ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ

"ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാർമ്മികസന്പത്തിന്റെ കാര്യത്തിൽ വിശ്വസ്തനായിരിക്കുന്നില്ലെങ്കിൽ യഥാർത്ഥ ധനം ആരു നിങ്ങളെ ഏൽപ്പിക്കും? മറ്റൊരുവന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ നിങ്ങൾക്കു സ്വന്തമായവ ആരു നിങ്ങൾക്കു തരും?" (ലൂക്കാ 16:10-12)

വിചിന്തനം 
ദൈവവും മനുഷ്യനും ഒരേപോലെ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന ഒരു മേഖലയിലേക്കാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്. നമ്മുടെ അനുദിന ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ മറ്റുള്ളവർ അവരുടെ സന്പത്തും മറ്റു വിലപ്പെട്ടവയും നോക്കിനടത്താൻ നമ്മെ ഭരമേൽപ്പിക്കാറുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ തനിക്കുള്ളതെല്ലാത്തിന്റെയുംമേൽ ആദ്യമേതന്നെ നമുക്ക് മേൽനോട്ടം വിട്ടുതരാറില്ല. പലപ്പോഴും അത്രയൊന്നും പരിഗണന അർഹിക്കാത്ത മേഖലകളാകാം ആദ്യമൊക്കെ നമ്മെ ഏൽപ്പിക്കുന്നത്. പിന്നീട് നമ്മുടെ നമ്മുടെ അധ്വാനവും പരിണിതഫലങ്ങളും ഒക്കെ കണക്കിലെടുത്ത് ക്രമേണ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതല ഏൽപ്പിച്ചുതരികയാണ് പതിവ്. എന്നാൽ പലപ്പോഴും ചെറിയ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാൻ മടികാട്ടുന്നവരാണ് നമ്മിലേറെപ്പേരും.  ഒട്ടേറെ യോഗ്യതകൾ ഉണ്ടായിട്ടും നിസ്സാരമായ കാര്യങ്ങൾ ചെയ്യേണ്ടിവരുന്നതിൽ പരിഭവിക്കുന്നവർ തുടങ്ങി തുച്ഛമായ കാര്യങ്ങളൊക്കെ തന്റെ വലിയ ശ്രദ്ധയില്ലെങ്കിൽപോലും നടന്നുപൊയ്ക്കൊള്ളും എന്നു ഉപേക്ഷ വിചാരിക്കുന്നവർ വരെ എല്ലാവരും ആഗ്രഹിക്കുന്നത് വലിയ കാര്യങ്ങൾ നോക്കിനടത്തുന്നതിനാണ്. ഇവിടെയൊക്കെ നമ്മൾ മറക്കുന്ന വസ്തുത, തന്റെ സന്പാദ്യത്തെക്കുറിച്ച് കരുതലുള്ള ഒരാളും  ചെറിയ കാര്യങ്ങളിൽ കഴിവ് തെളിയിക്കാത്തവർക്ക് വലിയ കാര്യങ്ങളുടെ ചുമതല നൽകില്ല എന്നതാണ്. 

ദൈവവും അപ്രകാരംതന്നെയാണ് പ്രവർത്തിക്കുന്നത്. ദൈവരാജ്യം ലോകമെങ്ങും വ്യാപിക്കുന്നതിനായി നമ്മെ ഓരോരുത്തരേയും ഒട്ടേറെ കാര്യങ്ങൾ ദൈവം ഭരമേൽപ്പിക്കുന്നുണ്ട്. അതിലേക്കായി പലപ്പോഴും വളരെ ചെറിയ കാര്യങ്ങളാകും ദൈവം നമ്മിൽനിന്നും ആവശ്യപ്പെടുന്നത്. അനാവശ്യമായ ആർഭാടങ്ങൾ ഉപേക്ഷിക്കുന്നതു മുതൽ ചെറിയ ചെറിയ ജീവകാരുണ്യപ്രവർത്തികൾ വരെ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും ദൈവമഹത്വത്തിനായി ചെയ്യുവാൻ നമുക്കെല്ലാം കഴിയും. പക്ഷേ അതിലൊന്നും വലിയ കാര്യമില്ലെന്നും, വലിയ വലിയ പുണ്യപ്രവർത്തികൾ ചെയ്യുന്നവർക്ക് മാത്രമേ ദൈവസന്നിധിയിൽ വിലയുള്ളൂ എന്നും പലപ്പോഴും നമ്മൾ കരുതാറുണ്ട്‌. വലിയ കാര്യങ്ങൾ ചെയ്താലേ മറ്റുള്ളവരിൽനിന്നും ശ്രദ്ധയും അംഗീകാരവുമൊക്കെ ലഭിക്കുകയുള്ളൂ എന്നതാണ് ലോകത്തിന്റെ അവസ്ഥ. എന്നാൽ, ദൈവം വലിയ കാര്യങ്ങളുടെ മാത്രമല്ല ചെറിയ കാര്യങ്ങളുടെയും ദൈവമാണ്. ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നവരെ വലിയ കാര്യങ്ങൾ ഭരമേൽപ്പിച്, അത് ചെയ്യുവാൻ ആവശ്യമായ എല്ലാ കൃപകളും പ്രദാനം ചെയ്ത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവനാണ് ദൈവം. 

അതുപോലെതന്നെ, ഉത്തരവാദിത്തങ്ങൾ ലഭിച്ചുകഴിയുന്പോൾ അത് ദുരുപയോഗം ചെയ്ത് സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കുക എന്നത് പലർക്കും തെറ്റുപറ്റുന്ന മറ്റൊരു മേഖലയാണ്.  സ്ഥാനമാനങ്ങളും മറ്റുള്ളവരുടെ വിശ്വാസവും ഉപയോഗിച്ച് ഏതുവിധേനയും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്നവരാണോ നമ്മൾ? അതോ, ആത്മാർഥതയോടെയും വിശ്വസ്തതയോടെയും എല്ലാം നോക്കിനടത്തി അതിലൂടെ കൈവരുന്ന നന്മ കാംക്ഷിക്കുന്നവരാണോ? ലൌകീകകാര്യങ്ങൾ വിശ്വസ്തതയോടും സത്യസന്ധമായും ചെയ്യാൻ കഴിയാത്തവരെ അവരുടെ ആത്മീയരക്ഷയ്ക്കുതകുന്ന കാര്യങ്ങൾ ദൈവവും ഭരമേല്പ്പിക്കില്ല. നമ്മുടെ അനുദിനജീവിതത്തിലെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതിൽ നാമെത്രത്തോളം ഉത്സുകരാണ് എന്ന് നമ്മുടെ മേലധികാരികൾ മാത്രമല്ല ശ്രദ്ധിക്കുന്നത്. നമ്മുടെ ചെറിയ കാര്യങ്ങളോടുള്ള പരിഗണന വിലയിരുത്തി ഒട്ടേറെ വലിയ കാര്യങ്ങൾ എല്പ്പിക്കുന്നതിനായി ദൈവവും നമ്മെ വീക്ഷിക്കുന്നുണ്ട്. വലിയ കാര്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് ചെറിയ കാര്യങ്ങളെന്ന ബോധ്യത്തോടെ, വിശ്വസ്തതാപൂർവം അവയെല്ലാം പൂർത്തിയാക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കരുണാമയനായ കർത്താവേ, സ്വർഗ്ഗത്തിൽനിന്നും നൽകപ്പെടുന്നില്ലെങ്കിൽ എനിക്കൊന്നും ലഭിക്കുന്നില്ല. ന്നെനിക്കുള്ളതെല്ലാം, അവ ലോകദൃഷ്ടിയിൽ എത്ര നിസ്സാരം ആണെങ്കിൽപോലും, അങ്ങയുടെ ദാനമാണ്. എന്നെ ഭരമേൽപ്പിച്ചിരിക്കുന്നതെല്ലാം അങ്ങെന്നിൽ ചൊരിഞ്ഞിരിക്കുന്ന കൃപകളുപയോഗിച്ചു വിശ്വസ്തതാപൂർവം നോക്കിനടത്താൻ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!