ദൈവവും ധനവും
"ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനോട് ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സ്നേഹിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയർ ഇതെല്ലാം കേട്ടപ്പോൾ അവനെ പുച്ഛിച്ചു. അവൻ അവരോടു പറഞ്ഞു: മനുഷ്യരുടെ മുൻപിൽ നിങ്ങൾ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാൽ, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക് ഉൽ കൃഷ്ടമായത് ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ്. നിയമവും പ്രവാചകന്മാരും യോഹന്നാൻവരെ ആയിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു. നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാൾ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ്." (ലൂക്കാ 16:13-17)
വിചിന്തനം
നമ്മുടെ ജീവിതത്തിൽ നമ്മൾ സ്വയം ചോദിക്കുവാനോ ഉത്തരം കണ്ടെത്തുവാനോ തീരെ ഇഷ്ടപ്പെടാത്ത ഒരു വിഷയത്തിലേക്കാണ് ഈശോ ഇന്ന് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത്. ആരാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്, സ്രഷ്ടാവോ അതോ സൃഷ്ടിയോ ? നമ്മുടെ ചിന്താശക്തിയെ നയിച്ച് നമ്മുടെ ആദർശങ്ങൾക്ക് രൂപം നൽകുന്നതും, നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് നമ്മുടെ ജീവിതപാതകൾ തിരഞ്ഞെടുക്കുന്നതുമൊക്കെ ഈ ചോദ്യത്തിന്റെ ഉത്തരമാണ്. ഒട്ടേറെ കാര്യങ്ങളെ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കാൻ നമുക്ക് സാധിക്കും - പണത്തോടും വസ്തുവകകളോടും ഉള്ള സ്നേഹം, സ്ഥാനമാനങ്ങളിൽ കണ്ടെത്താൻ സാധിക്കുന്ന ശക്തി, പേരിലും പ്രശസ്തിയിലും ഒളിഞ്ഞിരിക്കുന്ന മാദകത്വം, ആസക്തികളിലൂടെ ലഭിക്കുന്ന നൈമിഷിക സുഖങ്ങൾ. അല്ലെങ്കിൽ മറ്റെല്ലാറ്റിനുംമേൽ സർവാധികാരവും ഉള്ള സ്രഷ്ടാവായ ദൈവം. സൃഷ്ടിയും സ്രഷ്ടാവിനേയും ഒരേ സമയം സ്നേഹിക്കുവാനും തൃപ്തിപ്പെടുത്തുവാനും സാധിക്കില്ല എന്ന് വളരെ വ്യക്തമായ ഭാഷയിലാണ് ഈശോ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഇത്തരമൊരു തിരഞ്ഞെടുപ്പിന്റെ ആവശ്യം ഉണ്ടാകുന്ന അവസരങ്ങളിൽ കാണപ്പെടാത്ത ദൈവത്തിനുപരിയായി കാണപ്പെടുന്ന ലൌകീകവസ്തുക്കളെ യജമാനനായി സ്വീകരിക്കാൻ നമ്മൾ മുതിരാറുണ്ട്. പലപ്പോഴും ആ തീരുമാനത്തിന് പിന്നിലുള്ള പ്രേരകശക്തി, ദൈവത്തെ യജമാനനായി സ്വീകരിച്ചാൽ ലൌകീകവസ്തുക്കൾ എല്ലാം ഉപേക്ഷിച്ച് നിർധനനായി ജീവിക്കേണ്ടിവരും എന്ന തെറ്റായ ചിന്തയാണ്. ലൌകീകസന്പത്തിനെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട് എന്താണ് എന്നും ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ സ്പഷ്ടമാക്കുന്നുണ്ട്.
സമൃദ്ധിയുടെ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നവരാണ് യഹൂദർ. അവരെ സംബന്ധിച്ചിടത്തോളം ദൈവമെന്നാൽ സന്പത്തും പദവിയും ആയിരുന്നു. ദാരിദ്ര്യവും മറ്റു കഷ്ടതകളും ദൈവകോപം ആയിട്ടാണ് അവർ വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ, സന്പത്തിനെയും ദൈവത്തെയും ഒന്നുപോലെ സ്നേഹിക്കാൻ ആവില്ലെന്ന് ഈശോ പറഞ്ഞപ്പോൾ ഫരിസേയർ അതിനെ പുച്ഛിച്ചുതള്ളി. അതിനു ഈശോ നല്കുന്ന മറുപടി, "മനുഷ്യരുടെ മുൻപിൽ നിങ്ങൾ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാൽ, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക് ഉൽ കൃഷ്ടമായത് ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ്", എന്നാണ്. കുഴപ്പം പണത്തിലോ പ്രശസ്തിയിലോ സ്ഥാനമാനങ്ങളിലോ അല്ല; കുഴപ്പം അവ മൂലം നമ്മുടെ ഹൃദയത്തിൽ, അതുമൂലം നമ്മുടെ ജീവിതത്തിലും മറ്റുള്ളവരോടുള്ള നമ്മുടെ ഇടപഴകലിലും ഉണ്ടാകുന്ന, വ്യതിയാനങ്ങളിലാണ്. സന്പത്ത് ദൈവത്തിന്റെ ഒരു ദാനമാണ്, അതുള്ളവർ അതുപയോഗിച്ച് ദൈവത്തെ മഹാത്വപ്പെടുത്തുകയാണ് വേണ്ടത്. തനിക്കിഷ്ടമുള്ളതുപോലെ വിനിയോഗിക്കാനുള്ളതാണ് തന്റെ സന്പത്ത് എന്ന അഹങ്കാരം ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവണം. തന്നെക്കാൾ കഴിവുകുറഞ്ഞവരെ സഹായിക്കുന്നതിനായി ദൈവം തന്നെ തിരഞ്ഞെടുതിരിക്കുക ആണെന്നും, അതിനാൽ ദൈവത്തിന്റെ സേവകനായി ജീവിച്ചുകൊണ്ട് തന്റെ സന്പത്ത് അയൽക്കാരന്റെകൂടി നന്മക്കായി വിനിയോഗം ചെയ്യാനുള്ളതാണ് എന്ന ബോധ്യത്തോടുകൂടിവേണം നമ്മൾ ജീവിക്കാൻ.
നമുക്കുള്ളതുകൊണ്ടു എന്തു ചെയ്യണം എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയുന്പോഴാണ് നമ്മൾ അവയുടെ യജമാനൻ ആകുന്നത്. നമുക്കുള്ളവയാണ് നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതെങ്കിൽ നാമവയുടെ യജമാനനല്ല, അടിമയാണ്. എല്ലാ സന്പത്തിന്റെയും ഉറവിടവും ഉടയവനുമായ ദൈവത്തിന് നമ്മുടെ സന്പത്ത് ആവശ്യമില്ല. ദൈവത്തിനു ആവശ്യം നമ്മെയാണ്; തന്റെ സമൃദ്ധി എല്ലാവരിലേക്കും പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്ന ദൈവം, അതിനുള്ള ഉപകരണങ്ങളായി നമ്മെ ഓരോരുത്തരെയും വിളിക്കുന്നുണ്ട്. ദൈവത്തെ സ്നേഹിച്ചുകൊണ്ട്, അവിടുത്തെ സന്പന്നത എല്ലാവരിലേക്കും എത്തിക്കുന്ന സേവകരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
സ്നേഹപിതാവേ, എനിക്കുള്ളതെല്ലാം അവിടുത്തെ ദാനമാണ്. എന്റെ എല്ലാ സന്പത്തും സ്ഥാനമാനങ്ങളും ഉപയോഗിച്ച് അങ്ങയെ സ്നേഹിക്കുവാനും, അങ്ങേക്കുവേണ്ടി സേവനം ചെയ്യുവാനും എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ