അവനെ കാണാൻ അവൻ ആഗ്രഹിച്ചു


"സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവ് പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും, എലിയാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും, പണ്ടത്തെ പ്രവാചകന്മാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരച്ചേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു." (ലൂക്കാ 9:7-9)

വിചിന്തനം
സുവിശേഷത്തിൽ പലയിടങ്ങളിൽ പലരും യേശുവിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. യേശുവിന്റെ ജനനസമയത്ത് അവിടുത്തെ തിരഞ്ഞെത്തിയ ആട്ടിടയരും വിജ്ഞാനികളും മുതൽ യേശുവിനെ അന്വേഷിച്ച് മരത്തിൽ കയറിയ സക്കേവൂസ് വരെ ഒട്ടേറെപ്പേർ യേശുവിനെ നേരിൽ കാണുവാനും അവനെപ്പറ്റി കൂടുതൽ അറിയുവാനും ആഗ്രഹിച്ചവരാണ്. മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത യേശുവിൽ ഉണ്ടെന്നു മനസ്സിലാക്കി, അതെന്തെന്നു ഗ്രഹിക്കുവാനും, അതുവഴി അവിടുത്തെ കൂടുതൽ അറിയുവാനും ഉള്ള ആഗ്രഹം അവരിലെല്ലാം ഉണ്ടായിരുന്നു. ഇപ്രകാരം യേശുവിനെ അന്വേഷിച്ചവർ അവിടുത്തെ കണ്ടെത്തിയപ്പോൾ, ആ കണ്ടെത്തൽ അവരുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്കും കാരണമായി ഭവിച്ചു. യേശുവിന്റെ അത്ഭുതപ്രവർത്തികളെക്കുറിച്ച് കേട്ടറിഞ്ഞ ഹേറോദേസ് രാജാവിന്റെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ നമ്മൾ കാണുന്നത്.

മറ്റുള്ളവർ സന്തോഷത്തോടെയും ആകാംഷയോടെയും യേശുവിനെ തിരഞ്ഞെങ്കിൽ, ഹേറോദേസ് യേശുവിനെ അന്വേഷിക്കുന്നത് ഭയത്തോടെയും ഉത്‌ക്കണ്‌ഠയോടെയുമാണ്. സ്നാപകയോഹന്നാൻ ഒരു ദൈവപുരുഷനാണെന്നു ഹേറോദേസിന് അറിയാമായിരുന്നു. എങ്കിലും തന്റെ തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ സ്നാപകനെ ഹേറോദേസ് കാരാഗ്രഹത്തിൽ അടച്ചു. മാത്രവുമല്ല, ചെയ്യുന്നത് തെറ്റാണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും, മറ്റുള്ളവരെ പ്രീണിപ്പിക്കുവാനായി പിന്നീട് സ്നാപകനെ വധിക്കുകയും ചെയ്തു. കാപട്യത്താലും വഞ്ചനയാലും നിറഞ്ഞ ഹേറോദേസിന്റെ ഹൃദയത്തിൽ സ്നാപകനെക്കാളും വലിയ ഒരുവനെക്കുറിച്ചുള്ള വാർത്ത പരിഭ്രാന്തി ഉളവാക്കിയത് സ്വാഭാവികം മാത്രമാണ്. ലോകമെങ്ങുമുള്ള അൾത്താരകളിൽ വിശുദ്ധ കുർബ്ബാനയിൽ ഈശോ ഇന്നും ജീവിക്കുന്നുണ്ട്. യേശുവിനെ അന്വേഷിച്ചു അവിടെയണയുന്ന നമ്മുടെ മാനസികാവസ്ഥ എന്താണ്? ചെയ്ത തെറ്റുകൾ ഒളിച്ചുവയ്ക്കാനുള്ള വ്യഗ്രതയോടെയും, പിടിക്കപ്പെടുമോ എന്ന ഭീതിയോടെയും ആണോ നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്? അതോ, എല്ലാ പാപത്തിൽനിന്നും നമ്മെ മോചിപ്പിച്ച്‌ സന്തോഷവും സമാധാനവും പ്രദാനം ചെയ്യാൻ കഴിവുള്ള രക്ഷകനെയോ?

രണ്ടായിരം വർഷം മുൻപെന്നപോലെ ഇന്നും നമ്മുടെ അനുദിനജീവിതത്തിൽ ഈശോ നമുക്ക് പ്രത്യക്ഷനാണ്. പക്ഷേ, വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് മാത്രമേ ഇന്ന് നമുക്ക് യേശുവിനെ കാണുവാൻ സാധിക്കുകയുള്ളൂ. വിശ്വാസത്തിന്റെ ഈ അകക്കണ്ണ് തുറക്കേണ്ടതിനു ജീവിതത്തിന്റെ വിശുദ്ധീകരണം അനിവാര്യമാണ്. പരമാർത്ഥ ഹൃദയത്തോടെ യേശുവിനെ അന്വേഷിക്കുന്നവരാരും നിരാശരായതായി വിശുദ്ധ ഗ്രന്ഥം പറയുന്നില്ല. പരിഭ്രാന്തിയോടെ തന്നെ അന്വേഷിച്ച ഹേറോദേസിനു മുന്പിലും ഈശോ എത്തുന്നുണ്ട്. ഹേറോദേസിന്റെ അധികാരത്തിൽപ്പെട്ട ഗലീലിയനാണ് ഈശോ എന്നറിഞ്ഞ പീലാത്തോസ് അവിടുത്തെ ഹേറോദേസിന്റെ അടുത്തേക്ക് അയക്കുന്നുണ്ട്. എന്നാൽ, പാപത്തിൽ മുഴുകിയ ഹൃദയം യേശുവിന്റെ ദൈവത്വം തിരിച്ചറിഞ്ഞ് അവിടുത്തെ സ്വീകരിക്കുന്നതിൽ നിന്നും ഹേറോദേസിനെ തടഞ്ഞു. "ഹേറോദേസ് പടയാളികളോട് ചേർന്ന് അവനോട് നിന്ദ്യമായി പെരുമാറുകയും അവനെ അധിക്ഷേപിക്കുകയും ചെയ്തു" (ലൂക്കാ 23:11). കാരണം, പാപത്തെ ഉപേക്ഷിക്കുമെന്ന് നിശ്ചയം എടുക്കാത്ത ഒരു വ്യക്തി, പാപത്തിൽ തുടരാൻ തങ്ങളുടെ ഹൃദയത്തെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുന്നു. അവർ വീണ്ടും വീണ്ടും കേൾക്കും, എന്നാൽ മനസ്സിലാക്കുകയില്ല; വീണ്ടും വീണ്ടും കാണും, എന്നാൽ ഗ്രഹിക്കുകയില്ല (cf. ഏശയ്യാ 6:9,10).

ദൈവത്തിന്റെ സ്നേഹം ഹൃദയത്തിൽ സ്വീകരിക്കുന്ന വ്യക്തിയിൽനിന്നും എല്ലാവിധ ഭയങ്ങളും ആകുലതകളും പരിഭ്രാന്തിയും അകന്നുപോകുന്നു. ലോകത്തിനു അനുരൂപരായി കാപട്യം നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, മനസ്സിന്റെ നവീകരണത്തിലൂടെ ദൈവത്തിനു പ്രീതിജനകമായവ എന്തെന്ന് വിവേചിച്ചറിഞ്ഞ്, നിർമ്മലമായ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയെ കാണുന്ന കണ്ണുകളും അങ്ങയെ ശ്രവിക്കുന്ന കാതുകളും എത്രയോ ഭാഗ്യം ചെയ്തവയാണ്. പരമാർത്ഥഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നവർക്ക് അങ്ങ് എന്നും സമീപസ്ഥനാണ്. അങ്ങയെ തേടി കണ്ടെത്തുവാനും അങ്ങയുടെ സ്നേഹത്തിനു മുൻപിൽ എന്നെ മുഴുവനായും സമർപ്പിച്ച്‌ അങ്ങയോടൊപ്പം വസിക്കാനുമുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്കും നൽകേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്