കുറഞ്ഞ വിലയ്ക്ക് അമൂല്യമായത് ലഭിക്കും

"സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വർഗ്ഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുന്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46)

വിചിന്തനം 
വിൽക്കപ്പെടുന്ന വസ്തുവകകളുടെ വില, പ്രത്യേകിച്ച് ഭൂമി പോലുള്ളവയുടെ, നിശ്ചയിക്കുന്നത് വിൽക്കുന്ന വ്യക്തിയുടെയും വാങ്ങുന്ന വ്യക്തിയുടെയും ആവശ്യമനുസരിച്ചാണ്. അത്യാവശ്യത്തിനു വിൽക്കുന്ന വ്യക്തി നടപ്പുവിലയേക്കാൾ കുറച്ചും, അത്യാവശ്യം കൊണ്ടോ വസ്തുവിന്റെ ഭാവി സാധ്യത മനസ്സിലാക്കിയോ വാങ്ങുന്ന വ്യക്തി പലപ്പോഴും നടപ്പുവിലയേക്കാൾ കൂടുതലും നൽകാൻ തയ്യാറായെന്നു വരാം. ഇന്നത്തെ വചനഭാഗത്തിലെ വയലും രത്നവും പ്രത്യക്ഷത്തിൽ കാണുന്നതിലുമേറെ വിലയുള്ളതാണ്. അമൂല്യമായ ഒരു നിധി മറ്റൊരാളുടെ വയലിൽ കണ്ടെത്തുന്ന വ്യക്തിയുടെയും വളരെ വിലമതിക്കുന്ന ഒരു രത്നം മറ്റൊരാളുടെ കൈവശം കണ്ടെത്തുന്ന വ്യാപാരിയുടെയും അവസ്ഥ ഒന്നുതന്നെയാണ്. വിൽക്കുന്ന വ്യക്തികൾ നിധിയുടെയോ അസാധാരണമായ ഒരു രത്നത്തിന്റെയോ വില അല്ല ചോദിക്കുന്നത്, അവർ കേവലം നിധി ഒളിഞ്ഞിരിക്കുന്ന വയലിന്റെയും ഒരു സാധാരണ രത്നത്തിന്റെയും വില മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. എന്നിരുന്നാലും, ആ കുറഞ്ഞ വിലയ്ക്ക് വയലോ രത്നമോ വാങ്ങാൻ ആവശ്യമായ പണം അവരുടെ രണ്ടുപേരുടെയും പക്കലില്ല! എന്നിരുന്നാലും തങ്ങളുടെ കൈവശം ഉള്ള മറ്റെന്തിനേക്കാളും വിലയുള്ളതാണ് ആ നിധിയും രത്നവും എന്ന് മനസ്സിലാക്കിയ അവർ തങ്ങൾക്കുള്ളതെല്ലാം സന്തോഷപൂർവം വിറ്റ് ആ വയലും രത്നവും കൈക്കലാക്കുകയാണ് ചെയ്യുന്നത്. 

ഈ രണ്ടു വ്യക്തികൾക്കും സമാനമായ ഒരവസരം  നമ്മുടെ ജീവിതത്തിലും ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഭാവിസാധ്യതകൾ പൂർണ്ണമായി ഗ്രഹിക്കാതെ ആരെങ്കിലും എന്തെങ്കിലും വിൽക്കുന്നുണ്ടോ എന്ന് നിരന്തരം നമ്മൾ തിരയാറുണ്ട്. അവ കണ്ടെത്തുന്പോൾ സന്തോഷപൂർവം വാങ്ങാറുമുണ്ട്. നമുക്കുള്ള സകല സന്പത്തിനെയുംകാൾ വിലയേറിയതാണ് സ്വർഗ്ഗരാജ്യം. സ്വർഗ്ഗരാജ്യം അവകാശമാക്കുക എന്നുവച്ചാൽ യേശു ക്രിസ്തുവിനോടൊപ്പം പിതാവായ ദൈവത്തിന്റെ സകല സന്പന്നതയിലും അവകാശി ആകുക എന്നാണർത്ഥം. നമുക്കാവശ്യമുള്ളതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ ദൈവമെന്നു പൗലോസ്‌ അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നു, "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സന്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും" (ഫിലിപ്പി 4:19). അങ്ങിനെയെങ്കിൽ, ഇന്ന് സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ ഒരവസരം ലഭിക്കുകയാണെങ്കിൽ നമുക്കെല്ലതെല്ലാം വിറ്റ് അത് കരസ്ഥമാക്കാൻ നമ്മൾ തയ്യാറാകുമോ? 

അമൂല്യമായ നിധി പോലെയും രത്നം പോലെയും, നമുക്കുള്ള എന്തുതന്നെ പകരം കൊടുത്താലും അത് സ്വർഗ്ഗരാജ്യത്തിന്റെ വിലയാകില്ല. ഇതറിയാവുന്ന സ്നേഹപിതാവായ ദൈവം വളരെ തുച്ചമായ വിലയ്ക്ക് സ്വർഗ്ഗരാജ്യം നമുക്ക് നൽകാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ മുൻപിൽ തുലോം നിസ്സാരമായ നമ്മുടെ ജീവിതം ആണ് ദൈവം സ്വർഗ്ഗരാജ്യത്തിന്റെ വിലയായി നമ്മിൽനിന്നും ആവശ്യപ്പെടുന്നത്. ദൈവരാജ്യം സ്വന്തമാക്കുവാൻ നമുക്കുള്ള ഒട്ടേറെ കാര്യങ്ങൾ വിൽക്കാൻ നാം പലപ്പോഴും നിർബന്ധിതരാകാറുണ്ട്. നമ്മുടെ ചില ജീവിത രീതികൾ, ചില സ്വഭാവങ്ങൾ, ചില സുഹൃത്ബന്ധങ്ങൾ, ചില വരുമാന മാർഗ്ഗങ്ങൾ ഒക്കെ പലപ്പോഴും സ്വർഗ്ഗരാജ്യത്തിനു പകരമായി ദൈവം നമ്മിൽനിന്നും ആവശ്യപ്പെട്ടു എന്നു വരാം. ദൈവരാജ്യം കരസ്ഥമാക്കുന്നതിന് തടസ്സമായി നമ്മിലുള്ള എല്ലാറ്റിനെയും ത്യജിച്ച്, ആ ത്യാഗങ്ങൾ മൂലം ഉണ്ടാകുന്ന വേദനകളും ബുദ്ധിമുട്ടുകളും സ്വർഗ്ഗീയ സൌഭാഗ്യങ്ങൾക്കു പകരമായി ദൈവസന്നിധിയിൽ കാഴ്ച വയ്ക്കാനുമുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, അങ്ങയിലൂടെ ലഭ്യമായ സൌഭാഗ്യങ്ങളുടെ വില മനസ്സിലാക്കുവാനും, അതുവഴി ഞങ്ങൾ നിരന്തരം അങ്ങയുടെ രാജ്യവും നീതിയും അന്വേഷിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് അങ്ങയിലൂടെ മാത്രം ലഭ്യമായ സന്തോഷവും സമാധാനവും അനുഭവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്