മൂന്ന് ഇടങ്ങഴി മാവിലെ പുളിമാവ്‌

"വേറോരുപമ അവൻ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശ്യം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുന്പോൾ അത് മറ്റു ചെടികളേക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായി തീരുന്നു. മറ്റൊരുപമ അവൻ അവരോടു അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴി മാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശ്യമാണ് സ്വർഗ്ഗരാജ്യം. ഇതെല്ലാം യേശു ഉപമകൾവഴിയാണ് ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാൻ ഉപമകൾവഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഡമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചകവചനം പൂർത്തിയാക്കാനായിരുന്നു ഇത്." (മത്തായി 13: 31-35)

വിചിന്തനം 
സ്വർഗ്ഗരാജ്യം എന്തെന്ന് ഗ്രഹിക്കുവാനോ, അവിടെ എന്തെല്ലാം ഉണ്ടെന്നു വിഭാവനം ചെയ്യുവാനോ മനുഷ്യബുദ്ധിക്ക് ആവില്ല. എങ്കിലും, സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ്  എല്ലാ മനുഷ്യർക്കും  ഉണ്ടാകണമെന്ന ആഗ്രഹത്തോടെ, അനുദിന ജീവിതത്തിൽ സർവസാധാരണമായ ഒട്ടേറെ വസ്തുക്കളുമായി ഈശോ സ്വർഗ്ഗരാജ്യത്തെ തുലനം ചെയ്യുന്നുണ്ട്. വാക്കുകൾക്കതീതമായ ദൈവരാജ്യം മനുഷ്യഹൃദയങ്ങളിൽ എങ്ങിനെ സ്ഥാനം കണ്ടെത്തുന്നു എന്ന് വ്യക്തമാക്കാൻ യേശു ഉപയോഗിക്കുന്ന പ്രതീകങ്ങളാണ് കടുകുമണിയും പുളിമാവും. കടുകുമണി എല്ലാ വിത്തുകളെയുംകാൾ വളരെ ചെറുതാണ്. എന്നാൽ അത് മണ്ണിലിട്ടു മുളപ്പിച്ച് വളർത്തിയെടുത്താൽ അത് മറ്റ് അനേക ചെടികളേക്കാൾ വലിപ്പമുള്ളതായി മാറുന്നു. ഒട്ടേറെ ശിഖരങ്ങളുമായി പടർന്നുപന്തലിക്കുന്ന അതിന്റെ ഉത്ഭവം വെറുമൊരു കടുകുമണിയിൽ നിന്നും ആയിരുന്നുവെന്നത്‌ പലപ്പോഴും നമ്മൾ മറക്കുന്നു.

അതുപോലെതന്നെ, ഭക്ഷണമേശകളിൽ ഒരു പ്രധാന സ്ഥാനം കരസ്ഥമാക്കിയിരിക്കുന്ന റൊട്ടിയുടെ തുടക്കം അതിനുള്ള മാവിൽ പുളിമാവ്‌ ചേർക്കുന്നതിലാണ്. ഒട്ടേറെ മാവിൽ ചേർക്കപ്പെടുന്ന ഒരല്പം പുളിമാവാണ് ആ റോട്ടിക്കുള്ള മാവിനെ മുഴുവൻ മയമുള്ളതും രുചികരവും ആക്കി മാറ്റുന്നത്. പുളിമാവ്‌ മാത്രമായെടുത്താൽ അത് ഭക്ഷണയോഗ്യമായ ഒന്നായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ശരിയായ അളവിൽ ആ പുളിമാവു ചേർത്ത് റോട്ടിക്കുള്ള മാവ് കുഴച്ചു കഴിയുന്പോൾ, ആ പുളിമാവിലൂടെ ആ  മാവിൽ ഒളിഞ്ഞുകിടന്നിരുന്ന രുചി പുറത്തുവരുന്നു. സ്വർഗ്ഗരാജ്യം എന്തെന്ന് ലോകത്തിനു വെളിപ്പെടുത്തികൊടുക്കാൻ നിയുക്തരായിട്ടുള്ള പുളിമാവാണ് ഓരോ ക്രിസ്തു ശിഷ്യനും. വചനത്തിലൂടെ ദൈവം നൽകിയിരിക്കുന്ന വെളിപ്പെടുത്തലുകൾ വ്യക്തിജീവിതത്തിൽ പകർത്തുവാനും, അതനുസരിച്ച് ജീവിക്കുകവഴി നമുക്ക് ചുറ്റുമുള്ളവർക്ക് നല്ല മാതൃകയാകാനും, അതുവഴി ദൈവരാജ്യത്തിന്റെ ദൂത് അവരിലേക്കെത്തിക്കുവാനും കടപ്പെട്ടവരാണ് എല്ലാ ക്രിസ്ത്യാനികളും. യേശുവിന്റെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ സാമീപ്യം മറ്റുള്ളവരെ സങ്കടങ്ങളിൽനിന്നും സന്തോഷത്തിലേക്കും, നിരാശയിൽനിന്നും പ്രത്യാശയിലേക്കും, വെറുപ്പിൽനിന്നും ക്ഷമയിലേക്കും, അന്ധകാരത്തിൽനിന്നും പ്രകാശത്തിലേക്കും നയിക്കുന്നതാവണം. ഇന്ന് നമ്മുടെ സാമീപ്യം മറ്റുള്ളവരിൽ എന്ത് പ്രതികരണമാണ് സൃഷ്ടിക്കുന്നത്‌?

മാവിൽ ചേർക്കാതെ കുറേക്കാലം വച്ചിരുന്നാൽ പുളിമാവിന്റെ ഉറകെട്ട് അത് നിർജ്ജീവമായി തീരും, അത് പിന്നീട് പുറത്തെറിഞ്ഞു കളയാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ദൈവം നൽകുന്ന പ്രചോദനങ്ങൾ അനുസരിച്ചു ജീവിക്കുകയോ, അങ്ങിനെ ജീവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യാത്ത വ്യക്തികളുടെയും അവസ്ഥ ഇതിൽനിന്നും വ്യത്യസ്തമല്ല. ദൈവവചനം അനുസരിച്ച് ജീവിച്ചിട്ടും, അതു  കണ്ട് നമ്മുടെ ചുറ്റുമുള്ളവരിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കിൽ അതിൽ നിരാശപ്പെടേണ്ട കാര്യമില്ലെന്നും പുളിമാവിന്റെ ഉപമ നമ്മെ ഓർമ്മിപ്പിക്കുന്നു. മാവിനോപ്പം ചേർക്കുന്ന ഉടനേതന്നെ പുളിമാവിന്റെ സ്വാധീനം മാവിൽ നമുക്കനുഭവപ്പെട്ടു എന്നു വരുകയില്ല. പുളിമാവു ചേർത്ത് കുറേസമയം വച്ചുകഴിയുന്പോഴാണ് മാവ് രുചികരമായ റൊട്ടി ഉണ്ടാക്കുവാൻ സഹായകമായ ഒന്നായി മാറുന്നത്. ഇതുപോലെതന്നെ, പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവരിലെ മാനസാന്തരവും മെല്ലെമെല്ലെ ആയിരിക്കും സാധ്യമാകുന്നത്. ദൈവരാജ്യമാകുന്ന സദ്‌വാർത്ത ഭൂമിയിലെങ്ങും എത്തിക്കാനുതകുന്ന ക്രിസ്തുശിഷ്യരായ പുളിമാവാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

വിശുദ്ധിയുടെ ഉറവിടമായ ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറച്ച് വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്ന പുതിയ മനുഷ്യനായി എന്നെ രൂപാന്തരപ്പെടുതണമേ. എന്റെ ജീവിതം കണ്ട് എന്റെ ചുറ്റുമുള്ളവർ അങ്ങയെ അറിയുവാനും, അങ്ങയുടെ സ്വർഗ്ഗരാജ്യം അന്വേഷിക്കുവാനും കൃപയെകണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!