ഇല്ലായ്മയിൽനിന്നും സമൃദ്ധിയിലേക്ക്



വിചിന്തനം 
യേശുവിന്റെ വ്യക്തി ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു സ്നാപക യോഹന്നാൻ. പരിശുദ്ധ അമ്മയുടെ ഇളയമ്മയായ എലിസബത്തിന്റെ മകനായ സ്നാപകനെ ഈശോയുടെ വരവിനു പാതയോരുക്കുവാൻ  പിതാവായ ദൈവം തിരഞ്ഞെടുത്ത് അയച്ചതായിരുന്നു. ഹേറോദോസ് രാജാവ് സ്നാപകനെ ശിരസ്സറത്തു കൊന്നു എന്ന വാർത്ത ഈശോയെ തീർച്ചയായും ദുഃഖത്തിൽ ആഴ്ത്തിയിട്ടുണ്ടാവും. ആ വേദനയകയറ്റാനും മറ്റുമായി ഒരു വിജന സ്ഥലത്തേക്ക് തനിച്ചു പോകുകയാണ് ഈശോ ചെയ്തത്. എന്നാൽ, യേശു അവിടെയുണ്ടെന്ന് ഗ്രഹിച്ച ജനങ്ങൾ തങ്ങളുടെ വേദനകളും ആകുലതകളും രോഗങ്ങളുമായി അവിടെയും യേശുവിനെ തിരഞ്ഞെത്തി. അൽപ സമയമെങ്കിലും ഏകാന്തത ആഗ്രഹിച്ച യേശുവിനു പക്ഷേ ആ ജനക്കൂട്ടത്തോട്‌ അനുകന്പ തോന്നി. തന്റെ സ്വകാര്യ ദുഃഖങ്ങൾ മാറ്റിവച്ച് ഈശോ അവരെ സഹായിക്കുവാൻ തുടങ്ങി. നമ്മുടെ ജീവിതത്തിലും വേദനാജനകമായ ഒട്ടേറെ അവസരങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഈ അവസരങ്ങളുമായി രമ്യപ്പെടാൻ ഏകാന്തത നമ്മൾ ആഗ്രഹിക്കാറുണ്ട്. അല്ലെങ്കിൽ ക്ഷീണംമൂലം പലപ്പോഴും കുറേ സമയം മറ്റൊന്നിലും ശ്രദ്ധിക്കാതെ ഒറ്റക്കായിരിക്കുവാൻ നമ്മൾ കൊതിക്കാറുണ്ട്. ഈ അവസരങ്ങളിലൊക്കെ ഓരോ പ്രശ്നങ്ങളുമായി നമ്മുടെ ഏകാന്തതയെ ആലോരസപ്പെടുത്തുന്നവരോട് നമുക്കുള്ള സമീപനം എന്താണ്? നമ്മുടെ ദുഃഖങ്ങൾ മാറ്റിവച്ച് അവരുടെ വേദന മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കുവാനും സഹായിക്കുവാനും നമുക്കാവുന്നുണ്ടോ? 

നാലു സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അത്ഭുതമാണ് ഈശോ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തിലധികം പേരെ തൃപ്തരാക്കിയ സംഭവം. സ്നാപകന്റെ മരണവുമായി തൊട്ടുചേർന്നു നിൽക്കുന്ന ഒന്നായതിനാൽ, ഈശോ ഈ അത്ഭുതത്തിലൂടെ തന്റെ ദൈവീകത്വം അതിന്റെ പൂർണ്ണതയിൽ ജനങ്ങൾക്ക്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി കാണുവാൻ സാധിക്കും. സ്നാപകന്റെ പ്രവചനങ്ങളെ ജനങ്ങൾക്ക്‌ മുൻപിൽ അന്വർത്ഥമാക്കുക വഴിയായി യോഹന്നാൻ യഥാർത്ഥത്തിൽ ഒരു പ്രവാചകൻ ആയിരുന്നുവെന്ന് ജനങ്ങൾ ഗ്രഹിക്കണമെന്ന് ഈശോ തീർച്ചയായും ആഗ്രഹിച്ചിരുന്നു. ആ സംഭവത്തിൽ പങ്കാളികളായ എല്ലാവരും തീർച്ചയായും ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കിയത് ഓർമ്മിച്ചിട്ടുണ്ടാവാം. വരാനിരിക്കുന്ന കാലങ്ങളിൽ ലോകമെന്പാടുമുള്ള ജനങ്ങളുടെ ആത്മാവിന്റെ വിശപ്പടക്കുന്നതിനായി അപ്പത്തിന്റെ രൂപത്തിൽ ഈശോ തന്റെ ശരീരം തന്നെ നൽകുന്നതിന്റെ ഒരു മുന്നോടിയും ആയിരുന്നു ഈ അത്ഭുതം. 

മനുഷ്യദൃഷ്ടിയിൽ അഞ്ച് അപ്പവും രണ്ടുമീനും ജനക്കൂട്ടത്തിന്റേത് പോയിട്ട് ഒരു കുടുംബത്തിന്റെ പോലും വിശപ്പടക്കാൻ പര്യാപ്തമായെന്നു വരികയില്ല. എന്നാൽ ദൈവത്തിന്റെ കരസ്പർശമേറ്റപ്പോൾ അവ വലിയൊരു ജനക്കൂട്ടത്തിന്റെ വിശപ്പടക്കുവാൻ ഉപയുക്തമായെന്നു മാത്രമല്ല, ധാരാളമായി ബാക്കി വരാനും കാരണമായി. നിസ്സാരമെന്നു കരുതി നമ്മൾ കാര്യമാക്കി എടുക്കാത്ത നമ്മിലെ പല കഴിവുകളും വിശ്വാസത്തോടെ ദൈവകരങ്ങളിലേക്ക് കൊടുക്കാൻ നാം തയ്യാറായാൽ, അവ ഉപയോഗിച്ച് നമുക്ക് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ഇന്നും ദൈവത്തിനാകും. വേദനകളും ക്ഷീണവും ഇല്ലായ്മയുമെല്ലാം തന്റെ ദൈവീകത്വത്തിലൂടെ മറ്റുള്ളവരെ സഹായിക്കാനുള്ള ഉപാധിയാക്കി മാറ്റിയ ഈശോയുടെ ശിഷ്യരായി, അവിടുത്തെ പാത പിന്തുടരുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കൃപകളുടെ ദാതാവായ കരുണാമയനായ കർത്താവേ, ഇല്ലായ്മയിൽ നിന്നും അവിടുത്തെ വചനമയച്ച് എല്ലാം സൃഷിച്ചവനാണങ്ങ്.  അങ്ങയുടെ മഹാമനസ്കതയും മാഹാത്മ്യവും എന്റെ ജീവിതത്തിലും അനുഭവിച്ചറിയുവാനുള്ള കൃപ അവിടുത്തെ ദാനമായ പരിശുദ്ധാത്മാവിലൂടെ എനിക്കും നൽകേണമേ. ആമ്മേൻ. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!