കണ്ണാണ് ശരീരത്തിന്റെ വിളക്ക്

"വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ പീഠത്തിൻമേലാണ് വയ്ക്കുന്നത്. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും." (ലൂക്കാ 11:33-36)


വിചിന്തനം 
നമ്മുടെയെല്ലാം ജീവിതത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്. ഒരു വസ്തുവിനെ അല്ലെങ്കിൽ വ്യക്തിയെ കാണുന്നമാത്രയിൽതന്നെ, അതിനെക്കുറിച്ച് അല്ലെങ്കിൽ ആ വ്യക്തിയെക്കുറിച്ച് യാതൊരു അറിവുകളും ഇല്ലെങ്കിൽകൂടിയും, നമ്മുടെ മനസ്സിൽ ചില മുൻധാരണകൾ രൂപം കൊള്ളാറുണ്ട്‌. ആ വസ്തുവിനോടുള്ള നമ്മുടെ സമീപനവും ആ വ്യക്തിയോടുള്ള നമ്മുടെ പെരുമാറ്റവും ഒക്കെ പിന്നീട് ഈ ധാരണകളെ അടിസ്ഥാനമാക്കി ആയിരിക്കും വികസിച്ചു വലുതാവുന്നത്. കണ്ണുകൾക്ക്‌ ചിന്താശേഷിയില്ലെങ്കിൽ കൂടിയും, ഇന്നത്തെ വചനഭാഗത്തിൽ ഈശോ കണ്ണുകൾക്ക്‌ ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ വലിയൊരു സ്ഥാനമാണ് നൽകുന്നത്. കണ്ണുകൾ ചിന്തിക്കുന്നില്ല, എന്നാൽ, കണ്ണുകളാണ് ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ. അതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശകണങ്ങളാണ് അയാളെ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കുന്നത്, അയാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്നത്. നമ്മൾ എന്തു കാണുന്നു എന്നുള്ളത് നമ്മുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിഞ്ഞ് നമ്മുടെ കണ്ണുകളെ നിയന്ത്രിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? 

കാഴ്ച്ചകളാൽ സന്പന്നമാണ് ഇന്നത്തെ നമ്മുടെ ചുറ്റുപാടുകൾ; മനുഷ്യരും വസ്തുക്കളും ഒന്നുപോലെ മറ്റുള്ളവരുടെ ദൃഷ്ടികൾക്ക് വേണ്ടി മത്സരിക്കുകയാണ്. ഈ മത്സരത്തിൽ വിജയം വരിക്കുവാൻ സഭ്യതയുടെയും സ്വകാര്യതയുടെയും അതിർവരന്പുകൾ പൊളിച്ചുമാറ്റാൻ വെന്പൽ കൊള്ളുന്ന ഒരു ലോകമാണ് നമ്മുടേത്‌. ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ ജീവിതശൈലികൾ മുതൽ വ്യക്തിജീവിതത്തിലെ സ്വകാര്യനിമിഷങ്ങൾവരെ എല്ലാം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാനായി ഉപയോഗിക്കുന്ന ദുരവസ്ഥയെയും സംസ്കാരം എന്നു വിളിക്കാൻ ആരും മടികാട്ടുന്നില്ല. ഇത്തരമൊരു സമൂഹത്തിലേക്കു കണ്ണുതുറക്കുന്ന ഒരു വ്യക്തി എന്താണ് കാണുന്നത്? ദൈവം തന്റെ ആത്മാവിൽ നിക്ഷേപിച്ചിരിക്കുന്ന പ്രകാശത്തെ കെടുത്തികളയാൻ ഉപയുക്തമായ ധാരാളം ദൃശ്യങ്ങളിൽനിന്നും കണ്ണുകളെ കൊട്ടിയടയ്ക്കുക എളുപ്പമല്ല. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ ലഭ്യമായ എല്ലാറ്റിലേക്കും കണ്ണുകൾ തുറന്നിരുന്നാൽ അതുവഴി നമ്മൾ അസൂയയ്ക്കും മുൻവിധികൾക്കും വിവിധ ജഡികാസക്തികൾക്കുമായിരിക്കും നമ്മുടെ ഹൃദയത്തെ തുറന്നുകൊടുക്കുന്നത്.

ലോകമെത്ര ദുഷിച്ചാലും മനുഷ്യർ എത്രയൊക്കെ പാപത്തിലേക്ക് കൂപ്പുകുത്തി സ്വയം വിരൂപമാക്കിയാലും അവയിലെല്ലാം ഒളിഞ്ഞുകിടക്കുന്ന നന്മയുടെ കിരണം കണ്ടെത്താൻ ദൈവത്തിന്റെ ദൃഷ്ടികൾക്ക് സദാ സാധിക്കുന്നുണ്ട്. ദൈവത്തിന്റെ പ്രകാശം പാപിയിൽനിന്നും പാപത്തെ വേർതിരിക്കുന്നു; അതുവഴി, ദൈവം പാപിയെ സ്നേഹിക്കുകയും പാപത്തെ കീഴടക്കുകയും ചെയ്യുന്നു. ദൈവീകപ്രകാശത്താൽ നിറഞ്ഞ ഏതൊരാളും അനുവർത്തിക്കേണ്ടുന്ന പാതയാണിത്. പാപകരമായ ലോകത്തിലെ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്. വികലമായ കാഴ്ചപ്പാടുകളിലൂടെ തങ്ങളിലെ പ്രകാശത്തെ അന്ധകാരത്തിന് തീറെഴുതിയ സമൂഹത്തിന്റെ ചാരംമൂടിക്കിടക്കുന്ന ആത്മാവിലേക്ക് നോക്കാൻ നമുക്കാവണം. വെറുപ്പോ കുറ്റപ്പെടുത്തലുകളോ മുനവിധികളോ ഇല്ലാതെ, അവരായിരിക്കുന്ന ഇടങ്ങളിൽ ദൈവമുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാൻ നമ്മിലെ പ്രകാശം അവർക്ക് മാർഗ്ഗദീപമായി മാറണം. ഇരുട്ടിന് ഒരിക്കലും പ്രകാശത്തെ ഇല്ലായ്മ ചെയ്യാനാവില്ല; എന്നാൽ, എത്ര കൂരിരുട്ടിലും തന്റെ സാന്നിധ്യം അറിയിക്കാൻ പ്രകാശത്തിന്റെ ഒരു ചെറിയ കാണികയ്ക്കുപോലും ആവുകയും ചെയ്യും. നമ്മിലെ പ്രകാശത്തെ അണച്ച് അന്ധകാരത്തിന് ശക്തിപകരാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

സനാതന പ്രകാശവും, മനുഷ്യവർഗ്ഗത്തിന്റെ പ്രതീക്ഷയുമായ മിശിഹായേ, അങ്ങയുടെ ദിവ്യസന്ദർശനത്താൽ ഞങ്ങളെ ധന്യരാക്കണമേ. ഞങ്ങളെയും, ഇന്നു ഞങ്ങളുമായി ബന്ധപ്പെടുന്നവരെയും നിത്യവെളിച്ചത്താൽ പ്രകാശിപ്പിക്കുകയും, സത്യമാർഗ്ഗത്തിലൂടെ നയിക്കുകയും ചെയ്യണമേ. ആമ്മേൻ. (പ്രഭാത പ്രാർത്ഥന, കാനോന നമസ്‌കാരം)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്