യോനായുടെ അടയാളം

"ജനക്കൂട്ടം വർദ്ധിച്ചുവന്നപ്പോൾ അവൻ പറഞ്ഞുതുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ല: യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമന്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനേക്കാൾ വലിയവൻ! നിനെവേനിവാസികൾ വിധിദിനത്തിൽ ഈ തലമുറയോടുകൂടെ ഉയിർത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായേക്കാൾ വലിയവൻ!" (ലൂക്കാ 11:29-32)


വിചിന്തനം 
യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത്തോടുകൂടി ആയിരുന്നുവെന്ന് വിശ്വസിച്ചിരുന്ന അവർ സ്വർഗ്ഗത്തിൽനിന്നും ഒരടയാളം കാണണമെന്ന് യേശുവിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. യഹൂദർക്ക് വേണ്ടിയിരുന്നത് മോശ ഈജിപ്തിൽ ചെയ്തതുപോലെയും എലിയാ പ്രവാചകൻ സ്വർഗ്ഗത്തിൽനിന്നും അഗ്നി ഇറക്കി ബലിമൃഗങ്ങളെ ദഹിപ്പിച്ചതുപോലെയും ഒക്കെയുള്ള അത്ഭുതങ്ങളായിരുന്നു. എന്നാൽ അവയെക്കാളൊക്കെ വലിയൊരത്ഭുതമാണ് തങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈശോ എന്ന യാഥാർത്ഥ്യം ഗ്രഹിക്കാൻ അവർക്ക് കഴിയാതെ പോയി. ദൈവം മനുഷ്യനായി അവതരിച്ചു എന്നതിലും വലുതായ ഒരത്ഭുതവും ലോകത്തിൽ അന്നുവരെയോ അതിനുശേഷമോ ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകളായി പ്രവാചകന്മാരിലൂടെ ദൈവം നൽകിയ വാഗ്ദാനം പൂർത്തീകരിക്കപ്പെട്ടപ്പോൾ, അതിലൂടെ ദൈവം നൽകിയ രക്ഷയുടെ സന്ദേശം ഉൾക്കൊള്ളാൻ ഹൃദയകാഠിന്യംമൂലം ആ ജനത്തിനു കഴിഞ്ഞില്ല. ദൈവത്തിന്റെ ആ രക്ഷയുടെ സന്ദേശം തിരുസഭയിലൂടെയും വചനപ്രഘോഷണങ്ങളിലൂടെയും നമുക്കിന്നും ലഭ്യമാണ്. പക്ഷേ, സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് അടയാളങ്ങളുടെയും തെളിവുകളുടെയും പിൻബലം ആവശ്യപ്പെടുന്ന ധാരാളംപേർ ഇന്നും നമ്മുടെ ഇടയിലുണ്ട്. എന്നാൽ തെളിയിക്കപ്പെട്ടത് അംഗീകരിക്കാൻ വിശ്വാസത്തിന്റെ ആവശ്യമില്ല. കാണപ്പെടാത്തവയെയും യുക്തിക്കനുസൃതമായി തെളിയിക്കപ്പെടാത്തവയെയും  സ്വീകരിക്കുവാനാണ് വിശ്വാസം വേണ്ടത്. മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ മിശ്ശിഹായാണ് ഈശോ എന്ന് വിശ്വസിക്കാൻ ദൈവവചനങ്ങളിലൂടെ നമുക്കിന്ന് ആകുന്നുണ്ടോ? അതോ, അടയാളങ്ങൾക്കായി കാത്തിരിക്കുന്നവരാണോ നമ്മൾ?

യോനാ പ്രവാചകന്റെ പ്രസംഗം കേട്ട് നിനിവേ നിവാസികളിലുണ്ടായ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഈശോ അന്ന് യഹൂദരെ ശാസിച്ചത്. നിനിവേയിൽ എത്തിയതിനുശേഷം യോനാ യാതൊരു അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുകയുണ്ടായില്ല. നാൽപതുദിവസം കഴിയുന്പോൾ നിനിവേ നശിപ്പിക്കപ്പെടും എന്ന് നഗരത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ മൂന്നുദിവസം നടന്ന് വിളിച്ചുപറയുക മാത്രമാണ് യോനാ ചെയ്തത്. പക്ഷേ അതു കേട്ട മാത്രയിൽ, "നിനിവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു" (യോനാ 3:5). തങ്ങളുടെ പാപങ്ങളെക്കുറിച്ചു ബോധ്യം ലഭിച്ച അവർ പശ്ചാത്താപത്തോടെ ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച്‌ ദൈവത്തിന്റെ കരുണ യാചിച്ചു. "തങ്ങളുടെ ദുഷ്ടതയിൽനിന്നു അവർ പിന്തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേൽ അയക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല" (യോനാ 3:10). ഇസ്രായേലിന്റെ ശത്രുക്കളായ അസ്സീറിയാ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നിനിവേ. വിജാതീയരായ മനുഷ്യരാൽ തിങ്ങിനിറഞ്ഞിരുന്ന ആ പട്ടണം ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ അറിയുകപോലും ഇല്ലായിരുന്നു. എങ്കിലും, തങ്ങളുടെ വൈരികളിൽപെട്ട ഒരുവൻ വന്ന് ദൈവത്തിന്റെ ദൂത് അവരെ അറിയിച്ചപ്പോൾ അത് സ്വീകരിക്കാൻ അവർ ഹൃദയം തുറന്നു. അതിനുപകരമായി ദൈവം അവരെ നാശത്തിൽനിന്നും രക്ഷിച്ചു. മാത്രവുമല്ല, പാപം ചെയ്ത് ദുഷിച്ച തന്റെ സ്വന്തം ജനത്തെ ശിക്ഷിക്കാനായി കർത്താവായ ദൈവം അസ്സീറിയായെ തന്റെ കോപത്തിന്റെ ദണ് ഡും രോഷത്തിന്റെ വടിയും (cf. ഏശയ്യാ 10:5) ആക്കി മാറ്റുകയും ചെയ്തു. 


യേശുവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതിരുന്നതുമൂലം, കുരിശുമരണത്തിലൂടെ ദൈവം യഹൂദർക്കായി നൽകിയ രക്ഷ അവരിൽനിന്നും എടുക്കപ്പെട്ടു. ജോനായുടെ കാലത്ത് അസ്സീറിയാക്കെന്നതുപോലെ, കുരിശിന്റെ രക്ഷ ലോകമെന്പാടുമുള്ള നാനാജാതി മതസ്ഥർക്കായി നൽകപ്പെട്ടു. ഇതുമൂലം, യേശുക്രിസ്തുവഴിയായി ദൈവം ലോകത്തോടു കാണിച്ച കാരുണ്യം ഇന്ന് നമുക്കെല്ലാവർക്കും ലഭ്യമാണ്. വിശ്വാസംവഴി കൃപയാലാണ് നാമെല്ലാവരും രക്ഷിക്കപ്പെടുന്നത് (cf. എഫേസോസ് 2:8), അല്ലാതെ ദൃശ്യമായ അടയാളങ്ങളിലൂടെയോ അനുഭവേദ്യമായ അത്ഭുതങ്ങളിലൂടെയോ അല്ല. ദൈവവചനത്തിലൂടെയും അവിടുത്തെ ശുശ്രൂഷകരിലൂടെയും ലഭ്യമാകുന്ന രക്ഷയുടെ വാഗ്ദാനം ഹൃദയത്തിൽ സ്വീകരിച്ച് സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ ആവശ്യമായ വിശ്വാസകൃപക്കായി പ്രാർത്ഥിക്കാം. 

സ്നേഹപിതാവേ, അങ്ങയുടെ ഏകാജാതനും ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായിൽ വിശ്വസിക്കുവാനും, കാൽവരിയിലെ കുരിശിലൂടെ അങ്ങ് ഞങ്ങൾക്ക് ദാനമായിതന്ന നിത്യരക്ഷ പ്രാപിക്കാനുമായി, അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നിലെ വിശ്വാസത്തെ ഉജ്വലിപ്പിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്