നിങ്ങൾ ആവശ്യത്തിനു എണ്ണ കരുതിവച്ചിട്ടുണ്ടോ?

"സ്വർഗ്ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്തു കന്യകമാർക്കു സദൃശ്യം. അവരിൽ അഞ്ചുപേർ വിവേകശൂന്യരും അഞ്ചുപേർ വിവേകമതികളുമായിരുന്നു. വിവേകശൂന്യകൾ വിളക്കെടുത്തപ്പോൾ എണ്ണ കരുതിയില്ല. വിവേകവതികളാവട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തിരുന്നു. മണവാളൻ വരാൻ വൈകി. ഉറക്കം വരുകയാൽ കന്യകകൾ കിടന്നുറങ്ങി. അർദ്ധരാത്രിയിൽ, ഇതാ, മണവാളൻ! പുറത്തു വന്ന് അവനെ എതിരേൽക്കുവിൻ എന്ന് ആർപ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണർന്ന് വിളക്കുകൾ തെളിച്ചു. വിവേകശൂന്യകൾ വിവേകവതികളോട് പറഞ്ഞു: ഞങ്ങളുടെ വിളക്കുകൾ അണഞ്ഞു പോകുന്നതിനാൽ നിങ്ങളുടെ എണ്ണയിൽ കുറേ ഞങ്ങൾക്കു തരിക. വിവേകവതികൾ മറുപടി പറഞ്ഞു: ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരുമെന്നതിനാൽ നിങ്ങൾ വില്പനക്കാരുടെ അടുത്തു പോയി വാങ്ങിക്കൊള്ളുവിൻ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീടു മറ്റു കന്യകമാർ വന്ന്, കർത്താവേ, കർത്താവേ, ഞങ്ങൾക്കു തുറന്നു തരേണമേ എന്ന് അപേക്ഷിച്ചു. അവൻ പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല." (മത്തായി 25:1-13)


വിചിന്തനം 

നമ്മുടെ ഇന്നത്തെ ചുറ്റുപാടുകളിൽ, രാത്രിയിൽ മണവാളന്റെ ആഗമനവും പ്രതീക്ഷിച്ചു വിളക്കും കത്തിച്ച് കാത്തിരിക്കുന്ന കന്യകമാർ അസാധാരണമായ ഒരു കാഴ്ചയാണ്. എന്നാൽ യേശുവിന്റെ കാലത്ത് വിവാഹത്തിനായി മണവാളൻ വധുവിന്റെ വീട്ടിൽ എത്തിയിരുന്നത് രാത്രിയിലായിരുന്നു. മണവാളനും കൂട്ടരും വാദ്യമേളങ്ങളും മറ്റുമായി ഗ്രാമത്തിലൂടെ കുറേ ചുറ്റിസഞ്ചരിച്ചിട്ടേ വധുവിന്റെ വീട്ടിൽ എത്തിയിരുന്നുള്ളൂ. വധുവിന്റെ തോഴിമാരായ യുവതികൾ മണവാളനെ എതിരേൽക്കാൻ വിളക്കുകളുമായി വധുഗൃഹത്തിന്റെ പ്രവേശനകവാടത്തിനു വെളിയിൽ കാത്തിരിക്കുമായിരുന്നു. തെളിച്ച വിളക്കുകളുമായി മണവാളനെ എതിരേറ്റ് എല്ലാവരും വീട്ടുവളപ്പിൽ പ്രവേശിച്ചാൽ പിന്നീട് അവർ പ്രവേശനകവാടം അടയ്ക്കുകയും താമസിച്ചു വരുന്നവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് വിഭവസമൃദ്ധമായ സദ്യയും കഴിച്ചിട്ട് വരനും വധുവും കൂട്ടാളികൾക്കൊപ്പം വരന്റെ ഭവനത്തിലേക്ക്‌ പോവുകയായിരുന്നു പതിവ്. 

ഈ ഉപമയിലൂടെ യേശു തന്റെ രണ്ടാം വരവിനെക്കുറിച്ചും, ആ സമയത്ത് യേശുവിനൊപ്പം സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനായി പ്രവേശിക്കുന്നവരെക്കുറിച്ചും, വിവേകരാഹിത്യം മൂലം സ്വർഗ്ഗത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നവരെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ക്രിസ്തുവിന്റെ മണവാട്ടിയാണ് തിരുസഭ. യേശുവിന്റെ രണ്ടാംവരവിനായി കാത്തിരിക്കുന്ന തിരുസഭയ്ക്കൊപ്പം അവിടുത്തേയ്ക്കായി കാത്തിരിക്കുന്ന തോഴികളാണ് സഭയിലെ അംഗങ്ങളായ  നാമെല്ലാം. വിവേകവതികളായ കന്യകമാർ കരുതലുള്ളവരാണ്; മണവാളൻ വരാൻ വൈകിയേക്കും എന്ന് മുൻകൂട്ടി ഗ്രഹിച്ച് ഒരുങ്ങിയിരിക്കുന്നവരാണ് അവർ. വിശ്വാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും അനുതാപത്തിലൂടെയും സൽപ്രവൃത്തികളിലൂടെയും ദൈവകൃപകൾ തങ്ങൾക്കായി ശേഖരിച്ചു വയ്ക്കുന്നവരാണ് അവർ. എന്നാൽ, വിവേകരഹിതരായ കന്യകകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതകൾ തങ്ങൾക്കുണ്ടെന്ന തെറ്റായ ബോധ്യത്തോടെ ഉറങ്ങുന്നവരാണ്. 


യേശുവിന്റെ മറ്റു പ്രബോധനങ്ങളിൽ നിന്നും തികച്ചും വിപരീതമായ ഒന്ന് ഈ ഉപമയിൽ കാണുന്നുണ്ട്: സ്വർഗ്ഗത്തിൽ പ്രവേശനം ലഭിച്ച അഞ്ചു കന്യകമാർ തങ്ങളുടെ കൈയിലുണ്ടായിരുന്ന എണ്ണ ഇല്ലാത്തവരുമായി പങ്ക് വയ്ക്കാൻ വിസമ്മതിച്ചവരാണ്! മേലങ്കി ചോദിക്കുന്നവന് തന്റെ കുപ്പായം കൂടി കൊടുക്കാൻ (cf. ലൂക്കാ 6:29) പഠിപ്പിച്ച ഈശോ എങ്ങിനെയാണ് വിവേകമതികളായ കന്യകമാരുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നത്? അന്ത്യവിധി സമയത്ത് ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികൾക്ക്‌ അനുസൃതമായാണ് വിധിക്കപ്പെടുന്നത്. ആ സമയത്ത് മറ്റുള്ളവർക്ക് ലഭിച്ചിരിക്കുന്ന കൃപകളിൽ ശരണം വച്ച് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ നമുക്കാർക്കും സാധിക്കുകയില്ല. ഞാനെങ്ങിനെയൊക്കെ ജീവിച്ചാലും കുഴപ്പമില്ല, എന്റെ വീട്ടുകാരും വേണ്ടപ്പെട്ടവരും പ്രാർത്ഥിക്കുകയും സൽപ്രവൃത്തികൾ ചെയ്യുകയും ഉള്ളതുകൊണ്ട് ഞാനും രക്ഷപെട്ടോളും എന്ന് ആരും ചിന്തിക്കരുത് എന്നാണ് ഈശോ വ്യക്തമായി നമ്മെ ഓർമ്മിപ്പിക്കുന്നത്. 


വിധിദിനത്തിൽ ഈശോ ഉപയോഗിക്കുന്ന മാനദണ്ഡം എന്തായിരിക്കുമെന്നത് നമുക്ക് അജ്ഞാതമാണ്. ആയതിനാൽ, ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള കൃപ ഞാൻ സന്പാദിച്ചു കഴിഞ്ഞു എന്ന ചിന്തയോടെ അലസതയിലും നിഷ്ക്രിയത്തത്തിലും ജീവിക്കുവാൻ നമ്മൾ ശ്രമിക്കരുത്. ഒരിക്കലും നശിച്ചുപോകാതിരിക്കാൻ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ സ്വരുക്കൂട്ടുന്നവരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 


കർത്താവായ യേശുവേ, അങ്ങേക്കുവേണ്ടി പരിപൂർണ്ണമായ ഒരുക്കത്തോടെ കാത്തിരിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്കിന്നു നൽകേണമേ. അലസതയും അഹങ്കാരവും വെടിഞ്ഞ്, എന്റെ എല്ലാ പ്രവൃത്തികളിലും അങ്ങയെ സേവിക്കുവാനും സ്നേഹിക്കുവാനും എന്നെ പഠിപ്പിക്കണമേ. ആമ്മേൻ. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!