നിത്യജീവന്റെ പാതയിലെ വഴിവിളക്കുകൾ

"ആരും വിളക്കുകൊളുത്തി കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയിൽ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ അത് പീഠത്തിന്മേൽ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാൽ, നിങ്ങൾ എപ്രകാരമാണ് കേൾക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, ഉള്ളവനു പിന്നെയും നല്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും." (ലൂക്കാ 8:16 - 18)


വിചിന്തനം 
വൈദ്യുതി ഉപയോഗിച്ച് വിളക്കുകൾ തെളിയിക്കുന്ന ഒരു കാലഘട്ടത്തിലും രണ്ടായിരം വർഷം മുന്പ് ഈശോ പറഞ്ഞ വിളക്കിന്റെ ഉപമ പ്രസക്തമാണ്. അന്ധകാരമുള്ളിടത്തു വിളക്കു കത്തിച്ചുവച്ചു അവിടം പ്രകാശമാനമാക്കുന്നത് മനുഷ്യൻ എക്കാലവും തുടർന്നുവരുന്ന ഒരു രീതിയാണ്. ഇപ്രകാരം കത്തുന്ന വിളക്കുകൾ നാമൊരിക്കലും ഒളിച്ചു വയ്ക്കാറില്ല. മുറിയുടെ മൂലയിലോ മേശയുടെ അടിയിലോ ഒന്നും അല്ല അത് നമ്മൾ അത് വയ്ക്കുന്നത്, കത്തിച്ച വിളക്ക് ഇപ്പോഴും എല്ലാവർക്കും പ്രകാശം ലഭിക്കാൻ ഉതകുന്നവിധത്തിൽ മുറിയുടെ നടുക്കോ, മറ്റുള്ളവയെക്കാളും ഉയരത്തിലോ ഒക്കെയാണ് സ്ഥാപിക്കാറുള്ളത്. ക്രിസ്തുവിന്റെ ഉപമയിലെ പ്രകാശം പരത്തുന്ന വിളക്ക് ക്രിസ്തുശിഷ്യർ തന്നെയാണ്. പാപാന്ധകാരം നിറഞ്ഞ ലോകത്തിൽ ഇടറിവീണുകൊണ്ടിരുന്ന മനുഷ്യരെ നിത്യജീവനിലേക്ക്‌ വഴികാട്ടുവാനാണ് പ്രകാശമായ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചത്. രക്ഷകനായ യേശുവിലൂടെ പിതാവായ ദൈവത്തിന്റെ പ്രകാശം ഉൾക്കൊള്ളുന്നവരാണ് ക്രിസ്തുവിന്റെ അനുയായികൾ. നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളിലേക്കും ഇടപഴകുന്ന വ്യക്തികളിലേക്കും നമ്മിലെ ഈ പ്രകാശം പരത്തണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. 

തങ്ങളുടെ ജീവിതത്തിലൂടെ യേശുവിന്റെ പ്രകാശം പരത്താൻ സാധിക്കാത്ത ക്രിസ്ത്യാനികൾ പാത്രത്തിനടിയിൽ കത്തിച്ചുവച്ച വിളക്കിന് സമാനമാണ്. മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും ലഭിച്ച പ്രകാശം ഓരോ ക്രിസ്തുശിഷ്യനും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്: "ഓരോ ക്രിസ്ത്യാനിയും യേശുവിന്റെ മൌതീകശരീരത്തിലെ അംഗങ്ങളാണ്. അതിനാൽ, ശരീരത്തിന്റെ അവയവങ്ങൾ തമ്മിൽ പരസ്പരം ഐക്യവും ഒത്തൊരുമയും ഉണ്ടാവേണ്ടത് ആവശ്യമാണ്‌. എന്നാൽ ഇപ്രകാരം പ്രവർത്തിക്കാൻ വിസമ്മതിക്കുന്ന അവയവങ്ങൾ ശരീരത്തിനും തന്നെത്തന്നെയും ഉപയോഗശൂന്യമായി തീരുന്നു." ഒരു വിളക്കിൽനിന്നെന്നപോലെ നിരന്തരം പ്രകാശം പരത്തേണ്ടവരാണ് ക്രിസ്തുശിഷ്യർ. അല്ലാതെ, ഒട്ടേറെ പ്രകാശം വളരെപ്പെട്ടെന്നു തന്നിട്ട് കെട്ടുപോകുന്ന ക്ഷണ പ്രഭ ആകാനല്ല ഈശോ തന്റെ ശിഷ്യരെ ഉത്ബോധിപ്പിക്കുന്നത്. അന്ധകാരത്തിൽ തപ്പിതടയുന്നവർക്ക് യേശുവിലെക്കുള്ള പാത കാണിച്ചുകൊടുക്കുന്ന വഴിവിളക്കുകളാകാൻ ഒരു ക്രിസ്ത്യാനിക്കാവണം. "ഓരോ ക്രിസ്ത്യാനിയും അവരുടെ ജീവിതയിടങ്ങളിൽ തങ്ങളുടെ ജീവിതം ഉദാഹരണമാക്കിയും  വചനത്തിനു സാക്ഷികളായും, മാമ്മോദീസായിലൂടെ ധരിച്ച പുതിയ മനുഷ്യനെയും സ്ഥൈര്യലേപനത്തിലൂടെ ലഭിച്ച പരിശുദ്ധാത്മ ശക്തിയെയും മറ്റുള്ളവർക്ക് വെളിപ്പെടുത്തിക്കൊടുക്കാൻ കടപ്പെട്ടവരാണ്", എന്ന് രണ്ടാം കൌണ്‍സിൽ തുടർന്നു പറയുന്നു.ഇന്ന് നമ്മോടിഴപഴകുന്പോൾ മറ്റുള്ളവർക്ക് നമ്മിൽ യേശുവിന്റെ പ്രകാശം ദർശിക്കാൻ സാധിക്കുന്നുണ്ടോ? നമ്മുടെ ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു അവരുടെ ജീവിതങ്ങളിൽ മാറ്റങ്ങൾ വരുത്താൻ നാം മൂലം അവർക്ക് സാധിക്കുന്നുണ്ടോ? 

ഉള്ളിൽ പാപം മറച്ചുവച്ച് പുറമേ നല്ലവനെന്നു നടിക്കുകയും മറ്റുള്ളവർക്ക് മുൻപിൽ മാതൃകാപരമായ ജീവിതം നയിക്കുകയും ചിലരും നമ്മുടെ ഇടയിലുണ്ട്. മറ്റാരും കാണില്ലെന്ന് ബോധ്യമുള്ളപ്പോൾ തങ്ങളുടെ പാപകരമായ ആഗ്രഹങ്ങളെയും ആസക്തികളെയും ഇവർ തൃപ്തിപ്പെടുത്തുന്നു. എന്നാൽ ഇപ്രകാരം കാപട്യം നിറഞ്ഞ ജീവിതം നയിക്കുന്നവർക്ക് മുന്നറിയിപ്പായി ഈശോ പറയുകയാണ്‌, "മറഞ്ഞിരിക്കുന്നതോന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല". ഒരല്പം പരിശ്രമിച്ചാൽ, മനുഷ്യരുടെ മുൻപിൽ നല്ലവനെന്ന് പേരെടുക്കുവാനും ഒട്ടേറെ ആരാധകരെ സന്പാദിക്കുവാനും ഒക്കെ നമുക്ക് സാധിക്കുമായിരിക്കും. എന്നാൽ, ദൈവത്തിന്റെ പ്രകാശത്തിനുമുന്പിൽ അന്ധകാരത്തിനു സ്ഥാനമില്ല. ആ പ്രകാശത്തിനുമുന്പിൽ നിൽക്കുന്പോൾ, പാപമെന്നു ബോധ്യമുണ്ടായിട്ടും നമ്മൾ രഹസ്യത്തിൽ ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവർത്തികളും വെളിപ്പെടും. മറ്റുള്ളവരുടെ പ്രശംസയ്ക്ക് വേണ്ടിയല്ലാതെ, ദൈവത്തിന്റെ പ്രകാശം പ്രതിഫലിപ്പിച്ച്  മറ്റുള്ളവരെ ദൈവപ്രകാശത്തിലേക്ക് ആനയിക്കുവാനും, അതുവഴി ദൈവത്തിന്റെ സംപ്രീതിക്ക് പാത്രമാകുവാനുമുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങയുടെ രക്ഷാകരമായ സത്യത്തിന്റെ പ്രകാശത്താൽ എന്നെ നയിക്കണമേ. അവിടുത്തെ പ്രകാശം എന്റെ ഹൃദയത്തിൽ നിറച്ച്, എല്ലാ പാപത്തിന്റെയും കാപട്യത്തിന്റെയും അന്ധകാരത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് അങ്ങയുടെ പ്രകാശം വാക്കിലും പ്രവർത്തിയിലും പ്രതിഫലിപ്പിക്കുവാനുള്ള കൃപയേകണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!