രോഗങ്ങളുടെമേൽ അധികാരവും ശക്തിയും

"അവൻ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാച്ചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗങ്ങൾ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുന്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച്, സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു." (ലൂക്കാ 9: 1-6)

വിചിന്തനം 

രക്ഷകന്റെ ആഗമനത്തെക്കുറിച്ചുള്ള ഏശയ്യാ പ്രവചനം ഇപ്രകാരം പറയുന്നു, "പീഡിതരെ സദ് വാർത്ത അറിയിക്കുന്നതിനു അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കാനും തടവുകാർക്ക് മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും ...വിലപിക്കുന്നവർക്ക് സമാശ്വാസം നൽകാനും എന്നെ അയച്ചിരിക്കുന്നു" (ഏശയ്യാ 61:1,2). തന്റെ പരസ്യജീവിതകാലത്തെ ചുരുങ്ങിയ സമയത്ത് ഈശോ ഈ പ്രവചനം പൂർത്തീകരിക്കുകയാണ് ചെയ്തത്. ദൈവരാജ്യത്തിന്റെ സദ്വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നുകൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു രോഗശാന്തികളിലൂടെയും മറ്റ് അത്ഭുതങ്ങളിലൂടെയും ആശ്വാസം നല്കിയും, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക് ദൈവത്തിന്റെ കരുണ പകർന്നുനൽകി അവരെ മോചിപ്പിച്ചും, ദൈവജനമെല്ലാം ദൈവമഹത്വം ദർശിക്കുവാൻ ഈശോയുടെ പ്രവൃത്തികളിലൂടെ ദൈവം ഇടയാക്കി. എന്നാൽ, കേവലം മൂന്നുവർഷം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല യേശുവിന്റെ രക്ഷാകരപ്രവർത്തനം. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലമെല്ലാം അത് തുടർന്നുകൊണ്ടു പോകണം എന്നതായിരുന്നു ദൈവഹിതം. തന്റെ മരണശേഷം, താൻ തിരഞ്ഞെടുത്തുയർത്തിയ തന്റെ ശിഷ്യർ ദൈവമഹത്വത്തിനായുള്ള കാര്യങ്ങൾ തുടർന്നു കൊണ്ടുപോകേണ്ടതിനു ആവശ്യമായ അധികാരവും ശക്തിയും യേശു അവർക്ക് നൽകുന്നതാണ് ഇന്നത്തെ വചനഭാഗത്തിന്റെ പ്രതിപാദ്യവിഷയം. യേശുനാമത്തിൽ എല്ലാ ദുരാത്മാക്കളെയും പുറത്താക്കുവാനും രോഗങ്ങൾ സുഖപ്പെടുത്തുവാനും വചനം പ്രഘോഷിക്കുവാനുമുള്ള അധികാരമാണ് ഈശോ അവർക്ക് നൽകിയത്. യേശുവിൽനിന്നും  ശിഷ്യന്മാർ സ്വീകരിച്ച ഈ അധികാരം അപ്പസ്തോലികസഭയിലൂടെ ഇന്നും നമുക്ക് ലഭ്യമാണ്. എന്നാൽ അത് തിരിച്ചറിഞ്ഞ്, യേശു തന്ന അധിക്കാരവും ശക്തിയും ഉപയോഗിച്ച് നമ്മെയും സമൂഹത്തെയും പാപത്തിന്റെയും രോഗത്തിന്റെയും ബന്ധനങ്ങളിൽനിന്നും മോചിപ്പിക്കാൻ നമുക്കാവുന്നുണ്ടോ?

ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ്, യേശു നാമത്തിൽ ലോകത്തിലേക്ക്‌ അയക്കപ്പെടുന്ന ശിഷ്യരോട് യാതൊരു മുൻ കരുതലുകളുമില്ലാതെ യാത്ര ചെയ്യാനാണ് ഈശോ ആവശ്യപ്പെടുന്നത്. ദൈവത്തിന്റെ ശക്തിയിലും മഹത്വത്തിലും വിശ്വസിക്കുന്നവർക്ക് മാത്രമേ അവിടുത്തെ നാമത്തിൽ സംസാരിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കുകയുള്ളൂ. അങ്ങിനെയുള്ളവർ തങ്ങൾക്കാവശ്യമുള്ളവ യഥാസമയം ക്രമീകരിച്ചു തരുന്ന ദൈവപരിപാലനയിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും വേണം. പകൽ തണലായും രാത്രിയിൽ വെളിച്ചമായും ഇസ്രായേൽ ജനത്തിനൊപ്പം സഞ്ചരിച്ച ദൈവത്തിന്റെ മഹത്വം പഴയ നിയമത്തിൽ അവസാനിക്കുന്നില്ല; ഇന്നത്തെ ലോകത്തിലും അതൊരു ജീവിക്കുന്ന യാഥാർത്ഥ്യം തന്നെയാണ്. "ദൈവത്തിൽ വിശ്വാസമർപ്പിച്ച് നന്മ ചെയ്യുക; അപ്പോൾ ഭൂമിയിൽ സുരക്ഷിതനായി വസിക്കാം. കർത്താവിൽ ആനന്ദിക്കുക; അവിടുന്ന് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും. നിന്റെ ജീവിതം കർത്താവിനു ഭരമേൽപ്പിക്കുക, കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടുന്ന് നോക്കിക്കൊള്ളും" (സങ്കീർത്തനം 37:3-5). നാളയെക്കുറിച്ചുള്ള ആകുലതകളും നമ്മുടെ സ്വാർത്ഥതകളും മാറ്റിവച്ച് ദൈവപരിപാലനയിൽ അഭയം തേടുന്നവർ അതുവഴി ദൈവത്തിന്റെ സ്നേഹവും ശക്തിയും തിരിച്ചറിയുന്നു. 


താനൊന്നുമല്ലെന്നും, എല്ലാം ദൈവത്തിന്റെ കരുണയാണെന്നും ഉള്ള തിരിച്ചറിവാണ് ഒരു വ്യക്തിയെ എളിമയിലേക്ക് നയിക്കുന്നത്. ഇപ്രകാരം ദൈവസ്നേഹത്താൽ നിറഞ്ഞ് സ്വയം എളിമപ്പെടുന്ന ഒരു വ്യക്തി ദൈവവചനം പ്രഘോഷിക്കുകയും ദൈവത്തിന്റെ അധികാരമുപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്പോൾ, ആ വ്യക്തിയിലൂടെ ദൈവത്തിന്റെ ശക്തിയും മഹത്വവും ദൃശ്യമാകുന്നു. ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിച്ച്, അവിടുത്തെ അധികാരവും ശക്തിയും വാക്കാലും പ്രവർത്തിയാലും ലോകത്തിനു വെളിപ്പെടുത്തുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെ രക്ഷയും സൌഖ്യവും ലോകത്തിനു പകർന്നു നൽകാൻ അവിടുത്തെ കൃപയുടെ നീർച്ചാലുകൾ എന്നിലൂടെ ഒഴുക്കണമേ. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അങ്ങയുടെ ജീവദായകമായ വചനം ലോകത്തിനു മുൻപിൽ സാക്ഷ്യപ്പെടുതുന്ന ഒരു ഉപകരണമാക്കി എന്നെ മാറ്റേണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്