ദൈവത്തിന്റെ ബന്ധുക്കൾ

"അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും." (ലൂക്കാ 8:19-21)


വിചിന്തനം 
"മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല" (ഉൽപത്തി 2:18) എന്ന വാക്കുകളോടെയാണ് ദൈവം ആദിയിൽ ആദത്തിനു തുണയായി ഹവ്വയെ സൃഷ്ടിച്ചത്. ഇന്ന്, മാതാപിതാക്കന്മാരിലൂടെയും ബന്ധുമിത്രാദികളിലൂടെയും പടർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ. ഈ ബന്ധങ്ങളെ ദൈവം എത്രമാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ മകുടോടാഹരണമാണ് ഈശോയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും. പ്രായപൂർത്തിയായ ഒരു വ്യക്തിയായല്ല ദൈവം മനുഷ്യനായി രൂപമെടുത്തത്. മറ്റേതൊരു മനുഷ്യനെയുംപോലെ ഒരു സ്ത്രീയുടെ ഉദരത്തിൽ ശിശുവായി രൂപമെടുത്ത്‌, മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വാത്സല്യവും പിരിമുറുക്കങ്ങളും ഒക്കെ അനുഭവിച്ചാണ് ഈശോ വളർന്നത്. ഈശോയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അലങ്കരിച്ചിരുന്നത് അവിടുത്തെ അമ്മയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. കുരിശിൽ പിടഞ്ഞു മരിക്കുന്പോഴും ഈശോ തന്റെ അമ്മയുടെ കാര്യത്തിൽ കാണിച്ച കരുതൽ ആ സ്നേഹത്തിന്റെ ഉദാഹരണമായി എടുത്തുപറയുവാൻ സാധിക്കും. 

ഇന്നത്തെ വചനഭാഗത്തെ യുക്തിയുടെ കണ്ണുകളിൽകൂടി വീക്ഷിച്ചാൽ, തന്നെ കാണാൻ വന്ന അമ്മയെയും ബന്ധുക്കളെയും ഈശോ അവഗണിക്കുകയാണോ ചെയ്തതെന്ന സംശയം ഉയർന്നുവന്നേക്കാം. എന്നാൽ യേശുവിന്റെ സ്നേഹം ഏറ്റവും അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞ പരിശുദ്ധ ആമ്മയ്ക്ക് ആ വാക്കുകൾ ഒരിക്കലും തിരസ്കരണത്തിന്റേതായി തോന്നിയിട്ടുണ്ടാവില്ല. മറിച്ച്, യേശു തന്റെ വാക്കുകളിൽ അമ്മയെക്കുറിച്ച് ഒളിപ്പിച്ചു വച്ചിരുന്ന പ്രശംസ വ്യക്തമായി മനസ്സിലായിട്ടുണ്ടാവും താനും. ഈശോ മറിയത്തെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് കന്യാമറിയം തന്റെ അമ്മ ആയതുകൊണ്ടാണെന്നു പലപ്പോഴും നമുക്ക് തോന്നാം. എന്നാൽ പ്രകൃതിക്കനുസൃതമായ ആ ബന്ധത്തെക്കാളുപരിയായി, പരിശുദ്ധ അമ്മയെ ഈശോയ്ക്ക് ഏറ്റവും പ്രിയങ്കരിയാക്കിയത് ആ അമ്മയുടെ ജീവിതം തന്നെയാണ്. വചനം മാംസമായി തന്റെ ഉദരത്തിൽ സംജാതമാകും എന്ന ദൈവീക സദ്വാർത്ത വിശ്വാസത്തോടെ ഹൃദയത്തിൽ സ്വീകരിക്കുകയും, ദൈവഹിതമറിഞ്ഞു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു എന്നതാണ് കന്യാമറിയത്തെ ദൈവമാതാവാക്കി മാറ്റിയ സവിശേഷ പുണ്യം. യേശു തന്റെ പരസ്യജീവിതം തുടങ്ങിയതിനുശേഷം വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ അമ്മ ജനങ്ങളുടെ മുൻപിൽ എത്തുന്നുള്ളൂ. വളരെ വിരളമായി ലഭിച്ച ഒരവസരം ഉപയോഗിച്ച് അവിടെ കൂടിയിരുന്ന ജനങ്ങളോട് തന്റെ അമ്മയുടെ ഗുണഗണങ്ങൾ വർണ്ണിക്കുകയാണ് ഈശോ. ഒപ്പം പരിശുദ്ധ അമ്മയെപ്പോലെ അവിടെക്കൂടിയിരിക്കുന്ന എല്ലാവർക്കും എങ്ങിനെ  ദൈവത്തിന്റെ ബന്ധുവാകാൻ സാധിക്കും എന്ന് വെളിപ്പെടുത്തി കൊടുക്കുകയുമാണ്. 

"ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്പനകൾ പാലിക്കുക; മനുഷ്യന്റെ മുഴുവൻ കർത്തവ്യവും ഇതുതന്നെ" (സഭാപ്രസംഗകൻ 12:13). ദൈവത്തോടുള്ള ഭയവും ഭക്തിയും ആണ് ഒരാളെ ദൈവവചനം ഗ്രഹിക്കുവാനും അതനുസരിച്ച് ജീവിതത്തിൽ ആവശ്യമായ വ്യതിയാനങ്ങൾ വരുത്താനും പ്രാപ്തനാക്കുന്നത്. പലപ്പോഴും ബന്ധങ്ങൾക്ക് മുൻഗണന നൽകി ദൈവത്തെ മാറ്റിനിർത്തുന്നവരാണ് നാമൊക്കെ. ഉറ്റവർക്കും ഉടയവർക്കും വേണ്ടി പകലന്തിയോളം അദ്ധ്വാനിക്കുകയും അവരോടുള്ള സ്നേഹത്താലും ചിന്തകളാലും മനസ്സു നിറയ്ക്കുകയും ചെയ്യുന്ന നമ്മൾ, ദൈവത്തിനു നമ്മുടെ ജീവിതത്തിൽ എല്ലാറ്റിനും ഉപരിയായ സ്ഥാനം നൽകണം എന്ന പരമപ്രധാനമായ കല്പന മറക്കുന്നു. ദൈവസ്നേഹത്തിലാണ് എല്ലാ മനുഷ്യബന്ധങ്ങളുടെയും അടിസ്ഥാനം; മനുഷ്യബന്ധങ്ങളിൽനിന്നും ദൈവസ്നേഹം എടുത്തുമാറ്റിയാൽ പിന്നീട് അവശേഷിക്കുന്നത് സ്വാർത്ഥതയും ജഡികാസക്തികളും മാത്രമാണ്. ദൈവവചനം ശ്രദ്ധാപൂർവം ശ്രവിച്ച്, അതനുസരിച്ചു ജീവിച്ച്, ദൈവത്തിന്റെ ബന്ധുക്കളാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സ്നേഹപിതാവായ ദൈവമേ, അങ്ങയുടെ സ്നേഹമാണ് എല്ലാ ബന്ധങ്ങളുടെയും സൌഹൃദങ്ങളുടെയും ഉറവിടം. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് അങ്ങയെപ്പോലെ സ്നേഹിക്കാൻ എന്നെയും പഠിപ്പിക്കണമേ. അങ്ങേക്ക് ഹിതകരമായ ബന്ധങ്ങൾ തിരഞ്ഞെടുക്കുവാനും അല്ലാത്തവ ഉപേക്ഷിക്കുവാനുമുള്ള വിവേകവും മനോധൈര്യവും തന്നെന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!