എന്നെ അനുഗമിക്കുവിൻ

"അവൻ ഗലീലിക്കടൽതീരത്തുകൂടെ കടന്നുപോകുന്പോൾ ശിമയോനെയും അവന്റെ സഹോദരൻ അന്ത്രയോസിനെയും കണ്ടു. മീൻപിടുത്തക്കാരായ അവർ കടലിൽ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച്, അവർ അവനെ അനുഗമിച്ചു. കുറച്ചുദൂരം കൂടി പോയപ്പോൾ സെബെദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരൻ യോഹന്നാനെയും കണ്ടു. അവർ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു. ഉടനെ അവൻ അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ സേവകരോടൊപ്പം വള്ളത്തിൽ വിട്ട് അവനെ അനുഗമിച്ചു." (മർക്കോസ് 1:16-20)

വിചിന്തനം 
ഈശോ തന്റെ ആദ്യത്തെ നാലു ശിഷ്യന്മാരെ വിളിക്കുന്നതാണ് ഇന്നത്തെ വചനഭാഗം. തങ്ങളുടെ ജീവിതവ്യാപാരങ്ങളിൽ മുഴുകിയിരുന്ന ആ നാലുപേരും ഈശോയുടെ വിളി കേട്ടമാത്രയിൽ അവർക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാത്ത ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. തങ്ങൾക്കുള്ളവരെയും ഉള്ളവയുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുവാനുള്ള വിളി എല്ലാവർക്കുമുള്ളതല്ല. ബന്ധുമിത്രാദികൾക്കൊപ്പം ജീവിക്കുന്പോഴും സന്പന്നതയുടെ നടുവിൽ കഴിയുന്പോഴും എല്ലാം ഹൃദയത്തിൽ ദൈവത്തിനു പ്രഥമസ്ഥാനം നൽകാൻ നമുക്കെല്ലാവർക്കും കഴിയണം. 

ലൌകീക വസ്തുക്കളിൽ സന്തോഷം കണ്ടെത്തുകയും അവയുടെ ലഭ്യതയെക്കുറിച്ചു സദാ ആകുലപ്പെടുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളിൽ ദൈവത്തിനു പലപ്പോഴും ഇടം ലഭിക്കാറില്ല. ലോകത്തിന്റെ രൂപഭാവങ്ങൾ സദാ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു; അതിനാൽ, ലോകകാര്യങ്ങളിൽ വ്യാപ്രതരായവർ സദാ ഉല്‍കണ്‌ഠാകുലരാണ് (cf. 1 കോറിന്തോസ് 7:31,32). അതുകൊണ്ടുതന്നെ ലൌകീകവസ്തുക്കളിൽനിന്നും അകന്നു നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒട്ടേറെ അവസരങ്ങളിൽ ഈശോ പ്രബോധനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇവിടെയെല്ലാം നമ്മൾ മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുത, തന്നെ അനുഗമിക്കുന്ന എല്ലാവരോടും അവർക്കുള്ള വസ്തുവകകളും സ്ഥാനമാനങ്ങളും ഉപേക്ഷിക്കാൻ ഈശോ ആവശ്യപ്പെടുന്നില്ല എന്നതാണ്. ഈശോയുടെ ജീവിതകാലത്ത് സന്പന്നരായ നിരവധി സുഹൃത്തുക്കൾ അവിടുത്തേക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഒരാളുടെ സന്പത്ത് ഒരിക്കലും ഈശോയെ പിന്തുടരുന്നതിനോ, ഈശോയെ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നതിനോ തടസ്സമാകുന്നില്ല. തനിക്കുള്ളവയെല്ലാം ഉപയോഗിച്ച് ദൈവരാജ്യത്തെയും അവിടുത്തെ നീതിയേയും അന്വേഷിക്കുന്നവൻ യേശുവിന്റെ പാത പിന്തുടരുന്ന മറ്റേതൊരു ശിഷ്യനും സമാനനാണ്. 

മറ്റുള്ളവരെ സഹായിക്കുവാനും അവരുടെ വേദനയിൽ ആശ്വാസം പകരുവാനും അവരെ സ്നേഹിക്കുവാനും ഒക്കെ പലപ്പോഴും ലൌകീകവസ്തുക്കളും സ്ഥാനമാനങ്ങളും ഒക്കെ ആവശ്യമായി വരാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് ഒരു യഥാർത്ഥ ക്രിസ്തുശിഷ്യൻ തനിക്കുള്ളവയെ വിട്ടുപേക്ഷിക്കുവാനുള്ള യേശുവിന്റെ പ്രബോധനം പ്രാവർത്തികമാക്കേണ്ടത്. തനിക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുക ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. സ്വാർത്ഥതയും നാളയെക്കുറിച്ചുള്ള ആകുലതയും എല്ലാ മനുഷ്യരിലും വേരുപാകിയിരിക്കുന്ന പാപത്തിന്റെ ഒരു അവസ്ഥയാണ്. എന്നാൽ, ആ അവസ്ഥയുമായി മല്ലടിച്ച് മറ്റുള്ളവരെ സഹായിക്കുന്പോഴാണ് തനിക്കുല്ലതെല്ലാം ദാനമായി നമുക്ക് നൽകിയ ദൈവസ്നേഹത്തിന്റെ ആഴം നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്. തങ്ങൾക്കുള്ളവ നഷ്ടപ്പെട്ടേക്കാമെന്നുള്ള ഭയത്താൽ മറ്റുള്ളവരുടെ വേദന കണ്ടില്ലെന്നു നടിക്കുന്ന ഒരു വ്യക്തി തന്റെ ഹൃദയത്തിൽനിന്നും ദൈവത്തെ എടുത്തുമാറ്റുന്നു. ലൌകീകതയുടെ പുറം മോടികളിൽ ആകൃഷ്ടരായി, സ്വാർത്ഥതയുടെ കൂടാരങ്ങളിൽ വസിക്കുന്നവർ സഹോദരനെ സ്നേഹിക്കാൻ വിസമ്മതിക്കുന്നു. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല" (1 യോഹന്നാൻ 4:20).  

വസ്തുക്കൾ ദൈവത്തിന്റെ ദാനമാണ്; അവ സ്നേഹിക്കാനുള്ളതല്ല, ഉപയോഗിക്കാനുള്ളതാണ്. എന്നാൽ, മനുഷ്യരാകട്ടെ ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരാണ്; അവർ ഉപഭോഗവസ്തുക്കളല്ല, സ്നേഹിക്കപ്പെടേണ്ടവരാണ്. സമൂഹത്തിലെ ദുർബലരിലും പീഡയനുഭവിക്കുന്നവരിലും യേശുവിനെ കണ്ടെത്തി, അവർക്ക് സേവനം ചെയ്തുകൊണ്ട് ക്രിസ്തുശിഷ്യരാകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സ്നേഹപിതാവേ, ലൌകീക വസ്തുക്കളിൽ ഹൃദയമുറപ്പിച്ചു അങ്ങയുടെ പുത്രന്റെ പാത പിന്തുടരുന്നതിൽ വരുത്തിയ വീഴ്ചകളോർത്തു ഞാൻ മാപ്പപേക്ഷിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനും തടസ്സമായി എന്നിലുള്ള എല്ലാ അവസ്ഥകളെയും അങ്ങ് നീക്കിക്കളയണമേ. ലൌകീക മോഹങ്ങളാൽ തണുത്തുറഞ്ഞ എന്റെ ഹൃദയത്തെ അവിടുത്തെ പരിശുദ്ധാത്മാവിനാൽ ചൂടുപിടിപ്പിക്കണമേ. അങ്ങയുടെ പുത്രന്റെ ശിഷ്യരായി അവിടുത്തെ രാജ്യത്തിലെ എല്ലാ സന്പന്നതയുടെയും അവകാശി ആകുവാനുള്ള കൃപയേകണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!