പുതിയ തോൽക്കുടങ്ങൾ

"അവർ അവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിന്റെ ശിഷ്യർ തിന്നുകുടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്നാൽ, മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും. അവൻ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തിൽനിന്നു കഷണം കീറിയെടുത്ത്‌ പഴയ വസ്ത്രത്തോട്‌ ചേർക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരികയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങൾ ഭേദിച്ച് ഒഴുകിപ്പോവുകയും തോൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിച്ചു വയ്ക്കേണ്ടത്. പഴയ വീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണ് മെച്ചം എന്നല്ലേ പറയുന്നത്." (ലൂക്കാ 5:33-39)

വിചിന്തനം 
ചില രീതികളും ചിന്താഗതികളുമൊക്കെ ക്രമേണ നമ്മുടെ ജീവിതചര്യയുടെ ഒരു ഭാഗം തന്നെയായി ക്രമേണ മാറാറുണ്ട്. ആവർത്തനംകൊണ്ടുള്ള പരിചയംമൂലം യാതൊരു ആകുലതയും കൂടാതെ ചെയ്യാൻ സാധിക്കുന്നതുകൊണ്ട് അവയിൽനിന്നും മാറി മറ്റൊരു രീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ പലപ്പോഴും നമുക്ക് കഴിഞ്ഞെന്നും വരാറില്ല. പഴയതാണ് നല്ലതെന്ന വാദവുമായി അതിൽ സുഖം കണ്ടെത്തുന്നതുവഴി പുതിയതായിട്ടുള്ളവ ഇഷ്ടപ്പെടാൻ നമ്മൾ പലപ്പോഴും വിസമ്മതിക്കുന്നു എന്ന് ഇന്നത്തെ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇനി അഥവാ പുതിയത് സ്വീകരിച്ചേ മതിയാവൂ എന്ന ഘട്ടത്തിൽ, പലപ്പോഴും നമ്മൾ ചെയ്യുന്നത് പുതിയതിന് പഴയതിന്റെ ഇടയിൽ എവിടെയെങ്കിലും സ്ഥലം കൊടുക്കാനാണ്. പക്ഷേ, അത് പലപ്പോഴും പഴയ വസ്ത്രത്തിന്റെ കീറലകറ്റാൻ പുതിയ തുണികഷണം വച്ചുപിടിപ്പിക്കുന്നത് പോലെയും പഴയ തോൽകുടത്തിൽ പുതിയ വീഞ്ഞ് ഒഴിച്ചുവയ്ക്കുന്നതു പോലെയും ആയേക്കാം എന്ന് ഈശോ മുന്നറിയിപ്പ് തരുന്നുണ്ട്. 

പഴയ വസ്ത്രത്തിൽ പുതിയ തുണി വച്ചുപിടിപ്പിച്ചാൽ, പിന്നീട് അലക്കുന്പോൾ പുതിയ തുണി ചുരുങ്ങുകയും അങ്ങിനെ കീറൽ വലുതാകുകയും ചെയ്യും. അതുപോലെതന്നെ പുതിയ വീഞ്ഞ് നുരഞ്ഞു പൊങ്ങുന്നതുമൂലം അതു സൂക്ഷിച്ചിരിക്കുന്ന കുടം പഴയതാണെങ്കിൽ അത് പൊട്ടിപ്പോകുന്നു. പാപകരമായ ഒരു ലോകത്തിൽ പാപത്തിനടിമകളായി ജീവിക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ, യേശുവിന്റെ കുരിശിലെ ബലിയിലൂടെ കൈവന്ന രക്ഷ എല്ലാവരും ഈ ജീവിതത്തിൽതന്നെ അനുഭവിക്കുന്നതിനായി ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ പാപങ്ങളിൽനിന്നും വിശുദ്ധീകരിക്കുന്ന ദൈവകൃപ സദാ നമ്മുടെ ഹൃദയങ്ങളിലേക്ക് ഒഴുക്കുന്നുണ്ട്. പുതിയ വീഞ്ഞുപോലെ പതഞ്ഞുപൊങ്ങുന്ന ഈ കൃപകൾ നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കണമെങ്കിൽ നമ്മൾ നമ്മെത്തന്നെ നവീകരിച്ച് പുതിയ തോൽക്കുടങ്ങൾ ആക്കേണ്ടത് ആവശ്യമാണ്‌. നവീകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരാൾ ആദ്യം ചെയ്യേണ്ടത് അയാളുടെ സ്ഥിതി ഒരു പഴയ തോൽക്കുടത്തിനു സമാനമാണ് എന്ന് അംഗീകരിക്കുകയാണ്. നമ്മിലെ പാപങ്ങളും നമ്മുടെ സ്വഭാവ വൈകൃതങ്ങളുമൊക്കെ എല്പ്പിച്ച മുറിവുകൾ മൂലം പൊട്ടാറായ അവസ്ഥ ആയിരിക്കും പലപ്പോഴും നമ്മുടെ ആത്മാവിന്റെത്. നമ്മുടെ തന്നെയോ മറ്റുള്ളവരുടെയോ പ്രവർത്തികളുമായി താരതമ്യം ചെയ്‌താൽ നമ്മുടെ ദുർബലാവസ്ഥ നമുക്ക് എപ്പോഴും വെളിപ്പെട്ടുകിട്ടണം എന്ന് നിർബന്ധമില്ല. പരിപൂർണ്ണനായിരിക്കുന്ന ദൈവവുമായുള്ള താരതമ്യത്തിലൂടെ മാത്രമേ നമ്മിലെ കുറവുകൾ നമുക്ക് ശരിയായ രീതിയിൽ മനസ്സിലാവുകയുള്ളൂ. നമ്മുടെ ഓരോ ദിവസത്തെ പ്രവർത്തനങ്ങളെയും ദൈവവചനത്തിന്റെയും കല്പനകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുവാൻ നമ്മൾ സമയം കണ്ടെത്തണം. 

ഇപ്രകാരം വെളിപ്പെട്ടു കിട്ടുന്ന നമ്മിലെ പോരായ്മകൾ ദൈവസന്നിധിയിൽ ഏറ്റുപറയുവാനും അതുവഴിയായി നമ്മിലെ ആത്മാവിനെ നവീകരിക്കുവാനും കുന്പസാരമെന്ന കൂദാശയിലൂടെ സാധിക്കും. ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള മനസ്താപവും അതിന്റെ ഫലമായുള്ള കുന്പസാരവും, പഴയതിനെ ഉരിഞ്ഞുമാറ്റി പുതിയതിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കുന്നു. അതുവഴിയായി പാപസാഹചര്യങ്ങളെ വെറുത്തുപേക്ഷിക്കുവാനും, പുതിയ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ദൈവത്തിന്റെ വിശുദ്ധിയിൽ കൂടുതൽ അഭയം പ്രാപിക്കാനുമുള്ള പ്രേരണകൾ ലഭിക്കുന്നു. അപ്പോൾ, "ഒരു പുതിയ ഹൃദയം ഞാൻ നിങ്ങൾക്കു നല്കും; ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നൽകും. എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കൽപനകൾ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുള്ളവരും ആക്കും" (എസെക്കിയേൽ 36:26,27). വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഒരു ദിവസം ഒട്ടനവധി അവസരങ്ങളിൽ ദൈവസ്നേഹത്തോട്‌ പുറം തിരിഞ്ഞുനിന്നു പാപം ചെയ്യുന്നവരാണ് നാമെല്ലാം. വീണുപോകുന്ന അവസരങ്ങളിലെല്ലാം, വിശുദ്ധിയിലേക്കുള്ള യാത്ര പുനരാരംഭിക്കാനുള്ള ദൃഡനിശ്ചയത്തോടെ വീണ്ടും എണീക്കാൻ നമ്മൾ തയ്യാറാവണം. പഴയവീഞ്ഞു കുടിച്ച് വീണിടത്തുതന്നെ കിടക്കാതെ പുതിയ വീഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന പുതിയ തോൽക്കുടങ്ങളാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ തിരുസുതന്റെ തിരുരക്തത്താൽ കഴുകി എന്നിലെ പാപവസ്ഥകളായ കോപം, ക്ഷമിക്കുവാൻ പറ്റാത്ത അവസ്ഥ, ഭയം, അരക്ഷിതാബോധം, കുറ്റബോധം, നിരാശ, ഉത്കണ്ഠ, അഹങ്കാരം എന്നിവയെ നീക്കിക്കളയണമേ. എന്റെ പാപങ്ങൾ ക്ഷമിച്ച്‌ എന്നെ വിശുദ്ധീകരിക്കണമേ. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നെ നവീകരിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്