്ധിക്കാറുണ്ടോ?
കൌശലപൂർവം പ്രവർത്തിച്ച കാര്യസ്ഥനെ യജമാനൻ അവൻ ചെയ്തതറിഞ്ഞു പ്രശംസിച്ചു എന്നാണ് ഈശോ പറയുന്നത്. എന്നാൽ, ഒരിക്കലും കാര്യസ്ഥൻ ചെയ്തത് ഒരു നല്ല കാര്യമായല്ല ഈശോ ചൂണ്ടിക്കാട്ടുന്നത്. ദൈവത്തിന്റെ ഒരു വേദനയാണ് ഈശോയുടെ ആ വാക്കുകളിലൂടെ പുറത്തുവരുന്നത്, "എന്തെന്നാൽ, ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്". ലൌകീകസന്പത്ത് നേടുവാനും അത് സൂക്ഷിക്കുവാനും അത് ഭാവിയിലേക്ക് ഉത്തകുന്നവിധത്തിൽ ആസൂത്രണം ചെയ്യാനുമൊക്കെ അശ്രാന്തപരിശ്രമം നടത്തുന്നവരാണ് നാമെല്ലാവരും. എന്നാൽ ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന അമൂല്യനിധിയായ ആത്മാവിനെ സംരക്ഷിക്കുവാനും അതുവഴി ഭാവിയിൽ ദൈവത്തോടൊപ്പം നിത്യജീവൻ പ്രാപിക്കാനും മനുഷ്യൻ ഒന്നും ചെയ്യുന്നില്ല എന്ന ദുഃഖം ഈ ഉപമയിലൂടെ തന്റെ ശിഷ്യരുടെ മുൻപിൽ തുറന്നുകാട്ടുകയാണ് ഈശോ. കഠിനപരിശ്രമംകൊണ്ട് ദാരിദ്ര്യത്തിൽനിന്നും സന്പന്നതയിലേക്കുള്ള പടവുകൾ കയറിയ ആൾക്കാരെക്കുറിച്ച് പഠിക്കുകയും അവരെ മാതൃകയാക്കുകയും ഒക്കെ ചെയ്യുന്നവരാണ് നാമെല്ലാം. എന്നാൽ, ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് ദൈവരാജ്യത്തിനുവേണ്ടി അധ്വാനിച്ചവരെപ്പറ്റി അറിയാനും അവരുടെ മാതൃക പിന്തുടരാനും നമ്മൾ ശ്രമിക്കാറുണ്ടോ? ജീവന്റെ പട്ടികയിൽ ഇടം തേടുന്നതിലും വലിയ സന്പത്ത് മറ്റൊന്നും ഇല്ല എന്ന ബോധ്യത്തോടെ ദൈവരാജ്യത്തിനായി അധ്വാനിക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, എനിക്കുള്ളതെല്ലാം അവിടുത്തെ ദാനമാണ്. അങ്ങെനിക്കു തന്നതൊന്നും പാഴാക്കാതെ, അവയെല്ലാം ഉപയോഗിച്ച് അങ്ങയുടെ മഹത്വത്തിനായി അധ്വാനിക്കാനും, അതുവഴി ബുദ്ധിയും വിവേകവുമുള്ള വെളിച്ചത്തിന്റെ മകനും മകളും ആകുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നൽകേണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ