മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും

"അവൻ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർദ്ധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്നേഹിതൻ യാത്രാമധ്യേ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ നിർബന്ധം നിമിത്തം എഴുന്നേറ്റു അവന് വേണ്ടതു നൽകും. ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും." (ലൂക്കാ 11:5-9)


വിചിന്തനം 
സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിനു ശേഷം, ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ശിഷ്യന്മാരെ തുടർന്നു പഠിപ്പിക്കുകയാണ്. ദൈവത്തിനു നമ്മോട് യാതൊരുവിധ കടപ്പാടുകളും ഇല്ല. ദൈവത്തെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും നമുക്ക് അധികാരം തന്നിരിക്കുന്നതുപോലെ തന്നെ നമ്മെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും ദൈവത്തിനും അധികാരമുണ്ട്‌. എന്നാൽ സ്നേഹം തന്നെയായ ദൈവത്തിന് ഒരിക്കലും ആരെയും സ്നേഹിക്കാതിരിക്കാൻ ആകുകയില്ല. ദൈവം നമ്മെ സ്നേഹിക്കുന്നതിനാൽ നമുക്കാവശ്യമായതെല്ലാം അവിടുന്ന് നമുക്ക് നല്കുകയും ചെയ്യുന്നു. തന്നെ ശ്രവിക്കുന്നവർക്ക് വളരെ പരിചിതമായ ഒരു സാഹചര്യം ഉപയോഗിച്ചാണ് ഈശോ, നമുക്കായി എല്ലാം നൽകുന്ന പിതാവിന്റെ സ്നേഹം വെളിപ്പെടുത്തി തരുന്നത്. അപ്രതീക്ഷിതമായി ഒരു വീട്ടിൽ എത്തുന്ന അതിഥിയെ സൽക്കരിക്കാൻ അയൽക്കാരെല്ലാം തങ്ങളാൽ കഴിയുന്നത്‌ ചെയ്യുന്ന ഒരു പതിവ് യഹൂദരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. എന്തെങ്കിലും കടപ്പാടിന്റെയോ ബാധ്യതയുടെയോ പുറത്തല്ല അവർ ഇപ്രകാരം സഹായിച്ചിരുന്നത്; ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. എല്ലാറ്റിന്റെയും ഉടയവനായ ദൈവവും ഇങ്ങനെ തന്നെ; ദൈവം തരുന്നില്ലെങ്കിൽ നമുക്കൊന്നും ലഭിക്കുന്നില്ല. 

സ്വർഗ്ഗസ്ഥനായ പിതാവിനോട് മനുഷ്യർ ആവശ്യമുള്ളത്  ചോദിക്കുന്നതും മക്കൾ മാതാപിതാകളോട് അവർക്ക് വേണ്ടത് ചോദിക്കുന്നതും തമ്മിൽ ഒട്ടേറെ സാദൃശ്യങ്ങളുണ്ട്. കുട്ടികളായിരിക്കുന്പോൾ നമുക്ക് ആഗ്രഹമുള്ളവയാണ് നമ്മൾ മാതാപിതാക്കളോട് ചോദിക്കാറുള്ളത്. എന്നാൽ, നമ്മുടെ എല്ലാ ആഗ്രഹങ്ങളും നമ്മുടെ നന്മയ്ക്ക് ഉതകില്ല എന്നറിയാവുന്ന മാതാപിതാക്കൾ നമുക്ക് ആവശ്യമുള്ളവ മാത്രം തരുന്നു, ബാക്കിയുള്ളത് നിഷേധിക്കുന്നു. ഇപ്രകാരം തന്നെ സ്വർഗ്ഗത്തിലെ നമ്മുടെ പിതാവും നമ്മുടെ ആഗ്രഹങ്ങളെക്കാളുപരിയായി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്നു. നമ്മുടെ അനുദിന ജീവിതത്തിലെ ആവശ്യങ്ങളെല്ലാം ചോദിക്കാതെ തന്നെ നമ്മുടെ മാതാപിതാക്കൾ നിറവേറ്റി തരാറുണ്ട്. എന്നാൽ, അവയെക്കൂടാതെ പ്രത്യേകമായി എന്തെങ്കിലും വേണമെങ്കിൽ, അതവരോടു ചോദിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ. ദൈവവും ഇതുപോലെ തന്നെയാണ്; നല്ല ഒരു ജീവിതത്തിന് ആവശ്യമായ കൃപകൾ അവിടുന്ന് ചോദിക്കാതെതന്നെ നമ്മിലേക്ക്‌ ചൊരിയുന്നുണ്ട്. ഇവയെക്കൂടാതെ, ചോദിക്കുന്നവർക്ക് മാത്രം നൽകുന്നതിനായി ദൈവം ചില പ്രത്യേകമായ കൃപകൾ ധാരാളമായി ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് വി. തോമസ്‌ അക്വീനാസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനാൽ, നമ്മുടെ പ്രത്യേക നിയോഗങ്ങളെല്ലാം അപേക്ഷകളായും അന്വേഷണങ്ങളായും മുട്ടിവിളികളായും ദൈവസന്നിധിയിൽ അർപ്പിക്കാൻ നാമൊരിക്കലും മടി കാട്ടരുത്.

നമ്മുടെ മാതാപിതാക്കളോട് ചോദിച്ചിട്ട് കിട്ടാതിരുന്നവയെ ഓർത്ത് നമ്മൾ പലപ്പോഴും വേദനിക്കുകയും അവരോട് കോപിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ, പിന്നീടുള്ള ജീവിതത്തിലെ പല സന്ദർഭങ്ങളിലും മാതാപിതാക്കൾ നമ്മുടെ ആഗ്രഹങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പ്രയോജനം നമുക്ക് വെളിപ്പെട്ടു കിട്ടാറുണ്ട്. നമ്മുടെ ആഗ്രഹങ്ങളിൽ പതിയിരുന്ന അപകടങ്ങൾ തിരിച്ചരിയുന്പോൾ മനസ്സിലെങ്കിലും നാമവരോട് നന്ദി പറയാറുണ്ട്‌. ദൈവത്തോട് ചോദിച്ചിട്ട് ലഭിക്കാത്ത ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് പരാതി പറയുന്നവരാണ് നാമെല്ലാം. ദൈവവുമായി രമ്യതയിലായിരിക്കേ, ചോദിച്ചിട്ടും ദൈവം തരുന്നില്ലെങ്കിൽ അതിന്റെ കാരണം അത് നമ്മുടെ നന്മയ്ക്ക് ഉപകരിക്കാത്തതിനാലാണെന്നു നമ്മൾ മനസ്സിലാക്കണം. കുറെനാൾ ചോദിച്ചിട്ടും കിട്ടാതെ വരുന്പോൾ പ്രാർത്ഥനാ രീതി മാറ്റുന്ന ശീലത്തിനു ഉടമകളാണ് നാമെല്ലാവരും. എന്നാൽ, ദൈവം ആഗ്രഹിക്കുന്നത് നമ്മുടെ പ്രാർത്ഥനകളിൽ മാറ്റം വരുത്തണമെന്നല്ല, പ്രാർത്ഥിക്കുന്നവർ മാറണം എന്നാണ്. മനസ്സിന്റെ നവീകരണം വഴി നമ്മൾ രൂപാന്തരപ്പെടുന്പോഴാണ് ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ നമുക്ക് സാധിക്കുന്നത് (cf. റോമാ 12:2). പ്രാർത്ഥിക്കുന്നത് ലഭിക്കാത്ത അനുഭവങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്ന അവസരങ്ങളാക്കി മാറ്റാൻ നമുക്കാവണം. അല്ലാതെ, ദൈവത്തിൽനിന്നും അകലാനുള്ള മാർഗ്ഗമാക്കി അവയെ നമ്മൾ മാറ്റരുത്. വിശ്വാസത്തോടെ ദൈവസന്നിധിയിൽ നമ്മുടെ യാചനകളുമായി അണഞ്ഞു ദൈവം നമുക്കായി കരുതി വച്ചിരിക്കുന്ന പ്രത്യേക അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനായുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കൃപകളുടെ ദാതാവായ സ്നേഹപിതാവേ, എന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളുമായി ഒരു കുഞ്ഞിനെപ്പോലെ അങ്ങയുടെ സന്നിധിയിൽ എത്തുവാനും, അങ്ങെനിക്കായി കരുതിവച്ചിരിക്കുന്ന പ്രത്യേക ദാനങ്ങളും വരങ്ങളും സ്വീകരിക്കാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ. അങ്ങേയ്ക്കിഷ്ടമുള്ളത് മാത്രം തിരഞ്ഞെടുക്കുവാനും, മറ്റെന്തിലും ഉപരിയായി അങ്ങയെ സ്നേഹിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്