എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്

"അവൻ ഊമനായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോൾ ആ ഊമൻ സംസാരിച്ചു. ജനങ്ങൾ അത്ഭുതപ്പെട്ടു. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.വേറെ ചിലർ അവനെ പരീക്ഷിക്കുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങൾ അറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: അന്തച്ചിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തച്ചിദ്രമുള്ള ഭവനവും വീണുപോകും. സാത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങിനെ നിലനിൽക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ട് പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവകരം കൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവൽ നിൽക്കുന്പോൾ അവന്റെ വസ്തുക്കൾ സുരക്ഷിതമാണ്. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ അവൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ മറ്റവൻ അപഹരിക്കുകയും കൊള്ളമുതൽ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു" (ലൂക്കാ 11:14-23)


വിചിന്തനം 
പിശാചിനും അവന്റെ കൂട്ടാളികളായ മറ്റു ദുരാത്മാക്കൾക്കും അടിമകളായ മനുഷ്യമക്കളെ മോചിപ്പിച്ച്‌ സ്വർഗ്ഗത്തിലേക്ക് ആനയിക്കാനാണ് ദൈവം മനുഷ്യനായി ഭൂമിയിൽ ജനിച്ചു വീണത്‌. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്ന വിരോധാഭാസം, പിശാചുക്കളിൽ നിന്നും മോചിപ്പിക്കാനെത്തിയ യേശുവിനെ മനുഷ്യർ പിശാചുക്കളുടെ തലവൻ എന്ന് വിളിക്കുന്നു എന്നതാണ്. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ഈശോ വെളിപ്പെടുത്തിയ ദൈവരാജ്യത്തിന്റെ പുതിയ സുവിശേഷം ഇഷ്ടപ്പെടാതിരുന്ന ധാരാളം യഹൂദർ ഉണ്ടായിരുന്നു. പ്രത്യേകിച്ചും യഹൂദപ്രമാണികളായ നിയമജ്ഞർക്കും ഫരിസേയർക്കും ഈശോയിലൂടെ വെളിപ്പെട്ട എല്ലാവരെയും എപ്പോഴും സ്നേഹിക്കുന്ന പിതാവായ ദൈവം എന്ന ആശയം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. തങ്ങൾക്കു മനസ്സിലാക്കാൻ സാധിക്കാതിരുന്ന യേശുവിനെ സാധാരണ ജനങ്ങൾ സ്നേഹിക്കുകയും ആദരിക്കുകയും ഒക്കെ ചെയ്യുന്നത് അവരിൽ അസൂയ വളരാൻ കാരണമാകുകയും ചെയ്തു. എങ്ങിനെയും യേശുവിന് ജനങ്ങൾക്കിടയിലുള്ള സൽപ്പേര് നശിപ്പിക്കണമെന്ന് ഉറച്ച അവർ അതിനായി കണ്ടെത്തിയ എളുപ്പമാർഗം യേശുവിനെക്കുറിച്ച് അപവാദം ജനങ്ങളുടെ ഇടയിൽ പരത്തുക എന്നതായിരുന്നു. ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിലും ഉണ്ടാകാറുണ്ട്. മറ്റുള്ളവർക്ക് നന്മ ഭവിക്കുന്ന നല്ല കാര്യങ്ങൾ ചെയ്യുന്പോൾ പലപ്പോഴും നാമും മറ്റുള്ളവരുടെ അസൂയക്ക്‌ പാത്രമാകാറുണ്ട്. അവരിലൂടെ പല ദുരാരോപണങ്ങളും അപഖ്യാതികളും കേൾക്കേണ്ടി വരികയും ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ വേദനയോടെ മനസ്സുമടുത്ത് പിന്മാറുകയാണോ നമ്മൾ ചെയ്യാറുള്ളത്, അതോ എതിർപ്പുകളെ അവഗണിച്ച് ദൈവഹിതം അനുസരിച്ച് നമ്മുടെ സൽപ്രവർത്തികൾ തുടർന്നുകൊണ്ടു പോവുകയാണോ ചെയ്യുന്നത്? 

പാപം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യരുടെ സഹകരണത്തോടെ വളരെ ശക്തമായ ഒരു സാമ്രാജ്യമാണ്‌ പിശാചും അവന്റെ കൂട്ടാളികളും കെട്ടിപ്പടുത്തിരിക്കുന്നത്‌. മനുഷ്യരെ തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതിൽ അവർ കാണിക്കുന്ന ഐക്യവും പരസ്പരസഹകരണവും അത്ഭുതാവഹമായതാണ്. തന്റെ സാമ്രാജ്യത്തിനു ആയുധവുമായി കാവൽ നിൽക്കുന്ന ഒരു ശക്തനോടാണ് ഈശോ പിശാചുക്കളുടെ തലവനെ ഉപമിച്ചിരിക്കുന്നത്. തന്റെ സാമ്രാജ്യം തകർക്കുന്ന വിധത്തിലുള്ള യാതൊരു പ്രവർത്തിയും അവൻ ഒരിക്കലും ചെയ്യുകയില്ല. മാത്രവുമല്ല, തന്റെ സാമ്രാജ്യത്തിലെ പ്രജകളായ മറ്റു ദുരാത്മാക്കൾക്ക് കൂടുതൽ ശക്തി ആർജ്ജിക്കുവാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും. മനുഷ്യരെ അടിമകളാക്കി അവരെക്കൊണ്ട് പാപം ചെയ്യിച്ചാണ് ദുരാത്മാക്കൾ ശക്തി പ്രാപിക്കുന്നത്. ദുരാത്മാക്കൾ ഒരിക്കലും സ്വയം മനുഷ്യരെ വിട്ടുപോകുന്നില്ല; ഒരു ദുരാത്മാവും ഒരിക്കലും മറ്റൊരു ദുരാത്മാവിനെ അങ്ങിനെ ചെയ്യാൻ പ്രേരിപ്പിക്കുകയുമില്ല. ദുരാത്മാക്കളേക്കാളും അവരുടെ തലവനെക്കാളും ശക്തനായ ഒരാൾക്ക്‌ മാത്രമേ അവയെ പുറത്താക്കി മനുഷ്യർക്ക്‌ സ്വാതന്ത്ര്യം നൽകുവാൻ സാധിക്കുകയുള്ളൂ. "ദൈവകരം" കൊണ്ടാണ് താൻ പിശാചുക്കളെ പുറത്താക്കുന്നതെന്ന് ഈശോ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുകയാണ്. ദൈവകരം ഉപയോഗിച്ചാണ് മോശ ഇസ്രായേൽ ജനത്തെ ഈജിപ്തിൽനിന്നും മോചിപ്പിച്ചതെന്ന് യഹൂദജനത്തിനു നന്നായി അറിയാമായിരുന്നു. അതേ ദൈവകരം ഉപയോഗിച്ച് ഈശോ പിശാചിന്റെ ആധിപത്യത്തിൽനിന്നും അവരെ മോചിപ്പിക്കുന്പോൾ അവയെ സംശയിക്കുന്നവർ ദൈവത്തെയാണ് സംശയിക്കുന്നത്. മറ്റുള്ളവർ ചെയ്യുന്ന സൽപ്രവൃത്തികളിൽ സംശയംപൂണ്ട് അവരെ ദുഷിച്ചു സംസാരിക്കുകവഴിയായി ദൈവത്തിനെതിരായി സംസാരിക്കുന്ന പ്രകൃതം നമ്മിലുണ്ടോ എന്ന് ഈ അവസരത്തിൽ ചിന്തിക്കുന്നത് ഉചിതമായിരിക്കും. 

തന്നോടു കൂടെയല്ലാത്തവൻ തനിക്കെതിരാണ് എന്ന ശക്തമായ ഒരു മുന്നറിയിപ്പും ഈശോ നമുക്ക് നല്കുന്നുണ്ട്. ദൈവത്തിനെതിരായി പ്രവർത്തിക്കുന്നതു മാത്രമല്ല നമ്മെ ദൈവത്തിനെതിരാക്കുന്നത്, ദൈവം തരുന്ന പ്രചോദനങ്ങൾ അനുസരിച്ചു പ്രവർത്തിക്കാതെ നിഷ്ക്രിയമായി ജീവിക്കുന്നതും ദൈവസന്നിധിയിൽ വലിയൊരു തെറ്റു തന്നെയാണ്. നിഷ്ക്രിയമായി ഇരിക്കുന്ന ഒരു ദുരാത്മാവുപോലും ഈ ലോകത്തിൽ ഇല്ല; പിശാചിന്റെ സാമ്രാജ്യത്തിനു ശക്തികൂട്ടാൻ നിരന്തരം അവർ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. ആ ശക്തികളെ എതിർത്തു തോൽപ്പിച്ച ദൈവത്തിന്റെ കരം യേശുവിന്റെ സജീവസാന്നിധ്യമായി പരിശുദ്ധാത്മാവിലൂടെ നമുക്ക് ഇന്നും ലഭ്യമാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് തിന്മയ്ക്കെതിരെ പടപൊരുതാൻ ഓരോ ക്രിസ്തുശിഷ്യനും കടപ്പെട്ടവനാണ്. യേശുവിന്റെ വാക്കുകൾ അനുസരിച്ച് സ്വർഗ്ഗരാജ്യത്തിനായി ആത്മാക്കളെ ശേഖരിക്കുന്ന ജോലിയിൽ സജീവമായി ഭാഗഭാക്കാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, ദുഷ്ടാത്മാക്കളുടെ പ്രവർത്തനങ്ങളിൽനിന്നും ഞങ്ങളെ  മോചിപ്പിച്ച്‌ സ്വർഗ്ഗരാജ്യത്തിന് അർഹരാക്കുന്നതോർത്തു ഞാനങ്ങേക്ക് നന്ദി പറയുന്നു. പരിശുദ്ധാത്മാവിലൂടെ അങ്ങയുടെ ശക്തി സ്വീകരിച്ച്, അങ്ങയോടുകൂടി എന്നെന്നും ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്