വലയിലുള്ളതെല്ലാം വിലയുള്ളതല്ല

"സ്വർഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. വല നിറഞ്ഞപ്പോൾ അവർ അത് കരയ്ക്കു വലിച്ചുകയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്മാർ ദുഷ്ടന്മാരെ നീതിമാന്മാരിൽനിന്നു വേർതിരിക്കുകയും അഗ്നികുണ്‍ ഡത്തിലേക്ക് എറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും. നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ, അവൻ ചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു. അവൻ തുടർന്നു: സ്വർഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീരുന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ." (മത്തായി 13:47-52)

വിചിന്തനം 
കോരുവല ഉപയോഗിച്ച് മീൻപിടിക്കുന്ന സന്പ്രദായം യേശുവിന്റെ കാലട്ടത്തിൽ പലസ്തീനാ പ്രദേശങ്ങളിൽ സർവസാധാരണം ആയിരുന്നു. വല വെള്ളത്തിൽ ഇട്ടതിനുശേഷം വള്ളം വെള്ളത്തിലൂടെ ഏറെദൂരം തുഴയുന്നതുവഴി, നല്ലതോ ചീത്തയോ എന്ന വ്യത്യാസമില്ലാതെ ആ വള്ളത്തിന്റെ പാതയിലുള്ളതെല്ലാം വലയിൽ അടിഞ്ഞിരുന്നു. വല നിറയുന്പോൾ അത് കരയ്ക്കടുപ്പിക്കുകയും വലയിൽനിന്നു നല്ല മത്സ്യങ്ങളെ ശേഖരിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിലേക്ക് ആളുകളെ ശേഖരിക്കാൻ എറിയപ്പെട്ട വല ക്രിസ്തുവിന്റെ ശരീരമാകുന്ന തിരുസഭ തന്നെയാണ്. യാതൊരു തിരിച്ചുവ്യത്യാസങ്ങളും ഇല്ലാതെ തന്റെ അടുത്തേക്ക് വരുന്ന എല്ലാവരെയും സഭ സ്വീകരിക്കുന്നു. മാമ്മോദീസായിലൂടെ ഒരിക്കൽ തിരുസഭയിൽ അംഗങ്ങളാകുന്നവർ, പാപിയെന്നോ നീതിമാനെന്നോ ഉപയോഗമുള്ളവനെന്നോ ഇല്ലാത്തവനെന്നോ വേർതിരിവില്ലാതെ സഭാംഗങ്ങൾ തന്നെയാണ്. ചില പ്രത്യേക യോഗ്യതകൾ ഉള്ളവരെ മാത്രം തിരഞ്ഞെടുക്കുകയും മറ്റുള്ളവരുടെ മുൻപിൽ വാതിൽ അടയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ അല്ല തിരുസഭ. അതുകൊണ്ടുതന്നെ തിരുസഭയിലെ അംഗത്വം ഒന്നുകൊണ്ടുമാത്രം ദൈവരാജ്യത്തിനു അർഹരായിത്തീരാമെന്നു ചിന്തിക്കുന്നത് ഭോഷത്തമാണ്. ക്രിസ്തുമതത്തിൽ അംഗത്വം ഉള്ളതുകൊണ്ട് സ്വർഗ്ഗരാജ്യം അവകാശമായി ലഭിക്കും എന്ന  വിശ്വാസവുമായി യഥേഷ്ടം ജീവിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്? 

പുതിയത് ലഭിക്കുന്പോൾ പഴയത് തള്ളിക്കളയുന്ന സ്വഭാവം മനുഷ്യസഹജമാണ്. എന്നാൽ, ദൈവരാജ്യം കരസ്ഥമാക്കാനുദ്യമിക്കുന്ന ഏതൊരു വ്യക്തിയും പുതിയതിനോപ്പം പഴയതും സൂക്ഷിക്കുകയും, ആവശ്യം വരുന്പോൾ അവ രണ്ടും പുറത്തെടുക്കുകയും ചെയ്യണമെന്നും ഈശോ ഓർമ്മിപ്പിക്കുന്നുണ്ട്. ഈശോ ഉദ്ദേശിക്കുന്ന പുതിയതും പഴയതും ദൈവത്തിന്റെ പ്രമാണങ്ങളും പ്രബോധനങ്ങളും ഉടന്പടികളുമാണ്. യേശു വഴി നല്കപ്പെട്ട പുതിയനിയമം പഴയനിയമത്തെ ഇല്ലായ്മ ചെയ്യുന്നില്ല, പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. രക്ഷയുടെ വാഗ്ദാനമാണ് പഴയനിയമം എങ്കിൽ രക്ഷയുടെ പൂർത്തീകരണമാണ് പുതിയ നിയമം. പുതിയനിയമം പഴയനിയമത്തിൽ ഒളിഞ്ഞു കിടക്കുന്നു; പഴയനിയമം പുതിയനിയമത്തിൽ വെളിപ്പെടുന്നു. "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാകുകയും ചെയ്യുന്നു" (2 തിമോത്തെയൂസ് 3:16,17). 

കരയ്ക്ക്‌ വലിച്ചുകയറ്റിയ വലയിൽനിന്നു നല്ലതും ചീത്തയും വേർതിരിക്കപ്പെടുന്നതുപോലെ മനുഷ്യരും വേർതിരിക്കപ്പെടുന്ന ഒരു ദിവസം വരുമെന്നാണ് ഈശോ നമ്മെ ഓർമിപ്പിക്കുന്നത്‌. ദൈവരാജ്യം, ദൈവവചനം സ്വീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് ഉള്ളതാണ്. യേശുവിനെ രക്ഷകനും കർത്താവുമായി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഏറ്റുപറയുന്നവർക്കാണ് നിത്യരക്ഷ ലഭിക്കുന്നത്. പാരന്പര്യംകൊണ്ടോ സാഹചര്യംകൊണ്ടോ തിരുസഭയിൽ അംഗമായി എന്നതിനാൽമാത്രം തങ്ങൾ ദൈവസന്നിധിയിൽ വിലയേറിയവരാണ് എന്ന് അഹങ്കാരത്തോടെ ചിന്തിക്കുന്നവർ ഒരുപക്ഷേ വിധിദിവസത്തിൽ വിലാപത്തിന്റെയും പല്ലുകടിയുടെയും ലോകത്തിലേക്ക്‌ എറിയപ്പെട്ടുവെന്നുവരാം. ദൈവത്തിന്റെ കരുണയിൽ ആശ്രയിച്ച്, അവിടുത്തെ കല്പനകൾ പാലിച്ച്,  ദൈവരാജ്യത്തിന്റെ സന്തോഷവും സമാധാനവും സ്വന്തമാകുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയുടെ തിരുവചനം എന്റെ ഹൃദയത്തിൽ വേരുപിടിക്കുവാനും, അതുവഴിയായി എന്റെ ചിന്തകളും സംസാരവും പ്രവൃത്തിയും ദൈവഹിതപ്രകാരമാക്കാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക്  നല്കേണമേ. ദൈവരാജ്യം എന്റെ അവകാശമല്ലെന്നും, കാൽവരിമലയിലെ ത്യാഗബലിയിലൂടെ അങ്ങ് പിതാവായ ദൈവത്തിൽനിന്നും പ്രാപിച്ചുതന്ന ദാനമാണെന്നുമുള്ള ബോധ്യത്താൽ എന്നെ നിറയ്ക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!