ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവൻ ആകണം

"അവർ പിന്നീട് കഫർണാമിൽ എത്തി. അവൻ വീട്ടിലായിരിക്കുന്പോൾ അവരോടു ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണ് നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? അവർ നിശ്ശബ്ദരായിരുന്നതേയുള്ളൂ. കാരണം, തങ്ങളിൽ ആരാണ് വലിയവൻ എന്നതിനേക്കുറിച്ചാണ് വഴിയിൽവച്ച് അവർ തർക്കിച്ചത്. അവൻ ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമകനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളിൽ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്." (മർക്കോസ് 9:33-37)


വിചിന്തനം 
ഈശോ സുവിശേഷത്തിൽ പല അവസരങ്ങളിലായി തന്റെ പീഡാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചുമൊക്കെ ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, എന്നാൽ ശിഷ്യർക്ക് അക്കാര്യങ്ങൾ പൂർണ്ണമായും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഭാവനകളിലെ ഈശോ ഇസ്രായേലിനെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച്‌ ലൗകീകമായ ഒരു രാജ്യം ഭരിക്കുന്ന ഒരാളായിരുന്നു.  ഈശോ രാജ്യം സ്ഥാപിക്കുന്പോൾ ഏറ്റവും വലിയവന് ആ രാജസഭയിലെ ഏറ്റവും പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന് അവർ കരുതിയിരുന്നു. അതുകൊണ്ടുതന്നെ, തങ്ങളിൽ ആരാണ് വലിയവൻ എന്ന കാര്യത്തിൽ ശിഷ്യന്മാർ തമ്മിൽ വാക്തർക്കങ്ങൾ പതിവായിരുന്നു. അവരുടെ തർക്കങ്ങൾ അവസാനിപ്പിക്കാൻ ഈശോ വളരെ ലളിതമായ ഒരു ഉപാധിയാണ് സ്വീകരിച്ചത്. ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി ഈശോ അവരോടു പറഞ്ഞു, ഒരു ശിശുവിനെ പരിപാലിക്കുന്ന മാതാപിതാക്കൾക്ക് തുല്യനായിരിക്കണം യേശുവിന്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും. ശിശുക്കൾ നിസ്സഹായരാണ്. സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്ത അവർ എല്ലാക്കാര്യങ്ങൾക്കും മറ്റുള്ളവരെയാണ് ആശ്രയിക്കുന്നത്. ഇപ്രകാരം ശിശുക്കളെ പരിപാലിക്കുന്നവർക്ക് ആ ശിശുക്കളിൽ നിന്നും യാതൊരു പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഇതു തന്നെയാണ് ചെയ്യേണ്ടത് - സമൂഹത്തിലെ നിരാലംബരായ ദരിദ്രരായ രോഗികളായ പീഡിതരായ ഓരോരുത്തരെയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുക, അവർക്കു വേണ്ടുന്ന സേവനങ്ങൾ കഴിയുന്ന വിധത്തിലെല്ലാം ചെയ്യുക. 

ഇന്നത്തെ വചനഭാഗത്തിലൂടെ അധികാരത്തിനു ക്രിസ്തീയമായ നിർവചനം നൽകുകയാണ് യേശുനാഥൻ. അധികാരമെന്നതുകൊണ്ട് ലോകം വ്യാഖ്യാനിക്കുന്നത് മറ്റുള്ളവരെ ഭരിക്കുക അല്ലെങ്കിൽ അവരുടെമേൽ ആധിപത്യം പുലർത്തുക എന്നൊക്കെയാണ്. എന്നാൽ യേശുവിലൂടെ ലഭ്യമാകുന്ന അധികാരം മറ്റുള്ളവർക്ക് ആവശ്യമായ സഹായം ചെയ്യുന്നതിനുള്ളതാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോൾ യേശുവിന്റെ ഈ പ്രബോധനം ശിഷ്യന്മാർ ഇപ്രകാരം ഹൃദയത്തിൽ ഗ്രഹിച്ചു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വർഷങ്ങൾക്കുശേഷം. പത്രോസ്ശ്ലീഹാ തന്റെ ലേഖനത്തിലൂടെ സഭയിലെ ശ്രേഷ്ഠന്മാർക്കു നൽകുന്ന ഉപദേശം, "നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധംമൂലം ആയിരിക്കരുത്, ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേശ്ച്ചയോടെ ആയിരിക്കരുത്, തീഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം" (1 പത്രോസ് 5:2,3). അധികാരം ദൈവം അംഗീകരിക്കുന്ന ഒരു നന്മയാണ്. പക്ഷെ ആ നന്മ ഒരു അനുഗ്രഹമായി മാറണമെങ്കിൽ, അധികാരമുപയോഗിക്കുന്ന വ്യക്തി കല്പനകളും മൂല്യങ്ങളും അനുസരിച്ച് മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നവനാകണം. അനുസരണം അധികാരത്തിൽനിന്നും വേറിട്ടു നിൽക്കുന്ന ഒന്നല്ല. അധികാരത്തിനു കീഴ്പ്പെട്ടവർ അധിക്കാരിയെ അനുസരിക്കുന്നതുപോലെ തന്നെ, അധികാരിയും തന്റെ അധികാര പരിധിക്കുള്ളിൽ വരുന്നവരുടെ ആവശ്യങ്ങളും അവസ്ഥകളും മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്.

ജീവിതത്തിൽ ഉയർന്ന സ്ഥാനങ്ങളും അധികാരവും ഒക്കെ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എതെങ്കിലുമൊക്കെ തലങ്ങളിൽ ഒന്നാമനാകണം എന്നാഗ്രഹമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാൽ, മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യാനുള്ള താല്പര്യമാണോ അതോ മറ്റുള്ളവരെ ഭരിക്കുകവഴി സ്വസന്തോഷമാണോ നമ്മുടെ അധികാരം വേണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രേരകശക്തി? ഈശോയെ മാതൃകയായി സ്വീകരിച്ച്, ദൈവം നമുക്ക് നൽകിയിരിക്കുന്ന പ്രത്യേക കഴിവുകളും സ്ഥാനമാനങ്ങളും മറ്റുള്ളവരുടെ നന്മയ്കായി ഉപയോഗിക്കുവാനുള്ള ഹൃദയലാളിത്യത്തിനായി നമുക്കും പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, ലോകത്തിനനുരൂപരായി ചിന്തിച്ച് സ്വാർത്ഥതാൽപര്യങ്ങളെ പ്രീണിപ്പിക്കാൻ എന്റെ പ്രത്യേകമായ കഴിവുകളും അധികാരങ്ങളും ഉപയോഗിച്ച അവസരങ്ങളെ ഓർത്ത് ഞാൻ മാപ്പപേക്ഷിക്കുന്നു. അവിടുത്തെ പരിശുദ്ധാത്മാവിനെ അയച്ച് എന്റെ എല്ലാ പ്രവർത്തനമേഖലകളെയും വിശുദ്ധീകരിക്കണമേ. എന്റെ അധികാരങ്ങളും കഴിവുകളും ഉപയോഗിച്ച് അങ്ങയുടെ സ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ എന്നെ പ്രാപ്തനാകണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്