ബാക്കി ഒൻപതുപേർ എവിടെ?

"ജറുസലേമിലേക്കുള്ള യാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെ കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെ കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുവിൻ. പോകുംവഴി അവർ സുഖം പ്രാപിച്ചു, അവരിൽ ഒരുവൻ താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അവൻ യേശുവിന്റെ കാൽക്കൽ സ്രാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തു പേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒൻപതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു." (ലൂക്കാ 17:11-19)

വിചിന്തനം 
യേശുവിന്റെ കാലത്ത് യഹൂദരും സമരിയാക്കാരും തമ്മിൽ കടുത്ത വിരോധത്തിലായിരുന്നു. പരസ്പരം കണ്ടാൽ സംസാരിക്കുകപോലും ചെയ്യാതിരുന്ന അവർ ഒരേ സമയത്ത് ഒരുമിച്ച് ഒരിടത്തായിരിക്കുക എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമായിരുന്നു. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ആ പത്തു കുഷ്ഠരോഗികളിൽ ഒരാൾ സമരിയാക്കാരനായിരുന്നു. ആപത്തുകളുടെയും കഷ്ടകാലങ്ങളുടെയും നാളുകളിൽ പലപ്പോഴും ഈ ലോകത്തിൽ കണ്ടുവരുന്ന ഒരു യാഥാർത്ഥ്യമാണിത്. മനുഷ്യർ അഭിപ്രായവ്യത്യാസങ്ങളും വൈരാഗ്യങ്ങളും സ്വാർത്ഥതകളും ഒക്കെ മാറ്റിവച്ച് ഒരു കൂട്ടായ്മയായി ഒന്നിക്കുന്ന സംഭവങ്ങൾക്ക്  പ്രകൃതിക്ഷോഭങ്ങളുടെയും മറ്റു വിപത്തുകളുടെയും ദുരന്തങ്ങളുടെയും സമയങ്ങളിൽ നമ്മൾ സാക്ഷ്യം വഹിക്കാറുണ്ട്. എല്ലാ അകൽച്ചകളും മാറ്റിവച്ച് പരസ്പരം സഹായിക്കുന്ന മനുഷ്യപ്രകൃതി എന്തുകൊണ്ടാണ് നല്ല കാലങ്ങളിൽ അപ്രത്യക്ഷമാകുന്നത്? ഇല്ലായ്മകളിൽ സ്നേഹിതനും സഹായിയും ആകുന്ന നാമെന്തേ സമൃദ്ധിയിലും സന്തോഷത്തിലും ശത്രുക്കളും സ്വാർത്ഥമതികളുമായി മാറുന്നത്? 

കുഷ്ഠരോഗം സുഖപ്പെട്ട പത്തുപേരുടെയും ഇടയിൽ ആദ്യമായി ഉണ്ടാകുന്നത് ഭിന്നതയാണ്. യഹൂദരായ ഒൻപതുപേർ നിയമത്തിന്റെ വഴിയേ പോയപ്പോൾ, വിജാതീയനായ ഒരാൾമാത്രം ദൈവത്തെ സ്തുതിച്ചുകൊണ്ട് കരുണയുടെ ഉറവിടത്തിലേക്ക് തിരിച്ചുചെന്നു. അത്ഭുതകരമായ സൌഖ്യം ലഭിച്ച ആ ഒൻപതുപേർ പക്ഷേ അവരുടെ ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ സൗഖ്യദായകനെ മറന്നു. നമ്മുടെ ജീവിതത്തിലും നാമെത്രയോ തവണ ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണിത്? നമ്മുടെ ജീവിതങ്ങളിലേക്ക് ദൈവം ചൊരിഞ്ഞിരിക്കുന്ന കൃപകൾ സമുദ്രതീരത്തെ മണൽ തരികളേക്കാൾ ആധികമാണെന്ന് വി. ജോണ്‍ ക്രിസൊസ്റ്റൊം പറഞ്ഞിരിക്കുന്നു. നമ്മൾ ചോദിക്കാതെതന്നെ നമ്മെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ് നമ്മുടെ ജീവിതങ്ങളുടെയെല്ലാം അടിസ്ഥാനം, നമ്മുടെ കഴിവുകളുടെയെല്ലാം ഉറവിടം, നമ്മുടെ സ്ഥാനമാനങ്ങളുടെ ആധാരം. പക്ഷേ, നമുക്കുള്ളവയുടെ എല്ലാം കാരണമായി ദൈവത്തെ അംഗീകരിക്കാനും ഏറ്റുപറയാനും മടിക്കുന്നവരാണ് നാമെല്ലാം. തനിക്കുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണെന്നു പറഞ്ഞാൽ തന്റെ യോഗ്യതയ്ക്ക് കോട്ടം സംഭവിക്കുമോ എന്ന ഭയം നമ്മിലെലെല്ലാം പല അളവുകളിൽ ഉണ്ട്. അതുകൊണ്ടുതന്നെ, ഇല്ലാത്തതിനെചൊല്ലി ദൈവത്തോട് പരാതി പറയുവാനും കഷ്ടതകളെചൊല്ലി ദൈവത്തെ പഴിക്കുവാനും സമയം കണ്ടെത്തുന്ന നമ്മൾ, നമുക്കുള്ളവയെചൊല്ലി ദൈവത്തിനു നന്ദി പറയാൻ മടിക്കുന്നു. "സദാ നമ്മുടെ ഹൃദയത്തിൽ കൊണ്ടുനടക്കുവാനും, അധരങ്ങളിൽ ഉരുവിടുവാനും, പേന ഉപയോഗിച്ച് എഴുതുവാനും, 'ദൈവമേ നന്ദി' എന്നതിലുപരിയായി വേറെ ഏതു നല്ല വാക്കാണുള്ളത്? വളരെപ്പെട്ടെന്നു പറയുവാൻ കഴിയുന്നതും, കേൾക്കുന്പോൾ ആനന്ദം നൽകുന്നതും, മനോവികാരങ്ങളെ ശരിയായി പ്രതിഫലിപ്പിക്കുന്നതും, ധാരാളം ഫലം ഉളവാക്കുന്നതുമായ മറ്റൊരു വാചകവും ഇല്ല" (വി. അഗസ്തീനോസ്).

നമ്മുടെ വേദനകളും ദുരിതങ്ങളും ദൈവവുമായുള്ള കണ്ടുമുട്ടലിനു സഹായിക്കുന്ന ഒരു വേദിയാക്കി മാറ്റാൻ നമുക്കാവണം. സമരിയാക്കാരന്റെ കുഷ്ഠരോഗമാണ് ദൈവത്തെ അറിയാനും അവിടുത്തെ പ്രത്യേക കൃപകൾ പ്രാപിക്കുവാനും അവനെ സഹായിച്ചത്. "എനിക്കുവേണ്ടി ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു. എന്റെ ചർമ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നു ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും" (ജോബ്‌ 19:25-27), എന്നു പറഞ്ഞ ജോബ്‌ കഷ്ടപ്പാടുകൾ എങ്ങിനെ ദൈവത്തോട് കൂടുതൽ അടുക്കാൻ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 

ഇന്നത്തെ ലോകത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരെ ദൈവം സഹായിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട സമൂഹത്തിലെ മറ്റു വ്യക്തികളിലൂടെയാണ്. സന്നദ്ധസംഖടനകളിൽ പ്രവർത്തിക്കുന്നവരിലൂടെ മാത്രമല്ല ദൈവം തന്റെ ദാനങ്ങൾ അതാവശ്യമുള്ളവരിലേക്ക് ചൊരിയുന്നത്; വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വളരെപ്പേർ ഒട്ടേറെ അവസരങ്ങളിലായി നമ്മുടെ സഹായത്തിന് എത്താറുണ്ട്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും, അതിനാവശ്യമായ പ്രതിഫലം ശന്പളമായി അവർക്ക് ലഭിക്കുന്നുണ്ടെന്നും കരുതി അവരോടൊക്കെ ഹൃദയംതുറന്നു നന്ദി പറയാൻ പല അവസരങ്ങളിലും നമ്മൾ മടികാട്ടാറുണ്ട്. എന്നാൽ, വിദ്യ അഭ്യസിപ്പ്പിക്കുന്ന ഒരു അദ്ധ്യാപകന്റെയോ, ജീവൻ രക്ഷിക്കുന്ന ഒരു ഡോക്ടറുടെയോ സേവനത്തിനു ചേർന്ന പ്രതിഫലം കണക്കാക്കുക അസാധ്യമാണ്. ദൈവത്തോടും മറ്റുള്ളവരോടും കൃതജ്ഞത നിറഞ്ഞ ഒരു ഹൃദയവുമായി ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, അങ്ങയുടെ സ്നേഹവും കരുണയും തിരിച്ചറിയുന്നതിൽ എനിക്കൊരിക്കലും പിഴവ് പറ്റാതിരിക്കാൻ എന്നെ സഹായിക്കണമേ. അഹങ്കാരത്തിൽനിന്നും അസന്തുഷ്ടിയിൽനിന്നും നന്ദികേടിൽനിന്നും എന്നെ മോചിപ്പിച്ച്‌ എന്റെ ഹൃദയം കൃതജ്ഞതയാൽ നിറയ്ക്കണമേ. എല്ലാ സാഹചര്യങ്ങളിലും അവിടുത്തെ അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് നന്ദി പറയാൻ അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്റെ ആന്തരിക നേത്രങ്ങളെ തുറക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!